Sunday, July 15, 2018

വാല്മീകിയുടെ ഗായത്രീ രാമായണം, അത്ഭുത രാമായണം, ആനന്ദ രാമായണം എന്നിവ പോലെ അധ്യാത്മരാമായണം ഋഷിമാര്‍ രചിച്ചതല്ലെന്നാണ് നിഗമനം. അതിന്റെ കവിതാ രീതിയും മറ്റും പരിശോധിച്ചാല്‍  മറ്റു രാമായണങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നു കാണാം. ഋഷിപ്രോക്ത രാമായണങ്ങളില്‍ ശ്രീരാമനെ വിഷ്ണുവിന്റെ അവതാരമെന്ന് വിവക്ഷിക്കുന്നുണ്ടെങ്കിലും ധീരോദാത്തനും നീതിമാനുമായ രാജാവായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
അധ്യാത്മരാമായണത്തില്‍  ശ്രീരാമനെ ഈശ്വരനായി വര്‍ണിച്ചു തെന്നയാണ് കഥ വിസ്തരിക്കുത്. ഋഷികള്‍ രചിച്ചതല്ല അധ്യാത്മ രാമായണം എന്നതിനെ സാധൂകരിക്കുകയാണ് ഈ താരതമ്യങ്ങള്‍. അധ്യാത്മരാമായണത്തിന്റെ പിറവിയെക്കുറിച്ച് പറയുന്നൊരു കഥയുണ്ട്.  വിഷ്ണു ഭക്തനായ ഒരു ബ്രാഹ്മണന്‍ താനെഴുതിയ രാമായണവുമായി പല പണ്ഡിതരേയും സമീപിച്ചു. മറ്റുള്ള രാമായണങ്ങളേക്കാള്‍ ഭക്തിരസ പ്രധാനമാണ്  താന്‍ രചിച്ച  രാമായണമെന്നും ജനങ്ങളത്  കൂടുതല്‍ ആദരിക്കുമെന്നും ബ്രാഹ്മണന്‍ ധരിച്ചു. പക്ഷേ പണ്ഡിതരാരും അദ്ദേഹത്തിന്റെ ഗ്രന്ഥം പരിശോധിച്ചില്ല. ഋഷിപ്രോക്തങ്ങളായ രാമായണമുള്ളപ്പോള്‍ ഇത്തരമൊരു ഗ്രന്ഥം രചിച്ച ബ്രാഹ്മണന്‍ വിഡ്ഢിയാണെന്നായിരുന്നു പലരുടെയും പരിഹാസം. ജനങ്ങളും തന്റെ ഗ്രന്ഥത്തെ തള്ളിക്കളയുകയാണെന്നു വേദനയോടെ തിരിച്ചറിഞ്ഞ ബ്രാഹ്മണന്‍ സ്വദേശം വിട്ടു പോയി. 
അന്തമില്ലാതെ അലഞ്ഞ ബ്രാഹ്മണന്‍ ഒടുവില്‍ ഒരു കൊടുങ്കാട്ടിലെത്തി. ആ രാത്രി അവിടെ കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു. കാട്ടിലെ ഊടുവഴിക്കരികില്‍ അദ്ദേഹം ഒരു കുളവും ആല്‍ത്തറയും കണ്ടു. കുളത്തിലിറങ്ങി കുളിച്ച് സന്ധ്യാവന്ദനം കഴിച്ച് ആല്‍ത്തറയില്‍ തന്റെ ഗ്രന്ഥം തലയ്ക്കു വെച്ച് കിടന്നു. ക്ഷീണിതനായ അദ്ദേഹം പെട്ടെന്ന് ഉറങ്ങിപ്പോയി. പാതിരാത്രി കഴിഞ്ഞപ്പോള്‍ തേജോമയനായൊരു ദിവ്യപുരുഷന്‍ പ്രത്യക്ഷപ്പെട്ട് ആരാണിവിടെ കിടക്കുന്നതെന്നു ചോദിച്ചു. അതു കേട്ട് ബ്രാഹ്മണന്‍ ഉണര്‍ന്നു. അവര്‍ തമ്മില്‍ സംഭാഷണത്തിലേര്‍പ്പെട്ടു. 
അങ്ങാരാണെന്ന് ദിവ്യന്‍ ബ്രാഹ്മണനോട് ചോദിച്ചു. ഞാനൊരു ബ്രാഹ്മണനാണ,് ദൈവഗത്യാ ഇവിടെ വന്നു ചേര്‍ന്നതാണെന്നായിരുന്നു മറുപടി. ബ്രാഹ്മണന്റെ കൈയിലിരിക്കുന്ന ഗ്രന്ഥം ഏതെന്നായിരുന്നു ദിവ്യന്റെ അടുത്ത ചോദ്യം. അതേക്കുറിച്ച് ഞാന്‍ പറയില്ല, അങ്ങ് പരിഹസിക്കുമെന്ന ബ്രാഹ്മണന്റെ ഉത്തരം കേട്ട്  അതൊന്നുമില്ല, പറയൂ കേള്‍ക്കട്ടെ എന്നായി ദിവ്യന്‍. ഉടനെ ഗ്രന്ഥത്തെക്കുറിച്ചും അതു രചിച്ചതിന്റെ പേരില്‍ നേരിട്ട പരിഹാസത്തെക്കുറിച്ചും ബ്രാഹ്മണന്‍ വിശദീകരിച്ചു. അതുകേട്ട ദിവ്യപുരുഷന്‍ ബ്രാഹ്മണനെ സാന്ത്വനിപ്പിച്ച് ഇങ്ങനെപറഞ്ഞു; 
  അങ്ങു വ്യസനിക്കേണ്ട. ഞാന്‍ പറയുന്നതു പോലെ ചെയ്യുക. എങ്കില്‍ അങ്ങയുടെ ഗ്രന്ഥത്തെ എല്ലാവരും ആദരിക്കും. പ്രചാരവുമേറും. വരുന്ന ശിവരാത്രി നാളില്‍ ഈ ഗ്രന്ഥവുമായി ഗോകര്‍ണത്തു പോകണം. വൈകുന്നേരമാകുമ്പോള്‍ കിഴക്കേ നടയില്‍ പോയി നില്‍ക്കുക. അപ്പോള്‍ അസംഖ്യം ജനങ്ങളെത്തും. കൂട്ടത്തില്‍ തേജോമയനായ ഒരു ബ്രാഹ്മണനുണ്ടാകും. അദ്ദേഹത്തോടൊപ്പം നാലു പട്ടികളെയും കാണാം. അദ്ദേഹത്തെ ഈ ഗ്രന്ഥം നല്‍കി വിവരങ്ങളെല്ലാം ധരിപ്പിക്കണം. അദ്ദേഹം ഇതിനൊരു പ്രതിവിധിയുണ്ടാക്കും. പക്ഷേ, ഇക്കാര്യം ഉപദേശിച്ചതാര് എന്നു മാത്രം പറയരുത്. ഇത്രയും പറഞ്ഞ് ദിവ്യപുരുഷന്‍ അന്തര്‍ധാനം ചെയ്തു. 
 ഇതു കേട്ട ബ്രാഹ്മണന് സന്തോഷമായി. അരുണോദയത്തില്‍ അവിടെ നിന്ന് പുറപ്പെട്ടു. പിന്നീട് ദേശാടനങ്ങള്‍ക്കൊടുവില്‍ ശിവരാത്രി ആയപ്പോഴേക്കും അദ്ദേഹം ഗോകര്‍ണത്തെത്തി. 
വൈകുന്നേരം അദ്ദേഹം കിഴക്കേ നടയിലെത്തി, തേജോമയനായ ബ്രാഹ്മണന്‍ വരുന്നതു കണ്ടു. ഗ്രന്ഥം അദ്ദേഹത്തെ ഏല്‍പ്പിച്ചു വിവരങ്ങളറിയിച്ചു. എന്റെ കൈയില്‍ ഗ്രന്ഥം തരാന്‍ അങ്ങയോടാരാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം അന്വേഷിച്ചെങ്കിലും ഗ്രന്ഥകര്‍ത്താവായ ബ്രാഹ്മണന്‍ ഒന്നും മിണ്ടാതെ നിന്നു. 
ആരാണു പറഞ്ഞതെന്ന് എനിക്കറിയാം, ഈ ഉപായം തന്നത് ഒരു ഗന്ധര്‍വനാണെന്നു പറഞ്ഞ് തേജോമയനായ ബ്രാഹ്മണന്‍, ഗന്ധര്‍വനെ ശപിച്ചു. ഇത്തരമൊരു വ്യാജോപദേശം ചെയ്തതിനാല്‍ ശൂദ്രനായി പിറക്കട്ടെ എന്നായിരുന്നു ഗന്ധര്‍വനു കിട്ടിയ ശാപം. 
ഇപ്രകാരം ശപിച്ചതിനു ശേഷം കൈയിലുണ്ടായിരുന്ന കമണ്ഡലുവില്‍ നിന്ന് വെള്ളമെടുത്ത് ഗ്രന്ഥത്തില്‍ തളിച്ചു. ഈ ഗ്രന്ഥം നിമിത്തം അങ്ങയ്ക്ക് യശസ്സുണ്ടാകുമെന്ന് ഗ്രന്ഥ കര്‍ത്താവിനെ അനുഗ്രഹിക്കുകയും ചെയ്തു. 
ആ ഗ്രന്ഥമാണ് അധ്യാത്മ രാമായണം. പിന്നീട് അധ്യാത്മരാമായണത്തെ എല്ലാവരും ആദരവോടെ കാണുകയും പാരായണത്തിന് ഉപയോഗിക്കുകയും ചെയ്തു. ഋഷിമാര്‍ രചിച്ച രാമായണത്തേക്കാള്‍ അതിന് പ്രചാരം ലഭിക്കുകയും ചെയ്തു. 
അധ്യാത്മ രാമായണം രചിച്ച ബ്രാഹ്മണന് ഉപായം പറഞ്ഞുകൊടുത്ത ഗന്ധര്‍വനാണ് ശൂദ്രനായി പിറന്ന് 'തുഞ്ചത്തെഴുത്തച്ഛന്‍' എന്ന പേരില്‍ പ്രസിദ്ധനായത്. 
എഴുത്തച്ഛന്‍ തന്റെ കിളിപ്പാട്ട് തര്‍ജമയ്ക്ക് മൂലകൃതിയായി അധ്യാത്മരാമായണം സ്വീകരിച്ചത് ഗ്രന്ഥകര്‍ത്താവായ ബ്രാഹ്മണനോടുള്ള പൂര്‍വ ബന്ധം കൊണ്ടാണെന്നും പറയപ്പെടുന്നു. 
ഗോകര്‍ണത്ത് നാലുപട്ടികളോടു കൂടിയെത്തിയ  ബ്രാഹ്മണന്‍ വേദവ്യാസനായിരുന്നു. നാലു പട്ടികള്‍ നാലുവേദങ്ങളുടെ പ്രതീകങ്ങളും. വരരുചിയാണ് അധ്യാത്മരാമായണം രചിച്ചതെന്നും പറയപ്പെടുന്നു...
janmabhumi

No comments: