ജീവിതത്തില്‍ ഒന്നാമതായി വേണ്ടത് നമ്മുടെ മനസ്സിനെ വശത്താക്കുകയാണ്. മനസ്സ് നമ്മുടെ കയ്യിലല്ലെങ്കില്‍ ചിന്തകളും, അതിനെത്തുടര്‍ന്നുണ്ടാകുന്ന വാക്കും പ്രവൃത്തിയും നമ്മുടെ നിയന്ത്രണത്തിലാകില്ല. അപ്പോള്‍ മനസ്സിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന ഒരു കളിപ്പാവയായി മാറും നമ്മള്‍.
ഏത് ആശയവും നമ്മില്‍ അടിച്ചേല്‍പ്പിക്കാന്‍ മനസ്സിനു കഴിയും. ലോകത്തിലേക്കും വച്ച് ഏറ്റവും മികച്ച 'സെയില്‍സ്മാന്‍' മനസ്സാണ്. അതു വാഗ്ദാനം ചെയ്യുന്നതൊന്നും നമുക്കു തരില്ലെങ്കിലും നാം അതിന്റെ കെണിയില്‍ കുടുങ്ങിപ്പോകും.
ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരു 'സെയില്‍സ്മാന്‍' അദ്ദേഹത്തിന്റ മേലുദ്യോഗസ്ഥനോട് ചെന്നുപറഞ്ഞു, ''ഈ അടുത്തകാലത്ത്, വിദേശത്തു ജോലിചെയ്യുന്ന ഒരാള്‍ക്ക് ഞാന്‍ എന്റെ വസ്തു വിറ്റു. സ്ഥലം വന്നുകാണാതെയാണ് അയാള്‍ കരാറെഴുതിയത്. അദ്ദേഹം തിരികെ നാട്ടില്‍ വന്നപ്പോഴാണ് സ്ഥലം കാണുന്നത്. വെള്ളക്കെട്ടുനിറഞ്ഞ ഭൂമിയാണ്. ചില ഭാഗങ്ങളില്‍ ആറടിയോളം വെള്ളം കെട്ടിനില്‍ക്കുന്നതു കണ്ടു പണം തിരിച്ചു കിട്ടണമെന്നുപറഞ്ഞ് അയാള്‍ ബഹളം വയ്ക്കുകയാണ്. ഞാനെന്തു ചെയ്യണം?'' അപ്പോള്‍ ബോസ് പറഞ്ഞു, ''നീ ഒരു സെയില്‍സ്മാനാണെന്ന കാര്യം മറക്കരുത്. ഒരു കാര്യം ചെയ്യൂ. പമ്പിന്റെ ഏജന്‍സി എടുത്തിട്ടു രണ്ടു പമ്പ് അയാള്‍ക്കു വില്‍ക്കാന്‍ നോക്കൂ. അയാള്‍ വെള്ളം അടിച്ചു വറ്റിക്കട്ടെ.''
ഏത് ആശയവും നമ്മില്‍ അടിച്ചേല്‍പ്പിക്കാന്‍ മനസ്സിനു കഴിയും. ലോകത്തിലേക്കും വച്ച് ഏറ്റവും മികച്ച 'സെയില്‍സ്മാന്‍' മനസ്സാണ്.
ഇതുപോലെ മനസ്സാകുന്ന സെയില്‍സ്മാന്റെ പ്രലോഭനങ്ങള്‍ക്കു നാം അടിമപ്പെടുന്നു, അപകടത്തില്‍ ചെന്നുചാടുന്നു. എന്നിട്ടും നാം പാഠം പഠിക്കുന്നില്ല. വീണ്ടും മനസ്സിന്റെ അടുത്ത പ്രലോഭനത്തിന് നമ്മള്‍ ഇരയാവുന്നു.
ഏതൊരു വസ്തു ആഗ്രഹിക്കുന്നതും അതിനു നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം മനസ്സിലാക്കിയിട്ടു വേണം. ആഗ്രഹങ്ങള്‍ക്കു നമ്മളെ പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിയില്ല എന്ന സത്യം നാം അറിയണം. അതു മനസ്സിലാക്കാതെ നാം ദുരാഗ്രഹങ്ങള്‍ വളര്‍ത്തുന്നു. അപകടത്തില്‍ ചെന്നുപതിക്കുന്നു. മറ്റുള്ളവരെയും അപകടത്തില്‍ പെടുത്തുന്നു.
ആഗ്രഹങ്ങളൊന്നും പാടില്ലെന്ന് അമ്മ പറയുന്നില്ല. എന്നാല്‍ അവയൊന്നും അമിതമാകരുത്. സ്വന്തം സുഖം നോക്കി നിയന്ത്രണമില്ലാതെ ജീവിച്ചാല്‍, നാശമായിരിക്കും ഫലം. പല വിധത്തിലുള്ള വികാരവിചാരങ്ങളും ആഗ്രഹങ്ങളും മനസ്സിലുണ്ടാകുന്നതു സ്വാഭാവികമാണ്. പക്ഷേ, അതിനൊക്കെ ഒരു നിയന്ത്രണം അത്യാവശ്യമാണ്. വിശപ്പു സ്വാഭാവികമാണ്. എന്നാല്‍ ആഹാരപദാര്‍ത്ഥങ്ങള്‍ കാണുമ്പോഴെല്ലാം അതെടുത്തു കഴിക്കാറില്ലല്ലോ. അങ്ങനെ കഴിച്ചാല്‍ അസുഖം പിടിപെട്ടു കിടപ്പിലാകും. വിശപ്പ് നല്ലവണ്ണം ഉണ്ടെങ്കിലും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആഹാരമാണെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ നാമത് കഴിക്കില്ല. അതു കാണിക്കുന്നത് വേണമെങ്കില്‍ നമുക്ക് അത്തരം വികാരങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രിക്കാന്‍ കഴിയുമെന്നാണ്. അമിതമായോ അധാര്‍മികമായോ സുഖം തേടിയാല്‍ പിന്നെ ദുഃഖമായിരിക്കും ഫലമെന്ന് നമുക്കറിയാം.
ബസ്സില്‍ യാത്രചെയ്യുമ്പോള്‍ നാം എത്രയോ നല്ല വസ്തുക്കള്‍ കാണുന്നു നല്ല വീട്, നല്ല കെട്ടിടങ്ങള്‍, നല്ല പൂന്തോട്ടങ്ങള്‍. എന്നാല്‍ അവയൊന്നും നമ്മള്‍ സ്വന്തമാക്കാറില്ല. കാരണം നമ്മുടെ ലക്ഷ്യം അവയൊന്നുമല്ല. അതുകൊണ്ട് നമുക്ക് ഇറങ്ങാനുള്ള സ്ഥലം എത്തുന്നതുവരെ പുറത്തുള്ളതെല്ലാം സാക്ഷിഭാവത്തില്‍ കണ്ടുകൊണ്ടിരിക്കും. അതുപോലെ അടുത്തിരിക്കുന്ന സഹയാത്രികനുമായി നമ്മള്‍ സൗഹൃദം സ്ഥാപിച്ചേക്കാം എന്നാല്‍ നാം
ഇറങ്ങേണ്ട സ്ഥലമെത്തിയാല്‍ ഒരു വിഷമവും കൂടാതെ നമ്മള്‍ അയാളില്‍ നിന്നു വേര്‍പിരിയും. ഇതുപോലെ മനസ്സില്‍ക്കൂടി കടന്നുപോകുന്ന ചിന്തകളെയും ജീവിതാനുഭവങ്ങളെയും കാണുവാന്‍ കഴിയണം. എല്ലാത്തിനേയും സ്വീകരിക്കുക പക്ഷേ ഒന്നിനോടും ബന്ധിക്കാതിരിക്കുക. അതാണു വേണ്ടത്. ആഴമുള്ള നദിയുടെ ഒഴുക്കു നോക്കിനില്‍ക്കാം, അതില്‍ രസമുണ്ട്. എന്നാല്‍ അതിലേക്കിറങ്ങിയാല്‍ നമ്മള്‍ തളര്‍ന്നുപോകും. അതിനാല്‍ മനസ്സില്‍ക്കൂടി ചിന്തകള്‍ കടന്നുപോകുമ്പോള്‍, സാക്ഷിയായി നില്‍ക്കുവാന്‍ മക്കള്‍ പരിശീലിക്കണം. അതു നമ്മുടെ മനസ്സിനു ശക്തി പകരും.
ഒരു ജീവിക്കുമില്ലാത്ത വരദാനമാണ് ഈശ്വരന്‍ മനുഷ്യനു നല്‍കിയിരിക്കുന്നത്, വിവേകബുദ്ധി. ഈ വിവേകബുദ്ധി വേണ്ടവണ്ണം ഉപയോഗിക്കാതെ നാം നീങ്ങിയാല്‍, നഷ്ടമാകുന്നതു നമ്മുടെ ജീവിതം തന്നെയായിരിക്കും. നമ്മുടെ മനസ്സ് പഴയ ഒരു ക്ലോക്കുപോലെയാണെന്നു പറയും. ഇടയ്ക്കിടെ 'കീ' കൊടുത്താലേ അത് ഓടുകയുള്ളൂ. അതുപോലെ നമ്മുടെ മനസ്സിനും ഇടയ്ക്കു സത്സംഗം കൊടുക്കണം. എങ്കിലേ നമ്മില്‍ വിവേകബുദ്ധി ഉണരുകയുള്ളൂ.
വിവേകബുദ്ധിയെ ഉണര്‍ത്തിയെടുക്കുക എന്നതിനായിരിക്കണം നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്. കാരണം വിവേകപൂര്‍വമായ കര്‍മത്തില്‍ക്കൂടി മാത്രമേ ശാശ്വതമായ ശാന്തിയും ആനന്ദവും അനുഭവിക്കാന്‍ സാധിക്കൂ.
amma
No comments:
Post a Comment