Sunday, July 08, 2018

നമ്മുടെ വീടുകള്‍ ആനന്ദത്തിന്റെ കേളീഭൂമിയാകാന്‍ നാമോരോരുത്തരും കൊതിക്കുന്നു. സമൃദ്ധിയും സമാധാനവും സന്തോഷവും കളിയാടുന്ന വീട്! അതൊരു സ്വപ്‌നമാണ് പലര്‍ക്കും. കാരണം അനേകം ദുഃഖങ്ങള്‍, ദുരിതങ്ങള്‍, രോഗങ്ങള്‍, ദാരിദ്ര്യം എന്നുവേണ്ട പലതും നമ്മെ വേട്ടയാടാന്‍ വന്നെത്തുന്നു. ഒട്ടും പ്രതീക്ഷിക്കാതെ നമ്മുടെ കുടുംബജീവിതം താറുമാറാകുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.
സമൂഹമെന്ന വലിയ സങ്കല്പം ഉടലെടുക്കുന്ന കാലത്ത് കുടുംബജീവിതം എങ്ങനെ ആയിരിക്കണമെന്ന് വേദങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കണമെന്ന വലിയൊരു തത്ത്വം വേദം മുന്നോട്ടുവെക്കുന്നു. ആശങ്കകള്‍ സദാ നമ്മുടെ മനസ്സില്‍ നിറഞ്ഞാല്‍ അത് തെറ്റായ തീരുമാനങ്ങള്‍ എടുക്കാന്‍ കാരണമായിത്തീരുമെന്ന് ഋഷിമാര്‍ വിശ്വസിച്ചു. അതിനാല്‍തന്നെ ശുഭവിചാരങ്ങളാണ് നമ്മുടെ പ്രാര്‍ഥനകളായി വിടര്‍ന്നുവരേണ്ടതെന്ന് വേദം ഉപദേശിച്ചു. വേദങ്ങളില്‍ അങ്ങോളമിങ്ങോളം ഈ ശുഭചിന്തകളുടെ അനേകം ചിത്രണങ്ങള്‍ നമുക്ക് കാണാനാകും. ആ ശുഭചിന്തകള്‍ വാരംവാരം ചൊല്ലി മനസ്സില്‍ ഉറപ്പിക്കുന്നതാണ് 'മന്ത്രജപം' എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്. അത്തരത്തില്‍ കുടുംബം ശ്രീയുക്തമാകാന്‍ കെല്‌പേകുന്ന ഒരു മന്ത്രം ഇത്തവണ നമുക്ക് ജപിക്കാന്‍ തുടങ്ങാം. കാണുക:
''രേവതീ രമധ്വമസ്മിന്‍ യോനാവസ്മിന്‍
ഗോഷ്‌ഠേളസ്മിന്‍ ലോകേളസ്മിന്‍ ക്ഷയേ.
ഇഹൈവ സ്ത മാപഗാത. (യജുര്‍വേദം 3.21)
പദം മുറിച്ച് അര്‍ഥം എഴുതാം. (രേവതീഃ=) അല്ലയോ സമൃദ്ധിയുടെ ദേവിമാരേ, (അസ്മിന്‍ യോനൗ=) ഈ മൂലസ്ഥാനത്ത്, (അസ്മിന്‍ ഗോഷ്‌ഠേ=) ഈ ഗോശാലയില്‍, (അസ്മിന്‍ ലോകേ=) ഈ കുടുംബത്തില്‍ (അസ്മിന്‍ ക്ഷയേ=) ഈ വീട്ടില്‍, (രമധ്വമ്=) ആനന്ദത്തോടെ വസിച്ചാലും (ഇഹ ഏവ=) ഇവിടെത്തന്നെ (സ്ത=) വസിച്ചാലും. (മാ=) അരുത് (അപഗാത=) ദുരെ വിട്ട് പോക.
ഈ അര്‍ഥത്തെ നമുക്കൊന്ന് കൂട്ടിച്ചേര്‍ത്ത് വായിച്ചുനോക്കാം. ''അല്ലയോ സമൃദ്ധിയുടെ ദേവികളേ, നിങ്ങള്‍ ഈ മൂലസ്ഥാനത്ത്, ഈ ഗോശാലയില്‍, ഈ കുടുംബത്തില്‍, ഈ വീട്ടില്‍ ആനന്ദത്തോടെ വസിച്ചാലും. നിങ്ങള്‍ ഇവിടെത്തന്നെ കുടിയിരുന്നാലും. ഇവിടെനിന്ന് ഒരിക്കലും വിട്ടുപോകരുതേ.
നമുക്ക് ഈ മന്ത്രത്തില്‍ അസാധാരണമായ ശുഭാപ്തിവിശ്വാസത്തെ കാണാം. കുലത്തില്‍ ഭാഗ്യദേവതകള്‍ സദാ രമിച്ചുവാഴണം. അവിടെ ഹൃദയമാകുന്ന മൂലസ്ഥാനത്ത് സമൃദ്ധിയുടെ ദേവികള്‍ കുടിയിരിക്കണം. ഇന്ന് നമുക്ക് നഷ്ടപ്പെട്ടുപോയ പ്രതാപപൂര്‍ണമായ ഒരു കാലമുണ്ടായിരുന്നു ഓരോ ഭാരതീയനും. അന്ന് ഓരോ കുടുംബത്തിലും ഐശ്വര്യവും സമൃദ്ധിയും കളിയാടി. അവരുടെ ഗോശാലകള്‍ സമൃദ്ധിയുടെ കേന്ദ്രബിന്ദുവായിത്തീര്‍ന്നു. അവരുടെ കുടുംബത്തില്‍ ഐശ്വര്യത്തിന്റേയും സമൃദ്ധിയുടെയും ദേവതകള്‍ പ്രഭാപൂര്‍ണമായി പരിലസിച്ചുകൊണ്ട് ഊര്‍ജസ്വലതയുടെ അനുഗ്രഹവര്‍ഷം ചൊരിയുകയുണ്ടായി. അവരുടെ വീടുകള്‍ സ്വര്‍ഗതുല്യമായി പരിലസിച്ചു.
ഓരോ ഉപാസകനും സ്ഥായിയായ സമൃദ്ധിയാണ് ഈ മന്ത്രം ജപിക്കുമ്പോള്‍ കാംക്ഷിക്കുന്നത്. സ്ഥായീരൂപത്തില്‍ ആ സമൃദ്ധി നമ്മുടെ വീടിന്റെ ഓരോ കോണിലും വസിക്കണമെന്ന ആഗ്രഹം നമുക്ക് തൊട്ട് അറിയാന്‍ കഴിയുന്നുണ്ട്.
സമൃദ്ധി എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ അതിനുവേണ്ടി എത്രപേര്‍ പരിശ്രമിക്കുന്നുണ്ട്? സാധനയില്ലെങ്കില്‍ സമൃദ്ധി ഒരിക്കലും ഉണ്ടാകില്ലെന്ന സത്യമാണ് നാം ആദ്യം അറിയേണ്ടത്. എന്താണ് ഈ സാധന? നമ്മുടെ മനസ്സിനും 
ഇന്ദ്രിയങ്ങള്‍ക്കും മേലുള്ള നിയന്ത്രണമാണത്. ഇന്ദ്രിയങ്ങള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയുന്ന സാധകന് മാത്രമേ ഈ സമൃദ്ധിയുടെ ദേവിമാരെ സാക്ഷാത്കരിക്കാന്‍ കഴിയുകയുള്ളൂ. ഇന്ദ്രിയവിജയം, സംയമം, മനോനിഗ്രഹം, ചാരിത്ര്യശുദ്ധി എന്നിവ എവിടെയുണ്ടോ അവിടെ ശ്രീ വിളങ്ങിനില്‍ക്കുന്നു. ഇതേ കാര്യം ചാണക്യൂസൂത്രത്തിലും നമുക്കു കാണാം.
''അര്‍ഥസ്യ മൂലം രാജ്യമ്, (3)
രാജ്യമൂലം ഇന്ദ്രിയജയമ്. (4) (ചാണക്യസൂത്രം 3, 4)
ധനപ്രാപ്തികൊണ്ട് രാജ്യം നേടാന്‍ കഴിയുന്നു. രാജ്യത്തിന്റെ നിലനില്പ് ഇന്ദ്രിയജയംകൊണ്ട് നേടുന്നു. ഇന്ദ്രിയജയം ഇല്ലെങ്കില്‍ അവിടെ ധനവും ഉണ്ടാവില്ല, രാജ്യവുമുണ്ടാവില്ല.
ആചാര്യശ്രീ രാജേഷ്

No comments: