Monday, July 16, 2018

ബൃഹദാരണ്യകോപനിഷത്ത്- 5
          ശാന്തി മന്ത്രം
ഓം പൂര്‍ണ മദഃ പൂര്‍ണമിദം
പൂര്‍ണാത് പൂര്‍ണ മുദച്യതേ
പൂര്‍ണസ്യ പൂര്‍ണമാദായ
പൂര്‍ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ബ്രഹ്മം പൂര്‍ണമാണ്. ജഗത്തും പൂര്‍ണമാണ്. കാരണമായ ബ്രഹ്മത്തില്‍ നിന്ന് കാര്യമായ ജഗത്ത് ഉണ്ടായി. പൂര്‍ണമായ ബ്രഹ്മത്തില്‍ നിന്ന് പൂര്‍ണമായ ജഗത്തിനെ എടുത്താലും അത് പൂര്‍ണമായി തന്നെ നിലനി
ല്‍ക്കുന്നു അധിദൈവീകവും ആധിഭൗതികവും ആദ്ധ്യാത്മികവുമായ ദുഃഖങ്ങള്‍ക്ക് ശാന്തിയുണ്ടാകട്ടെ
ഒന്നാം അദ്ധ്യായം
ബ്രാഹ്മണം 1
ഓം ഉഷാ വാ അശ്വസ്യ മേധസ്യ ശിരഃ
യജ്ഞത്തിലെ കുതിരയുടെ തല ഉഷസ്സാണ് (ബ്രാഹ്മമുഹൂര്‍ത്തം). കണ്ണ് സൂര്യനും പ്രാണന്‍ വായുവും തുറന്നിരിക്കുന്ന വായ വൈശ്വാനരന്‍ എന്ന അഗ്നിയുമാണ്. യാഗാശ്വത്തിന്റെ ആത്മാവ് സംവത്സരമാണ്. പുറം ഭാഗം ദ്യു ലോകവും ഉദരം അന്തരീക്ഷവും കുളമ്പ് ഭൂമിയുമാണ്. രണ്ട് വശങ്ങള്‍ ദിക്കുകളും വാരിയെല്ലുകള്‍ അവാന്തര ദിക്കുകളുമാണ്. അവയവങ്ങള്‍ ഋതുക്കളാണ്. അവയവ സന്ധികള്‍ മാസങ്ങളും പക്ഷങ്ങളും, പാദങ്ങള്‍ അഹോരാത്രങ്ങളുമാണ്. അസ്ഥികള്‍ നക്ഷത്രങ്ങളും, മാംസങ്ങള്‍ മേഘങ്ങളും ദഹിക്കാത്ത ഭക്ഷണം മണലുമാണ്. നാഡികള്‍ നദികളും കരളും ശ്വാസനാളവും പര്‍വ്വതങ്ങളുമാണ് രോമങ്ങള്‍ ചെടികളും വൃക്ഷങ്ങളുമാണ്. നാഭിയ്ക്കു മുകളിലെ ശരീരഭാഗം ഉച്ചക്ക് മുമ്പുള്ള ഉദിച്ചു നില്‍ക്കുന്ന സൂര്യനാണ്. നാഭിയ്ക്ക് താഴെയുള്ള ഭാഗം ഉച്ചകഴിഞ്ഞുള്ള അസ്തമന സൂര്യനമാണ്. കുതിരയുടെ കോട്ടുവാ ഇടിമിന്നലാണ്. ശരീരം കുടയുന്നത് ഇടിമുഴക്കവും മൂത്രമൊഴിക്കുന്നത് മഴയുമാണ്. കുതിരയുടെ ശബ്ദം തന്നെയാണ് വാക്ക്.
അഹര്‍വ്വാ അശ്വം പുരസ്താന്മഹിമാന്വജായത
 പകല്‍ അശ്വത്തിന്റെ മുന്നില്‍ മഹിമാവിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഉല്‍പത്തി കിഴക്കേസമുദ്രമാണ്. രാത്രിയില്‍ മഹിമാവിന്റെ രൂപത്തില്‍ പ്രകടമായി. അതിന്റെ ഉല്‍പത്തി സ്ഥലം പടിഞ്ഞാറെ സമുദ്രമാണ്. ഇവ അശ്വത്തിന്റെ രണ്ടു ഭാഗത്തും മഹിമാക്കളായി നിന്നു. ഇത് ഹയമായി ദേവന്മാരേയും വാജിയായി ഗന്ധര്‍വ്വന്‍മാരേയും അര്‍വാവായി അസുരരേയും അശ്വമായി മനുഷ്യരേയും വഹിച്ചു. സമുദ്രമാണ് ഇതിന്റെ ബന്ധനസ്ഥാനവും ഉത്പത്തി സ്ഥാനവും.
 അശ്വമേധകര്‍മവുമായി ബന്ധപ്പെട്ട ഉപാസനയെയാണ് ഇവിടെ പറയുന്നത്. ഉപാസനയിലൂടെ കര്‍മാസക്തമായ മനസ്സിനെ ജ്ഞാനത്തിലേക്ക് നയിക്കാം. അശ്വമേധയജ്ഞത്തിന് അധികാരികളല്ലാത്തവര്‍ക്കും ഈ വിജ്ഞാനം കൊണ്ട് ഫലം നേടാനാകും. ഉപാസന കൊണ്ടും ഫലപ്രാപ്തിയുണ്ടാകുമെന്ന് ശ്രുതി പറയുന്നു. അശ്വമേധം എല്ലാറ്റിലും വെച്ച് ശ്രേഷ്ഠമായ കര്‍മ്മമാണ്.
 അശ്വമേധയാഗത്തില്‍ അശ്വം ഏറ്റവും പ്രധാനമാണ്. അശ്വത്തിന്റെ ദേവത പ്രജാപതിയാണ്. അശ്വത്തെ പ്രജാപതിയായി കണ്ട് ഉപാസിക്കുമ്പോള്‍ അതിന്റെ ഓരോ അവയവത്തേയും എങ്ങനെ ഭാവന ചെയ്യണമെന്ന് ഇവിടെ പറയുന്നു.
അഹോരാത്രങ്ങള്‍ എന്ന് ബഹുവചനമായി മന്ത്രത്തില്‍ പറഞ്ഞത് മനുഷ്യരുടേയും പിതൃക്കളുടേയും ദേവന്മാരുടേയും ബ്രഹ്മാവിന്റേയും അഹോരാത്രങ്ങളെ കാണിക്കാനാണ്.
 മനുഷ്യന് 60 നാഴിക ചേര്‍ന്നാലാണ് രാപകല്‍. പിതൃക്കള്‍ക്ക് ശുക്ലപക്ഷവും കൃഷ്ണപക്ഷവും ചേര്‍ന്നതാണ് ഒരു അഹോരാത്രം. ഉത്താരായനവും  ദക്ഷിണായനവും കൂടിയാല്‍ ദേവന്മാരുടെ അഹോരാത്രമായി. രണ്ടായിരം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ് ബ്രഹ്മാവിന്റെ രാത്രിയും പകലും.
 ഹോമദ്രവ്യങ്ങള്‍ ഇട്ട് വെക്കാനുള്ള സ്വര്‍ണം, വെള്ളി എന്നിവ കൊണ്ടുള്ള പാത്രമാണ് മഹിമാവ്. ഹയം, വാജി, അര്‍വ്വാ, അശ്വം എന്നിവയെല്ലാം കുതിരയുടെ പേരുകളാണ്. പരമാത്മാവിനെയാണ് സമുദ്രം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
janmabhumi

No comments: