Wednesday, July 18, 2018

*ആലത്തിയൂർ ഹനുമാൻ ക്ഷേത്രം*.


മനോജവം മാരുതതുല്യ വേഗം... കാറ്റിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന വായുപുത്രൻ  ഹനുമാൻ , കരുത്തിന്റെയും ധൈര്യത്തിന്റെയും പര്യായമായി കണക്കാക്കപ്പെടുന്ന ഹനുമാന്റെ പ്രതിഷ്ഠയുള്ള പുരാതന ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ  ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. ഐതിഹ്യപ്രകാരം, ഏകദേശം 3000 വർഷങ്ങൾക്ക് മുൻപ് വസിഷ്ഠ മഹർഷിയാണ് ഈ ക്ഷേത്രത്തിൽ ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചത്.  ആദ്യകാലങ്ങളിൽ ആലത്തിയൂർ ഗ്രാമ നമ്പൂതിരി, വെട്ടത്ത് രാജ , കോഴിക്കോട് സാമൂതിരി എന്നിവർ ചേർന്നാണ് ക്ഷേത്രം സംരക്ഷിച്ചു പോന്നിരുന്നത്. സർവവിധ ക്ഷേത്രാചാരങ്ങളോടും കൂടിയാണ് ക്ഷേത്രം സംരക്ഷിച്ചു വരുന്നത്.

കേരളത്തിലെ ഹനുമാൻ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആലത്തിയൂർ, ഇതിനു പിന്നിൽ മനോഹരമായൊരു ഐതിഹ്യമുണ്ട്. സീതയെത്തേടി ലങ്കയിലേക്ക് പോകുന്നതിനായി ഹനുമാൻ ചാടിയത് അനുസ്മരിപ്പിക്കാനായി ഇവിടെ പുരാതനമായ ഒരു തിട്ട സംരക്ഷിച്ചു വരുന്നു. മാത്രമല്ല, ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീരാമ സ്വാമിയുടേതാണ്. എന്നാൽ ക്ഷേത്രം അറിയപ്പെടുന്നതാകട്ടെ ഹനുമാന്റെ ക്ഷേത്രമെന്നും. അതുതന്നെയാണ് ഈ ഐതിഹ്യത്തിന്റെ പെരുമയും. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്.

രാവണൻ അശോകവനികയിൽ തടവിൽ പാർപ്പിച്ചിരുന്ന സീതയെ കാണാനായി ഹനുമാൻ പുറപ്പെട്ടപ്പോൾ, അതിനുള്ള മുന്നൊരുക്കങ്ങളും നിർദ്ദേശങ്ങളും ശ്രീരാമൻ നൽകിയത് ഈ ക്ഷേത്ര പരിസരത്തു വസിച്ചാണ് എന്ന് ഐതിഹ്യം പറയുന്നു. ഇവിടുത്തെ ഹനുമാൻ പ്രതിഷ്ഠ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഒരു കയ്യിൽ ദണ്ഡ് പിടിച്ച് ശ്രീരാമ വചനങ്ങൾ കേട്ടിരിക്കുന്ന ഹനുമാനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഈ ക്ഷേത്രത്തിനു കുറച്ചകലെയായി ലക്ഷ്മണ ക്ഷേത്രവും കാണാനാകും. സീതയെത്തേടി പോകുന്ന ഹനുമാനും ശ്രീരാമനും സ്വകാര്യസംഭാഷണത്തിനു വഴിയൊരുക്കി, ആ അവസരത്തിൽ ലക്ഷ്മണൻ അല്പം മാറി നിന്നതിനെ അനുസ്മരിച്ച് അല്പം അകലെയായി ലക്ഷ്മണക്ഷേത്രം പണിതിരിക്കുന്നത്.

ക്ഷേത്രത്തോടനുബന്ധിച്ച് പണ്ട്, ഹനുമാൻ ലങ്കയിലേക്ക് ചാടിയത് എന്ന സങ്കൽപ്പത്തിൽ ഒരു തിട്ട കാണാനാകും.  ഈ തിട്ടയുടെ ഒരറ്റത്തായി  കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികൾ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ അപ്പുറത്തേക്ക് ചാടുന്നു. ഇത് ക്ഷേത്രാചാരത്തിന്റെ ഭാഗമാണ്. ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീർഘായുസ്സ്, ധനം എന്നിവ നൽകും എന്നാണ് ഭക്തരുടെ വിശ്വാസം. അതിനാൽ തന്നെ ആലത്തിയൂർ ഹനുമാൻ ദർശനത്തിനായി എത്തുന്ന ആരും ഈ ചടങ്ങു ഒഴിവാക്കാറില്ല.


ശ്രീരാമസ്വാമിയുടെ പ്രതിഷ്ഠ നാലുകൈകളോട് കൂടിയ വിഷ്ണുവിന്റെ രൂപത്തിലാണ്. ഗണപതി, അയ്യപ്പൻ, ഭഗവതി, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ  തുടങ്ങിയ ഉപദൈവങ്ങളെയും ഇവിടെ ആരാധിച്ചു പോരുന്നു. ക്ഷേത്രം ഹനുമാന്റെ പേരിലാണ് പ്രസിദ്ധം എങ്കിലും ഇവിടെ ഹനുമാന് നിത്യപൂജയില്ല, നിവേദ്യം മാത്രമേയുള്ളൂ.

ഹനുമാന്റെ അനുഗ്രഹത്തെക്കുറിച്ചുള്ള പറഞ്ഞുകേട്ട അറിവുകൾ വച്ചാണ് ആളുകൾ ഇവിടെ ദർശനത്തിനായി എത്തുന്നത്. വിശാലമായ ക്ഷേത്ര പരിസരവും ചിട്ടയോടെയുള്ള ആചാരങ്ങളും മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ നൽകുന്നു. വെറ്റിലമാലയും വടമാലയും ഹനുമാന് സമർപ്പിക്കുന്നത് . ആഗ്രഹപൂർത്തീകരണത്തിനു സഹായിക്കുമെന്നാണ് വിശ്വാസം.

*ആലത്തിയൂർ* *ഹനുമാൻ*
*മറ്റൊരു കഥ*


മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട്‌ പഞ്ചായത്തിലാണ്‌ പുരാതനമായ ആലത്തിയൂര്‍ ശ്രീപെരും തൃക്കോവില്‍. ആലും അത്തിയും ഒന്നിച്ചു വളര്‍ന്നിരുന്ന സ്ഥലമായതുകൊണ്ട്‌ ആലത്തിയൂര്‍ എന്ന്‌ പേരുവന്നു എന്ന്‌ പറയപ്പെടുന്നു. അതുമാത്രമല്ല, ആലസ്തികം എന്നാല്‍ പ്രകാശം എന്ന അര്‍ത്ഥത്തില്‍ സ്ഥലപ്പേരുണ്ടായി എന്നും ഹനുമാന്റെ ദിവ്യപ്രകാശത്തെ പരാമര്‍ശിച്ചുകൊണ്ടാവാം സ്ഥലത്തിന്‌ ഈ പേരു വന്നതെന്ന്‌ പറയുന്നവരുണ്ട്‌. ഇത്‌ പരശുരാമ ഗ്രാമങ്ങളില്‍ ഒന്നായിരുന്നു. അങ്ങനെ ക്ഷേത്രം ആലത്തിയൂര്‍ ഗ്രാമത്തിലെ നമ്പൂതിരിമാരുടേതായി. മൂവായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വസിഷ്ഠമഹര്‍ഷി പ്രതിഷ്ഠ നടത്തിയെന്ന്‌ ഐതിഹ്യം. സീതാന്വേഷണത്തിനായി പോകുന്ന തന്റെ ഭക്തനായ ഹനുമാന്‌ സീതാദേവിയോട്‌ പറയാനുള്ള അടയാളവാക്യം ചെവിയില്‍ പറഞ്ഞുകൊടുക്കുന്ന ഭാവമാണ്‌ ശ്രീരാമന്റേത്‌. തലയൊന്ന്‌ ചരിച്ചുപിടിച്ച്‌ എല്ലാം ശ്രദ്ധിച്ചുകേള്‍ക്കുന്ന ഭാവമാണ്‌ ഹനുമാന്റേത്‌. ഹനുമാനോട്‌ പറയുന്നത്‌ കേള്‍ക്കാതിരിക്കാന്‍ ലക്ഷ്മണനെ അല്‍പം ദൂരത്തേക്ക്‌ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന്‌ തോന്നും പ്രധാന കോവിലിന്‌ പുറത്തുള്ള ലക്ഷ്മണക്ഷേത്രം കണ്ടാല്‍. വിഷ്ണുവിന്‌ പ്രത്യേകം ശ്രീകോവില്‍. ഗണപതിക്കും അയ്യപ്പനും ദുര്‍ഗ്ഗയ്ക്കും ഭഗവതിക്കും ഭദ്രകാളിക്കും പ്രതിഷ്ഠകളുണ്ട്‌. സമുദ്രം കടന്ന്‌ ഹനുമാന്‍ ലഹ്കയിലേക്ക്‌ ചാടിയതിന്റെ ഓര്‍മ്മയ്ക്കായി കല്ലുകൊണ്ടുകെട്ടിയ ഒരു തറ ഇവിടെയുണ്ട്‌. അതിന്റെ ഒരറ്റത്ത്‌ നീളത്തില്‍ ഒരു കരിങ്കല്ലുണ്ട്‌. ഈ കല്ല്‌ സമുദ്രമായി സങ്കല്‍പിച്ച്‌ ഭക്തര്‍ ഓടിവന്ന്‌ കല്ലില്‍ തൊടാതെ ചാടുന്നു. ഇങ്ങനെ ചാടുന്നത്‌ നല്ലതാണെന്നാണ്‌ വിശ്വാസം. ഒരു വഴിപാടുകണക്കെ കുട്ടികള്‍ ഉന്മേഷപൂര്‍വ്വം ചാടുന്നത്‌ കാണാം. ലങ്കയിലേക്ക്‌ പുറപ്പെട്ട ഹനുമാന്‌ ശക്തി പകര്‍ന്നത്‌ ദേവഗണങ്ങളായിരുന്നല്ലോ. ദേവകള്‍ അനുഗ്രഹിച്ചുനല്‍കിയ ശക്തിയാണ്‌ ഹനുമാനെ വിജയത്തിലെത്തിച്ചതെന്ന സങ്കല്‍പമാണ്‌ ഈ കല്ലിന്മേല്‍കൂടിയുള്ള ചാട്ടത്തിന്റെ പിന്നിലും. ക്ഷേത്രത്തില്‍ മൂന്നുപൂജയുണ്ട്‌. ഹനുമാന്‌ നിവേദ്യം മാത്രം. തന്ത്രം കറുത്തേടത്ത്‌. ഹനുമാന്‌ കുഴച്ച പൊതി അവല്‍ നിവേദ്യം. ദിവസവും രാവിലെയും വൈകിട്ടും നടക്കും. അവില്‍ വഴിപാട്‌ പൊതിക്കണക്കാണ്‌. ഏതാണ്ട്‌ മൂവായിരത്തോളം രൂപ ചെലവ്‌ വരുന്നതാണ്‌ ഈ വഴിപാട്‌. അരപൊതിയായോ കാല്‍ പൊതിയായോ അതുമല്ലെങ്കില്‍ മുപ്പതുരൂപ മാത്രം ചെലവ്‌ വരുന്ന ഒരു നാഴിയോ നടത്താം. അവല്‍ പ്രസാദത്തിനായി ജാതിമതഭേദമ്യേ ആളുകളെത്തും. അവല്‍ പ്രസാദം പതിനഞ്ചുദിവസം കേടുകൂടാതെയിരിക്കും. സീതാന്വേഷണത്തിനായി പുറപ്പെട്ട ഹനുമാന്റെ കൈയില്‍ ഈ ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നല്‍കിയതായി പുരാണം ഉദ്ഘോഷിക്കുന്നു. ശ്വാസംമുട്ടിന്‌ പാളയും കയറും ഇവിടെ വഴിപാടായുണ്ട്‌. ശ്രീരാമസ്വാമിക്ക്‌ ചതുശ്ശതവും മറ്റ്‌ വഴിപാടുകളും നടത്തിവരുന്നു. മഹാകവി വള്ളത്തോളും കുഞ്ഞിക്കുട്ടന്‍ തമ്പുരാനുമൊക്കെ ഈ വിശേഷപ്പെട്ട അവല്‍ നേര്‍ച്ചയെപ്പറ്റി കവിത രചിച്ചിട്ടുണ്ട്‌. തുഞ്ചത്ത്‌ എഴുത്തച്ഛന്‍ ഈ ക്ഷേത്രത്തിലെ ഉപാസകനായിരുന്നുവെന്ന്‌ പറയപ്പെടുന്നു. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരമരത്തില്‍ ഹനുമാന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടാണ്‌ ഇലകയ്ക്കാത്തതെന്ന്‌ പഴമ. തുലാംമാസത്തിലെ തിരുവോണത്തിന്‌ അവസാനിക്കത്തക്കവിധത്തില്‍ മൂന്നുദിവസമാണ്‌ പ്രധാന ഉത്സവം. മീനമാസത്തിലെ അത്തത്തിന്‌ പ്രതിഷ്ഠാദിന വാര്‍ഷികവും ആഘോഷിച്ചുവരുന്നു.

No comments: