Monday, July 09, 2018

ഛാന്ദോഗ്യോപനിഷത്ത് 77
മഘവന്‍ മര്‍ത്ത്യം വാ ഇദം ശരീര മാത്തം മൃത്യുനാ, തദസ്യാമൃതസ്യാ ശരീരസ്യാത്മനോ/ധിഷ്ഠാനം...
ഈ ശരീരം മരണ ധര്‍മ്മമുള്ളതാണ്. മൃത്യുവിനാല്‍ പിടിക്കപ്പെട്ടതുമാണ്. അത് അമൃതവും ശരീരമില്ലാത്തതു
മായ ആത്മാവിന്റെ അധിഷ്ഠാനമാണ്. ശരീരമുള്ളയാള്‍ പ്രിയത്തിലും അപ്രിയത്തിലും പെട്ടു പോയവനാണ്. ശരീരത്തോടു കൂടിയിരിക്കുമ്പോള്‍ പ്രി
യവും അപ്രിയവും ഉണ്ടാകാതിരിക്കില്ല. ശരീരമില്ലാത്തയാളെ പ്രിയത്തിനോ അപ്രി
യത്തിനോ തൊടാന്‍ പോലുമാകില്ല.
ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിവയുമായി ചേര്‍ന്ന ആത്മാവിന് നാ
ശമുണ്ട് എന്ന് തോന്നിയത് ഈ ശരീരവു
മായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് എന്ന് പ്രജാപതി വ്യക്തമാക്കി. നാശവും മരണവും ശരീര ധര്‍മമാണ്. ശരീരത്തില്‍ അഭിമാനമുള്ള കാലത്തോളം പൂര്‍ണ തൃപ്തിയും ആനന്ദവും ഉണ്ടാകില്ല. ശരീരമുള്ളയാള്‍ക്ക് അനുകൂലമായി വരുമ്പോള്‍ പ്രിയവും പ്രതികൂലമാകുമ്പോള്‍ അപ്രിയവും തോന്നിക്കും.എന്നാല്‍ ആത്മാവിന് ഇതില്ല. ദേഹാഭിമാനത്തില്‍ നിന്ന് മാറുക തന്നെ വേണം.
ആത്മാവിന്റെ അധിഷ്ഠാനമായി ശരീരത്തെ പറയുന്നത് 3 തരത്തിലാണ്.
1. ജീവനായി മാറി ദേഹത്തില്‍ കുടികൊള്ളുന്നതിനാല്‍ ആത്മാവിന്റെ അധിഷ്ഠാനം.
2. ആത്മാവിന്റെ ഭോഗാധിഷ്ഠാനം  ഭോഗങ്ങളെ അനുഭവിക്കാനുള്ള ഇടം.
3. ആത്മാവില്‍ നിന്ന് ഉണ്ടായ പഞ്ചഭൂതങ്ങളെ കൊണ്ടാണ് ശരീരം. ആത്മാവിനെ സാക്ഷാത്കരിക്കേണ്ടത് ഇതുകൊണ്ടായതിനാലും ശരീരം അധിഷ്ഠാനമാണ്.
 ശരീരമെന്നതിന് സ്ഥൂല, സൂക്ഷ്മ , കാരണ ശരീരങ്ങള്‍ എന്നും പറയാം. അനാത്മായ ശരീരത്തിന് ആത്മാവിന്റെ സാന്നിധ്യത്തില്‍ ബാഹ്യ വിഷയങ്ങളുമായി ബന്ധപ്പെടുമ്പോള്‍ പ്രിയവും അപ്രിയവും ഉണ്ടാവുകയും അതുമൂലം സുഖിയും ദു:ഖിയുമായി മാറുകയും ചെയ്യുന്നു. ആത്മസ്വരൂപത്തെക്കുറിച്ച് അറിഞ്ഞാല്‍ എല്ലാ ദുഃഖങ്ങളും തീരും. അതിന് താന്‍ അമൃതവും അശരീരിയുമായ ആത്മാവാണെന്ന് അറിവ് നേടി ബോധിക്കണം.അശരീരോ വായുരഭ്രം വിദ്യുത് സ്തനയിത്‌നുര ശരീരാണ്യേതാനി...
ഏവമേ വൈഷ സംപ്രസാദോ സ്മാച്ഛരീരാത് സമുത്ഥായ...
വായു ശരീരമില്ലാത്തതാണ്. മേഘം, ഇടിമിന്നല്‍, ഇടിവെട്ട് എന്നിവയും ശരീരമില്ലാത്തതാണ്. ഇവ ദ്യു ലോകവുമായി ബന്ധപ്പെട്ട ആകാശത്തില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി സൂര്യന്റെ ജ്യോതിസ്സിനാല്‍ സ്വന്തം രൂപത്തിലായിത്തീരുന്നു.
അതുപോലെ തന്നെ ഈ സംപ്രസാദനും ഈ ശരീരത്തില്‍ നിന്ന് സമുത്ഥാനം ചെയത് പരമമായ ജ്യോതിസ്സിനെ പ്രാപിച്ച് സ്വസ്വരൂപത്തിലാവുന്നു. അതാണ് ഉത്തമപുരുഷന്‍.
അവിദ്യയില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ ഈ സംപ്രസാദന്‍ ചിരിച്ചും കളിച്ചും കഴിച്ചും സ്ത്രീകളോടും വാഹനങ്ങളോടും ബന്ധുക്കളോടും രമിച്ചും നടക്കും. തന്റെ ശരിയായ ഭാവം വിട്ട് ശരീരാത്മഭാവത്തെ പ്രാപിക്കും. അപ്പോള്‍ ശരീരം, മനസ്സ്, ബുദ്ധി, ഇന്ദ്രിയങ്ങള്‍ എന്നിവയുടെ ധര്‍മ്മങ്ങളെ തന്റെ ധര്‍മ്മങ്ങളായി തെറ്റിദ്ധരിക്കും. പിന്നെ ഗുരുവിന്റെ ഉപദേശം ലഭിക്കുമ്പോള്‍ സ്വരൂപത്തെ അറിയുകയും ദേഹ ഭാവം വെടിയുകയും ചെയ്യും. പിന്നെ ഈ ശരീരത്തെ സ്മരിക്കാതെ ചുറ്റി സഞ്ചരിക്കും.
കാള, കുതിര മുതലായവയെ രഥം, വണ്ടികള്‍ എന്നിവയില്‍ കെട്ടിയിടും പോലെയാണ് ശരീരത്തില്‍ പ്രാണനെ നിയോഗിച്ചിരിക്കുന്നത്.
എന്നാല്‍ മുക്ത പുരുഷനും കളിച്ചും ചിരിച്ചും രമിച്ചുമൊക്കെ നടക്കുമെങ്കിലും അദ്ദേഹത്തിന് ശരീരസ്മരണമില്ലാതെ ഈ ലോകത്ത് ജീവിക്കാനാവുന്നു. മുക്തനായ ഒരാള്‍ ലോകത്തില്‍ വ്യവഹരിക്കുന്നതായി മറ്റുള്ളവര്‍ക്ക് തോന്നുമെങ്കിലും ശരീരവുമായി ബന്ധപ്പെട്ട ഞാന്‍ ചെയ്യുന്നു, ഞാന്‍ അനുഭവിക്കുന്നു എന്ന ഭാവങ്ങളൊന്നും അയാള്‍ക്കുണ്ടാവില്ല. അജ്ഞാന ദശയില്‍ മാത്രമാണ് ശരീര ബോധം. ആത്മസ്വരൂപത്തെ അനുഭവമാക്കിയാല്‍ പിന്നെ അശരീരിയും സര്‍വ്വാത്മാവുമായി.
janmabhumi

No comments: