Saturday, July 21, 2018

രാമായണ മാസാരംഭം

"ലോകാഭിരാമം രണ രംഗ ധീരം

രാജീവ നേത്രം രഘു വംശ നാദം

കാരുണ്യ രൂപം കരുണാകരന്ദം

ശ്രീരാമചന്ദ്രം ശരണം പ്രപദ്യേ"

*വരരുചിയുടെ കഥ*
🙏🙏🙏🙏🙏🙏🙏

*വിക്രമാദിത്യ രാജാവിന്റെ സദസ്സിലെ പണ്ഡിതരിൽ പ്രമുഖനായിരുന്നു വരരുചി.* പുരാണങ്ങളിലും, ശാസ്ത്രങ്ങളിലുമുള്ള വരരുചിയുടെ അഗാധ പാണ്ഡിത്യം മനസ്സിലാക്കിയ രാജാവിന്, വരരുചിയോട് പ്രത്യേകം താൽപ്പര്യം ഉണ്ടായിരുന്നു.
ഇത് മറ്റു പണ്ഡിതന്മാർക്ക് രസിച്ചിരുന്നില്ല.

      ഒരുദിവസം സദസ്സിലെത്തിയ പണ്ഡിതന്മാരോടായി രാജാവ് ഒരു ചോദ്യം ഉന്നയിച്ചു. *"രാമായണത്തിലെ പ്രധാന ശ്ലോകമേതാണ്? അതിലെ പ്രധാന വാക്യമേതാണ്?"*
ഇതിന് ഉത്തരം നൽകാൻ പണ്ഡിതന്മാർക്ക് ആർക്കും സാധിച്ചില്ല.ഒടുവിൽ ചോദ്യം വരരുചിയോടായി. പക്ഷേ, നിർഭാഗ്യമെന്ന് പറയട്ടെ! അദ്ദേഹത്തിനും ഈ ചോദ്യത്തിന് ഉത്തരം നൽകാനായില്ല.

    ഉടൻതന്നെ രാജകൽപ്പന വന്നു " ഈ ചോദ്യത്തിന് ഉത്തരം കണ്ടു പിടിക്കാൻ വരരുചിയ്ക്ക് *നാൽപ്പത്തിയൊന്ന് ദിവസത്തെ സമയം അനുവദിച്ചിരിക്കുന്നു.* അതിന് കഴിഞ്ഞില്ലെങ്കിൽ ഈ സദസ്സിൽ ഇനിമുതൽ വരരുചി എന്ന പണ്ഡിതനെ ആവശ്യമില്ല "
രാജാവിന്റെ വാക്കുകൾ കേട്ട വരരുചി, ഒന്നും മിണ്ടാതെ സദസ്സ് വിട്ടു. മറ്റുള്ള പണ്ഡിതന്മാരാകട്ടെ വരരുചിയുടെ സാന്നിധ്യം ഇനി ഈ സദസ്സിൽ ഉണ്ടാവുകയില്ലല്ലൊ എന്നോർത്ത്   ആഹ്ളാദിക്കുകയും ചെയ്തു.

    രാജസദസ്സിൽ നിന്നിറങ്ങിയ വരരുചി, പല നാടുംചുറ്റി, പല പണ്ഡിതൻമാരെയും കണ്ടു എങ്കിലും തന്റെ സമസ്യയുടെ ഉത്തരം അദ്ദേഹത്തിന് എവിടെ നിന്നും ലഭിച്ചില്ല. രാജാവ് അനുവദിച്ചു കൊടുത്തതിൽ മുപ്പത്തിയൊമ്പതുദിവസം
കഴിഞ്ഞു!!നാല്പതാം ദിവസം തളർന്നവശനായ വരരുചി, ഒരു ആൽമരച്ചുവട്ടിലെത്തി *"വനദേവതമാരെ! അടിയനെ രക്ഷിയ്ക്കണേ!! എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവിടെ തന്നെ കിടന്നുറങ്ങിപ്പോയി.*

   കുറച്ചു കഴിഞ്ഞപ്പോൾ വേറെ ചില വനദേവതമാർ ആൽമരത്തിൻമുകളിലുള്ള വനദേവതമാരുടെ അടുത്തെത്തിയിട്ട് പറഞ്ഞു: "ഇവിടെ അടുത്ത് ഒരു പ്രസവം നടക്കാൻ പോകുന്നു. അവിടെ നിന്ന് ചോരയും നീരും കുടിക്കാൻ ഞങ്ങളുടെ കൂടെ നിങ്ങളും വന്നോളൂ"ഇതു കേട്ട ആൽമരനിവാസികളായ ദേവതകൾ " കൂട്ടുകാരെ! ഈ മരച്ചുവട്ടിൽ കിടക്കുന്ന ബ്രാഹ്മണൻ ഞങ്ങളെ വിളിച്ച് പ്രാർത്ഥിച്ചിട്ടാണ് ഉറങ്ങിയത്.അദ്ദേഹത്തെ സംരക്ഷിക്കേണ്ട ചുമതല ഞങ്ങൾക്കുണ്ട്.അതുകൊണ്ട് നിങ്ങൾ പോയി തിരിച്ചു വരുമ്പോൾ ഇവിടെ വന്ന് അവിടുത്തെ വിശേഷങ്ങളൊക്കെ പങ്കുവെച്ചാൽ മതിയാകും"

    അല്ല സമയത്തിനു ശേഷം  പ്രസവഗൃഹത്തിൽ നിന്നും മടങ്ങിയെത്തിയ വനദേവതമാരോടായി ആൽമരത്തിലെ ദേവതകൾ ചോദിച്ചു "എന്തൊക്കെയുണ്ട് അവിടുത്തെ വിശേഷങ്ങൾ?" മറുപടിയായി അതിഥികളായ ദേവതകൾ " നല്ല വിശേഷം തന്നെ -ഒരു പറയക്കുടിലിലായിരുന്നു പ്രസവം നടന്നത്. ഒരു പെൺകുഞ്ഞാണ് അവിടെ ജനിച്ചത്. *"മാം വിദ്ധി ജനകാത്മജാം "*
 എന്ന പ്രധാന
വാക്യമടങ്ങുന്ന രാമായണ ശ്ലോകം കണ്ടുപിടിക്കാൻ കഴിയാതെ ഈ ആൽമരച്ചുവട്ടിൽ കിടന്നുറങ്ങുന്ന വരരുചി തന്നെയാണ് ആ പെൺകുഞ്ഞിന്റെ
ഭാവിവരൻ " എന്ന് അവരെ അറിയിച്ചു.

    വരരുചി ഉറക്കമുണർന്നതും കേട്ടത് ഈ ഒരു സംഭാഷണമായിരുന്നു. സമസ്യയുടെ ഉത്തരം കിട്ടിയ സന്തോഷത്താൽ അദ്ദേഹം പെട്ടന്ന് തന്നെ രാജകൊട്ടാരത്തിലേക്ക് പുറപ്പെട്ടു.

      രാജാവ് വരരുചിക്കായി അനുവദിച്ചു നൽകിയ *നാൽപ്പത്തിയൊന്നാം ദിവസം* !!
രാജാവും, പണ്ഡിതന്മാരും എല്ലാം സദസ്സിലെത്തി. എല്ലാവരുടെയും കണ്ണുകൾ വരരുചിയെ തേടിയായിരുന്നു -പെട്ടന്നതാ! എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്   വരരുചി സുസ്മേരവദനനായി സദസ്സിലേക്ക് എത്തുകയായി! അദ്ദേഹം രാജാവിനെയും, സദസ്സിനേയും വന്ദിച്ച് തന്റെ ഇരിപ്പിടത്തിലെത്തി.

    രാജാവ് ആകാംക്ഷാപൂർവ്വം വരരുചിയോട് ചോദിച്ചു "എന്താണ് ഇത്രയും വൈകിയത്? എന്റെ ചോദ്യങ്ങളുടെ ഉത്തരം അങ്ങേയ്ക്ക് കിട്ടിയോ?"
"ഉവ്വ് തിരുമനസ്സേ, ഞാൻ ഇപ്പോൾത്തന്നെ ഉത്തരം പറയാം". വരരുചി വിനയാന്വിതനായി മറുപടി കൊടുത്തു.

 *രാമം ദശരഥം വിദ്ധി*
 *മാം  വിദ്ധി ജനകാത്മജാ*
*അയോദ്ധ്യാമടവീം  വിദ്ധി*
*ഗച്ഛ താത യഥാ സുഖം"*
ഇതാണ് തിരുമനസ്സേ,രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം

*ഇതിലെ പ്രധാന വാക്യം "*മാം വിദ്ധി ജനകാത്മജാം* "
എന്നതാണ്.

ശ്രീരാമനും,ലക്ഷ്ണനും, സീതയും കൂടി വനവാസത്തിനൊരുങ്ങിയ സമയത്ത് ലക്ഷ്മണനോട്
സുമിത്ര ഉപദേശിക്കുന്ന താണിത്.

*ഈ ഒരു ശ്ലോകത്തെ പത്തു തരത്തിൽ വരരുചി വ്യാഖ്യാനിച്ചുവെന്നാണ് പറയപ്പെടുന്നത്.*
*"രാമനെ അച്ഛനായ ദശരഥനെപ്പോലെയും സീതയെ അമ്മയെപ്പോലെയും കാനനത്തെ അയോദ്ധ്യയായും കരുതണമെന്നാണ്* ഈ ശ്ലോകത്തിലൂടെ സുമിത്ര ഉപദേശിച്ചിരുന്നത്.

രാമ രാമ ഹരേ ഹരേ

കടപ്പാട്

No comments: