ഭീഷ്മര്‍ മറ്റ് രണ്ടു പെണ്‍കുട്ടികളേയും വിചിത്രവീര്യനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. എന്നാല്‍ അമിതഭോഗാസക്തനായ തന്റെ അനുജനെ നിയന്ത്രിക്കാന്‍ ഭീഷ്മര്‍ ഒന്നും പ്രവര്‍ത്തിച്ചില്ല. തത്ഫലമായി അയാള്‍ ചെറുപ്രായത്തില്‍ അപുത്രനായിത്തന്നെ ക്ഷയരോഗം (രാജയക്ഷ്മാവ്) പിടിപെട്ടു മരിച്ചു. വിചിത്രവീര്യന് ഭീഷ്മര്‍ നേടിക്കൊടുത്ത രണ്ട് പത്‌നിമാരും ചെറുപ്പത്തില്‍തന്നെ വിധവകളായി, രാജ്യവും അനാഥമായി, ആ സമയം ഭീഷ്മരോട് അദ്ദേഹത്തിന്റെ സഹോദരപത്‌നിമാരില്‍ പുത്രോത്പാ
ദനം നടത്തി കുലത്തെയും പരമ്പരയേയും രക്ഷിക്കണമെന്ന് മാതൃസ്ഥാനത്തുള്ള സത്യവതി കരഞ്ഞപേക്ഷിച്ചു. എങ്കിലും സത്യപ്രതിജ്ഞ പാലനത്തില്‍ വ്യഗ്രനായ ഭീഷ്മര്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ശാന്തനുവിന്റെ പരമ്പര അനുസ്യുതം തുടര്‍ന്നുകൊണ്ടുപോവുന്നതിനുവേണ്ടിയും മാതാവിന്റെ നിയോഗം പാലിക്കുന്നതിനുവേണ്ടിയും ഭീഷ്മര്‍ വഴങ്ങേണ്ടതായിവന്നു. മാതാവിന്റെ വാക്കുകള്‍ കവിവാക്യത്തില്‍-
''അങ്ങനേകശ്രുതികള്‍ വേദാംഗങ്ങളുമറിഞ്ഞവന്‍
ധര്‍മ്മനിഷ്ഠ, കുലാചാരകര്‍മ്മവും കാണ്‍മുനിങ്കില്‍ ഞാന്‍
ശുക്രാംഗിരസരോടൊപ്പം കൃച്ഛ്രത്തിലൊരു തീര്‍ച്ചയും
അതിനാല്‍ ധര്‍മ്മമേറും നിന്‍ സ്ഥിതികണ്ടാശ്വസിച്ച ു
ഞാന്‍ കാര്യം നിന്നോടു കല്‍പിക്കുന്നതുകേട്ടു നടത്തടോ.
...............................................
ഇവര്‍ നിന്‍ ഭ്രാതൃദാരങ്ങള്‍ കാശിരാജകുമാരികള്‍
രൂപയൗവനമാര്‍ന്നുള്ളോര്‍ പുത്രാര്‍ത്ഥിനികള്‍ ഭാരത!
ഇവരില്‍ ചെയ്ക പുത്രോത്പാദനം കുലനിലയ്ക്കുനീ
എന്‍ നിയോഗനാല്‍ ധര്‍മ്മവേവമൊന്നിനിച്ചെയ്തുകൊള്ളണം''
(സംഭവപര്‍വ്വം 103- അധ്യായം, ഭീഷ്മസത്യവതി സംവാദം 6, 7, 9, 10)
വിവര്‍ത്തനം: കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)
ഇങ്ങനെ മാതാവ് നിര്‍ബന്ധിച്ചപ്പോഴും ഭീഷ്മര്‍ കുലുങ്ങിയില്ല, അദ്ദേഹം പറഞ്ഞു
''മൂന്നു ലോകങ്ങളും ഉപേക്ഷിക്കാന്‍ ഞാന്‍ ഒരുക്കമാണ്-
''പരിത്യജേയം ത്രൈലോക്യം,' എന്നാലും ഞാന്‍ സത്യം വിടുകയില്ല. ഭൂമി അതിന്റെ ഗന്ധം വെടിഞ്ഞാലും, വെള്ളം അതിന്റെ രസം വെടിഞ്ഞാലും, സൂര്യന്‍ തന്റെ പ്രഭ പരിത്യജിച്ചാലും, അഗ്‌നി തന്റെ ഉഷ്ണം ഉപേക്ഷിച്ചാലും, യമന്‍ ധര്‍മ്മം വെടിഞ്ഞാലും, ഞാന്‍ എന്റെ സത്യത്തെ ഉപേക്ഷിക്കുകയില്ല.'' അതുകേട്ട് സത്യവതി ഭീഷ്മരോട് വീണ്ടും കേണപേക്ഷിച്ചു.
''ആപദ്ധര്‍മ്മം പാര്‍ത്തെടുക്ക പൈതാമഹപദത്തെ നീ
നിന്‍ കുലത്തില്‍ സന്തതിയും ധര്‍മ്മവും മുടിയാപ്പടി''
ആ സമയം ഭീഷ്മര്‍ പണം കൊടുത്ത് ബ്രാഹ്മണരെ കൊണ്ട് സന്താനോത്പാദനം നടത്തിക്കാമെന്ന പോംവഴി നിര്‍ദ്ദേശിക്കുകയാണ് ഉണ്ടായത്.ആ സമയത്ത് ഒരു സ്ത്രീയും ഒരിക്കലും വെൡപ്പെടുത്താനാഗ്രഹിക്കാത്ത ആ രഹസ്യം ''താന്‍ കന്യകയായിരുന്നപ്പോള്‍ ജനിച്ച തന്റെ ആദ്യ പുത്രനാണ് കൃഷ്ണദ്വൈപായനെന്ന വേദവ്യാസനെന്നും അദ്ദേഹത്തെ വരുത്തി ഇക്കാര്യം സാധിപ്പിക്കാമെന്നും'' സത്യവതി പറയുകയും അതിനെ ഭീഷ്മര്‍ അനുകൂലിക്കുകയും ചെയ്തു. അങ്ങനെ സത്യവതിയുടെ പരമ്പരയെത്തന്നെ രാജാക്കന്മാരാക്കി വാഴിക്കാമെന്ന് ഭീഷ്മര്‍ ദാശരാജനോടു ചെയ്ത സത്യത്തിന്റെ സത്യത്തെ അഥവാ ആന്തരസത്യത്തെ പാലിച്ചത് യഥാര്‍ത്ഥത്തില്‍ സത്യവതി തന്നെയാണ്, ഭീഷ്മര്‍ ആയിരുന്നില്ല. അമ്മയുടെ നിര്‍ദ്ദേശമാണല്ലോ എന്നു കരുതി സര്‍വ്വസംഗപരിത്യാഗിയായി വനത്തില്‍ പാര്‍ത്തിരുന്ന ആ മുനി വിധവകളായി വസിച്ചിരുന്ന തന്റെ ഭ്രാതൃപത്‌നിമാരില്‍ പുത്രോത്പാദനം നടത്തി പ്രശ്‌നം പരിഹരിച്ചു.
ഇവിടെ അമ്മയുടെ നിയോഗം എല്ലാറ്റിലും വലിയ ധര്‍മ്മമാണെന്ന് വ്യാസന്‍ തിരിച്ചറിയുന്നു. (പില്‍ക്കാലത്ത് പാണ്ഡവന്മാര്‍ അഞ്ച് സഹോദരന്മാരായും ഒരേ ഭാര്യയെ സ്വീകരിക്കുന്നതിലും അമ്മയുടെ വാക്കായിരുന്നല്ലോ, പരമമായ പ്രമാണം). എന്നാല്‍ പിതൃപ്രീണനത്തിനുവേണ്ടി പിതാവ് പറയാതെ തന്നെ ഭീഷണമായ സത്യപ്രതിജ്ഞ ചെയ്ത ഭീഷ്മര്‍ അമ്മയുടെ വാക്കിനെ ധര്‍മ്മമെന്നു കരുതിയില്ല. ''മാതൃദേവോഭവ' എന്നു കഴിഞ്ഞേ'' എന്ന് ആര്‍ഷമായ ധര്‍മ്മശാസ്ത്രങ്ങള്‍ അനുശാസിക്കുന്നുള്ളൂ. തന്റെ സത്യം ലംഘിക്കാന്‍ അമ്മയുടെ വാക്ക് ആപദ്ധര്‍മ്മമായി മാത്രം കരുതിയാല്‍ മതിയായിരുന്നല്ലോ.
(മഹാഭാരതത്തിലെ ഭീഷ്മരുടെ സത്യത്തിന്റെയും ധര്‍മത്തിന്റെയും സാധനകളെ അധികരിച്ചുള്ള
ഒരു പുനര്‍വായന), പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരി
No comments:
Post a Comment