വിക്രമാദിത്യ സദസ്സിലെ നവരത്‌നങ്ങളില്‍ ഒരാളായിരുന്നു പണ്ഡിതശ്രേഷ്ഠനായ വരരുചി. വിഖ്യാതങ്ങളായ പല ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങളും രചിച്ചത് വരരുചിയാണ്. രാജാവിന്റെ, പൗരാണികവും ശാസ്ത്ര സംബന്ധവുമായ സംശയങ്ങള്‍ തീര്‍ത്തുനല്‍കിയിരുന്നത് വരരുചിയായിരുന്നു. ഒരിക്കല്‍ 'രാമായണത്തിലെ പ്രധാനവാക്യമേത്?' എന്ന് രാജാവ് വരരുചിയോട് അന്വേഷിച്ചു. മറുപടി പറയാനാവാതെ വിഷമിച്ച വരരുചിക്ക് രാജാവ് ഉത്തരം കണ്ടുപിടിക്കാന്‍ നാല്‍പത്തിയൊന്നു ദിവസം നല്‍കി. ഉത്തരം കണ്ടെത്താനായില്ലെങ്കില്‍ ''താന്‍ ഇവിടെ വരണ മെന്നില്ല'' എന്നും രാജാവു പറഞ്ഞു. അനന്തരം വരരുചി പല നാടുകളില്‍ അലഞ്ഞ് പലരോടും അന്വേഷിച്ചെങ്കിലും മറുപടി കിട്ടിയില്ല. രാമായണത്തിലെ എല്ലാ ശ്ലോകങ്ങളും വാക്യങ്ങളും ശ്രേഷ്ഠങ്ങളെന്നായിരുന്നു പലരുടെയും മറുപടി.
നാല്‍പത് ദിവസം അങ്ങനെ പിന്നിട്ടു. ഉത്തരം കിട്ടിയില്ല. സര്‍വ്വജ്ഞനെന്ന് പ്രസിദ്ധനെങ്കിലും ഇതറിഞ്ഞുകൂടെന്ന് വരുന്നത് അപമാനമാണ്. ഇനിയും സ്വദേശത്ത് തുടരുന്നതിലും ഭേദം മരിക്കുകയാണെന്നോര്‍ത്ത് ഭക്ഷണം കഴിക്കാതെ വരരുചി അന്ന് ഒരു പകല്‍ കഴിച്ചു കൂട്ടി.
വിശപ്പും ദാഹവും സഹിക്കവയ്യാതെ ക്ഷീണിതനായ വരരുചി ഒരാല്‍ത്തറയില്‍ കയറിക്കിടന്നു. മയക്കം വരും മുമ്പ് 'വനദേവതമാര്‍ എന്നെ രക്ഷിക്കട്ടെ'യെന്നു പറഞ്ഞാണ് കിടന്നത്. പാതിരയായപ്പോള്‍ ചില ദേവതമാരെത്തി, ആലിന്മേല്‍ വസിക്കുന്ന ദേവതമാരെ പ്രസവമുള്ളൊരു സ്ഥലത്തു പോയി ചോരയും നീരും കുടിക്കാന്‍ ക്ഷണിച്ചു. ഞങ്ങള്‍ വരുന്നില്ല., ഈ ആല്‍ത്തറയില്‍ ഒരു ബ്രാഹ്മണന്‍ കിടപ്പുണ്ട്, അദ്ദേഹം ആത്മരക്ഷാര്‍ത്ഥം ഞങ്ങളെ വിളിച്ചാണ് കിടന്നതെന്ന് അറിയിച്ചു. തിരിച്ചു പോകുമ്പോള്‍ ഇതു വഴി വരണമെന്ന് ക്ഷണിക്കാനെത്തിയ വനദേവതകളോട് പറയുകയും ചെയ്തു.
അന്ത്യയാമത്തില്‍ ഉണര്‍ന്നെങ്കിലും വ്യസനം മൂലം വരരുചി എഴുന്നേറ്റില്ല. അല്പനേരം കഴിഞ്ഞപ്പോള്‍ മുമ്പ് അതുവഴി വന്ന വനദേവതമാര്‍ തിരിച്ചെത്തി. പ്രസവമെവിടെയായിരുന്നുവെന്ന് ആലിന്മേലിരുന്ന ദേവതമാര്‍ അവരോട് അന്വേഷിച്ചു. ഒരു പറയന്റെ വീട്ടിലായിരുന്നു പ്രസവമെന്നും കുട്ടി പെണ്ണാണെന്നും അവളെ വിവാഹം ചെയ്യുന്നത് 'മാം വിദ്ധി' എന്നറിഞ്ഞു കൂടാത്ത, ആല്‍ത്തറയില്‍ കിടക്കുന്ന ഈ വരരുചിയാണെന്നും മറുപടി പറഞ്ഞു. ഇതു കേട്ട വരരുചിക്ക് താന്‍ അനേഷിച്ചതിന് ഉത്തരം കിട്ടിയ സന്തോഷവും ഭാവിയില്‍ വന്നു ചേരാനിരിക്കുന്ന അധ: പതനത്തെക്കുറിച്ചോര്‍ത്ത് ദു:ഖവും തോന്നി. നേരം വെളുത്തതോടെ വരരുചി അവിടെ നിന്ന് എഴുന്നേറ്റു പോയി. നാല്പത്തൊന്നാം ദിവസവും വരരുചിയെ കാണാതെ രാജാവ് ദു:ഖിതനായി. എന്നാല്‍ രാജസദസ്സിലെ മറ്റുള്ള വിദ്വാന്മാര്‍ക്ക് സന്തോഷമായി. വരരുചിയുള്ളതു കൊണ്ടാണ് രാജാവ് തങ്ങളെ ആദരിക്കാത്തതെന്ന ചിന്തയായിരുന്നു, അസൂയാലുക്കളായ വിദ്വാന്മാര്‍ക്ക്.
സന്തോഷം നിറഞ്ഞ മനസ്സോടെ, വരരുചി സദസ്സിലെത്തി. ഉത്തരം കിട്ടിയോ എന്നാരാഞ്ഞ രാജാവിനോട് രാമായണത്തിലെ ശ്രേഷ്ഠമായ ശ്ലോകം ഇതാണെന്നു പറഞ്ഞു കൊണ്ട്
' രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛ താത യഥാസുഖം'
ചൊല്ലി കേള്‍പ്പിച്ചു. അതിലെ ശ്രേഷ്ഠമായ വാക്യം ' മാം വിദ്ധി ' എന്നാണെന്നും വരരുചി വിശദീകരിച്ചു. അതാണ് ശരിയെന്ന് സദസ്യരെല്ലാം ഏകസ്വരത്തില്‍ സമ്മതിച്ചു. അതീവ സന്തുഷ്ടനായ രാജാവ് രത്‌നങ്ങളുള്‍പ്പെടെ അളവറ്റ സമ്മാനങ്ങള്‍ നല്‍കി വരരുചിയെ ആദരിച്ചു.
പത്തു തരത്തിലാണ് വരരുചി ശ്ലോകത്തെ വ്യാഖ്യാനിച്ചത്. അവയില്‍ രണ്ടെണ്ണം ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസത്തിനിറങ്ങിയ വേളയില്‍, ലക്ഷ്മണനോട് മാതാവായ സുമിത്ര പറയുന്നതാണ്.
അല്ലയോ താത(വത്സ) രാമം ദശരഥം വിദ്ധി( രാമനെ ദശരഥനെന്ന് അറിഞ്ഞാലും) ജ്യേഷ്ഠനായ രാമനെ അച്ഛനെപ്പോലെ കരുതണമെന്ന് സാരം. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) എന്നെപ്പോലെ വിചാരിച്ചു കൊള്ളണം. അടവീം അയോധ്യാം വിദ്ധി. അടവിയെ ( വനത്തെ) അയോധ്യയായി കാണണം. മറ്റൊരു വ്യാഖ്യാനം ഇങ്ങനെയാണ്; രാമം ദശരഥം വിദ്ധി. രാമനെ ദശരഥന്‍ (പക്ഷി വാഹകനായിരിക്കുന്ന മഹാവിഷ്ണു എന്നറിഞ്ഞാലും. ജനകാത്മജയെ (സീതയെ) മാ (മഹാലക്ഷ്മി) എന്നറിഞ്ഞാലും. അയോധ്യാം അടവീം വിദ്ധീം. അയോധ്യയെ (രാമന്‍ പോയാല്‍ പിന്നെ) അടവി (കാട്) എന്നറിഞ്ഞാലും. (അതിനാല്‍) അല്ലയോ വത്സ! നീ സുഖമാം വണ്ണം പോയാലും. ഇങ്ങനെ പത്തുതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ കേട്ട് മഹാരാജാവിന് സന്തോഷമായി. അതിനിടയില്‍ വരരുചി മറ്റൊരു കാര്യം കൂടി രാജാവിനെ അറിയിച്ചു. ഇന്നലെ രാത്രി ഒരു പറയന്റെ മാടത്തില്‍ പറയി പ്രസവിച്ചെന്നും പെണ്‍കുട്ടിയാണെന്നും ആ കുട്ടിക്ക് മൂന്ന് വയസ്സു തികയുമ്പോള്‍ ഈ രാജ്യം നശിക്കുമെന്നുമാണ് വരരുചി രാജാവിനെ അറിയിച്ചത്. വരരുചിയുടെ വചനം തെറ്റില്ലെന്ന് വിശ്വസിച്ച മഹാരാജാവിനും സദസ്യര്‍ക്കും അങ്ങേയറ്റം വ്യസനമുണ്ടായി. പെണ്‍കുഞ്ഞിനെ കൊല്ലുന്നത് ഒരിക്കലും ഹിതമല്ല. മറ്റെന്തു ചെയ്യണം എന്നാലോചിച്ചിരുന്ന് ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ഒരു ഉപായം കണ്ടെത്തി.
jnmabhumi
No comments:
Post a Comment