Friday, July 13, 2018

പണ്ടൊരാള്‍ ജീവിതത്തില്‍ വേദാന്തം പരീക്ഷിച്ച കഥ അമ്മ സരസമായി വിവരിച്ചു.
''ഒരു യുവാവുണ്ടായിരുന്നു. അയാള്‍ ഒരു ജോലിക്ക് എത ശ്രമിച്ചിട്ടും കിട്ടിയില്ല. അങ്ങിനെയിരിക്കെ അയാള്‍ക്കു തോന്നി. തൊഴിലൊന്നും ഇല്ലല്ലോ. സമയം ധാരാളം ഉണ്ടുതാനും. വേദാന്തം കുറച്ചു പഠിച്ചു കളയാം. ആദ്യമായി ആദിശങ്കരന്റെ പ്രകരണ ഗ്രന്ഥമായ 'വിവേകചൂഡാമണി' തന്നെ പഠിക്കാന്‍ ആരംഭിച്ചു. അയാള്‍ ആ പുസ്തകം എപ്പോഴും കയ്യില്‍ കൊണ്ടുനടക്കും. അതോടൊപ്പം ജോലിക്കുള്ള അന്വേഷണവും തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ജോലിയും ശരിയാവുന്നില്ലെന്നു കണ്ടപ്പോള്‍ ആദ്യം നീരസവും വൈരാഗ്യവും വരാതിരുന്നില്ല. ഉടനെ ബ്രഹ്മതത്ത്വം മനസ്സില്‍ ഓര്‍ത്തു. ''ജോലിയൊന്നും കിട്ടിയില്ലെങ്കിലെന്താ! ജോലിയുള്ളവരെല്ലാം ഞാന്‍തന്നെ. അവരുടെ സമ്പാദ്യവും എന്റേതു തന്നെ.''ഒരു ദിവസം അയാള്‍ക്കൊരു യുക്തി തോന്നി. വേദാന്തതത്ത്വം പരീക്ഷിച്ചു നോക്കാം. വിശപ്പടക്കാനായി അയാള്‍ ഒരു ഹോട്ടലില്‍ കയറിച്ചെന്നു. എല്ലായിടത്തും ഒന്നു കണ്ണോടിച്ചു. മാനേജറും, ജോലിക്കാരും, ഭക്ഷണം കഴിക്കുന്നവരും എല്ലാം ഞാന്‍ തന്നെ. കൂസലില്ലാതെ അയാള്‍ വയറു നിറച്ചു ഭക്ഷിച്ചു. ബില്ലു കിട്ടിയപ്പോള്‍ അയാള്‍ ചിന്തിച്ചു,''ഇതെന്തിനാണ്? ഇതിന്റെ ആവശ്യമില്ല.ഹോട്ടലുടമ താന്‍ തന്നെയല്ലേ ?''കാഷ്യറുടെ മേശക്കരികിലെത്തിയപ്പോള്‍, മാനേജര്‍ സീറ്റിലില്ലായിരുന്നു. ഒരു നിമിഷം എന്തോ ആവശ്യത്തിന് പോ
യതായിരുന്നു. നമ്മുടെ യുവാവ് മേശവലിപ്പില്‍ നിന്നും കുറച്ചു നൂറു രൂപാ നോട്ടുകള്‍ എടുത്ത് പോക്കറ്റിലിട്ടു. എല്ലാം ബ്രഹ്മമാണല്ലോ. ഇത് ആളുകള്‍ കണ്ടു, ബഹളമായി. പോലീസു വന്നു. ഇന്‍സ്പക്ടര്‍ ചോദിച്ചു മേശയില്‍ നിന്നും നിങ്ങള്‍ പണമെടുത്തുവോ എന്ന.് എന്നാല്‍ അയാളുടെ ഉത്തരം ഇപ്രകാരമായിരുന്നു; എന്റെ പണമാണ് ഞാന്‍ എടുത്തത്. ഈ ഹോട്ടലുടമയും ഞാനും 
തമ്മില്‍ ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല. ഒരേ ആത്മാവു വിവിധ രൂപത്തില്‍ വര്‍ത്തിക്കുന്നു. അയാള്‍ വിവേകചൂഡാമണിയിലെ ശ്ലോകങ്ങള്‍ ഉറക്കെ ചൊല്ലാന്‍ തുടങ്ങി. ജനങ്ങള്‍ വിചാരിച്ചു, അയാള്‍ക്കു ചിത്തഭ്രമമാണെന്ന്. എന്നാല്‍ ഇന്‍സ്‌പെക്ടര്‍ സമര്‍ത്ഥനായിരുന്നു. അയാള്‍ പറഞ്ഞു,'' ഇപ്പോള്‍ മനസ്സിലായി നിങ്ങള്‍ വേദാന്തം പഠിക്കുന്ന വിദ്യാര്‍ത്ഥിയാണെന്ന്. നിങ്ങളുടെ വേദാന്തപഠനം പൂര്‍ത്തിയായിട്ടില്ല. ബാക്കിയുള്ളത് ഞാന്‍ പഠിപ്പിച്ചു തരാം.''
ഇന്‍സ്‌പെക്ടറുടെ ലാത്തി അയാളുടെ ശരീരത്തില്‍ രണ്ടു തവണ പതിഞ്ഞപ്പോഴേക്കും അയാള്‍ നിലവിളിച്ചുകൊണ്ട് പറഞ്ഞു, അയ്യോ തല്ലരുതേ, കരുണ കാട്ടണേ എന്ന്
കരുണയോ? ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. ആര്‍ക്കാണ് കരുണവേണ്ടത്? ബ്രഹ്മത്തിനോ? ബ്രഹ്മത്തിന് ആരുടേയും കരുണ ആവശ്യമില്ല. നീ ബ്രഹ്മം. ഞാനും ബ്രഹ്മം. ഈ ലാത്തിയും ബ്രഹ്മം. അടിയും ബ്രഹ്മം. വേദനയും ബ്രഹ്മം. എല്ലാം ബ്രഹ്മമയം.
 അമ്മ ചിരിച്ചുകൊണ്ടു ചോദിച്ചു, ഇവിടെ ആരാണ് വേദാന്തി? യുവാവോ ഇന്‍സ്‌പെക്ടറോ? തന്റെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കാന്‍ വേദാന്തത്തെ കൂട്ടുപിടിക്കുന്നത് എന്തൊരു അധഃപതനമാണ്.അമ്മ പറഞ്ഞു.
remadevi

No comments: