Sunday, July 15, 2018

മനസ്സ് എന്ന പ്രതിഭാസം

*ആധുനിക ശാസ്ത്രത്തിന് പോലും അജ്ഞാതമായൊരു വിഷയമാണ് മനസ്സെന്ന പ്രതിഭാസം*
നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും എവിടെയാണെന്ന് നമുക്ക് അറിയാവുന്നതാണ്.ഈ അവയവങ്ങളുടെയല്ലാം ക്ഷതങ്ങൾ തിരിച്ചറിയാനും ചികിത്സിക്കാനും ആധുനിക സംവിധാനങ്ങളുണ്ട്. എന്നാൽ മനസ്സ് എവിടെ സ്ഥിതി ചെയ്യുന്നുവെന്ന് ആർക്കും അറിയില്ല. എങ്കിലും മനസ്സുമായി ബന്ധപ്പെട്ട പിരിമുറുക്കം ഏവര്‍ക്കും ഉണ്ടായികൊണ്ടിരിക്കുന്നു .
'മനസ്സ്' സ്ഥൂല ശരീരത്തിനുള്ളിലെ സൂക്ഷ്മ ശരീരമാണ്. ഈ മനസ്സാണ് മനുഷ്യന് സ്വര്‍ഗ്ഗവും നരകവും ഉണ്ടാക്കുന്നത് .മാത്രമല്ല ഈ മനസ്സു തന്നെയാണ് നമ്മുടെ ബന്ധുവും ശത്രുവും എന്ന് നമ്മൾ മനസ്സിലാക്കണം
'മനഃ ഏക മനുഷ്യാണാം കാരണം
ബന്ധമോക്ഷയോ'' എന്നത് ഇതിനെ ദൃഢീകരിക്കുന്നു. മനസ്സിനെ നിയന്ത്രണവിധേയമാക്കാതെ പോയാല്‍ അത് നരകമാകും . മനസ്സിനെ നിയന്ത്രിക്കുന്നത് കാറ്റിനെ പിടിച്ചുകെട്ടുന്നപോലെ ദുഷ്‌കരമാണന്നാണ് ഭഗവാൻ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞിട്ടുള്ളത് .
നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പ്രധാന കാരണം നമ്മുടെ മനസ്സു തന്നേയാണ് .അത് ജ്ഞാനത്തിൽ കൂടി മാത്രമേ മനസ്സിലാക്കാൻ കഴിയൂ . ജ്ഞാനം നമ്മുടെ മനസ്സിനെ കാണിച്ചുതരുന്ന കണ്ണാടിയാണ്. ധ്യാനം ചെയ്യുംതോറും മനസ്സിലെ അഴുക്കുകൾ തുടച്ച് നീക്കപ്പെടും. നമ്മൾ ചെയ്യുന്ന ഓരോ പാപങ്ങളും മനസ്സിൽ കെട്ടിക്കിടക്കുന്ന അഴുക്കുകളാണ്. നമ്മളെ ആദരണീയനാക്കുന്നതും നിന്ദ്യനാക്കുന്നതും മനസ്സാണ്.
മടിയന്മാരാണ് കൂടുതലും രോഗത്തിന് അടിമകളാകുന്നത്. നിഷ്ക്രിയനാകുന്നതാണ് രോഗമുണ്ടാകാൻ പ്രധാനകാരണം. അതുകൊണ്ട് വെറുതെ ഇരിക്കാതെ കര്‍മ്മങ്ങൾ ചെയ്യുക. ചെയ്യുന്ന കർമ്മങ്ങൾ നന്മയുള്ളതാവണം. ശ്രീരാമകൃഷ്ണപരമഹംസർ തൊണ്ടയില്‍ അർബുദം വന്നിട്ടും തളരാതെ കർമ്മമണ്ഡലത്തിൽ തിളങ്ങി നിന്നു.
പ്രതിസന്ധികളിൽ പതറുകയും തളരുകയും സ്വാഭാവികമാണ് . മനോധൈര്യമുള്ള അര്‍ജ്ജുനന്‍ പോലും കുരുക്ഷേത്രത്തില്‍ ഒരു ഘട്ടത്തിൽ തളര്‍ന്നുവല്ലോ .
ഓരോരുത്തരും അവരവരുടെ അറിവും സാഹചര്യവുമനുസരിച്ച് തങ്ങളുടെ കര്‍മ്മം ചെയ്യേണ്ടതാണ്.
യജ്ഞത്തിലെ നെയ്യാണ് മനസ്സ്. വിവേകമാണ് അതില്‍ നിന്നും ലഭിക്കുന്ന പ്രസാദം .നദിക്ക് കുറുകെ അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ അത് ഒരു ശക്തിയാകുന്നപോലെ ചഞ്ചലമായ മനസ്സിനെ ഏകാഗ്രമാക്കുമ്പോൾ നമുക്ക് ഒരു പ്രത്യേക ശക്തി ലഭിക്കുന്നു. സജ്ജന സംസര്‍ഗ്ഗം ഉണ്ടായാൽ മാത്രമേ മനസ്സിനെ ഉയർത്താൻ കഴിയൂ.എന്നാൽ നമ്മൾ പലപ്പോഴും കച്ചവട മനസ്സോടെയാണ് പലതും വീക്ഷിക്കുന്നതും കാണുന്നതും വില നിശ്ചയിക്കുന്നതും. ഒന്ന് മനസ്സിലാക്കുക മനുഷ്യന്‍ ഒരു മണ്‍കുടത്തിന് സമാനമാണ്. എപ്പോൾ വേണമെങ്കിലും ഉടഞ്ഞു പോകാം.
പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്തവനാണ് യഥാർത്ഥ യോഗി. കണ്ണു കാണുന്നവരാണ് വീഴുന്നത്. കണ്ണു കാണാത്തവർ വീഴുന്നില്ല. കാരണം കണ്ണു കാണാത്തവർ എപ്പോഴും ജാഗരൂകരായിരിക്കും . അതു കൊണ്ട് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പ്രധാന കാരണം ചാഞ്ചാടുന്ന മനസ്സു തന്നെയാണ് . ചഞ്ചലമനസ്സുള്ളവർക്ക് ഒരിക്കലും സമാധാനമുണ്ടാകുകയില്ല .
കാമവും സ്നേഹവും
-----------------------------
കാമം ഇന്ദ്രിയങ്ങളുടെ തലത്തിലും സ്‌നേഹം മനസ്സിന്റെ തലത്തിലുമാണ് പ്രവർത്തിക്കുന്നത് .എന്നാല്‍ പ്രേമം ശരീരതലത്തിലും ബുദ്ധിതലത്തിലും പ്രവർത്തിക്കുന്നു .കാമുകീകാമുകന്മാരുടെ സ്‌നേഹവും അത്തരത്തിലുള്ളതാണ് .നിയന്ത്രണത്തിന് വിധേയമായാല്‍ മനസ്സ് മഹാശക്തിയാണ്.
ശരീരം ഉളളതുകൊണ്ടാണ് മനസ്സ് നിലനില്‍ക്കുന്നത്. മനസ്സ് മാറിയാല്‍ ജീവിതരീതിയാകെ മാറും. മനസ്സിന്റെ വികലചിന്തകള്‍ രോഗമുണ്ടാക്കുന്നു. മനസ്സിന് ബോധമുണ്ടാകണമെങ്കില്‍ ചൈതന്യത്തിന്റെ സാന്നിധ്യം വേണം.
മനസ്സ് സൂക്ഷ്മമാണ്. നമ്മൾ എവിടെ എത്തണമെന്ന് ചിന്തിച്ചാല്‍ മനസ്സ് അവിടെ എത്തും. വ്യക്തിയായാലും ദൃശ്യമായാലും അത് നമുക്ക് സ്‌ക്രീനില്‍ എന്നപോലെ കാട്ടിത്തരുന്നു. മനസ്സിന്റെ ശക്തിവര്‍ദ്ധിക്കുന്നതോടൊപ്പം സന്തോഷവും കൈവരുന്നു. ഇന്ദ്രിയങ്ങളാണ് മനസ്സില്‍ ആധിപത്യം ചെലുത്തുന്നത്. കണ്ണു തുറക്കണമെങ്കില്‍ മനസ്സ് പറയണം. മനസ്സിന്റെ ചലനം സത്യമാണ്. കണ്ണു തുറക്കുന്നതും, അടയ്ക്കുന്നതുമെല്ലാം മനസ്സിന്റെ നിര്‍ദ്ദേശപ്രകാരമാണ്. എന്നാല്‍ മനസ്സ് എല്ലാ ചലനങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.
ചിന്തയില്‍നിന്ന് വിട്ടുനില്‍ക്കുന്ന അവസ്ഥയാണ് മൗനം- അഥവാ ശാന്തഭാവം. ഈ ശാന്തഭാവം വികസിപ്പിച്ചു കൊണ്ടുവന്നാല്‍ സത്യം വ്യാപ്തമാകും. ചിന്തകളില്‍ നിന്നുയരാന്‍ കഴിയും. ശാന്തഭാവമാണ് ഏറ്റവും വലിയ സത്യം. മറ്റുള്ളവയെല്ലാം മനസ്സില്‍ വന്നുപോകുന്നതാണ്. യഥാര്‍ത്ഥത്തില്‍ ശാന്തതയില്‍ നിന്നാണ് നാം വന്നത്. ശാന്തത അശാന്തഭാവത്തില്‍ ഒട്ടി നില്‍ക്കുമ്പോഴാണ് പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിയാന്‍ പറ്റാതെ വരുന്നത്. പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിയാന്‍-മാറി നില്‍ക്കാന്‍- ആത്മീയത വേണം. സത്യത്തെ ദര്‍ശിക്കലാണ് ആത്മീയത.
ഒന്നിനോട് ആകര്‍ഷണം കൂടുന്തോറും മറ്റൊന്നിനോടുള്ള ആകര്‍ഷണം കുറയും. നമുക്ക് ഒരു പുതിയ വാഹനമോ, വീടോ കൈവന്നാല്‍ അതുവരെ ഉപയോഗിച്ച വാഹനത്തോടും വീടിനോടും മമത കുറയുന്നപോലെയാണിത്. മനസ്സ് മറ്റൊന്നിലേക്ക് മാറ്റപ്പെടുമ്പോള്‍ അത് മനഃശാസ്ത്രപരമായ ഒരു ചികിത്സയായി മാറുന്നു. ശ്രദ്ധ തിരിച്ചുകൊണ്ടുള്ള ചികിത്സ 'സ്പിരിച്വ'ലാണ്. ക്ഷേത്രത്തില്‍ പോകുന്നതും ഒരു 'സൈക്കോളജിക്കല്‍ ട്രീറ്റ്‌മെന്റാണ്.'
മനസ്സും, പരമാത്മാവും തമ്മില്‍ വിടവ് ഉണ്ടാകരുത് . ഈശ്വരന്‍ നമ്മളില്‍നിന്നും വ്യത്യസ്തനല്ല. ഇത് ഹിന്ദുവിന്റെ കാതലായ തത്ത്വമാണ്. ഞാനും ദൈവത്തിന്റെ ഭാഗമാണ്. 'തത്ത്വമസി', അഹം ബ്രഹ്മാസ്മി എന്നീ മഹത്‌വാക്യങ്ങള്‍ ഇതിനെ സാധൂകരിക്കുന്നു.
സ്‌നേഹം
സഹകരണം, സമര്‍പ്പണം, സ്വീകരണം എന്നിവയില്‍ കൂടിയാണ് സ്‌നേഹപ്രകടനം നടക്കുന്നത്. മനസ്സിന്റെ ഉറവിടം ഉള്ളില്‍ നിറഞ്ഞിരിക്കുന്ന ചൈതന്യമാണ്. മനസ്സിനെ വേണ്ടവിധം മെരുക്കിയെടുക്കാനാണ് വ്രതാനുഷ്ഠാനങ്ങള്‍ ചെയ്യുന്നത്.
മനസ്സിനെ സ്വച്ഛമാക്കാന്‍ 'എന്റേത്' എന്നതിനെ ഉപേക്ഷിക്കണം. ആഗ്രഹങ്ങള്‍ എല്ലാം മനസ്സില്‍ നിന്നാണ് വരുന്നത്. മനസ്സിന്റെ ജയമാണ് യഥാര്‍ത്ഥ ജയം. മനസ്സിലാണ് പ്രപഞ്ചം മുഴുവന്‍ ഊന്നി നില്‍ക്കുന്നത്.
ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളും മനസ്സുണ്ടാക്കുന്നതാണ്. സൂക്ഷ്മമായ ഒരു എനർജിയാണ് മനസ്സ് . തത്ത്വമറിയുന്നവന്റെ മനസ്സ് കൂണ്‍ വിരിയുന്നപോലെയാണ്. ധ്യാനം, രാഗം എല്ലാം മനസ്സിനെ ഏകാഗ്രമാക്കുന്നു.
മനസ്സിന് സങ്കല്പശക്തിയുണ്ട്. ശരീരത്തിന്റെ മാറ്റത്തിനനുസരിച്ച് മനസ്സ് മാറുന്നില്ല. മനസ്സ് ചഞ്ചലമായാല്‍ വേണ്ടതൊക്കെ മറന്നുപോകും. ഒരാള്‍ ദ്വേഷ്യപ്പെടുന്നുവെങ്കില്‍ അത് അയാള്‍ ഉണ്ടാക്കിയെടുത്ത സംസ്‌ക്കാരമാണ്.
മാനസികമായി ഉയര്‍ന്നവരെയാണ് മറ്റുള്ളവര്‍ അംഗീകരിക്കുന്നതും ബഹുമാനിക്കുന്നതും . ഒരാളെ ആദരണീയനാക്കുന്നതും അനാദരണീയനാക്കുന്നതും മനസ്സാണ്. നമ്മുടെ മനസ്സ് സത്യത്തില്‍ സര്‍വ്വ ഐശ്വര്യ സമ്പന്നതയുടെയും വിളനിലമായ മഹാ ലക്ഷ്മിയാണ്.
മനസ്സ് ഒരു 'സോഫ്ട്‌വെയറും
ശരീരം ഒരു 'ഹാര്‍ഡ്‌വെയറും ആകുന്നു 'ശാന്തമായ മനസ്സ് നിശ്ചലമായ ജലം പോലെയാണ്. വിചാരം-ബുദ്ധിയും, വിവേകം-മനസ്സുമാണ്. ശ്രദ്ധിക്കേണ്ടത് സ്വന്തം മനസ്സിനെയാണ്. വിശാലത ഉണ്ടാകേണ്ട മനസ്സിനെ ചെറുതായി കാണരുത്.
മനസ്സ് ലയിക്കേണ്ടത് ശരീരത്തിലോ ബന്ധനത്തിലോ അല്ല;
മനസ്സാണ് സംസാരം ; മനസ്സാണ് ബന്ധം ; മനസ്സാണ് അജ്ഞാനം ; മനസ്സാണ് പ്രപഞ്ചം ; മനസ്സാണ് മായ ; മനസ്സിന്റെ കല്പനകളാണ് സുഖദുഃഖങ്ങളും ജനനമരണങ്ങളും ബന്ധമോക്ഷങ്ങളുമെല്ലാം . അതിനാൽ ചഞ്ചലമായ മനസ്സിനെ നിയന്ത്രിയ്ക്കുകയും, അടക്കുകയും, ലയിപ്പിക്കുകയും, ചെയ്യലാണ് അദ്ധ്യാത്മസാധനകൊണ്ട് നമുക്ക് നേടാൻ കഴിയുക . മനസ്സ് നന്നാവും തോറും ബന്ധങ്ങളും ദുഖങ്ങളും വളർന്നുകൊണ്ടിരിക്കും. മനസ്സ് ക്ഷയിക്കുംതോറും അവ ചുരുങ്ങുകയും ചെയ്യും.
ഭക്തിജ്ഞാനവൈരാഗ്യങ്ങളും, യോഗവും തപസ്സും എല്ലാം മനസ്സിനെ പാകപ്പെടുത്താനും അടക്കാനുമുള്ള പലവിധ ഉപായങ്ങൾ മാത്രമാണ്. അതിനാൽ മനസ്സിന്റെ അപ്പോഴപ്പോഴുള്ള ചിന്തകളേയും വൃത്തികളേയും വിശ്വസിക്കുകയോ ലാളിക്കുകയോ അല്ല ; നിരോധിയ്ക്കുകയാണ് മഹാത്മാക്കൾ ചെയ്തിരുന്നത്. അങ്ങനെ ചെയ്യുന്നതുകൊണ്ട് സ്വാഭാവികമായ സമാധാനവും സംതൃപ്തിയും എപ്പോഴും നിലനിന്നുകൊണ്ടിരിയ്ക്കും. നമ്മൾ അങ്ങിനെ ചെയ്യാൻ ശ്രമിയ്ക്കുന്നത് അഭികാമ്യമായിരിക്കും.
ഈശ്വരഭക്തികൊണ്ടും സുദൃഢമായ തത്വബോധം കൊണ്ടും മനസ്സിനെ നിയന്ത്രിക്കാൻ കഴിയും പ്രപഞ്ചപദാർത്ഥങ്ങളും, ലോകവ്യവഹാരങ്ങളും ജനനമരണങ്ങളുമെല്ലാം മനസ്സിന്റെ വൃത്തികൾ മാത്രമാണ് .
മനുഷ്യന്‍ തന്റെ ജീവിതത്തിൽ സുഖവും ദുഃഖവും സ്നേഹവും വെറുപ്പും ഉത്സാഹവും നിരാശയും എല്ലാം മാറിമാറി അനുഭവിക്കുന്നു. ഈ അനുഭവങ്ങൾ ഏതെങ്കിലും ശാരീരികാവയവങ്ങളിൽ നിന്ന് അനുഭവമാകുന്നതല്ല എന്ന് നമുക്കറിയാം. മനസ്സ് എന്ന ആന്തരീക അവയവമാണ് ഈ അനുഭവങ്ങളുടെ ഇരിപ്പിടം. മനസ്സ് ഒരു ആന്തരീക അവയവമാണ്. രാജയോഗജ്ഞാനത്തിൽ മനസ്സിനെ ആത്മാവിന്റെ അവയവമായിട്ടാണ് വിവരിക്കപ്പെടുന്നത്. അവയവം എന്ന് പറയുന്നു എന്നെ ഉള്ളു, മറ്റു പദങ്ങള്‍ ഇല്ലാത്തതിനാൽ അങ്ങനെത്തന്നെ നമുക്കും ചിന്തിക്കാം.
" ഉദ്ധരേദ് ആത്മനാത്മാനാം " എന്ന് ഭഗവത്‌ഗീതയിൽ പറയുന്നുണ്ട്. അതായത്. ഒരാൾക്ക്‌ ഉയരണമെങ്കിൽ അയാള്‍ ആശ്രയിക്കേണ്ടത് സ്വന്തം മനസ്സിനെയാണ്‌. അതുപോലെ ഒരാൾ അധ:പതിക്കുന്നതും മനസ് കാരണത്താൽ തന്നെയാണ്. മനസ് നിയന്ത്രിതമല്ലാതെയും എകാഗ്രതയില്ലാതെയും ശക്തിയില്ലാതെയും പ്രവർത്തിക്കുമ്പോൾ സംഭവിക്കുന്നത്‌ അബദ്ധങ്ങൾ മാത്രമായിരിക്കും. അതെ മനസ്സ്തന്നെ എകാഗ്രവും ശക്തവും അചഞ്ചലവുമായാൽ നമ്മളെക്കൊണ്ട് സാധ്യമാവാത്തതായി യാതൊന്നും ഉണ്ടാവുകയില്ല. ശാസ്ത്രജ്ഞന്മാരുടെ ഏകാഗ്രമായ മനസ്സിലാണ് ഇന്ന് നാം കാണുന്ന എല്ലാ കണ്ടെത്തലുകളുടെയും ആദ്യരൂപം ഉടലെടുത്തത്. അവർ സാധാരണ മനുഷ്യർ തന്നെയാണ്. കേവലം മനസ്സിനെ ഗൌരവത്തോടെ ഒരേ ദിശയിൽ സഞ്ചരിപ്പിച്ചതിനാൽ അവർ ശാസ്ത്രജ്ഞരായി മാറി.
ഇവിടെ നമ്മുടെ വിഷയം മനസ്സിനെ എങ്ങനെ നിയന്ത്രിക്കാം എന്നതാണ്. ആദ്യമായി ചെയ്യേണ്ടത്, ഞാൻ മനസ്സിനെ നിയന്ത്രിക്കാൻ ഒരുങ്ങുന്നു എന്ന് ചിന്തിക്കാതിരിക്കുക. പകരമായി ഞാൻ മനസ്സിനെ പരിപാലിക്കുവാനോ ശുശ്രൂഷിക്കാനോ ഒരുങ്ങുകയാണെന്നു ചിന്തിക്കുക. എന്തുകൊണ്ടെന്നാൽ നിയന്ത്രിക്കുന്നത്‌ മനസ്സിന് ഇഷ്ടമല്ല. രണ്ടാമതായി
ശ്രദ്ധിക്കേണ്ടതെന്തെന്നാൽ മനസ്സിനെ നിയന്ത്രിക്കുന്നതിനു മുമ്പ് മനസ്സിനെ അറിയണം. എന്നതാണ്. കുതിര എന്തെന്ന് അറിയാതെ കുതിരയെ നിയന്ത്രിക്കാൻ സാദ്ധ്യമല്ലല്ലോ. നമ്മുടെ മനസ്സിന്റെ ഇഷ്ടാനിഷ്ടങ്ങൾ, വിചാര രീതികൾ, എന്നിവയെക്കുറിച്ച് അവബോധം ഉള്ളവരായിരിക്കണം നമ്മൾ.
മൂന്നാമതായി മനസിനെ നിയന്ത്രിക്കുക എന്നാൽ അതിനെ നിശ്ചലമാക്കുക എന്നല്ല എന്ന് തിരിച്ചറിയണം. കുതിരവണ്ടി നിയന്ത്രിക്കുകയെന്നാൽ അതിനെ തളക്കൽ അല്ലല്ലോ, അതിനെ തനിക്കും മറ്റുള്ളവർക്കും ആസ്വാദ്യകരമാകുന്ന വിധം ചലിപ്പിക്കുക എന്ന് തന്നെയല്ലേ. ഇത് പോലെ മനസ്സിനെ തളക്കാൻ ശ്രമിക്കാതെ നല്ല ഫീലിങ്ങ്സ് ഉണ്ടാക്കുന്ന ചിന്തകളിലൂടെ അതിനെ നയിക്കുക. ശാന്തിയും സ്നേഹവും ശക്തിയും ശുദ്ധിയും എല്ലാം തന്നിൽ നിറഞ്ഞിരിക്കുന്നുണ്ട്, അതിനെ കണ്ടെത്താന്‍ ഞാൻ ശ്രമിക്കുകയാണ് എന്ന് സങ്കൽപ്പിക്കുക. സാവധാനം മനസ്സ് ശന്തമാകുന്നതു കാണാം. ചിന്തകളുടെ എണ്ണം കുറച്ചാക്കുകയും, ഉണ്ടാക്കുന്ന ചിന്തകളിൽ കൂടുതൽനേരം നിലനിൽക്കാൻ ശ്രമിക്കുകയും ചെയ്യുക. ഇത്തരത്തിൽ പരിശ്രമിച്ചു തുടങ്ങുകയാണെങ്കിൽ മനോ നിയന്ത്രണം എളുപ്പത്തിൽ സാദ്ധ്യമാകുന്നതാണ്. ഒരു തവണ ഏകാഗ്രതയുടെ ആനന്ദം നുകർന്നാൽ മനസ്സ് പിന്നീട് ആ അവസ്ഥയിലേക്ക് സ്വമേധയാ സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്യും.
പി . എം . എൻ . നമ്പൂതിരി.

No comments: