Friday, July 06, 2018

ഇന്ന് നമ്മുടെ ജീവിതം വളരെയേറെ സുഖസൗകര്യങ്ങള്‍ നിറഞ്ഞതാണ്. കഴിഞ്ഞ തലമുറ നമ്മെ വളര്‍ത്താനായി അനുഭവിച്ച ബുദ്ധിമുട്ടുകളും വിഷമതകളും സമയം ലഭിക്കുമ്പോള്‍ ചിന്തിച്ചുനോക്കുക. കിണറ്റില്‍നിന്ന് വെള്ളം കോരാനും അമ്മിയും ആട്ടുകല്ലുമുപയോഗിച്ച് അരയ്ക്കാനും,വിറകു കീറിയുണക്കി കത്തിച്ചു ഭക്ഷണം പാകം ചെയ്യാനും, ഇന്നു നല്ലതും ലളിതവും സുഖകരവുമായ മാര്‍ഗങ്ങളില്ലേ. ട്രെയിന്‍-ബസ്സ്-വിമാന ടിക്കറ്റെടുക്കാനും ബില്ലടയ്ക്കാനും എളുപ്പമാണല്ലോ.  പുതിയ വാഹനം, ഫോണ്‍, ടിവി, മൊബൈല്‍, എസി, ഫാന്‍ ഇഷ്ടം പോലെ ചാനലുകള്‍, റെഡിമെയ്ഡായി എന്തും ഏതും ലഭ്യമല്ലേ!
അസുഖത്തിന് ചികിത്സ, വ്യത്യസ്ത ഭക്ഷണം, വിനോദ മാര്‍ഗങ്ങള്‍, ചെറിയ കുടുംബം... ഇവയെല്ലാം വെറുതെയിരിക്കുമ്പോള്‍ ചിന്തിച്ചുനോക്കൂ. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, യൂട്യൂബ്, ഫേസ്ബുക്ക്, സിഡികള്‍, അസൂയ, അഹങ്കാരം ഒഴിവാക്കുന്നതു നല്ലതല്ലേ. ദേഷ്യം, അത്യാഗ്രഹം, ബന്ധനം, ഭയം ഇവയെല്ലാം പാകത്തിനു പോരെ... ചിന്തിക്കണം.
 മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരായി ജീവിക്കാനാകണം. അവരുടെ നന്മകളെടുക്കുമ്പോഴും തിന്മകളെടുക്കാതിരിക്കാന്‍ പ്രത്യേകം ്രശദ്ധിക്കണം. ഓരോരുത്തരിലും നന്മകളുണ്ടെന്നു നാംതിരിച്ചറിയണം. അതുപോലെ തിന്മകളുമുണ്ടാകും. നന്മകള്‍ മാത്രമുള്ള വ്യക്തികളോ തിന്മകള്‍ മാത്രമുള്ള വ്യക്തികളോ ഉണ്ടാകില്ല. രണ്ടിന്റെ അളവിലും വ്യത്യാസമുള്ളവരാണുണ്ടാവുക.
 ഇന്നലെയെന്നത് ഇനി ഇന്ന് ആകില്ല. ഇന്ന് എന്നത് നാളെയുമാകില്ല. സമയത്തിന്റെ പ്രയാണം ഒരു ദിശയിലേക്കാണ്. ഭാവി കാലം വര്‍ത്തമാനകാലമാകും, വര്‍ത്തമാനകാലം ഭൂതകാലമാകും. തിരിച്ച്  ഒരിക്കലും സംഭവിക്കില്ലെന്നോര്‍ക്കണം. നല്ലവരില്‍ നന്മ കൂടിയും തിന്മ കുറഞ്ഞുമിരിക്കും. ചീത്തവരില്‍ തിന്മ കൂടിയും നന്മ കുറഞ്ഞുമിരിക്കും. നാം എവിടെ നിഞല്‍ക്കുന്നു. എവിടെനിന്ന് എങ്ങോട്ടു പോകണം. ഇതു തീരുമാനിക്കേണ്ടത് നാംതന്നെയാണ്. നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ.
 ഇന്നലെ ചെയ്തതും പറഞ്ഞതും ഇന്നത്തെ ദുഃഖത്തിനു കാരണമാകരുത്. ഇന്ന് ചെയ്തതും പറഞ്ഞതും നാളത്തെ ദുഃഖത്തിന് കാരണമാകരുത്. അതുപോലെ ഇന്നലെ ചെയ്യേണ്ടിയിരുന്നത് ചെയ്യാത്തതിനാലും പറയേണ്ടിയിരുന്നത് പറയാത്തതിനാലും ഇന്ന് പ്രശ്‌നമുണ്ടാകരുത്. അതുപോലെ ഇന്നു ചെയ്യേണ്ടതും പറയേണ്ടതും ചെയ്യുകയും പറയുകയുംവേണം. അല്ലാത്തപക്ഷം അതു നാളത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന് മനസ്സിലുണ്ടാകണം.
ജീവിതത്തിനൊരു ലക്ഷ്യമുണ്ടാകണം. അതിനായി പ്രവര്‍ത്തിക്കണം. ലക്ഷ്യവും മാര്‍ഗവും നന്മ നിറഞ്ഞതാകണം. തെറ്റുപറ്റിയാല്‍ ഏറ്റുപറയാന്‍ പഠിക്കണം. തെറ്റു പറ്റുന്നത് സ്വാഭാവികം. അതാവര്‍ത്തിക്കുന്നത് വലിയ തെറ്റ്.
 ദേഷ്യപ്പെടാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്. ദേഷ്യപ്പെട്ടുകൊണ്ടേയിരിക്കാന്‍ സ്വാതന്ത്ര്യമില്ല. ഭയപ്പെടാന്‍ സ്വാതന്ത്ര്യമുണ്ട്. ഭയപ്പെട്ടുകൊണ്ടേയിരിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നോര്‍ക്കണം. നമ്മളില്‍ തിന്മയുണ്ട്, അതിന്റെ പ്രകടനവും ദൃശ്യമാകും. തിന്മ പ്രകടിപ്പിച്ചുകൊണ്ടേയിരിക്കരുത്. മറ്റുള്ളവര്‍ വെറുക്കും.
 നമ്മെ വിമര്‍ശിക്കുന്നവരാണ് യഥാര്‍ത്ഥ ബന്ധുക്കള്‍. അവര്‍ നമ്മളിലെ തിന്മകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. അനുമോദിക്കുന്നവര്‍ നമ്മളിലെ കുറവുകളെ അവഗണിച്ച് നന്മകളെ പ്രോത്സാഹിപ്പിക്കുന്നു. അഭിനന്ദനങ്ങളും അനുമോദനങ്ങളും പലപ്പോഴും അഹങ്കാരത്തിനും അമിതാഭിമാനത്തിനും കാരണമായിത്തീരുകയും ചെയ്യുന്നു. വിമര്‍ശനങ്ങളേയും സ്വാഗതം ചെയ്യുക.
janmabhumi

No comments: