സാംഖ്യമതപ്രകാരം പ്രത്യക്ഷജ്ഞാനം ഉണ്ടാകുന്ന ക്രമം ഇങ്ങനെയാണ്. ഇന്ദ്രിയാര്‍ത്ഥങ്ങളും ബാഹ്യകരണങ്ങളും കൂടി സമ്പര്‍ക്കത്തില്‍വരുന്നു. ഈ സ്പര്‍ശങ്ങളെ ബാഹ്യകരണങ്ങള്‍ വഹിച്ച് തലച്ചോറിലുള്ള കേന്ദ്രങ്ങളിലേക്ക്, അഥവാ ഇന്ദ്രിയങ്ങളിലേക്ക് എത്തിക്കുന്നു. ഇന്ദ്രിയങ്ങള്‍ മനസ്സിന് എത്തിച്ചുകൊടുക്കുന്നു; മനസ്സ് ബുദ്ധിക്ക് സമര്‍പ്പിക്കുന്നു. ബുദ്ധിയില്‍നിന്ന് പുരുഷന്‍ (ആത്മാവ്) അവയെ കൈക്കൊള്ളുന്നു. അപ്പോള്‍ പ്രത്യക്ഷജ്ഞാനമുണ്ടാകുന്നു. അനന്തരം പുരുഷന്‍ കര്‍മേന്ദ്രിയങ്ങള്‍ക്ക്, വേണ്ടത് ചെയ്യാനുള്ള പ്രേരണ, ഒരാജ്ഞപോലെ നല്‍കുന്നു. ഇവയില്‍ പുരുഷനൊഴിച്ച് മറ്റെല്ലാം ജഡപദാര്‍ത്ഥമാണ്. മനസ്സ് ജഡമാണെങ്കിലും അത് ബാഹ്യകരണങ്ങളേക്കാള്‍ സൂക്ഷ്മമായ ജഡപദാര്‍ത്ഥമാണ്. മനസ്സിന് ഉപാദാനമായ പദാര്‍ത്ഥം തന്നെയാണ് തന്മാത്രകള്‍ എന്ന സൂക്ഷ്മപദാര്‍ത്ഥങ്ങളായും തീരുന്നത്. ഇവയാണ് സ്ഥൂലമായി ബാഹ്യപദാര്‍ത്ഥങ്ങളായിത്തീരുന്നത്. ഇതാണ് സാംഖ്യന്റെ മനശാസ്ത്രം. ഇങ്ങനെ നോക്കുമ്പോള്‍ ബുദ്ധിക്കും ബാഹ്യങ്ങളായ സ്ഥൂലപദാര്‍ത്ഥങ്ങള്‍ക്കും തമ്മില്‍ മാത്രാഭേദമേയുള്ളൂ. വസ്തുഭേദമില്ല, താരതമ്യഭേദമേയുള്ളൂ. പുരുഷന്‍ മാത്രമേ ജഡപദാര്‍ത്ഥമല്ലാതുള്ളൂ. ബാഹ്യവസ്തുക്കളെ ഗ്രഹിപ്പാന്‍ ആത്മാവിന്റെ കൈവശമിരിക്കുന്ന ഉപകരണംപോലെയാണ് മനസ്സ്. മനസ്സ് എപ്പോഴും മാറിമാറി ചലിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ അഭ്യാസംകൊണ്ട് അതിനെ ഒരേ സമയത്ത് അനേകകരണങ്ങളില്‍ സംഘടിപ്പിക്കാനോ, ഒരു കരണത്തില്‍ മാത്രം ഏകാഗ്രമാക്കുവാനോ എല്ലാത്തില്‍നിന്നും പിന്‍വലിക്കുവാനോ സാധിക്കും. - സ്വാമി വിവേകാനന്ദന്‍
No comments:
Post a Comment