ഛാന്ദോഗ്യോപനിഷത്ത് 72
ബ്രഹ്മചര്യം മുതലായ സാധനകളിലൂടെ ആത്മസാക്ഷാത്കാരത്തിന് യത്‌നിക്കുന്നവര്‍ക്ക് മൂര്‍ദ്ധാവിലെ നാഡിയില്‍ കൂടിയുള്ള ഗതിയെ പറയാനായി നാഡീ ഖണ്ഡത്തെ വിവരിക്കുന്നു.
അഥ യാ ഏതാ ഹൃദയസ്യ നാഡ്യസ്താഃ...
ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന നാഡികള്‍ ചെമ്പിച്ചതും വെളുത്തതും നീലയും മഞ്ഞയും ചുവന്ന തുമായ സൂക്ഷ്മ രസം കൊണ്ട് നിറഞ്ഞവയാണ്. ഈ ആദിത്യന്‍ തന്നെ വെളുത്തതും നീലയും മഞ്ഞയും ചുവപ്പുമാണ്. ബ്രഹ്മോപാസന സ്ഥാനമായ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന നാഡികള്‍ പല നിറത്തോടു കൂടിയ സൂക്ഷ്മരസത്താല്‍ പൂര്‍ണ്ണങ്ങളായി നിലകൊള്ളുന്നു.
പിത്തമെന്ന സൗരതേജസ്സു കൊണ്ടാണ് നാം കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നത്. ആ തേജസ്സ് അല്പം കഫത്തിനോട് ചേരുമ്പോള്‍ പിംഗള (ചുവപ്പും മഞ്ഞയും കലര്‍ന്ന)നിറമാകും. അന്നരസവും നാഡികളും ഇതേ നിറമാകും. സൗര തേജസ്സ് വാതത്തിനോട് ചേരുമ്പോള്‍ നീലയും കഫം കൂടുതലാകുമ്പോള്‍ വെള്ളയും തുല്യ കഫമാകുമ്പോള്‍ മഞ്ഞയും രക്തത്തോട് ചേരുമ്പോള്‍ ചുവപ്പുമാകും. അന്ന രസത്തിനും നാഡികള്‍ക്കും അപ്പോള്‍ അതേ നിറമായിരിക്കും. ഇങ്ങനെ ആദിത്യ തേജസ്സും വര്‍ണ്ണവും നാഡികളിലും പ്രകടമാകുന്നു.
തദ് യഥാ മഹാപഥ ആതത ഉഭൗ ഗ്രാമൗ ഗച്ഛതി...
വളരെ വലുതായ ഒരു വഴി അടുത്തുള്ളതും അകലെയുള്ളതുമായ രണ്ട് ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നത്. അതുപോലെ സൂര്യരശ്മികള്‍ സൂര്യ ലോകത്തിലും ഇവിടെ മനുഷ്യ ശരീരത്തിലും പ്രവേശിച്ചിരിക്കുന്നു. ആദിത്യ മണ്ഡലത്തിലെ രശ്മികളാണ് ശരീരത്തിലെ നാഡികളില്‍ പ്രവേശിച്ചിരിക്കുന്നത്. ഈ നാഡികളില്‍ നിന്നുള്ള രശ്മികള്‍ ആദിത്യനിലും പ്രവേശിക്കുന്നു.
സൗര തേജസ്സാണ് നാഡികളില്‍ പ്രകാശിക്കുന്നത്. പെരുവഴി രണ്ട് ഗ്രാമങ്ങളെ കൂട്ടിയോജിപ്പിക്കുന്നത് പോലെയാണ് തേജസ്സ് ആദിത്യനേയും ശരീരത്തേയും ബന്ധിപ്പിക്കുന്നത്.
തദ് യത്രൈ തത് സുപ്തഃ സമസ്തഃ സുപ്രസന്നഃ...
എല്ലാ ഇന്ദ്രിയ മനോവ്യാപാരങ്ങളും ഉപസംഹരിച്ച് നല്ലപോലെ പ്രസന്നനായി സ്വപ്‌നം കാണാതിരിക്കുമ്പോള്‍ ജീവന്‍ നാഡികളില്‍ കൂടി ഹൃദയാകാശത്ത് കടക്കുന്നു. അപ്പോള്‍ അതിനെ ഒരു പാപവും തൊടുകപോലുമില്ല. ആ ജീവന്‍ തേജസ്സിനാല്‍ പൂര്‍ണ്ണനായിത്തീരുന്നു.
സുഷുപ്തിയില്‍ സൗര തേജസ്സ് നിറഞ്ഞ നാഡികളിലൂടെ ആത്മാവ് ഹൃദയാകാശത്തില്‍ പ്രവേശിച്ച് സ്വരൂപത്തില്‍ വിളങ്ങുന്നു. അപ്പോള്‍ ദേഹം, ഇന്ദ്രിയങ്ങള്‍ എന്നിവയുമായി ബന്ധമില്ലാത്തതിനാല്‍ ധര്‍മ്മ, അധര്‍മ്മ രൂപങ്ങളായ പാപങ്ങളൊന്നും ആത്മാവിനെ തീണ്ടുന്നില്ല. അറിവില്ലായ്മ നശിക്കാത്തതിനാല്‍ ഉണരുമ്പോള്‍ വീണ്ടും ദ്വൈതാനുഭവം ഉണ്ടാകും.
അഥ യത്രൈതദബലിമാനം നീതോ ഭവതി...
ഇങ്ങനെ കഴിയുമ്പോള്‍ ഇയാള്‍ മരണാസന്നനായി ബലമില്ലാതായിത്തീരുമ്പോള്‍ ചുറ്റും നില്‍ക്കുന്ന വേണ്ടപ്പെട്ടവര്‍ എന്നെ അറിയുമോ? എന്നെ അറിയുമോ? എന്നു ചോദിക്കും. ആത്മാവ് ഈ ശരീരത്തില്‍ നിന്ന് പോകാത്തിടത്തോളം കാലം അയാള്‍ അവരെ അറിയും.
മരിക്കാറായി കിടക്കുന്നയാള്‍ക്ക് ബോധമുണ്ടോ എന്നറിയാനാണ് ആളുകള്‍ ഇങ്ങനെ ചോദിക്കുന്നത്.
അഥ യത്രൈ തസ്മാ ച്ഛരീരാദുത് ക്രാമതി...
പിന്നെ ഈ ശരീരത്തില്‍ നിന്ന് ആത്മാവ് പുറത്തു പോകുമ്പോള്‍ ആദിത്യന്റെ രശ്മികളില്‍ തട്ടിയാണ് മുകളിലേക്ക് പോകുന്നത്. ആ ജീവന്‍ ഓം എന്ന് ധ്യാനിച്ചാണ് മുകളിലേക്ക് പോകുക. എത്ര സമയം കൊണ്ട് മനസ്സ് എത്തുമോ അത്ര സമയത്താല്‍ ആദിത്യനിലെത്തും. ഇതാണ് ബ്രഹ്മലോകത്തിലേക്കുള്ള ദ്വാരം. വിദ്വാന്‍ ഇതിലൂടെ ബ്രഹ്മലോകത്തെത്തും. അവിദ്വാന്‍മാര്‍ക്ക് നിരോധ സ്ഥാനമാണ്.
ജ്ഞാനികള്‍ ബ്രഹ്മലോകത്തെത്തുന്ന വഴിയെപ്പറ്റിയാണ് പറഞ്ഞത്. അജ്ഞാനികള്‍ക്ക് ഇതുവഴി പോകാനുമാവില്ല. മനസ്സിന്റെ വേഗത്തിലാണ് ഈ യാത്ര.
ഇതേപ്പറ്റി ഒരു ശ്ലോകമുണ്ട്
ശതം ചൈകാ ച ഹൃദയസ്യ നാഡ്യാസ്താ
സാം മൂര്‍ദ്ധാനമഭിനിഃ സൃതൈകാ,
തയോര്‍ദ്ധ്വമായന്നമൃതത്വമേതി വിഷ്വങ്ങന്യാ
ഉത്ക്രമണേ ഭവന്തി, ഉത്ക്രമണേ ഭവന്തി.
ഹൃദയത്തില്‍ നിന്ന് 101 നാഡികള്‍ പുറപ്പെടുന്നുണ്ട്. അതിലൊന്ന് ശിരസ്സിനു നേരെ പോകുന്നു. ആ സുഷുമ്‌നാ നാഡിയിലൂടെ പ്രാണനെ മുകളിലേക്ക് അയയ്ക്കുന്നയാള്‍ മരണമില്ലാത്തവനായിത്തീരുന്നു. അല്ലാത്തവര്‍ക്ക് പലതരത്തിലുള്ള സംസാരഗതി ഉണ്ടാകുന്നു.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം
No comments:
Post a Comment