Sunday, July 22, 2018

ശ്രീവേദവ്യാസന്റെ ഉള്ളില്‍ ഒളിഞ്ഞുകിടന്ന യഥാര്‍ത്ഥ ഭാവം ഭഗവാനോടുള്ള നിത്യനിരന്തര പ്രേമമായിരുന്നു. തന്റെ യഥാര്‍ത്ഥ ഭാവത്തെപ്പറ്റി പറയാതെ മറ്റു പലതും പറഞ്ഞതിനാല്‍ പറയേണ്ടതു പറഞ്ഞ സംതൃപ്തിയുണ്ടായില്ല. അവസാനം, ശ്രീ നാരദ മഹര്‍ഷിയുടെ ഉപദേശത്താല്‍, ഉള്ളില്‍ പൂത്തുലഞ്ഞുനിന്നിരുന്ന ഭക്തി മറയില്ലാതെ പുറത്തുവന്നതുകൊണ്ട് തൃപ്തിയുണ്ടായി, പരമാനന്ദമുണ്ടായി.

ഭഗവദ്പ്രേമത്തെക്കുറിച്ചു വാതോരാതെ പാടിക്കൊണ്ടുനടക്കുന്ന ശ്രീമദ്ഭാഗവതം, ഇതാ, യുഗയുഗാന്തരങ്ങളായി ഹൃദയത്തില്‍നിന്നും ഹൃദയത്തിലേക്ക് സംക്രമിച്ചുകൊണ്ടിരിക്കുന്നു. പറയുംതോറും, കേള്‍ക്കുംതോറും അതിന്റെ ആഴവും പരപ്പും ആനന്ദവും വര്‍ദ്ധിച്ചുവരുന്നു.

ഭക്തിയേക്കാളുപരിയായി ഇവിടെ ആനന്ദമുള്‍ക്കൊള്ളുന്ന യാതൊന്നുംതന്നെയില്ലെന്നറിയുക. സത്യവുമായി താദാത്മ്യം പ്രാപിച്ച ഓരോ മഹാഭാഗ്യവാനും ഭഗവാനുമൊത്തുള്ള ഭക്തിരസത്താല്‍ നിരന്തരമായി ആറാടിയിരുന്നവരാണ്.
ഉള്ളിലുള്ള ഈ ഭക്തിയെ, അതിനെ മാത്രം കറയില്ലാതെ, കൂട്ടിച്ചേര്‍ക്കലുകളില്ലാതെ, ലജ്ജ അല്പംപോലുമില്ലാതെ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുക. അതില്‍ ആനന്ദമുണ്ടാകുന്നു, അതു കേള്‍ക്കുന്നവരിലേക്കും വ്യാപിക്കുന്നു. ഇവിടെ തൃപ്തിപ്പെടുത്തേണ്ടത് അവനവന്റെ അന്തര്യാമിയെ മാത്രമാണ്; ലോകത്തെ യാതൊന്നും കാണിക്കാനില്ല, തൃപ്തിപ്പെടുത്താനുമില്ല. ഈ അന്തര്യാമി തൃപ്തിപ്പെട്ടാല്‍ മറ്റെല്ലാവരും അതുകൊണ്ടു തൃപ്തിപ്പെട്ടുകൊള്ളും.

No comments: