Sunday, July 08, 2018

അനന്താംശ ജാതനായ പതഞ്ജലി മഹര്‍ഷി വ്യാകരണ മഹാഭാഷ്യമുണ്ടാക്കി അതു തന്റെ ശിഷ്യര്‍ക്ക് പഠിപ്പിച്ചു നല്‍കുന്നതിനിടയില്‍ ശിഷ്യന്മാരില്‍ ഒരാള്‍ അനുവാദം കൂടാതെ പുറത്തു പോയി. ഇതില്‍ കോപം പൂണ്ട മഹര്‍ഷി കണ്ണു മിഴിച്ചു നോക്കിയതും മറ്റുശിഷ്യരത്രയും ഭസ്മമായി തീര്‍ന്നു. വൈകാതെ അദ്ദേഹത്തിന് തന്റെ ശിഷ്യര്‍ നശിച്ചു പോയതില്‍ കുറ്റബോധം തോന്നി. ജനോപകാരപ്രദമായ  മഹാഭാഷ്യം  പഠിപ്പിച്ചു നല്‍കിയ ശിഷ്യന്മാര്‍ എല്ലാവരും മരിച്ചതില്‍ പശ്ചാത്തപിച്ചിരിക്കവെ, പു
റത്തു പോയ ശിഷ്യന്‍ തിരികെയെത്തി. അക്കാര്യമോര്‍ത്ത് വിഷമിക്കേണ്ടെന്നും മഹാഭാഷ്യം മുഴുവന്‍ താന്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ടെന്നും താനത് പ്രചരിപ്പിച്ചു കൊള്ളാമെന്നും ശിഷ്യന്‍ ഗുരുവിനോടായി പറഞ്ഞു. അതു കേട്ടതും  ഗുരുവിന്റെ കോപാഗ്നി വീണ്ടും ജ്വലിച്ചു. നീ നിമിത്തമാണ് എന്റെ ശിഷ്യന്മാര്‍ നശിച്ചു പോയതെന്നും നീയും ഭസ്മമാകട്ടെയെന്നു പറഞ്ഞ് ആ ശിഷ്യനേയും ഭസ്മമാക്കി. വീണ്ടും മഹര്‍ഷിക്ക് മനസ്താപമുണ്ടായി. 
 ഇതെല്ലാം വീക്ഷിച്ച് അരികെയുള്ളൊരു മരത്തില്‍ ഒരു ഗന്ധര്‍വന്‍ ഇരിപ്പുണ്ടായിരുന്നു. ഗന്ധര്‍വന്‍, മഹര്‍ഷിയുടെ വിഷാദം കണ്ട് അങ്ങ് വിഷമിക്കേണ്ടെന്നും പ്രിയശിഷ്യനായി ഞാനുണ്ടെന്നും വളരെക്കാലമായി ആശ്രമത്തിനരികിലുള്ള അശ്വത്ഥവൃക്ഷത്തിലിരുന്ന്  അങ്ങ് പഠിപ്പിക്കുന്നതു കേട്ട് ഞാന്‍ ഈ മഹാഭാഷ്യം ഹൃദിസ്ഥമാക്കിയിട്ടുണ്ടെന്നും അറിയിച്ചു. അനുവാദമില്ലാതെ മഹാഭാഷ്യം അഭ്യസിച്ചതെന്തിനെന്ന് ചോദിച്ച്  'നീയൊരു ബ്രഹ്മരാക്ഷസനാകട്ടെ' യെന്ന്  ഗന്ധര്‍വനേയും മഹര്‍ഷി ശപിച്ചു. അതു കേട്ട  ഗന്ധര്‍വന്‍ മഹര്‍ഷിയുടെ കാല്‍ക്കല്‍ വീണ് ശാപമോക്ഷത്തിനായി യാചിച്ചു. ശുദ്ധഹൃദയനായ മഹര്‍ഷി, എന്റെ ഭാഷ്യം നീ യോഗ്യനായ ഒരാള്‍ക്ക് ഉപദേശിക്കണമെന്നും അത് പൂര്‍ത്തിയാകുമ്പോള്‍ നീ പൂര്‍വ്വരൂപത്തെ പ്രാപിക്കുമെന്നും ഗന്ധര്‍വനോട് പറഞ്ഞു. ബ്രഹ്മരാക്ഷസനായി മാറിയ ഗന്ധര്‍വന്‍ മഹര്‍ഷിയെ വന്ദിച്ച്  വീണ്ടും ആലിന്‍ മുകളില്‍ കയറി ഇരിപ്പായി. മഹാഭാഷ്യം ഉപദേശിക്കാന്‍ യോഗ്യനായ ആളെ കണ്ടെത്താനായി ബ്രഹ്മരക്ഷസ,് അതു വഴി പോകുന്ന ബ്രാഹ്മണരെയെല്ലാം പരീക്ഷിച്ചു കൊണ്ടിരുന്നു. ' പചേര്‍ന്നിഷ്ഠായാം കിം രൂപം' എന്നൊരു ചോദ്യം ചോദിച്ചാണ് പരീക്ഷണം. ഉത്തരം തെറ്റിച്ചു നല്‍കുന്നവരെ ബ്രഹ്മരക്ഷസ് ഭക്ഷിക്കും. ഇതാണ് ഏര്‍പ്പാട്. അസംഖ്യം ബ്രാഹ്മണരെ പരീക്ഷിച്ചെങ്കിലും ആരും വിജയിച്ചില്ല.
ഒരുനാള്‍  സര്‍വ്വശാസ്ത്ര പാരംഗതനായ ഒരു ബ്രാഹ്മണന്‍ അതുവഴി വന്നു. അദ്ദേഹത്തെ വിളിച്ചിരുത്തി ബ്രഹ്മരാക്ഷസന്‍ ചോദ്യം ചോദിച്ചു. അദ്ദേഹം ചോദ്യത്തിനുള്ള  ' പക്വം'   എന്ന യഥാര്‍ത്ഥ ഉത്തരം നല്‍കി.  യോഗ്യനെന്നു കണ്ട് അദ്ദേഹത്തിന് ബ്രഹ്മരക്ഷസ് മഹാഭാഷ്യം ഉപദേശിച്ചു തുടങ്ങി. ബ്രഹ്മരാക്ഷസന്‍ ആലിന്മേലും ബ്രാഹ്മണന്‍ ആല്‍ത്തറയിലുമിരുന്നു. വിശപ്പും ദാഹവും ഉറക്കവുമില്ലാതെ പഠനം തുടരാന്‍ ബ്രഹ്മരാക്ഷസന്‍ ബ്രാഹ്മണന് ആദ്യമൊരു ദിവ്യൗഷധം കൊടുത്തു. ആലിലയിലാണ് ഭാഷ്യം എഴുതി നല്‍കിയിരുന്നത്. ആറുമാസം കൊണ്ട് പഠനം പൂര്‍ത്തിയായി. ബ്രഹ്മരാക്ഷസന്‍ പൂര്‍വസ്ഥിതിയെ പ്രാപിച്ചു. ബ്രാഹ്മണന്‍ തന്റെ ഗുരുവിനെ വന്ദിച്ചു യാത്രയാവുകയും ചെയ്തു. 
പോകുന്നതിനു മുമ്പ്  ഗന്ധര്‍വന്‍ തന്റെ പ്രിയ ശിഷ്യനോട് , ജലസ്പര്‍ശമുണ്ടായാല്‍ വിശപ്പും ദാഹവും നിദ്രയും അറിയാതിരിക്കാന്‍ നല്‍കിയ  ഔഷധത്തിന്റെ ഗുണം നഷ്ടമാകുമെന്നും പിന്നീട് തുടര്‍ച്ചയായി ആറുമാസം നിദ്രയിലാകുമെന്നും അറിയിച്ചു. ഗന്ധര്‍വന്‍ ആലിലകളില്‍ എഴുതി നല്‍കിയ മഹാഭാഷ്യം പകര്‍ത്തിയെഴുതി സൂക്ഷിക്കാനായി കൂടെ കരുതിയിരുന്നു. പല ദിക്കുകളില്‍ സഞ്ചരിച്ച ബ്രാഹ്മണന്‍ ഒരിക്കല്‍ ഒരു ദിക്കില്‍ എത്തിയപ്പോള്‍ ഒരു നദിക്കരയിലെത്തി. നദി മുറിച്ചു കടക്കുന്നതിനു മുമ്പ് അല്പം ജലമെടുത്ത് മുഖം കഴുകിയതോടെ ദീര്‍ഘനിദ്രയെ  പ്രാപിച്ചു. നദിക്കരയിലെത്തിയ ഒരു ശൂദ്രകന്യക ബ്രാഹ്മണനെ കണ്ട് നാലു ഭൃത്യന്മാരെ വരുത്തി സ്വഗൃഹത്തിലേക്ക് കൊണ്ടു പോയി. നാടുവാഴിയായ ഒരു ശൂദ്രപ്രഭുവിന്റെ മകളായിരുന്നു സുന്ദരിയും വിദുഷിയുമായ ആ കന്യക. നദീതീരത്തായിരുന്നു അവളുടെ വീട്. 
 ബ്രാഹ്മണന്‍ ഉണരാതിരിക്കുന്നത് കണ്ട് പരിഭ്രാന്തയായ കന്യക വിവരങ്ങള്‍ അച്ഛനെ ധരിപ്പിച്ചു. ഉടനെ വൈദ്യരെ വരുത്തി. നിദ്രയാണ് അസുഖമെന്നും ദിവസം മൂന്നു നേരം ചോറരച്ച് ദേഹത്തു തേയ്ക്കണമെന്നും വൈദ്യര്‍ ഉപദേശിച്ചു. അങ്ങനെയെങ്കില്‍ എത്രനാള്‍ ഉണരാതിരുന്നാലും കുഴപ്പം വരില്ലെന്നും അറിയിച്ചു. ബ്രാഹ്മണനെ പരിചരിക്കാന്‍ മകളെയാണ് ശൂദ്രപ്രഭു നിയോഗിച്ചത്. ആറുമാസത്തെ തുടര്‍ച്ചയായ പരിചരണത്തിനൊടുവില്‍ ബ്രാഹ്മണനുണര്‍ന്നു. ആദ്യം ഓര്‍മ്മ വന്നത് ആലിലക്കെട്ടിനെക്കുറിച്ചായിരുന്നു. നേരെ നദിക്കരയിലെത്തിയപ്പോള്‍ അതൊരു പശു തിന്നുന്ന കാഴ്ചയാണ് കണ്ടത്. ശേഷിച്ച ആലിലകളെല്ലാം പെറുക്കിയെടുത്ത ബ്രാ്ഹ്മണന്‍ തിരികെ ശൂദ്രപ്രഭുവിന്റെ വീട്ടിലെത്തി. ആ വീട്ടിലേതായിരുന്നു പശു. ശൂദ്രകന്യക ബ്രാഹ്മണനെ യഥാവിധി സ്വീകരിച്ചിരുത്തി. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ശൂദ്രകന്യക പശുവിനെ പ്രത്യേകമൊരിടത്ത് കെട്ടിയിരുന്നു. അന്നും ബ്രാഹ്മണന്‍ അതേ ഗൃഹത്തില്‍ തങ്ങി. പിറ്റേന്ന് , പശുവിനെ കെട്ടിയ സ്ഥലത്തു ചെന്നു നോക്കിയപ്പോള്‍ ആലിലകളെല്ലാം പഴയപടി ബ്രാഹ്മണന് തിരികെ കിട്ടി. 
യാത്രപറഞ്ഞിറങ്ങും മുമ്പ് തന്നെ പരിചരിച്ച് ജീവിതത്തിലേക്ക് തിരികെക്കൊണ്ടു വന്ന ശൂദ്രകന്യയോട്  അവരുടെ ആഗ്രഹം എന്തെന്നു പറയാനും അത് സാധിപ്പിച്ചു തരാമെന്നും ബ്രാഹ്മണന്‍ വാക്കു നല്‍കി. ഇതാദ്യമായണ് ഒരു പുരുഷന്റെ പാദപൂജ ചെയ്യാന്‍ തനിക്ക് ഭാഗ്യം സിദ്ധിച്ചതെന്നും ഇനിയുള്ള കാലവും അങ്ങയെ പരിചരിക്കാന്‍ ഭാര്യയായി സ്വീകരിക്കണമെന്നും കന്യക ആഗ്രഹമറിയിച്ചു. ഇഹലോക സുഖങ്ങളുപേക്ഷിച്ച് സന്ന്യാസിയാകാന്‍ തീരുമാനിച്ച ബ്രാഹ്മണന്‍ ധര്‍മ്മ സങ്കടത്തിലായി. ശൂദ്രകുലജാതയെ വിവാഹം കഴിക്കുന്നതെങ്ങനെയെന്നതും അദ്ദേഹത്തെ അലട്ടി. ശൂദ്രസ്ത്രീയെ വിവാഹം കഴിക്കുന്നതിനു മുമ്പ് മറ്റു ജാതിയിലുള്ള മൂന്നു കന്യകമാരെക്കൂടി വിവാഹം ചെയ്യണം. ഒടുവില്‍ ഇക്കാര്യങ്ങളെല്ലാം ശൂദ്രസ്ത്രീയെ അറിയിച്ച ശേഷം ബ്രാഹ്മണ,ക്ഷത്രിയ, വൈശ്യ കുലങ്ങളില്‍ നിന്നുള്ള കന്യകമാരെക്കൂടി വിവാഹം ചെയ്ത ശേഷം നിന്നെയും വിവാഹം കഴിക്കാമെന്ന് വാക്കു നല്‍കി. കാത്തിരിക്കാമെന്നായിരുന്നു കന്യകയുടെ മറുപടി.
അദ്ദേഹം പിന്നീട് സ്വദേശത്തേക്ക് തിരിച്ചു പോയി. ഒടുവില്‍ മൂന്നു കുലത്തില്‍ നിന്നും വിവാഹം കഴിച്ച ശേഷം  ശൂദ്രകന്യകയെയും വിവാഹം ചെയതു. ഓരോ ഭാര്യമാരിലും അദ്ദേഹത്തിന് ഓരോ പുത്രന്മാരുണ്ടായി. അവരെ യഥാവിധി വിദ്യ അഭ്യസിപ്പിച്ചു. പുത്രന്മാരെല്ലാം അതിയോഗ്യന്മാരായിത്തീര്‍ന്നു. അവരില്‍ ബ്രാഹ്മണ കുമാരനെ വേദം പഠിപ്പിച്ചു. നാലുപേരെയും മഹാഭാഷ്യവും പഠിപ്പിച്ചു. ശൂദ്രസ്ത്രീയില്‍ പിറന്ന പുത്രന് വേദപഠനം നിഷിദ്ധമായതിനാല്‍ വേദാംഗമായ മഹാഭാഷ്യം മുഖാമുഖമിരുത്താതെ ഒരു മറവുള്ള സ്ഥലത്തിരുത്തിയാണ് പഠിപ്പിച്ചത്. വേദാര്‍ഹന്മാരല്ലാത്ത ശൂദ്രര്‍ക്ക് മഹാഭാഷ്യം ഉപദേശിക്കരുതെന്ന് പുത്രനെക്കൊണ്ട് പ്രതിജ്ഞയും ചെയ്യിച്ചു. 
ഒടുവില്‍  വീടുവിട്ടിറങ്ങിയ ബ്രാഹ്മണന്‍ ശ്രീഗഡൗപാദാചാര്യനില്‍ നിന്ന് ക്രമസന്യാസത്തെ സ്വീകരിച്ച് ബദര്യാശ്രമത്തില്‍ താമസിച്ചു. യോഗീശ്വര ശിരോമണിയായ ഗോവിന്ദ സ്വാമികളാണ് ഈ ബ്രാഹ്മണോത്തമന്‍. 
അദ്ദേഹത്തിന്റെ നാലു പുത്രന്മാരും പ്രഗത്ഭന്മാരായിരുന്നു. ബ്രാഹ്മണസ്ത്രീയില്‍ പിറന്നത് സാക്ഷാല്‍ വരരുചി. ക്ഷത്രിയ സ്ത്രീയില്‍ പിറന്ന പുത്രന്‍ വിശ്രുതനായ വിക്രമാദിത്യ മഹാരാജാവ്. വിക്രമാതിദ്യന്റെ മന്ത്രിയായിരുന്ന ഭട്ടിയാണ് വൈശ്യ സ്ത്രീയില്‍ ജനിച്ച പുത്രന്‍. ശൂദ്രസ്ത്രീയില്‍ പിറന്ന പുത്രനാണ് മഹാനായ ഭര്‍തൃഹരി.  പറയിപെറ്റ പന്തിരുകുലത്തിന്റെ പിതാവാണ് വരരുചി. ഒട്ടേറെ കഥകള്‍ വിക്രമാദിത്യ ഭട്ടികളെക്കുറിച്ചും പ്രചാരത്തിലുണ്ട്. ഭര്‍തൃഹരിയുടെ ശതകത്രയമാകട്ടെ  മലയാളത്തിലേക്കും തര്‍ജമ ചെയ്തിട്ടുണ്ട്. പിതാവില്‍ നിന്ന് മഹാഭാഷ്യം പഠിച്ച ശേഷം നാലു പേര്‍ക്കും ഭാഷ്യകര്‍ത്താവായ  പതഞ്ജലിയെ കാണാന്‍ ആഗ്രഹമുണ്ടായി. പക്ഷേ അപ്പോഴേക്കും അദ്ദേഹം സ്വര്‍ഗാരോഹണം ചെയ്തിരുന്നു. അതറിഞ്ഞപ്പോള്‍ ഭര്‍തൃഹരി ചൊല്ലിയ ഒരു ശ്ലോകം ഇങ്ങനെയായിരുന്നു. 
' അഹോ ഭാഷ്യമഹോ ഭാഷ്യമഹോ വയമഹോ വയ
അദൃഷട്വാ സ്മാന്‍ ഗതസ്വര്‍ഗമകൃതാര്‍ത്ഥോ പതഞ്ജലി'  
janmabhumi

No comments: