Friday, July 06, 2018

ഭഗവാന്റെ വിഗ്രഹം, ദീപം,സാളഗ്രാമം മുതലായ വിഭൂതികളില്‍ നടത്തുന്ന പൂജകള്‍ ഭഗവാന്റെ മുന്നില്‍ ദീപം,നിവേദ്യം, ആരതി മുതലായവ സമര്‍പ്പിക്കുന്നത്, ക്ഷേത്രങ്ങളും തിരുമുറ്റവും കഴുകിത്തുടച്ച് വൃത്തിയാക്കുന്നത്, അരിമാവുകൊണ്ട് കോലങ്ങളും നാമങ്ങളും നിര്‍മ്മിക്കുന്നത് മുതലായവ ഭഗവാനുമായി നേരിട്ടുതന്നെ ബന്ധപ്പെടുന്നതുകൊണ്ട്- തദര്‍ഥീയം- തന്നെ എന്ന് പറയേണ്ടതില്ല.
ഭഗവാനെ പൂജിക്കാനുള്ള പുഷ്പങ്ങള്‍ വിരിയുന്ന ചെടികള്‍ നട്ടുവളര്‍ത്തി ഉദ്യാനം നിര്‍മ്മിക്കുക, നിവേദ്യത്തിന് വേണ്ടുന്ന ധാന്യം വിളയിക്കുന്ന പാടങ്ങള്‍ നിര്‍മ്മിക്കുക, ഉത്സവാദികള്‍ നടത്താനുള്ള ധനം സമാര്‍ജിക്കുക- ഇവ ഭഗവാനുമായി നേരിട്ടു ബന്ധപ്പെടുന്നില്ലെങ്കിലും, ഭഗവാന്റെ കര്‍മ്മങ്ങള്‍ തന്നെയാണ്. (=തേച്ച അതിവ്യവഹിതമപി)- അതിനാല്‍- 'സത്'- 'ഇതി അഭിനീയതേ' ശ്രേയസ്‌കരമായ- ഭഗവത്പാദ പ്രാപ്തിക്കു കാരണമായ കര്‍മ്മം തന്നെയാണ് എന്നാണ് ശ്രീധരാചാര്യര്‍ പറയുന്നത്.
ഓം തത് സത്- ഭഗവാന്റെ ബ്രഹ്മഭാവവും പരമാത്മാഭാവവും ഭഗവദ് ഭാവവും ഉള്‍ക്കൊള്ളുന്ന ഒരു നാമമാണെന്നും, ആ നാമത്തിന്റെ അവയവങ്ങളാണ്- ഓം, തത്, സത് എന്ന മൂന്നു പദങ്ങളെന്നും നാം മനസ്സിലാക്കുക അത്യാവശ്യമാണ്.യജ്ഞം, തപസ്സ്, ദാനം മുതലായ വൈദികകര്‍മ്മങ്ങളും, മന്ത്രങ്ങള്‍, സൂക്തങ്ങള്‍, അനുവാകങ്ങള്‍ ഇവ ആരംഭിക്കുന്നതിനു മുമ്പേ ഓംകാരം ഉച്ചരിക്കണം. കര്‍മ്മങ്ങളും ജപങ്ങളും സമാപിച്ചാല്‍ 'ഓം തത് സത്' എന്ന പൂര്‍ണമായി ഈ നാമം ഉച്ചരിക്കുകയും വേണം. ഇതിഹാസ പുരാണങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ സര്‍ഗങ്ങളും, അധ്യായങ്ങളും ആരംഭിക്കുന്നതിന് മുന്‍പേ 'ഓം' കാരം ഉച്ചരിക്കണം. അധ്യായങ്ങളും സര്‍ഗങ്ങളും പൂര്‍ത്തിയായാല്‍ 'ഓം തത് സത്' എന്ന നാമത്രയം ഉച്ചരിച്ചതിനുശേഷം മാത്രമേ, സര്‍ഗ-അധ്യായങ്ങളുടെ സമാപ്തിവാക്യങ്ങള്‍ ചെല്ലാവൂ. 'ഓം തത് സത്' ഇതി ശ്രീമദ് ഭാഗവതേ എന്ന് ഉദാഹരണം.
യജ്ഞാദികര്‍മങ്ങളിലും മന്ത്രജപങ്ങളിലും പുരാണപാരായണങ്ങളിലും സംഭവിച്ചേക്കാവുന്ന വൈകല്യങ്ങള്‍ തീരുവാനും, സാത്ത്വികഭാവം ഉള്‍ക്കൊള്ളുവാനും ഭഗവാനുമായി ബന്ധം നിലനിര്‍ത്താനും ഓം തത് സത് എന്ന മഹാനാമം അവശ്യമായും ഉച്ചരിക്കേണ്ടതാണ് എന്ന് ആചാര്യന്മാര്‍ പറയുന്നു.
janmabhumi

No comments: