യോനിസ്ഥാനകം അംഘ്രീമൂലഘടിതം
കൃത്വാ ദൃഢം വിന്യസേത്
മേഢ്രേ പാദമഥൈകമേവ ഹൃദയേ
കൃത്വാ ഹനും സുസ്ഥിരം
സ്ഥാണുഃ സംയമിതേന്ദ്രിയോളചലദൃശാ
പശ്യേദ് ധ്രുവോരന്തരം
ഹ്യേതന്മോക്ഷക പാടഭേദജനക.
സിദ്ധാസനം പ്രോച്യതേ (1-35)
ലിംഗത്തിനും മൂലത്തിനും ഇടയിലുള്ള സ്ഥാനത്ത് (യോനിസ്ഥാനം) ഒരു കാലിന്റെ മടമ്പ് ചേര്‍ത്തുവയ്ക്കുക. മറ്റേ കാല്‍ ലിംഗത്തിന്റെ മേലെയും ചേര്‍ക്കുക. താടി നെഞ്ചില്‍ ചേര്‍ക്കണം. ഇളകാതിരിക്കണം. ഇന്ദ്രിയങ്ങളെ അടക്കണം. ഭ്രൂമധ്യത്തില്‍ ദൃഷ്ടിയെ ഇളകാതുറപ്പിക്കണം. ഇതാണ് മോക്ഷകവാടം ഭേദിക്കുന്ന സിദ്ധാസനം.
സാധാരണയായി ചെയ്തുവരുന്ന സിദ്ധാസനത്തില്‍ താടി നെഞ്ചില്‍ ചേര്‍ക്കാറില്ല. അതേ വ്യത്യാസമുള്ളൂ. സ്വാമി ശിവാനന്ദയുടെ അഭിപ്രായത്തില്‍ കാലിന്റെ മടമ്പുകള്‍ മൂലത്തിലും ലിംഗത്തിന്റെ അടിയിലുമാണ് ചേര്‍ക്കേണ്ടത്.
ഇത് ആജ്ഞാചക്രത്തെ ഉത്തേജിപ്പിക്കുമെന്ന് യോഗിമാര്‍ പറയുന്നു. അപ്പോള്‍ ശുദ്ധബോധം ഉദിക്കും. പ്രകൃതിയെ ജയിക്കും. മോക്ഷകവാടം തുറക്കപ്പെടും.
ആസനങ്ങള്‍ മൂന്നുതരമാണ്. ഒന്ന് ധ്യാനാസനമാണ്. സിദ്ധാസനം, പത്മാസനം, ഭദ്രാസനം മുതലായവ ഇതില്‍ പെടും. നട്ടെല്ല് കുത്തനെ നിവര്‍ന്നുനില്‍ക്കാന്‍ സഹായിക്കുകയാണിവ. ''സമം കായ-ശിരോ-ഗ്രീവം'' എന്ന് ഭഗവദ്ഗീത പറയുന്നുണ്ട്. നട്ടെല്ല് കുത്തനെ നില്‍ക്കുന്ന ജീവി മനുഷ്യന്‍ മാത്രമാണ്. അതുകൊണ്ടാണ് മനുഷ്യന്‍ ജ്ഞാനത്തിന് യോഗ്യനാവുന്നതത്രെ.
ശവാസനം, മകരാസനം മുതലായവ വിശ്രമാസനങ്ങളാണ്. കഠിനമായ ആസനങ്ങള്‍ ചെയ്ത് ശരീരം ക്ഷീണിക്കുമ്പോള്‍ ഇടയിലിടയില്‍ വിശ്രമം കൊടുക്കും. അടുത്ത ആസനം ചെയ്യാന്‍ അങ്ങനെ ശരീരം തയ്യാറാക്കപ്പെടും. വിശ്രമാസനങ്ങള്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടും. ബാക്കിയെല്ലാം സംസ്‌കാരാസനങ്ങള്‍ എന്ന വിഭാഗത്തില്‍പെടും. ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ക്കും സന്ധികള്‍ക്കും ആന്തരിക അവയവങ്ങള്‍ക്കുമെല്ലാം വേണ്ടതരത്തിലുള്ള സംസ്‌കാരം കൊടുക്കാനാണ് ഭൂരിപക്ഷം ആസനങ്ങളും. ഇവ അനുഷ്ഠിക്കുന്നതിലൂടെ ശരീരം പ്രാണായാമത്തിനും ധ്യാനത്തിനും സജ്ജമാവും. അപ്പോള്‍ ധ്യാനാസനത്തില്‍ വേണ്ടത്ര സമയം അനങ്ങാതിരിക്കാന്‍ സാധിക്കും. അപ്പോള്‍ എല്ലാ ആസനങ്ങളും പ്രയോജനപ്രദമാണെന്നുവരും. മനസ്സിന്റെ കേന്ദ്രീകരണത്തിനും ഉന്നതമായ അവസ്ഥകളിലേക്കുയരുന്നതിനും കാരണമായിത്തീരും.
ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ സ്ത്രീകള്‍ക്ക് സിദ്ധയോനി ആസനമാണ് ശുപാര്‍ശ ചെയ്യുന്നത്. അതില്‍ കാല്‍മടമ്പുകളുടെ സ്ഥാനം യോനിസ്ഥാനത്തിന്റെ താഴെയും മേലെയുമാണ്. മറ്റൊന്നിലും മാറ്റമില്ല.
മേഢ്രാദുപരി വിന്യസ്യ
സവ്യം ഗുല്‍ഫം തഥോപരി
ഗുല്‍ഫാന്തരം ച നിക്ഷിപ്യ
സിദ്ധാസനമിദം ഭവേത് (1-36)
ലിംഗത്തിന്റെ മേലെയായി ഇടതു ഞെരിയാണി ചേര്‍ത്തു വക്കുക. അതിനുമേലെ വലതുകാലിന്റെ ഞെരിയാണി ചേര്‍ക്കുന്നത് സിദ്ധാസനം.
ഇത് മതാന്തരം എന്ന നിലയിലാണ് കൊടുത്തിരിക്കുന്നത്. കഴിഞ്ഞതില്‍ പറഞ്ഞതാണ് മത്സ്യേന്ദ്ര നാഥന് സമ്മതമായ സിദ്ധാസനം. അന്യസമ്മതമായതാണ് ഇപ്പോള്‍ പറഞ്ഞത്. അത് ഇവിടെ എടുത്തു പറഞ്ഞതില്‍നിന്ന് ഇതിന്റെ പ്രാധാന്യവും കുറവല്ല എന്ന് സൂചിപ്പിക്കുകയാണ്. വലതു ഞെരിയാണി മറ്റേ ഞെരിയാണിയുടെ മേലെയല്ല പാദത്തിന്റെ മേലെയാണെന്ന് വ്യാഖ്യാനത്തില്‍ പറഞ്ഞിട്ടുണ്ട്. ഭൂരിപക്ഷ മതം മുന്നത്തേതുതന്നെയാണ്. അത് വിഷമമുള്ളവര്‍ക്ക് ഇതു സ്വീകരിക്കാവുന്നതാണെന്നു മാത്രം. 'സ്ഥിര-സുഖം ആസനം' എന്ന തത്വം എടുക്കുക. ആസനത്തെക്കാളും പ്രാധാന്യം അന്തരംഗങ്ങള്‍ക്കാണെന്നറിയുകയും ചെയ്യുക.
ഏതത് സിദ്ധാസനം പ്രാഹുഃ
അന്യേ വജ്രാസനം വിദുഃ
മുക്താസനം വദന്തേ കേ
പ്രാഗുര്‍ ഗുപ്താസനം പരേ (1-37)
ഇതിനെ സിദ്ധാസനമെന്നും വജ്രാസനമെന്നും മുക്താസനമെന്നും ഗുപ്താസനമെന്നും പലതരത്തില്‍ വിളിക്കുന്നു.
ഒരാസനത്തിനു പല പേരുകള്‍ ഉണ്ടാവുന്നതു വിഷമമല്ലോ എന്ന ശങ്ക ഇവിടെ പ്രസക്തമാണ്. പക്ഷേ ആചാര്യന്‍ ഇവിടെ ശങ്ക തീര്‍ക്കുകയാണെന്നതാണ് വാസ്തവം. രണ്ടുതരത്തില്‍ നാം സിദ്ധാസനത്തെ കണ്ടുകഴിഞ്ഞുവല്ലൊ. ഇവിടെ കാലിന്റെ വിന്യാസത്തില്‍, സ്ഥാനത്തില്‍ ആണ് വ്യത്യാസങ്ങള്‍ ഉള്ളത്. മേഢ്രത്തിനും മൂലത്തിനും ഇടയിലുള്ള ഭാഗം മര്‍മ്മ പ്രദേശമാണ്. മൂലാധാരത്തിന്റെ സ്ഥാനവുമാണ്. അവിടെ മര്‍ദ്ദം വരുമ്പോള്‍ പ്രാണത്തെ നേരിട്ട് ബാധിക്കും. അപ്പോള്‍ കാലിന്റെ വിന്യാസത്തിനനുസരിച്ച് ആസനത്തിന്റെ സ്വഭാവം മാറും.
(തുടരും)
വ്യാഖ്യാനം:
കൈതപ്രം വാസുദേവന്‍ നമ്പൂതിരി
(പതഞ്ജലിയോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍) 9447077203
No comments:
Post a Comment