Friday, July 13, 2018

ബൃഹദാരണ്യകോപനിഷത്ത്- 1
ദശോപനിഷത്തുക്കളില്‍ ഏറ്റവും വലിയ ഉപനിഷത്താണ് ബൃഹദാരണ്യകം. ശുക്ല യജുര്‍വേദത്തിലെ ശതപഥ ബ്രാഹ്മണത്തിലാണ് ബൃഹദാരണ്യകോ പനിഷത്ത്. ശതപഥ ബ്രാഹ്മണത്തിന് പ്രധാനമായും രണ്ട് ശാഖകള്‍ ഉണ്ട്. 14 കാണ്ഡങ്ങളുള്ള മാധ്യദിന ശാഖയും 17കാണ്ഡങ്ങളുള്ള കാണ്വശാഖയും. ഇവയുടെ അവസാന കാണ്ഡങ്ങള്‍ ആരണ്യകമാണ്.
മാധ്യദിന ശാഖയിലെ അവസാന കാണ്ഡത്തില്‍ 4 മുതല്‍ 9 വരെയും കാണ്വശാഖയിലെ അവസാന കാണ്ഡത്തില്‍ 1 മുതല്‍ 8 വരെയുമുള്ള അദ്ധ്യായങ്ങളെയാണ് ബൃഹദാരണ്യകോപനിഷത്ത് എന്ന് പറയുന്നത്.
ഇതിനെ വളരെ പഴക്കമുള്ള ഉപനിഷത്തായി കണക്കാക്കുന്നു. ബൃഹത് എന്നാല്‍ വലുത്. അതിലെ വിഷയങ്ങളുടെ വലുപ്പവും ആഴവും മഹത്തരമാണ്.
 ബൃഹദാരണ്യകോപനിഷത്തിലെ ആറ് അദ്ധ്യായങ്ങളെ മൂന്ന് കാണ്ഡങ്ങളായി തിരിച്ചിട്ടുണ്ട്. മധു കാണ്ഡം, യാജ്ഞവല്‍ക്യ കാണ്ഡം അഥവാ മുനി കാണ്ഡം, ഖിലകാണ്ഡം എന്നിങ്ങനെയാണത്. ഇവ ക്രമത്തില്‍ ഉപദേശം, ഉപസത്തി, ഉപാസന എന്നിവയെ വിവരിക്കുന്നു.
6 അദ്ധ്യായങ്ങളെ 47 ബ്രാഹ്മണങ്ങളായി തിരിച്ചിട്ടുണ്ട്.
ഓരോ കാണ്ഡത്തിന്റെയും അവസാനം വംശപരമ്പര പ്രത്യേകം പറയുന്നതിനാല്‍ അവ വളരെ വിശിഷ്ടങ്ങളാണെന്ന് കരുതുന്നു. രണ്ട് മഹാ വാക്യങ്ങളാണ് ഈ ഉപനിഷത്തില്‍.
'അയമത്മാ ബ്രഹ്മ' എന്ന അനുസന്ധാന വാക്യവും 
'അഹം ബ്രഹ്മാസ്മി' എന്ന അനുഭവ വാക്യവും  ഈ ഉപനിഷത്തില്‍ വരുന്നുണ്ട്.
'അസതോ മാ സദ്ഗമയ
തമസോ മാ ജ്യോതിര്‍ഗമയ
മൃത്യോര്‍ മാ അമൃതംഗമയ' എന്ന  പ്രാര്‍ത്ഥനയും ഇതിലാണ്. 'ആത്മാ വാ അരേ ദ്രഷ്ടവ്യ: ശ്രോതവ്യോ മന്തവ്യോ നി ദിദ്ധ്യാസിതവ്യഃ' എന്ന ഉപദേശ വാക്യവും 'അഭയം വൈ ബ്രഹ്മ'എന്ന ലക്ഷണ വാക്യവും 'നേതി നേതി' എന്ന മാര്‍ഗ നിര്‍ദേശകവാക്യവും 'ആത്മനസ് തു കാമായ സര്‍വ്വം പ്രിയം ഭവതി, വിജ്ഞാതാരമരേ കേന വിജാനീയാത്' എന്നീ ആത്മ നിര്‍ദ്ധാരക വാക്യങ്ങളും ഉള്‍പ്പടെയുള്ളവ ബൃഹദാരണ്യകത്തിന്റെ സംഭാവനയാണ്.
 ശങ്കരാചാര്യസ്വാമികള്‍ ഭാഷ്യമെഴുതിയ ദശോപനിഷത്തുക്കളില്‍ ഇത്രയും വലിയ ഈ ഉപനിഷത്തും ഉള്‍പ്പെടും എന്നത് ശ്രദ്ധേയമാണ്. ഈ ശങ്കരഭാഷ്യത്തിന് സുരേശ്വരാചാര്യര്‍ വാര്‍ത്തികവും  വിദ്യാരണ്യ സ്വാമികള്‍ ഭാഷ്യസാരവും എഴുതിയിട്ടുണ്ട്.
യജ്ഞം യാഗം മുതലായ കര്‍മങ്ങള്‍ പ്രതീകമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാം അദ്ധ്യായം ആരംഭിക്കുന്നത്. ഈ കര്‍മങ്ങളെല്ലാം പരമാര്‍ഥ ജ്ഞാനത്തിലേക്ക് എത്തിക്കേണ്ടവയാണ്. ഒന്നാം അദ്ധ്യായത്തില്‍ 6 ബ്രാഹ്മണങ്ങള്‍ ഉണ്ട്.
ആദ്യത്തെ ബ്രാഹ്മണമായ അശ്വബ്രാഹ്മണത്തില്‍ അശ്വമേധയാഗത്തിലെ  യാഗാശ്വത്തെ പ്രപഞ്ചമെല്ലാം നിറഞ്ഞു നില്‍ക്കുന്ന പ്രജാപതിയായി സങ്കല്‍പ്പിച്ചിരിക്കുകയാണ്. അനിത്യവും നശ്വരവുമായ ഭൗതിക നേട്ടങ്ങളില്‍ നിന്ന് നിത്യവും അനശ്വരവുമായ ആദ്ധ്യാത്മിക ലക്ഷ്യത്തിലേക്കുള്ള പുരോഗതിയാണ് ഈ സങ്കല്‍പത്തിലൂടെ ചെയ്യുന്നത്. ഉപനിഷത്തിന്റെ ദൃഷ്ടിയില്‍, കര്‍മങ്ങള്‍ക്ക് പ്രാധാന്യമുള്ള വൈദിക യാഗങ്ങളെ ജ്ഞാനത്തിന്റെ പ്രതീകമായി ചിത്രീകരിച്ചിരിക്കുകയാണ്.
 രണ്ടാമത്തേത് അഗ്‌നി ബ്രാഹ്മണമാണ്. അശ്വമേധ യാഗത്തിലെ അഗ്‌നിയുടെ ഉദ്ഭവത്തെയും സ്വരൂപത്തേയും ഇവിടെ വിവരിക്കുന്നു. പിന്നെ പ്രപഞ്ച ഉല്‍പ്പത്തിയെപ്പറ്റി പറയുന്നു. അഗ്‌നിയെ പ്രജാപതിയായും ഹിരണ്യഗര്‍ഭനായും ഉപാസിക്കാന്‍ നിര്‍ദേശിക്കുന്നു.
 മൂന്നാമത്തെ ഉദ്ഗീഥബ്രാഹ്മണത്തില്‍ ആദ്ധ്യാത്മിക സത്യത്തെ അറിയിക്കാനായി ദേവന്മാരും അസുരന്‍മാരും തമ്മിലുള്ള വിരോധത്തെ പറയുന്നു. ഇന്ദ്രിയങ്ങളേക്കാള്‍ പ്രാണനുള്ള മഹാത്മ്യത്തെക്കുറിച്ചും വിശദമാക്കുന്നു.
janmabhumi

No comments: