Saturday, July 14, 2018

നമ്മുടെ ശാസ്ത്രങ്ങളുടെ ദൃഷ്ടിയില്‍, ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നീ നാലും കൂടിയ പുരുഷാര്‍ഥം നേടുന്നതിനു വേണ്ടിയാണ് മനുഷ്യജന്മം. ഇതില്‍ ഒരു ഭാഗം മാത്രം സ്വീകരിച്ചാല്‍ ശരിയാവില്ല. ഉദാഹരണമായി, ഒരാള്‍ ധര്‍മവും, വേറൊരാള്‍ അര്‍ഥവും, മൂന്നാമതൊരാള്‍ കാമവും, നാലാമന്‍ മോക്ഷവും പിന്തുടരുന്നുവെന്നിരിക്കട്ടെ, അതു ശരിയല്ല. ഒന്ന് മറ്റുള്ളവയോട് ഇഴുകിച്ചേര്‍ന്നു നില്‍ക്കുമ്പോഴാണ് ചതുര്‍വിധപുരുഷാര്‍ഥമെന്നു പറയുക- നാലു പടിയായി നില്‍ക്കുന്ന മനുഷ്യലക്ഷ്യം. ഓരോരുത്തരും അംഗീകരിച്ചു പിന്തുടരേണ്ടതാണ്. 
ധര്‍മമാണ് ജീവിതമാര്‍ഗമായി സ്വീകരിക്കേണ്ടത്. ധാര്‍മികമായി ചിന്തിക്കുക, ധാര്‍മികമായി സംസാരിക്കുക, ധാര്‍മികമായി പ്രവര്‍ത്തിക്കുക; ഇതില്‍ അലസനോ വിഫലനോ ആയിക്കൂടാ. ലോകത്തിനും അവനവനും പ്രയോജനപ്പെടുന്നതാകണം ശരിയായ ജീവിത രീതി. 
ധാര്‍മികവൃത്തിയിലൂടെ ഉപജീവനത്തിനുള്ള ധനം (അര്‍ഥം) സമ്പാദിക്കാം. പ്രായ പൂര്‍ത്തിയായാല്‍ പിന്നെ സ്വന്തമായി യത്‌നിക്കാന്‍ തുടങ്ങണം. മാതാപിതാക്കളില്‍ നിന്നോ വിവാഹം വഴിയോ കിട്ടുന്ന സ്വത്തു മാന്യമല്ല; സ്വാര്‍ജിതം തന്നെ ശ്ലാഘ്യം. നമുക്കു ജന്മം നല്‍കി, ദേഹത്തെ വളര്‍ത്തി യുവത്വത്തിലെത്തിക്കുന്നതോടെ, നമ്മെ ദക്ഷരും സര്‍ഗശീലരും കാര്യക്ഷമതയുള്ളവരും ആക്കുന്നതോടെ, അച്ഛനമ്മമാരുടെ കടമ തീര്‍ന്നു. അവരില്‍നിന്നു പിന്നെയൊന്നും പ്രതീക്ഷിക്കുന്നതു ശരിയല്ല. വളര്‍ച്ചയെത്തിയാല്‍ സ്വന്തം കയ്യും കാലും മനസ്സും ബുദ്ധിയും ഉപയോഗിച്ച് ഉത്സാഹഭരിതരായി പ്രയത്‌നിച്ചു വേണം തങ്ങള്‍ക്കു വേണ്ടതു നേടിയെടുക്കാന്‍. അതാണ് ശരിയായ മനുഷ്യരീതി, മാനവധര്‍മം.  
ഭൂമിയൊട്ടാകെ സര്‍ഗാത്മകവും സഫലവുമാണ്. ഓരോ കാലത്തും അതില്‍ അനവധി സസ്യങ്ങളുണ്ടാവുന്നു. അവ കുറച്ചു കാലം നില്‍ക്കുന്നു; ഇലകളും പൂക്കളും പഴങ്ങളും നല്‍കി പിന്നെ നശിക്കുന്നു. പല ദശകങ്ങള്‍, അല്ല ശതകങ്ങള്‍ തന്നെ, നിലനില്‍ക്കുന്ന വൃക്ഷങ്ങളുണ്ട്. അവ പ്രകൃതിയില്‍ നിന്നു പോഷണമെടുക്കുന്നു; ജീവിതകാലം മുഴുവന്‍ തനതായ രീതിയില്‍ പ്രകൃതിയെ സേവിക്കുന്നു. താന്‍ എടുക്കുന്നതിലേറെ കൊടുക്കു ന്നതാണ് ഇവയോരോന്നും.  
ഇതാകണം നമ്മുടേയും ലക്ഷ്യം. ഭൂമി നല്‍കുന്ന വിഭവങ്ങളുപയോഗിച്ചു ജീവി ക്കുന്നതോടൊപ്പം, ചുറ്റുമുള്ളവര്‍ക്ക്  ആവോളം കൊടുക്കുകയും വേണം. അങ്ങനെയായാലേ മനുഷ്യത്വം സഫലവും പൂരകവുമാകൂ. നാം വിനിയോഗിച്ചതുകൊണ്ട് ഭൂമിയൊരിക്കലും നശിക്കരുത്.
കാമമാണ് പുരുഷാര്‍ഥത്തിന്റെ മൂന്നാം ഭാഗം. ധാര്‍മികവൃത്തികള്‍കൊണ്ട് സമ്പാദിച്ച ധനം ജീവിതത്തിലെ മധുരവശങ്ങള്‍ ആസ്വദിക്കാനായി നിയന്ത്രണപൂര്‍വം ഉപയോഗിക്കണം. ആഗ്രഹങ്ങള്‍ തോന്നുന്നതു തെറ്റോ കുറ്റമോ ആണെന്നു വിചാരിക്കരുത്; ആഗ്രഹിക്കുന്നതു ധര്‍മാനുസൃതമാകണമെന്നേയുള്ളു. 
നിങ്ങളുടെ ധനവും വിഭവവും നിങ്ങള്‍ക്കു വേണ്ട സുഖസൗകര്യങ്ങള്‍ക്കായി ഉപയോഗ പ്പെടുത്തുക; പക്ഷെ അതില്‍ മിതത്വം പാലിക്കണം. ചുറ്റുമുള്ളവരോടു സൗമനസ്യവും ഉദാരതയും ലോപമില്ലാതെ കാണിക്കണം. അപ്പോള്‍ ധര്‍മം, അര്‍ഥം, കാമം എന്നീ മൂന്നും ചേര്‍ന്നുകഴിഞ്ഞു.
അതുകൊണ്ടായോ? എത്രകാലം ഈ പ്രയത്‌നങ്ങളും ആസ്വാദനങ്ങളും തുടരും, തുട രാം? അവസാനിക്കാത്ത ഒരു കളിയല്ലല്ലോ ഇത്. പ്രായംകൂടി ഒരുനാള്‍ ശരീരം നശിക്കും. അതിനു മുമ്പേതന്നെ ആ പരിണാമത്തെ സന്തോഷപൂര്‍വം സ്വീകരിക്കുന്നതിനു മനസ്സു തയ്യാറാകണം. ജീവിതത്തില്‍ കൃത്യത ഉണ്ടാകണം. വയസ്സായി പിന്നോക്കം നോക്കുമ്പോള്‍ വ്യര്‍ഥതാബോധം പിടിപെടരുത്.
ഇവിടെയാണ് നാലാമത്തെ പുരുഷാര്‍ഥം- മോക്ഷം- വരുന്നത്. വാസ്തവത്തില്‍ മറ്റു മൂന്നു പുരുഷാര്‍ഥങ്ങളും മനുഷ്യനെ മോക്ഷമെന്ന നാലാമത്തേതിലേക്കു നയിക്കാനു ള്ളവയത്രെ. ധാര്‍മികമായി ജീവിക്കുക, ധാര്‍മിക രീതിയില്‍ ധനം നേടുക, ആ ധനം ശരിയായ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ വിനിയോഗിക്കുക; ഒപ്പം ജീവിതത്തിന്റെയെന്ന പോലെ എല്ലാ സമ്പാദ്യങ്ങളുടേയും പൊള്ളത്തരവും, നശ്വരതയും മനസ്സിലാക്കണം. അപ്പോള്‍ സ്വാതന്ത്ര്യവും സാഫല്യവും നേടാനുള്ള വഴിയെന്തെന്നുള്ള അന്വേഷണം അനിവാര്യമാകും. അതിനെത്തുടര്‍ന്ന് ഉത്ഭവിക്കുന്നതത്രേ മോക്ഷചിന്ത. ജീവിതത്തിന്റെ വിവിധദശകള്‍ കടന്നുപോയി വേണ്ടത്ര പാകത വരുമ്പോള്‍, എനിക്ക് ഇവയില്‍നിന്നെല്ലാം മുക്തനാവണം എന്നു ബലമായി തോന്നുന്ന ഒരു കാലം വരും.
ഇതാണ് ജീവിതത്തിന്റെ അനുക്രമമായ വളര്‍ച്ച. മോക്ഷമില്ലാതെ മറ്റു മൂന്നു വശങ്ങള്‍ മാത്രം നേടിയതുകൊണ്ട് ജീവിതം ഒരിക്കലും സഫലമോ പൂരകമോ ആവില്ല. ദേഹത്തോടും  ദേഹാവശ്യങ്ങളോടും സുഖങ്ങളോടും ബന്ധങ്ങളോടും മാത്രം- അത്യാസക്തി പുലര്‍ത്തുന്ന ആള്‍ ആത്മഹത്യയാണ് ചെയ്യുന്നതെന്നു നമ്മുടെ ശാസ്ത്രങ്ങള്‍ ഉറപ്പിച്ചു പറയുന്നു. ആത്മാവാണത്രേ അവന്‍. നശ്വരവസ്തുക്കളെ മുറുകെപ്പിടിക്കുക വഴി സ്വന്തം ആത്മാവിനെ ഹനിക്കുകയാണ് അത്തരക്കാര്‍. 
പരമവിശ്രാന്തിയാകുന്ന മോക്ഷത്തില്‍ ശ്രദ്ധവെച്ചു മറ്റു പുരുഷാര്‍ഥങ്ങള്‍ കൂടി തേടുമ്പോള്‍ മാത്രമാണ് ജീവിതം സമരസവും സാഫല്യകരവുമാവുന്നത്.
സ്വാമി ഭൂമാനന്ദതീര്‍ഥര്‍

No comments: