Monday, July 09, 2018

ശ്രീരാമനേയും ഭീഷ്മരേയും താരതമ്യപ്പെടുത്തുമ്പോള്‍ ഒന്നോര്‍ക്കണം. രാമന്റെ സത്യസാധന ലോകഹിതത്തിനു വേണ്ടിയായിരുന്നു. പതിനാലുകൊല്ലം വനവാസം ചെയ്തതിനുശേഷം ഭരതന്റെ തന്നെ നിര്‍ബന്ധത്തിനു വഴങ്ങിയും അഖിലലോകഹിതാവതാരമായി സ്വധര്‍മ്മമായ രാജധര്‍മ്മം പാലിച്ച് പത്നീപരിത്യാഗമെന്ന അസാധാരണ ദുര്യോഗം സഹിച്ചും ലോകാദര്‍ശമായി മര്യാദാപുരുഷോത്തമനായി സത്യപരാക്രമി (രാമഃസത്യപരാക്രമഃ) എന്നും ധര്‍മത്തിന്റെ മൂര്‍ത്തിമദ്ഭാവം (രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ) എന്നും ലോകത്തില്‍ ഇന്നും പ്രശസ്തനായി രാമന്‍ വര്‍ത്തിക്കുന്നു. ഈശ്വരാവതാരമെന്ന പദവിയിലേക്ക് ഉയര്‍ന്നത് രാമന്റെ സത്യസാധനമൂലം തന്നെയാണ്. കാരണം അദ്ദേഹത്തിന്റെ സത്യസാധന ലോകത്തിന്റെ ഹിതസാധന  തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ശോകപര്യവസായിയെന്നല്ല വിലയിരുത്തപ്പെട്ടിട്ടുള്ളത്. പ്രസിദ്ധ കാവ്യശാസ്ത്രാചാര്യന്മാരായ ആനന്ദവര്‍ദ്ധനനും അഭിനവഗുപ്തനും മറ്റും സ്ഥാപിച്ചിട്ടുള്ളത് രാമായണത്തിന്റെ പര്യവസാനം ശാന്തരസത്തിലാണെന്നാണ്. (മഹാഭാരതത്തിന്റെ പര്യവസാനവും ശാന്തരസത്തിലാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ അത് നായകകഥാപാത്രമായ യുധിഷ്ഠിരന്റെ ജീവിതത്തെ ആധാരമാക്കിയാണ് നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്, ഭീഷ്മരുടെ ജീവിതത്തെ അധികരിച്ചല്ല.)  
ഒരു കാര്യം കൂടി. ഭീഷ്മര്‍ സത്യപാലനത്തിന്റെ സ്ഥൂലമായ അക്ഷരാര്‍ത്ഥത്തില്‍ പാറപോലെ ഉറച്ചുനിന്നില്ലായിരുന്നെങ്കില്‍ ഭീഷ്മരെപ്പറ്റി എന്നപോലെ മാരാര്‍ ആശങ്കിക്കുന്ന മാതിരിയുള്ള അപവാദങ്ങള്‍ ശ്രീരാമചന്ദ്രസ്വാമിയെക്കുറിച്ചും പറഞ്ഞു കേള്‍ക്കേണ്ടതായിരുന്നു. അങ്ങനെയൊന്നും ഉണ്ടായില്ല. ജനങ്ങള്‍ ആ സ്ഥിതിയെ നോക്കിക്കണ്ടത് ഏതു വിധമായിരുന്നു എന്ന് കാളിദാസന്‍ ഇങ്ങനെയാണ് ഉപദര്‍ശിച്ചിട്ടുള്ളത്. ''അച്ഛന്റെ നിര്‍ദ്ദേശമനുസരിച്ച് വനവാസം ചെയ്തതിനു ശേഷം മടങ്ങി രാജ്യഭാരം തുടങ്ങിയ രാമന്‍ അനുജന്മാരിലെന്ന പോലെ ഒരേ രീതിയില്‍ ധര്‍മ്മാര്‍ത്ഥകാമങ്ങളിലും വ്യാപരിച്ചു പോന്നു. ലോഭത്തിന്റെ നേര്‍ക്ക് തിരിഞ്ഞുനോക്കാത്ത അദ്ദേഹത്തെക്കൊണ്ട് ലോകം ധനമുള്ളതും ''വിഘ്നശങ്കയില്ലാത്ത അദ്ദേഹത്തെ പ്രാപിച്ചിട്ട് സക്രിയമായും വിനയാന്വിതനായ അദ്ദേഹത്താല്‍ പിതൃമാനായും (അച്ഛനുള്ളവനായും അഥവാ സനാഥമായും) ദുഃഖമകറ്റുന്ന അദ്ദേഹത്താല്‍ പുത്രവാനായും ഭവിച്ചു.''
Prof.KKK

No comments: