Sunday, July 15, 2018

സന്മാര്‍ഗത്തിലൂടെ സഞ്ചരിച്ച് നേടുന്ന ധനം സ്ഥായിയായിരിക്കുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. നമുക്ക് ഏതു വഴിയും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ജീവിത യാത്രയില്‍ സ്വാര്‍ഥതയ്ക്ക് ഉപരി ധാര്‍മികമൂല്യങ്ങള്‍ക്ക് വില കല്‍പിക്കുന്നവര്‍ സന്മാര്‍ഗത്തിന് ഏറെ പ്രാധാന്യം കല്‍പിക്കാറുണ്ട്. എങ്ങനെയെങ്കിലും പത്തു പുത്തനുണ്ടാക്കിയാല്‍ മതി എന്നു കരുതുന്നവര്‍ ധാരാളമുള്ള കാലമാണിത്. എന്നാല്‍ അത്തരം നേട്ടങ്ങള്‍ക്ക് ക്ഷണികമായ ആയുസ്സേ ഉണ്ടാവൂ എന്ന് നമ്മുടെ പഴമക്കാര്‍ പറയാറുണ്ട്. കുടിലബുദ്ധികൊണ്ടും സ്വാര്‍ഥതകൊണ്ടും നേടുന്നതൊക്കെ തങ്ങള്‍ക്ക് ഗുണകരമാകുമോ അതോ, അവ തങ്ങളുടെ തലമുറകളെത്തന്നെ തിന്നുതീര്‍ക്കുമോ എന്ന് ഇന്ന് പലരും ചിന്തിക്കാറില്ല. സമൃദ്ധി വേണമെന്ന് നമുക്കെല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അതിനെന്താണ് വഴിയെന്ന് നാം തലപുകഞ്ഞ് ആലോചിക്കാറുണ്ട്. എന്നാല്‍ അനേകവിധ പ്രലോഭനങ്ങളില്‍ നിപതിച്ച് സ്വയം നശിക്കുന്ന ധാരാളം പേരെ നമുക്ക് ചുറ്റും കാണാന്‍ കഴിയും.
 എന്നാല്‍, വേദത്തിന്റെ വഴി വ്യത്യസ്തമാണ്. സമൃദ്ധി വേണമെന്ന കാര്യത്തില്‍ വൈദിക ഋഷിമാര്‍ക്ക് ആര്‍ക്കും യാതൊരു സംശയവുമില്ല. എന്നാല്‍, ആ സമൃദ്ധി അലക്ഷ്മിയായിക്കൂടാ എന്ന് അവര്‍ക്ക് നി
ര്‍ബന്ധമുണ്ട്. വേദങ്ങളില്‍ ആവര്‍ത്തിക്കുന്ന ഒരു മന്ത്രമുണ്ട്. ആ മന്ത്രം ഉരുവിട്ട് പഠിക്കേണ്ടത് അത്യാവശ്യമാണ്. 
ഓം അഗ്‌നേ നയ സുപഥാ രായേ അസ്മാന്‍
വിശ്വാനി ദേവ വയുനാനി വിദ്വാന്‍.
യുയോധ്യസ്മജ്ജുഹുരാണമേനോ 
ഭൂയിഷ്ഠാം തേ നമളഉക്തി വിധേമ.
(യജുര്‍വേദം 40.16)
ഓരോ ശബ്ദത്തിന്റെയും അര്‍ഥമറിഞ്ഞ് നമുക്ക് ഈ മന്ത്രത്തിലെ സന്ദേശം ജീവിതത്തില്‍ പകര്‍ത്താമെന്ന് തോന്നുന്നു.
ഹേ അഗ്‌നിസ്വരൂപനായ പരമാത്മന്‍, ദിവ്യഗുണയുക്തനായ നീ സമസ്ത കര്‍മങ്ങളെയും ജ്ഞാനങ്ങളെയും കുറിച്ച് അറിയുന്നവനാകുന്നു. ഞങ്ങളെ ഐശ്വര്യത്തിനായി സന്മാര്‍ഗത്തില്‍ നയിച്ചാലും; ഞങ്ങളില്‍നിന്ന് കുടിലമായ പാപസമൂഹത്തെ ദൂരെക്കളഞ്ഞാലും. അങ്ങയുടെ ധാരാളം സ്തുതിപ്രാര്‍ഥനോപാസനാ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കട്ടെ.
 നമുക്ക് ഈ മന്ത്രത്തിന്റെ അര്‍ഥം ഇങ്ങനെ എഴുതാം: അല്ലയോ അഗ്നിരൂപനായ പരമാത്മന്‍! അങ്ങ് ഞങ്ങളുടെ സമസ്ത കര്‍മങ്ങളും അറിയുന്നു. ഞങ്ങളെ ഐശ്വര്യത്തിനായി സന്മാര്‍ഗത്തിലൂടെ നയിച്ചാലും. അങ്ങ് ഞങ്ങളുടെ ഉള്ളിലെ കുടിലമായ പാപങ്ങളെ ദൂരെയകറ്റിയാലും. ഞങ്ങള്‍ അങ്ങയെ വീണ്ടും വീണ്ടും നമസ്‌കരിക്കുന്നു.
 ഏതൊരു മനുഷ്യന്റെയും ഉള്ളിലുള്ളതാണ് ഐശ്വര്യവും സമൃദ്ധിയും നേടാനുള്ള പ്രേരണ. എന്നാല്‍ ഈ ഐശ്വര്യം രണ്ടു രീതിയില്‍ നേടാമെന്ന് പരമേശ്വരന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സന്മാര്‍ഗത്തിലും കുമാര്‍ഗത്തിലും നികൃഷ്ടവഴികളിലൂടെയും ധനം സമ്പാദിക്കാം. ഒരുപക്ഷേ, അധ്വാനിച്ച് പണമുണ്ടാക്കുന്നതിനേക്കാള്‍ വേഗത്തില്‍ ധനം സമ്പാദിക്കാന്‍ കുമാര്‍ഗങ്ങള്‍ സഹായിച്ചേക്കാം. എന്നാല്‍ അതു വഴി നേടുന്ന ധനത്തോടൊപ്പം നഷ്ടപ്പെടുന്ന മറ്റൊന്നുണ്ട്; മനസ്സമാധാനം. അതുകൊണ്ടുതന്നെ അങ്ങനെ കൈവരുന്ന ധനം സുഖം നല്‍കുന്നതാകുന്നില്ല. അത് സ്ഥായിയും ആയിരിക്കില്ല. 
 പക്ഷേ, സന്മാര്‍ഗത്തില്‍ ബുദ്ധി ഉപയോഗിച്ചുകൊണ്ടും ധനം സമ്പാദിക്കാം. ശാരീരിക അധ്വാനം കൊണ്ട് മാത്രമല്ല ധനം സമ്പാദിക്കാന്‍ കഴിയുക. മറിച്ച് ബുദ്ധിപൂര്‍വമായ ഇടപെടല്‍ കൊണ്ടും ധനം സമ്പാദിക്കാന്‍ കഴിയും. ആ വഴി സുഖപൂര്‍ണമായ ധനത്തെ പ്രദാനം ചെയ്യുന്നു. സ്ഥിരമായ ലക്ഷ്മീകടാക്ഷം അതുകൊണ്ട് കൈവരികയും ചെയ്യും. നമ്മുടെ പ്രധാന പ്രാര്‍ഥനതന്നെ 'ബുദ്ധി വര്‍ധിപ്പിക്കുമാറാകട്ടെ' എന്നായിരുന്നു. ബുദ്ധിപൂര്‍വമായ പ്രവൃത്തി, കച്ചവടം, എഴുത്ത്, അന്യ വ്യാപാരങ്ങള്‍, കളി എന്നിവ നല്ല വഴിയിലൂടെ സഞ്ചരിച്ച് ധനം സമ്പാദിക്കാവുന്ന ഇടങ്ങളാണ്. അവിടെയും കുടിലബുദ്ധിയുടെ തേരോട്ടമുണ്ടാകാം. പക്ഷേ അതിന് ഇടകൊടുക്കാതെ നല്ല വഴിയിലൂടെതന്നെ സഞ്ചരിക്കണം. ഈ മന്ത്രത്തിലെ പ്രധാനമായ മൂന്ന് ഉപദേശങ്ങളെ ഇങ്ങനെ വായിക്കാം 
1. നമുക്ക് ഐശ്വര്യം വേണം.
2. പക്ഷേ അത് കുടിലമാര്‍ഗത്തിലൂടെ ആകരുത്. 
3. നല്ല പ്രവൃത്തികള്‍കൊണ്ട് ബുദ്ധിപൂര്‍വം നേടേണ്ടതാണ്.
 ഈ പ്രധാന ഉപദേശങ്ങള്‍ സ്വീകരിച്ച് നമുക്ക് ധന ഐശ്വര്യാദികള്‍ നേടാം. അത് നേടിക്കൊണ്ട് ഈശ്വരന്റെ ഗുണങ്ങള്‍ വാഴ്ത്തിപ്പാടുന്ന നാമജപം ശക്തമാക്കാം. ഐശ്വര്യാദികള്‍ നിലനില്‍ക്കാന്‍ ഗുണകര്‍മസ്വഭാവമറിഞ്ഞ് നമുക്ക് ഈശ്വരനാമം ഉച്ചരിച്ചുകൊണ്ടേ ഇരിക്കാം.  Acharya Rajesh

No comments: