മാനുഷികമായ പരിഗണനയുടെ പേരില്‍ മഹാഭാരതത്തിലെ ഏറ്റവും ജനകീയമായ കഥാപാത്രങ്ങളില്‍പ്പെടുന്ന കര്‍ണ്ണന്റെയും ഏകലവ്യന്റെയും ചിലര്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ കൃത്രിമ പ്രതിഛായ നിശ്ശേഷം തകര്‍ക്കാന്‍ രണ്ടോ മൂന്നോ വാക്കുകള്‍ മതി വിശ്വംഭരന്‍ മാഷിന്. ഗുരുവിന്റെ പ്രതിമ സ്ഥാപിച്ച് അതിന് മുന്നില്‍ ആയോധനവിദ്യകള്‍ സ്വയം പഠിച്ചെടുത്ത ഏകലവ്യനോട് ദ്രോണാചാര്യര്‍ കാട്ടിയ ക്രൂരതക്ക് എന്ത് ന്യായമെന്ന ചോദ്യത്തോട് മാഷ് ഒരിക്കല്‍ പ്രതികരിച്ചതിങ്ങനെ-ദ്രോണാചാര്യരുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ അവന്റെ തലയറുക്കുമായിരുന്നു. നിഷാധവംശവും കുരുവംശവും രണ്ട് രാജ്യങ്ങളാണ്.
ആയോധനമുറകള്‍ പഠിക്കാന്‍ അയല്‍രാജ്യത്തെ സൈനികഗുരുവിനെ സമീപിക്കുന്നത് തെറ്റ്. യുദ്ധമുറകള്‍ ഒളിച്ചിരുന്ന് പഠിച്ചത് അതിലും മാപ്പര്‍ഹിക്കാത്ത തെറ്റ്. പാക്കിസ്ഥാനിലെ സൈനികന്‍ ഇന്ത്യന്‍ പ്രതിരോധ സേനയെ സമീപിച്ചാല്‍ എങ്ങനെ പ്രതികരിക്കും രാജ്യസ്നേഹികള്‍. ആയോധനവിദ്യകള്‍ അഭ്യസിച്ച ശത്രുവിനെ അനുഗ്രഹിച്ച് അയക്കുന്നതോ രാജ്യസ്നേഹം. വിരല്‍ മാത്രം അറുത്തുമാറ്റിയത് ദ്രോണാചാര്യര്‍ ഏകലവ്യന് നല്‍കിയ മാനുഷിക പരിഗണന. മാത്രമല്ല പാണ്ഡവര്‍ക്കൊപ്പം കാട്ടിലെത്തിയ ദ്രോണാചാര്യര്‍ക്ക് മുന്നേ പോയ നായ തിരികെയെത്തിയത് വായ നിറയെ അസ്ത്രങ്ങളുമായി. പുലിയും കടുവയുമൊന്നുമല്ല കല്ലെറിഞ്ഞാല്‍, ഒച്ചയുയര്‍ത്തിയാല്‍ മാറി നില്‍ക്കുന്ന മിണ്ടാപ്രാണിയോടായിരുന്നു ഈ ക്രൂരത. ഏകലവ്യനെന്ന ജനകോടികള്‍ വാഴ്ത്തുന്ന നിഷാദന്റെ ക്രൗര്യതക്ക് ഇതിലും വലിയ തെളിവില്ലെന്ന് മാഷ് ചൂണ്ടിക്കാണിക്കുന്നു.
ജന്മസിദ്ധമായ കവചകുണ്ഡലങ്ങള്‍ ദാനം ചെയ്ത കര്‍ണ്ണന്റെ മഹാത്യാഗത്തെ മാഷ് വിശേഷിപ്പിക്കുന്നത് കണ്ടീഷണല്‍ എക്സ്ചേഞ്ച് (conditional exchange)എന്നാണ്. കവചവും കുണ്ഡലവും തരാം പകരം ദിവ്യശക്തിയുള്ള ആയുധം ലഭിക്കണം, മാത്രമല്ല ശരീരത്തോട് ചേര്‍ന്നു കിടക്കുന്ന കവച കുണ്ഡലങ്ങള്‍ മാറ്റുമ്പോള്‍ തന്റെ സൗന്ദര്യത്തിന് ക്ഷതമേല്‍പ്പിക്കുന്ന മുറിവുകളൊന്നും പാടില്ല. ഇവിടെ എവിടെയാണ് കവികള്‍ പാടി പുകഴ്ത്തുന്ന നിസ്വാര്‍ത്ഥത്യാഗമെന്നാണ് മാഷിന്റെ ചോദ്യം. രാജകുമാരന്‍മാരുടെ അഭ്യാസപ്രകടനത്തിനിടെ മികവ് തെളിയിക്കാനെത്തിയ കര്‍ണ്ണന്‍ അപമാനിക്കപ്പെട്ടു എന്ന ആക്ഷേപത്തിന് administrative principle അറിയാത്ത ദ്രോണാചാര്യരുടെ പിഴവ് മൂലമാണ് കര്‍ണ്ണന്‍ രാജസന്നിധിയില്‍ പ്രവേശിക്കപ്പെട്ടതെന്നാണ് മാഷ് പറയുന്നത്. നിയമസഭയില്‍ കടന്ന് എനിക്കും ചിലത് പറയാനുണ്ട് എന്ന് പറയുന്നവന്റെ ഗതിയായിരുന്നു കര്‍ണ്ണന് ഉണ്ടാകേണ്ടത്. പക്ഷേ ദ്രോണാചാര്യര്‍ കണ്ണടച്ചു, അര്‍ജ്ജുനന്റെ പ്രകടനത്തില്‍ അന്തം വിട്ട ദുര്യോധനനിലെ ഭീരുത്വമാണ് കര്‍ണ്ണന് പിന്തുണ നല്‍കിയതെന്ന് മാഷ് പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് മറുചോദ്യമില്ല.
nattumavu.blog
No comments:
Post a Comment