Saturday, July 07, 2018

അമിതമായ അഭിമാനം അഹങ്കാരമായി മാറാം എന്നതിനാല്‍ അതു രണ്ടും ഉപേക്ഷിക്കപ്പെടേണ്ടതാണ് എന്നാണ് ശ്രീനാരദര്‍ ഈ സൂത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അഭിമാനം നല്ലതാണ്. എന്നാല്‍ ചിലപ്പോള്‍ അത് അഹങ്കാരത്തിലേക്കു നയിച്ചേക്കും. അങ്ങനെ അഹങ്കാരിയായിത്തീരുന്നത് ഒഴിവാക്കണം. ഭക്തന്‍ ഒരിക്കലും അഹങ്കാരിയായി മാറരുത്.
ഞാന്‍ കൊടുത്ത വാക്ക് ഞാന്‍ പാലിക്കും. എന്റെ പ്രതിജ്ഞ ഭീഷ്മ പ്രതിജ്ഞയാണ്. ഈ ചിന്താഗതിയാണ് ഭീഷ്മര്‍ക്ക് പല ഘട്ടത്തിലും സത്യത്തിനു നേരെ കണ്ണടക്കേണ്ടതായ അവസ്ഥയുണ്ടാക്കിയത്. കള്ളചൂതുവേളയിലും പാഞ്ചാലീ വസ്ത്രാക്ഷേപവേളയിലും സത്യം തുറന്നുപറയാനാവാതെ ഭീഷ്മര്‍ കുടുങ്ങി. പാണ്ഡവരുടെ അജ്ഞാതവാസ ഘട്ടത്തിലാകട്ടെ ''ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ'' എന്ന സത്യം പുറത്തുവിട്ടും കുരുങ്ങി. ഇതെല്ലാം ഏതോ ഘട്ടങ്ങളില്‍ ഭീഷ്മരില്‍ ഉളവായ അഹങ്കാരത്തിന്റെ ഭാഗമാണ്. അംബ അംബിക അംബാലികമാരെ ബലമായി പിടിച്ചുകൊണ്ടുവന്നപ്പോഴും ഈ അഹങ്കാരമാണ് മുന്നിട്ടുനിന്നത്. അത് അംബയുടെ സ്ഥിരമായ ശത്രുതയിലേക്കും ശിഖണ്ഡിയായിവന്ന് ഭീഷ്മരെ തളര്‍ത്തുന്നതിലേക്കും വഴിവച്ചു.
എന്നാല്‍ സത്യമേ പറയൂ എന്നത് അഹങ്കാരമാകുമായിരുന്ന ഘട്ടത്തില്‍ ശ്രീകൃഷ്ണന്‍ യുധിഷ്ഠിരനെ മോചിപ്പിച്ചു. അതുകൊണ്ടാണ് യുധിഷ്ഠിരന് ''അശ്വത്ഥാമാ ഹതഃ കുഞ്ജരഃ'' എന്നുപറയാന്‍ സാധ്യമായത്. അവിടെ ഭഗവാന്‍ ഭക്തന്റെ സഹായത്തിനെത്തി. താടകാവധത്തിലും ബാലിവധത്തിലുമെല്ലാം നാം കണ്ടത് ശ്രീരാമന്‍ അഹങ്കാരത്തില്‍ പെടാതെ ധര്‍മപരിപാലനം ചെയ്യുന്നതാണ്. വിശ്വത്തിനു മിത്രമായ വിശ്വാമിത്രമഹര്‍ഷിയെന്ന ഗുരുവിന്റെ ശിക്ഷണം അതിന് വഴിവച്ചു.
ജയദ്രഥ വധ ഘട്ടത്തില്‍ അര്‍ജ്ജുനന്‍ അഹങ്കാരത്തിനു പാത്രമാകാന്‍ ഭാവിച്ചപ്പോഴാണ് ഭക്തവത്സലനായ ഭഗവാന്‍ സഹായത്തിനെത്തിയത്. ഭഗവാന്റെ ആ ഇടപെടലിലൂടെയാണ് അര്‍ജ്ജുനന് ജയദ്രഥനെ വധിക്കാനായത്. സന്താനഗോപാലം കഥാഭാഗത്തും അര്‍ജ്ജുനന്‍ അഹങ്കാരത്തിന്റെ ബലിയാടാകാന്‍ ഭാവിച്ചതാണ്. അപ്പോഴും ഭഗവാന്‍ തന്നെ ആ അവസ്ഥയില്‍നിന്നും മോചിപ്പിച്ചു. അതാണ് ഭക്തവത്സലനായ ഭഗവാന്‍. 
janmabhumi

No comments: