Sunday, July 08, 2018

: ലോകത്തെ സകല അറിവുകളും അറിയുന്നത് ഞാന്‍ ആണ്. അറിവുകള്‍ കൂടുംതോറും ഈ ഞാനിന് അധികമധികം ബലംവച്ചുവരുന്നു.

അറിവുകള്‍ അറിയുന്ന ഞാനിനെ *ഞാന്‍ ഉണ്ട്* എന്ന ഒരു 'അറിവ്' ആ അറിവായിരുന്നുകൊണ്ട് അറിയുന്നു. ഞാന്‍ ഉണ്ട് എന്ന അറിവ് ലോകത്തെ അറിയുന്ന ഞാനില്‍നിന്നും തികച്ചും വ്യത്യസ്തവുമാണ്.

അപ്പോള്‍, നാം രണ്ടു 'ഞാന്‍' ഉണ്ടെന്നുകണ്ടു. ഇനി അതില്‍നിന്നും വസ്തുവിനെയും അതിന്റെ നിഴലിനെയും മാറ്റി അറിയണം, അതായത് വാസ്തവത്തില്‍ ഉള്ള ഞാനിനെ അറിഞ്ഞ് മറ്റേ ഞാനിനെ തള്ളിക്കളയണം.

ഉണര്‍ന്നിരിക്കുമ്പോള്‍ ലോകത്തെ അറിഞ്ഞ ഞാന്‍ ഉള്ളപ്പോഴും, ആ ഞാന്‍ ഉറങ്ങുമ്പോഴും അതിനെ അറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഞാന്‍, ആ ഞാന്‍തന്നെയാണല്ലോ യഥാര്‍ത്ഥത്തിലുള്ള ഞാന്‍.  ജാഗ്രത്തിലുള്ളപ്പോഴും സ്വപ്നം കണ്ടപ്പോഴും സ്വപ്നമോ ജാഗ്രത്തോ അല്ലാത്ത ഉറക്കത്തിലും ഉണര്‍ന്നിരിക്കുന്ന ആ ഞാന്‍തന്നെ യഥാര്‍ത്ഥ ഞാന്‍.

മൂന്നുകാലത്തും (ജാഗ്രത്ത്-സ്വപ്ന-സുഷുപ്തി) ഉണര്‍ന്നിരുന്നുകൊണ്ടുളള ഞാനാകുന്ന അറിവ്; ആ അറിവില്‍ മറ്റെല്ലാ അറിവുകളും, വെളിച്ചം വരുമ്പോള്‍ ഇരുട്ട് നീങ്ങുന്നതുപോലെ നിങ്ങിപ്പോകുന്നു. ഈ അറിവ് ആകുന്നു 'പുരുഷന്‍', ഈ പുരുഷന്റെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രം ഉള്ളപോലെ തോന്നിക്കുന്ന 'മറ്റെല്ലാം' പ്രകൃതി.
[08/07, 16:46] Bhattathiry: അംഗീകാരം കിട്ടാന്‍വേണ്ടി കഷ്ടപ്പെടുകയും, അംഗീകാരം കിട്ടുമ്പോള്‍ സന്തോഷിക്കുകയും, കിട്ടാത്തപ്പോള്‍ ദുഃഖിക്കുകയും പരിഭവിക്കുകയും ചെയ്യുന്ന ജീവഭാവമെന്ന അഹങ്കാരം ഫണം വിടര്‍ത്തിയാടുന്ന സര്‍പ്പമാണ്. ഈ സര്‍പ്പം പോടില്‍നിന്നും തല പുറത്തിടുമ്പോള്‍തന്നെ അടിച്ചുകൊല്ലണം. 

ഒരുതവണയോ അനേകംതവണകളോ കൊല്ലപ്പെട്ടാലും പൂര്‍വ്വാധികം ശക്തിയോടെ പുനര്‍ജനിക്കാനുള്ള കഴിവ് അതിനുണ്ട്.

സുഖത്തെ ആശ്ലേഷിക്കുകയും ദുഃഖത്തെ വെറുക്കുകയും ചെയ്യുന്ന ഈ ജീവാഹന്തയുടെ നിലനില്പാണ് അസ്വാതന്ത്ര്യം. ആത്മീയ ജീവിതചര്യ എന്നാല്‍ ഇതിനെ പൊന്തിവരാനനുവദിക്കാതെ അടക്കിയൊതുക്കിക്കളയുന്ന ശ്രദ്ധാപൂര്‍വ്വമുള്ള ജീവിതപദ്ധതിയാണ്.
Sudhabharat 

No comments: