Thursday, July 19, 2018

#വെള്ളത്തിലായ വാഹനത്തിന് ഇൻഷുറൻസ് കിട്ടുമോ?*

_പ്രകൃതി ദുരന്തങ്ങളിൽ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ വരുന്നുണ്ടെങ്കിലും വെള്ളപ്പൊക്കം മൂലമുണ്ടാകുന്നവയ്ക്ക് ചില പ്രത്യേക ക്ലോസുകൾ ഇൻഷുറൻസ് കമ്പനികൾ വെയ്ക്കുന്നുണ്ട്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ പാർക്ക് െചയ്തിരിക്കുമ്പോൾ മരം വീണും മണ്ണിടിച്ചില്‍ മൂലവുമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്_

വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ പ്രയാസമാണ്. എൻജിനിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്നാണ് നിലവിലെ ഇൻഷുറൻസ് നിയമങ്ങൾ പറയുന്നത്. വാഹനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കിടന്നാലും എൻജിനിൽ വെള്ളം കയറാനുള്ള സാഹചര്യം ഉണ്ടാകാനിടയില്ല. എന്നാൽ വാഹനം സ്റ്റാർട്ട് ആക്കിയാൽ എന്‍ജിനിൽ വെള്ളം കയറുകയും ചെയ്യും. അതുകൊണ്ട് അത്തരം സാഹചര്യങ്ങളിൽ വാഹനങ്ങൾ സ്റ്റാർട്ട് ആക്കാൻ ശ്രമിക്കാതെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രം തുടർനടപടികൾ നടത്തുന്നതായിരിക്കും നല്ലത്.

*വാഹനത്തിൽ വെള്ളം കയറിയാൽ*

∙ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്തായിപ്പോയ വാഹനം സ്റ്റാർട്ട് ചെയ്യാതിരിക്കുക. വാഹനം സ്റ്റാർട്ട് ചെയ്യാതെ വെള്ളക്കെട്ടിൽനിന്നു നീക്കം ചെയ്യുക.  അപാർട്‌മെന്റിന്റെ ബേസ്‌മെന്റിലായാൽപ്പോലും വാഹനം വെള്ളക്കെട്ടിലാണെങ്കിൽ സ്റ്റാർട്ട് ചെയ്യരുത്. ബാറ്ററി ടെർമിനലുകൾ എത്രയും പെട്ടെന്ന് മാറ്റി വർക്‌ഷോപ്പിന്റെ സഹായം തേടുക. 

∙വാഹനം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ വിഭാഗത്തിൽപ്പെട്ടതാണെങ്കിൽ നിരപ്പായ എന്തെങ്കിലും പ്രതലത്തിൽവച്ചുവേണം വലിക്കാൻ. ഇത് സാധ്യമല്ലെങ്കിൽ മുൻ വീലുകൾ അല്ലെങ്കിൽ ഡ്രൈവിങ് വീലുകൾ ഗ്രൗണ്ടിൽനിന്നുയർത്തി വേണം വലിക്കാൻ അല്ലെങ്കിൽ എടി ഗിയർ ബോക്‌സ് തകരാറിലാകും. 

∙ മറ്റു വാഹനങ്ങൾ വെള്ളക്കെട്ട് കടക്കുന്നതു കണ്ട് നിങ്ങളും അതിനു ശ്രമിക്കരുത്. ഓരോ വാഹനത്തിലെയും ഫിൽറ്റർ/സ്‌നോർക്കൽ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നാൽ എൻജിൻ ഓഫാകും. വെള്ളക്കെട്ട് ഭാഗത്ത് വാഹനം ഓഫായാൽ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. ഗാരേജിന്റെ സഹായം തേടുക, ഇൻഷുറൻസ് കമ്പനിക്കാരെയും വിവരം അറിയിക്കുക.

∙ വെള്ളം കയറിയ കാറിന്റെ എൻജിൻ ഓയിൽ മാറ്റണം. രണ്ടു മുന്നു പ്രാവശ്യം എൻജിൻ ഓയില്‍ മാറ്റി എൻജിൻ വൃത്തിയാക്കണം. എയർഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. കൂടാതെ എൻജിനിലേയ്ക്ക് വെള്ളം കയറാൻ സാധ്യതയുള്ള എല്ലാം എയർ ഇൻടേക്കുകളും നന്നായി വൃത്തിയാക്കണം.

∙ എഞ്ചിൻ ഓയിൽ നിറച്ചതിന് ശേഷം ജാക്കി വെച്ച് മുൻ വീലുകൾ ഉയർത്തി ടയര്‍ കൈകൊണ്ട് കറക്കിക്കൊടുക്കുക. ഓയിൽ എൻജിന്റെ എല്ലാ ഭാഗത്തും എത്തുന്നതിനായാണ് ഇത്തരത്തിൽ ചെയ്യുന്നത്. ഏകദേശം പതിനഞ്ചു മിനിട്ടുവരെ ഈ പ്രവർത്തി ആവർത്തിക്കുക, അതിന് ശേഷം ഓയില്‍ മുഴുവൻ മാറ്റി വീണ്ടും ഓയിൽ നിറച്ച് ടയർ കറക്കിക്കൊടുക്കുക. ചുരുങ്ങിയത് മൂന്നു പ്രാവശ്യമെങ്കിലും ഇത് ആവർത്തിക്കണം. 

∙ ഇനി നോക്കെണ്ടത് വാഹനത്തിന്റെ ഇലക്ട്രിക്ക് പാർട്ട്സുകളാണ്. ഫ്യൂസുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതായിരിക്കും അഭികാമ്യം. 

∙ ഇത്രയും ചെയ്തതിന് ശേഷം മാത്രം എ‍ൻജിൻ സ്റ്റാർട്ട് ചെയ്യുക. 1-2 മിനിട്ട് ഓൺ ആക്കിതന്നെ ഇടുക. അതിന് ശേഷം മാത്രമേ വാഹനം ഓടിക്കാവു.

*#Just for an information* thanks to shone george for info

No comments: