സാധാരണ ഗതിയിലുള്ള പ്രാണായാമം, സൂര്യനമസ്‌കാരം, സസ്യാഹാരം ഇവയെല്ലാം നമ്മുടെ ആരോഗ്യത്തെ നന്മയില്‍ നിലനിര്‍ത്തുക തന്നെ ചെയ്യും. കുടുംബബന്ധം ദൃഢമാക്കുന്നതു തന്നെ മനസ്സിലെ സംഘര്‍ഷം വളരെയേറെ കുറയ്ക്കുവാനുപകരിക്കും. ശാന്തമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക തന്നെ വേണം.
മക്കളോടും മരുമക്കളോടും നല്ല രീതിയിലുള്ള പെരുമാറ്റവും ചര്‍ച്ചകളും ജന്മദിനാഘോഷങ്ങളും ആഘോഷവേളകളിലെ ഒത്തുചേരലുകളും മനസ്സിന് വളരെയേറെ സംതൃപ്തി നല്‍കുമ്പോള്‍ അത് ശരീരത്തേയും ധന്യമാക്കും. കുടുംബസമേതമുള്ള തീര്‍ത്ഥാടനയാത്രകള്‍ സൈ്വര്യമായ ദര്‍ശനയാത്രകള്‍, നല്ല സിനിമ കാണല്‍, ഇവയെല്ലാം മനസ്സിലെ പിരിമുറുക്കം വളരെയേറെ കുറയ്ക്കും.
മൂളിപ്പാട്ടുപാടുകയും നല്ല കാര്യങ്ങള്‍ ചിന്തിക്കുകയും മറ്റുള്ളവരുടെ വേദനകളില്ലാതാക്കാന്‍ ശ്രമിക്കുകയും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പങ്കെടുക്കുകയുമെല്ലാം ചെയ്യുന്നത് മനസ്സിനും ശരീരത്തിനും വളരെയേറെ ആരോഗ്യപ്രദമാണ്.
രാഷ്ട്രീയമത്സരങ്ങളിലും സംഘടനാപരമായ തര്‍ക്കങ്ങളിലും അറിഞ്ഞോ അറിയാതെയോ ചെന്നു പെടുമ്പോള്‍ തത്വശാസ്ത്രപരമായ ഒരു വീക്ഷണം വെച്ചുപുലര്‍ത്തുന്നത് വളരെയേറെ സഹായകമാകും. എല്ലാത്തിനോടും എല്ലാവരോടും ബന്ധമുണ്ട്. ഒന്നിനോടും ഒരാളോടും ബന്ധനമില്ലാത്ത അവസ്ഥയായിരിക്കണം മനസ്സിനെ സമനില നിര്‍ത്താന്‍ സഹായിക്കുന്ന തത്വശാസ്ത്ര വീക്ഷണം.
തര്‍ക്കങ്ങളില്‍ ആവശ്യമില്ലാതെ ഇടപെടുന്നത് ഒഴിവാക്കണം. പരദൂഷണവും ഒഴിവാക്കണം. നന്മ നിറഞ്ഞ, നിര്‍മ്മലമായ ഒരു മനസ്സ് നിരന്തര പരിശ്രമത്തിലൂടെ ശുദ്ധമാക്കാന്‍ പഠിക്കണം.
ജീവിതദൗത്യം ഏറ്റെടുക്കണം
#നമ്മുടെ ജീവിതം പ്രയോജനപ്രദം ആകണം. ലക്ഷ്യബോധത്തോടെയുള്ളതാകണം. ഫലപ്രദമാകണം. ചുരുക്കത്തില്‍ അര്‍ത്ഥവത്താകണം. അതിന് എന്തെങ്കിലും നന്മ നിറഞ്ഞ സംഘടനകളില്‍ കുറെ സമയമെങ്കിലും കുടുംബാംഗങ്ങളോടൊത്ത് പ്രവര്‍ത്തിക്കണം.
# ഏതെങ്കിലുമൊരു പൈതൃക വിഷയം പഠിക്കണം. പഠിച്ചത് കുറേ വ്യക്തികളെ എങ്കിലും പഠിപ്പിക്കണം.
# മറ്റുള്ളവര്‍ക്കുകൂടി വേണ്ടി ജീവിക്കുന്നതില്‍ സന്തോഷം കണ്ടെത്തണം. മൂന്ന് ശതമാനം സമ്പത്ത്, ഊര്‍ജ്ജം, സമയം ഇത് മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി നിയോഗിക്കാനുള്ള മനസ്സുണ്ടാവണം. വിശക്കുന്നവന് ഭക്ഷണം, രോഗിക്ക് മരുന്ന്, വൃദ്ധന് ആശ്വാസം, അനാഥന് സനാഥത്വം, അശരണര്‍ക്ക് ശരണം നല്‍കുന്നവരുടെ കൂടെ പ്രവര്‍ത്തിക്കണം. യജ്ഞ ഭാവത്തില്‍ ആ പ്രവര്‍ത്തിയില്‍ മുഴുകണം. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ഒരു സമര്‍പ്പണയജ്ഞം. അതാണ് ജീവിതത്തെ ധന്യമാക്കുന്നത്.
# ഭക്ഷണം കഴിക്കാന്‍ വകയുള്ള സമ്പന്നരെ വിരുന്നിന് വിളിക്കുമ്പോള്‍ അതിനായി ചിലവഴിക്കുന്നതിന്റെ ഒരംശം വിശക്കുന്നവര്‍ക്കും അനാഥര്‍ക്കും കൂടി കൊടുക്കാനായി നീക്കിവയ്ക്കണം. ഇതാണ് വേദസന്ദേശം. യഃപരേഷാം ഉപകാരായ ജീവിതി സഃ ഏവ ജീവിതി. ആരാണ് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നത് അവര്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്.
# സത്യം, ധര്‍മം, നീതി, ന്യായം ഇവയിലൂടെയുള്ള ജീവിതമാകട്ടെ നമ്മുടെ ജീവിത മാര്‍ഗ്ഗവും ലക്ഷ്യവും. നാം ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവുകള്‍ മനുഷ്യമനസ്സില്‍ പ്രതിഷ്ഠിച്ചിട്ടെ ഈ ലോകത്തോട് യാത്രപറഞ്ഞു പോകാവൂ.
# ചിരിച്ചുകൊണ്ട് ചിരിപ്പിച്ചുകൊണ്ട് നന്മകള്‍ കേട്ടും കണ്ടും ചര്‍ച്ച ചെയ്തും ജീവിതം തന്നെ ഒരു ഉത്സവമാക്കി മാറ്റുക. മനസ്സിനെ കഴിയുന്നത്രയും സംതൃപ്തിയും ശാന്തവുമായ അവസ്ഥയില്‍ നിലനിര്‍ത്തുക. ജനങ്ങളാല്‍ ബഹുമാനിതന്‍ ആകാന്‍ സാധിക്കുന്ന വിധത്തില്‍ ഉയര്‍ന്നും നിസ്വാര്‍ത്ഥതയിലൂടെ, അമിതമായി താഴാതെയും, വിമര്‍ശനങ്ങള്‍ സ്വീകരിച്ചും, നല്ല ഉപദേശങ്ങള്‍ കൊടുത്തും, വേദനിക്കുന്നവന്റെ വേദനയകറ്റിയും ദുഃഖിക്കുന്നവനെ ആശ്വസിപ്പിച്ചും ഓരോ നിമിഷം നാം ശ്മശാനത്തിലേക്ക് പ്രയാണം ചെയ്യുകയാണെന്നറിഞ്ഞും അറിയിച്ചും കാലചക്രം തിരിയുന്നു എന്നറിഞ്ഞും നേടിയതൊന്നും തിരിച്ചുപോകുമ്പോള്‍ കൊണ്ടുപോകില്ലെന്നറിഞ്ഞും ഭൂതകാലത്തിലേക്ക് തിരിച്ചുപോകില്ലെന്നറിഞ്ഞും ജീവിക്കുക. സത്യം, ധര്‍മം, നീതിന്യായത്തിന് വേണ്ടി നിലകൊണ്ടും, നമ്മുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് ആഹ്ലാദം പകരുന്നതാക്കാന്‍ ശ്രമിച്ചും, ചെയ്ത തെറ്റുകള്‍ തിരുത്തിയും ആവശ്യമെങ്കില്‍ മാപ്പുപറഞ്ഞും മുന്നോട്ടുപോകുക. വിശ്വസിച്ചും മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചും അനുഗ്രഹിച്ചും അഭിനന്ദിച്ചും ആശ്വസിപ്പിച്ചും ആഹ്ലാദിപ്പിച്ചും... മുന്നേറാനുള്ള ഒരു ജന്മമായിത്തീരട്ടെ നമ്മുടേത്. ജീവിക്കുന്നിടത്തോളം കാലം ധന്യമായി ജീവിക്കണം. ധീരമായി മരിക്കണം.
(അവസാനിച്ചു)
(സയന്‍സ് ഓഫ് ലിവിങ് എന്ന പുസ്തകത്തില്‍ നിന്ന്)
No comments:
Post a Comment