Sunday, July 01, 2018

*മനസ്സ്*

*ഈശ്വരന്റെ വിലപ്പെട്ട സമ്മാനം*
*ആധുനിക ശാസ്ത്രത്തിന് ഇന്നും അജ്ഞാതമായൊരു വിഷയമാണ് മനസ്സെന്ന പ്രതിഭാസം*

എന്താണ് മനസ്സ്

ഒരാളുടെ ഹൃദയം എവിടെ സ്ഥിതി ചെയ്യുന്നുവെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. ഹൃദയസംബന്ധിയായ രോഗങ്ങള്‍, ക്ഷതങ്ങള്‍ എല്ലാം തിരിച്ചറിയാനും ചികിത്സിക്കാനും ഇന്ന് ആധുനിക സംവിധാനങ്ങളുണ്ട്. എന്നാല്‍ മനസ്സ് എവിടെ സ്ഥിതി ചെയ്യുന്നുവെന്ന് ദര്‍ശിക്കാനും, വിശദീകരിക്കാനും കഴിയാതെപോയി. മനസ്സുമായി ബന്ധപ്പെട്ട പിരിമുറുക്കം ഏവര്‍ക്കും സുപരിചിതവുമാണ്.
'മനസ്സ്' സ്ഥൂല ശരീരത്തിനുള്ളിലെ സൂക്ഷ്മ ശരീരമാണ്. ഈ മനസ്സാണ് മനുഷ്യന് സ്വര്‍ഗ്ഗവും നരകവും സൃഷ്ടിച്ചുകൊടുക്കുന്നത്. നമ്മുടെ ബന്ധുവും ശത്രുവും മനസ്സുതന്നെ.
'മനഃ ഏക മനുഷ്യാണാം കാരണം

ബന്ധമോക്ഷയോ'' എന്നത് ഇതിനെ ദൃഢീകരിക്കുന്നു. മനസ്സിനെ നിയന്ത്രിച്ച് കീഴടക്കിയാല്‍ അത് സ്വര്‍ഗ്ഗവും നിയന്ത്രണവിധേയമാക്കാതെ ഇന്ദ്രിയങ്ങളുടെ പുറകെ പോയാല്‍ അത് 'നരക'വും സൃഷ്ടിക്കുന്നു. മനസ്സിനെ നിയന്ത്രിക്കുന്നത് കാറ്റിനെ പിടിച്ചുകെട്ടുന്നപോലെ ദുഷ്‌കരമാണെന്ന് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞു: ''അര്‍ജ്ജുനാ മനസ്സ് ദുര്‍നിഗ്രവും ചഞ്ചലവുമാണെന്നത് ശരിതന്നെ. എന്നാല്‍ അഭ്യാസവും വൈരാഗ്യവുമാകുന്ന രണ്ടു കയറുകളെക്കൊണ്ട് മനസ്സിനെ പിടിച്ചുകെട്ടാവുന്നതാണ്.

എല്ലാറ്റിനും 'പ്രശ്‌നക്കാരന്‍' മനസ്സാണ്. മനസ്സിനെ മനസ്സിലാക്കലാണ് ജ്ഞാനം. ഭാഗവതം നമ്മുടെ മനസ്സിനെ കാണിച്ചുതരുന്ന കണ്ണാടിയാണ്. ധ്യാനം ചെയ്യുംതോറും മനസ്സിന്റെ അഴുക്ക് ഇളകും. പാപങ്ങള്‍ ഉള്ളില്‍ കെട്ടിക്കിടക്കുന്ന അഴുക്കുകളാണ്. ഏതു പരിതഃസ്ഥിതിയിലും തളരുന്നത് നമ്മുടെ ദൗര്‍ബല്യമാണ്. നമ്മെ തളര്‍ത്തുന്നതും, ആദരണീയനാക്കുന്നതും മനസ്സാണ്. പാപമെന്നാല്‍ ദൗര്‍ബല്യത്തെ അംഗീകരിക്കലാണ്.

മനസ്സുണ്ടാക്കുന്ന ജയിലില്‍നിന്ന് പുറത്തുകടക്കുക. കൂടുതല്‍ മടിയന്മാരാണ് രോഗത്തിന് അടിമകളാകുന്നത്. ഒരര്‍ത്ഥത്തില്‍ വെറുതെ ഇരിക്കുന്നതാണ് രോഗം. വെറുതെ ഇരിക്കാതെ ശ്രേഷ്ഠമായ കര്‍മ്മം ചെയ്യുക.

ആത്മീയ പക്വത ഇല്ലായ്മ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തും.'ശ്രീരാമകൃഷ്ണപരമഹംസര്‍' തൊണ്ടയില്‍ 'കാന്‍സര്‍' ഉണ്ടായിട്ടും തളര്‍ന്നില്ല.

പ്രതിസന്ധിയില്‍ പതറുക, തളരുക സ്വാഭാവികം. പല കാരണങ്ങളാലും തളരും. ഒടുവില്‍ 'തളരല്‍' പാരമ്യത്തിലെത്തും; പിന്നെ കുറയും. ചിലത് വീണ്ടും വരും. തളരാത്ത അര്‍ജ്ജുനന്‍ കുരുക്ഷേത്രത്തില്‍ തളര്‍ന്നു. മനസ്സിലാണ് ഊര്‍ജ്ജം ഉണ്ടാക്കുന്നത്.

ഓരോരുത്തരും അവരുടെ ചുറ്റുപാടനുസരിച്ചും സാഹചര്യമനുസരിച്ചും കര്‍മ്മം ചെയ്യുന്നു. ഒരു ഡോക്ടര്‍ എന്‍ജിനീയറുടെ ജോലി ചെയ്യുന്നില്ല. സീത, കുന്തീദേവി, പാഞ്ചാലി എന്നിവരെല്ലാം മനസ്സിന്റെ ശക്തി അറിഞ്ഞവരാണ്; കണ്ടവരാണ്.

യജ്ഞത്തിലെ നെയ്യാണ് മനസ്സ്. വിവേകമാകുന്ന പ്രസാദമാണ് അതില്‍ നിന്ന് ലഭിക്കുന്നത്. ചഞ്ചലമായ മനസ്സിനെ ഏകാഗ്രമാക്കുമ്പോള്‍ ലഭിക്കുന്നത് ഒരു ശക്തിയാണ്. നദിക്ക് കുറുകെ 'ഡാം' നിര്‍മ്മിക്കുമ്പോള്‍ അത് ഒരു ശക്തിയാകുന്നപോലെ. മനസ്സിനെ ഉയര്‍ത്താന്‍ സജ്ജന സംസര്‍ഗ്ഗം വേണം. മനുഷ്യന്‍ കച്ചവട മനസ്സോടെ പലതും വീക്ഷിക്കുന്നു. കാണുന്നതിനെല്ലാം വില നിശ്ചയിക്കുന്നു. മനുഷ്യന്‍ ഒരു മണ്‍കുടമാണ്.

പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ തന്നില്‍ ഉറച്ചു നില്‍ക്കുന്നവനാണ് യോഗി. കണ്ണു കാണുന്നവനാണ് വീഴുന്നത്. കണ്ണു കാണാത്തവന്‍ വീഴുന്നില്ല. കാരണം അവന് ജാഗ്രതയുണ്ട്. ബുദ്ധിയിലാണ് എല്ലാം പ്രകടമാകുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മനസ്സാണ്. മനസ്സില്‍ നിന്നാണ് എല്ലാം ജാതമാകുന്നത്.

ആത്മാവിനെ 'കട്ട' കള്ളനാണ് മനസ്സ്. ചഞ്ചലമനസ്സുള്ളവന് സമാധാനം കിട്ടില്ല. മനസ്സ് ഏതേതു വിഷയങ്ങളില്‍ സഞ്ചരിക്കുന്നുവോ ആ വിഷയങ്ങളില്‍ 'നിയമനം' ലഭിക്കുന്നു.'കാമം' ഇന്ദ്രിയങ്ങളുടെ തലത്തിലും സ്‌നേഹം മനസ്സിന്റെ തലത്തിലുമാണ്. എന്നാല്‍ പ്രേമം ശരീരതലത്തിലും ബുദ്ധിതലത്തിലും ചേര്‍ന്നതാണ്. സ്‌നേഹിക്കുമ്പോള്‍ ഒരു പ്രതീക്ഷയുണ്ട്.

കാമുകീകാമുകന്മാരുടെ സ്‌നേഹം അത്തരത്തിലുള്ളതാണ്. സ്‌നേഹിക്കപ്പെടണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. അത് കിട്ടാതെ വരുമ്പോള്‍ 'നിരാശ'യിലേക്ക് വഴുതിപ്പോകും. അപ്പോള്‍ സ്‌നേഹം ചാഞ്ചാടുന്നതാണ്. കൊടുക്കുന്ന സ്‌നേഹത്തിന്റെ അളവ് കുറച്ച് കുറവായി തിരിച്ചു തന്നാല്‍ അവരോട് സ്‌നേഹം കുറയുന്നു. അപ്പോള്‍ ഇഷ്ടമില്ലെങ്കില്‍ 'ലയം' ഇല്ല. നിയന്ത്രണത്തിന് വിധേയമായാല്‍ മനസ്സ് മഹാശക്തിയാണ്. സൈക്കിള്‍ടൂബില്‍ വായൂ നില്‍ക്കുന്നപോലെ.

ശരീരം ഉളളതുകൊണ്ടാണ് മനസ്സ് നിലനില്‍ക്കുന്നത്. മനസ്സ് മാറിയാല്‍ ജീവിതരീതിയാകെ മാറും. മനസ്സിന്റെ വികലചിന്തകള്‍ രോഗമുണ്ടാക്കുന്നു. മനസ്സിന് ബോധമുണ്ടാകണമെങ്കില്‍ ചൈതന്യത്തിന്റെ സാന്നിധ്യം വേണം.

മനസ്സ് സൂക്ഷ്മമാണ്. നമുക്ക് എവിടെ എത്തണമെന്ന് ചിന്തിച്ചാല്‍ മനസ്സ് അവിടെ എത്തും. വ്യക്തിയായാലും ദൃശ്യമായാലും അത് നമുക്ക് സ്‌ക്രീനില്‍ എന്നപോലെ കാട്ടിത്തരുന്നു. മനസ്സിന്റെ ശക്തിവര്‍ദ്ധിക്കുന്നതോടൊപ്പം സന്തോഷവും കൈവരുന്നു. ഇന്ദ്രിയങ്ങളാണ് മനസ്സില്‍ ആധിപത്യം ചെലുത്തുന്നത്. കണ്ണു തുറക്കണമെങ്കില്‍ മനസ്സ് പറയണം. മനസ്സിന്റെ ചലനം സത്യമാണ്. കണ്ണു തുടക്കുന്നതും, അടയ്ക്കുന്നതുമെല്ലാം മനസ്സിന്റെ നിര്‍ദ്ദേശപ്രകാരമാണ്. എന്നാല്‍ മനസ്സ് എല്ലാ ചലനങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.

മൗനം: ചിന്തയില്‍നിന്ന് വിട്ടുനില്‍ക്കുന്ന അവസ്ഥയാണ് മൗനം- അഥവാ ശാന്തഭാവം. ഈ ശാന്തഭാവം വികസിപ്പിച്ചു കൊണ്ടുവന്നാല്‍ സത്യം വ്യാപ്തമാകും. ചിന്തകളില്‍ നിന്നുയരാന്‍ കഴിയും. 'ശാന്തഭാവ'മാണ് ഏറ്റവും വലിയ സത്യം. മറ്റുള്ളവയെല്ലാം മനസ്സില്‍ വന്നുപോകുന്നതാണ്. യഥാര്‍ത്ഥത്തില്‍ 'ശാന്തത'യില്‍ നിന്നാണ് നാം വന്നത്. ശാന്തത അശാന്ത ഭാവത്തില്‍ ഒട്ടി നില്‍ക്കുമ്പോഴാണ് പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിയാന്‍ പറ്റാതെ വരുന്നത്. പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിയാന്‍-മാറി നില്‍ക്കാന്‍- ആത്മീയത വേണം. സത്യത്തെ ദര്‍ശിക്കലാണ് ആത്മീയത.

ഒന്നിനോട് ആകര്‍ഷണം കൂടുന്തോറും മറ്റൊന്നിനോടുള്ള ആകര്‍ഷണം കുറയും. നമുക്ക് ഒരു പുതിയ വാഹനമോ, വീടോ കൈവന്നാല്‍ അതുവരെ ഉപയോഗിച്ച വാഹനത്തോടും വീടിനോടും 'മമത' കുറയുന്നപോലെയാണിത്. മനസ്സ് മറ്റൊന്നിലേക്ക് മാറ്റപ്പെടുമ്പോള്‍ അത് മനഃശാസ്ത്രപരമായ ഒരു ചികിത്സയായി മാറുന്നു. ശ്രദ്ധ തിരിച്ചുകൊണ്ടുള്ള ചികിത്സ 'സ്പിരിച്വ'ലാണ്. ക്ഷേത്രത്തില്‍ പോകുന്നതും ഒരു 'സൈക്കോളജിക്കല്‍ ട്രീറ്റ്‌മെന്റാണ്.'

മനസ്സും, പരമാത്മാവും തമ്മില്‍ വിടവ് ഉണ്ടാകരുത്. ഉപ്പും, വെള്ളവും വേര്‍തിരിക്കാന്‍ പറ്റാത്ത അവസ്ഥ. ഈശ്വരന്‍ നമ്മളില്‍നിന്നും വ്യത്യസ്തനല്ല. ഇത് ഹിന്ദുവിന്റെ കാതലായ തത്ത്വമാണ്. ഞാനും ദൈവത്തിന്റെ ഭാഗമാണ്. 'തത്ത്വമസി', അഹം ബ്രഹ്മാസ്മി എന്നീ മഹത്‌വാക്യങ്ങള്‍ ഇതിനെ സാധൂകരിക്കുന്നു.'മനസ്സ്' ഈശ്വരന് അവകാശപ്പെട്ടതാണ് എല്ലാവരും ഒരു പരമസത്യത്തിന്റെ അംശമാണ്.

സ്‌നേഹം എന്നു പറയുന്നത്

സഹകരണം, സമര്‍പ്പണം, സ്വീകരണം എന്നിവയില്‍ കൂടിയാണ് സ്‌നേഹപ്രകടനം നടക്കുന്നത്. മനസ്സ് എവിടെ ചെന്നാണ് ലയിക്കേണ്ടത്? ശരീരത്തിലല്ല, ബന്ധത്തിലല്ല, മനസ്സ് ലയിക്കേണ്ടത് ഭഗവാനിലാണ്. മനസ്സിന്റെ ഉറവിടം ഉള്ളില്‍ നിറഞ്ഞിരിക്കുന്ന ചൈതന്യമാണ്. മനസ്സിനെ വേണ്ടവിധം മെരുക്കിയെടുക്കാനാണ് വ്രതാനുഷ്ഠാനങ്ങള്‍ ചെയ്യുന്നത്.
മനസ്സിനെ സ്വച്ഛമാക്കാന്‍ 'എന്റേത്' എന്നതിനെ ഉപേക്ഷിക്കണം. ആഗ്രഹങ്ങള്‍ എല്ലാം മനസ്സില്‍ നിന്നാണ് വരുന്നത്. മനസ്സിന്റെ ജയമാണ് യഥാര്‍ത്ഥ ജയം. പ്രപഞ്ച വസ്തുക്കള്‍ക്ക് മുഴുവന്‍ കാരണം മനസ്സ് രചിക്കുന്ന പതിപ്പുകളാണ്. മനസ്സിലാണ് പ്രപഞ്ചം മുഴുവന്‍ ഊന്നി നില്‍ക്കുന്നത്.

ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളും (ലോകവും) മനസ്സുണ്ടാക്കുന്നതാണ്. മനസ്സിനെ ചികിത്സിച്ച് സുന്ദരമാക്കണം. ദ്രവ്യങ്ങളില്‍ സൂക്ഷ്മമായ ഒരു 'എനര്‍ജി'യാണ് മനസ്സ്. തത്ത്വമറിയുന്നവന്റെ മനസ്സ് കൂണ്‍ വിരിയുന്നപോലെയാണ്. ധ്യാനം, വൈരാഗ്യം, രാഗം എല്ലാം ഒന്നിലേക്ക് മനസ്സിനെU തിരിച്ചുകൊണ്ടുവരാനാണ്.

മനസ്സിന് സങ്കല്പശക്തിയുണ്ട്. ശരീരത്തിന്റെ മാറ്റത്തിനനുസരിച്ച് മനസ്സ് മാറുന്നില്ല. മനസ്സ് ചഞ്ചലമായാല്‍ വേണ്ടതൊക്കെ മറന്നുപോകും. ഇന്ന് ആസ്വദിച്ച് ഭക്ഷണംപോലും കഴിക്കാന്‍ ആര്‍ക്കും സമയമില്ല. ഒരാള്‍ ദ്വേഷ്യപ്പെടുന്നുവെങ്കില്‍ അത് അയാള്‍ ഉണ്ടാക്കിയെടുത്ത സംസ്‌ക്കാരമാണ്. നിരന്തര അഭ്യാസം കൊണ്ടേ ഇതിനെ മാറ്റിയെടുക്കാന്‍ പറ്റൂ.

മാനസികമായി ഉയര്‍ന്നവരെയാണ് മറ്റുള്ളവര്‍ അംഗീകരിക്കുന്നത്, ബഹുമാനിക്കുന്നത്. ഒരാളെ ആദരണീയനാക്കുന്നതും അനാദരണീയനാക്കുന്നതും മനസ്സാണ്. ഭൗതിക നേട്ടങ്ങള്‍ എല്ലാം നേടിക്കഴിഞ്ഞിട്ടും മനസ്സ് എന്തുകൊണ്ട് സ്വസ്ഥമാകുന്നില്ല? നമ്മുടെ മനസ്സ് സത്യത്തില്‍ സര്‍വ്വ ഐശ്വര്യ സമ്പന്നതയുടെയും വിളനിലമായ മഹാ ലക്ഷ്മിയാണ്.

മനസ്സ് ഒരു 'സോഫ്ട്‌വെയ'റാണ്.
ശരീരം ഒരു 'ഹാര്‍ഡ്‌വെയറും'.

ശാന്തമായ മനസ്സ് നിശ്ചലമായ ജലം പോലെയാണ്. വിചാരം-ബുദ്ധിയും, വിവേകം-മനസ്സുമാണ്. ശ്രദ്ധിക്കേണ്ടത് സ്വന്തം മനസ്സിനെയാണ്. വിശ്വത്തോളം വിശാലത ഉണ്ടാക്കേണ്ട മനസ്സിനെ ചെറുതാക്കരുത്.

മനസ്സ് ലയിക്കേണ്ടത് ശരീരത്തിലോ ബന്ധനത്തിലോ അല്ല; മറിച്ച് ഭഗവാനിലാണ്. മനസ്സും ഭഗവാനും ഒന്നായിത്തീരുമ്പോള്‍ പരമശാന്തിയിലെത്തൂ


📜🕉 * ഹരി ഓം* 🕉📜

No comments: