ഭഗവാന്‍ നിര്‍ഗുണനും നിരാകാരനും നിര്‍വികാരനുമാണ്. നിര്‍മുക്തനും നിത്യമുക്തനുമാണ്. നാം ഭഗവാനില്‍ നിന്നും വ്യത്യസ്തനല്ലെങ്കില്‍ നമ്മളും നിര്‍മുക്തനും നിത്യമുക്തനുമാണല്ലോ. ചതുശ്ലോകിയിലെ നാലാം ശ്ലോകത്തിലേക്കു കടക്കുന്നു.
''ഏതാവതേവ ജിജ്ഞാസ്യം തത്ത്വജിജ്ഞാസുനാത്മനാ
അന്വയവ്യതിരേകാഭ്യാം യത്‌സ്യാത് സര്‍വത്ര സര്‍വഥാ''
ആത്മതത്ത്വം അറിയാന്‍ ആഗ്രഹിക്കുന്ന ജിജ്ഞാസുക്കള്‍ക്ക് കാര്യകാരണ സഹിതം ചിന്തിച്ചാല്‍ വ്യക്തമാകും ഞാന്‍(ഭഗവാന്‍) എല്ലായിടത്തും എല്ലായ്‌പ്പോഴും ഉണ്ട് എന്ന്. ഇതുതന്നെ വിപരീതമായി ചിന്തിച്ചാലും നമുക്ക് പ്രകടമാകും.
കാര്യത്തില്‍ നിന്ന് കാരണമന്വേഷിച്ചു പുറകോട്ടു പോയാലും കാരണത്തില്‍ നിന്ന് കാര്യത്തെ അന്വേഷിച്ചു മുന്നോട്ടു ചിന്തിച്ചാലും നമുക്ക് വ്യക്തമായി ബോധ്യപ്പെടും എല്ലാത്തിനും കാരണം ഭഗവാന്‍ മാത്രമാണെന്ന്. ഇപ്പോഴത്തെ അവസ്ഥയെ കാരണമാക്കി കണക്കാക്കി നാളെയെക്കുറിച്ചു ചിന്തിച്ചാലും ഇത് നമുക്ക് വ്യക്തമായി ബോധ്യപ്പെടും.
ഇവിടെ അന്വയം, വ്യതിരേകം എന്നീ പദങ്ങള്‍ കൂടുതല്‍ അര്‍ഥവ്യാപ്തികള്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു കണക്കില്‍ രണ്ടു സംഖ്യകള്‍ തമ്മില്‍ കൂട്ടിക്കിട്ടിയ ഉത്തരം ശരിയാണോ എന്നു പരിശോധിക്കുന്നത് എങ്ങനെയാണ്? കിട്ടിയ ഉത്തരത്തില്‍ നിന്നും ആദ്യസംഖ്യകളില്‍ ഒന്നിനെ കുറച്ചുകൊണ്ട്. അപ്പോള്‍ കിട്ടുന്നത് മറ്റേ സംഖ്യയാണെങ്കില്‍ ഉത്തരം ശരി. ഇവിടെ കൂട്ടിനോക്കിയാലും കുറച്ചു നോക്കിയാലും മനസ്സിലാകും ഭഗവാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന്. ഇപ്പോഴും ഭഗവാന്‍ മാത്രമേയുള്ളൂ. നാളെ ശേഷിക്കുന്നതും ഭഗവാന്‍ മാത്രമായിരിക്കും. നേരത്തെയുള്ളതും ഇപ്പോഴുള്ളതും നാളെ ശേഷിക്കുന്നതും ഭഗവാന്‍ മാത്രം. അതായത് എങ്ങനെ നോക്കിയാലും ഭഗവാന്‍ മാത്രമേയുള്ളൂ എന്നര്‍ത്ഥം.
എന്നും നിലനില്‍ക്കുന്ന സത്യം ഭഗവാന്‍ മാത്രം. ഇന്നലെയും ഇന്നും നാളെയും ഭഗവാന്‍ മാത്രം സത്യം. ബാക്കിയെല്ലാം അസത്യം.
ഒരു കോഴിക്കോട്ടുകാരന്‍ എറണാകുളം തെക്കുദിക്കിലാണെന്നു പറഞ്ഞാല്‍ തത്ക്കാലം ശരിയായിരിക്കാം. ഇതേ കോഴിക്കോട്ടുകാരന്‍ തിരുവനന്തപുരത്തു നിന്നുകൊണ്ട് ഇതു പറഞ്ഞാല്‍ അസത്യമായി. അപ്പോള്‍ എറണാകുളം വടക്കായി. എറണാകുളം തെക്കാണെന്ന് പറഞ്ഞാല്‍ അത് താല്‍ക്കാലികം മാത്രം. എന്നും നിലനില്‍ക്കുന്നതല്ല. നാം ഒരു ദിക്കിനെ നോക്കി അതുകിഴക്കാണെന്നു പറഞ്ഞാല്‍, അമേരിക്കയില്‍ നില്‍ക്കുന്ന ഒരാള്‍ അതേ ദിക്കിനെ നോക്കിപ്പറയും അതു പടിഞ്ഞാറാണ് എന്ന്. നാളെ ഒരിക്കല്‍ മനുഷ്യന്‍ ചൊവ്വയില്‍ ഇറങ്ങിയശേഷം ഭൂമിയുടെ സ്ഥിതി എവിടെയാണെന്നാണ് പറയുക? എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവിന് ഏതെങ്കിലും ഒരു ദിക്കിനെ കൃത്യമായി നിര്‍വചിക്കാനാകുമോ? ഈ സൗരയൂഥം അപ്പാടെ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഈ ഗ്രഹങ്ങളെല്ലാം ഏതു ദിക്കില്‍ നില്‍ക്കുന്നു എന്ന് ആര്‍ക്കാണ് പറയാനാവുക? പറഞ്ഞാല്‍ അതു കൃത്യമായിരിക്കുമോ? ഇതില്‍ ഏതാണ് നിത്യമായ സത്യം. ദിക്കുകളോ, ഭൂമിയോ, സൂര്യനോ, ചൊവ്വയോ? എന്നും സത്യമായതു മാത്രം സത്യം. അത് എവിടെയും സത്യം. തിരുവനന്തപുരത്തായാലും കോഴിക്കോട്ടായാലും ചൊവ്വയിലായാലും സത്യം. അതാണ് സര്‍വത്ര സര്‍വഥാ എന്നുപറഞ്ഞിരിക്കുന്നത്.
ap.jayasankar
No comments:
Post a Comment