അച്ഛനുവേണ്ടി സത്യവതിയെ നേടിയ ഭീഷ്മര്‍, പിന്നീട് സത്യവതിയില്‍ ശന്തനുവിനു പിറന്ന തന്റെ ഭ്രാതാക്കളില്‍ ജ്യേഷ്ഠനായ ചിത്രാംഗദന്‍ ഗന്ധര്‍വ്വന്മാരുമായുണ്ടായ യുദ്ധത്തില്‍ അകാലത്തില്‍ തന്നെ വധിക്കപ്പെട്ടപ്പോള്‍ അനുജനായ വിചിത്രവീര്യനു വിവാഹം കഴിക്കാന്‍ വേണ്ടി കാശിരാജപുത്രിമാരുടെ സ്വയംവരത്തിലെത്തി വിവാഹോദ്യുക്തരായ മൂന്നുരാജപുത്രന്മാരേയും തന്റെ ബാഹുബലം കൊണ്ട്, അവിടെ സന്നിഹിതരായിരുന്ന സാല്വരാജാവുള്‍പ്പെടെ എല്ലാരാജാക്കന്മാരേയും തോല്‍പ്പിച്ച് നേടി ഹസ്തിനാപുരിയിലേക്ക് കൂട്ടിക്കൊണ്ടു വരുന്നു. മൂന്നു പേരേയും വിചിത്ര വീര്യന്റെ പത്‌നിമാരാക്കാനാണ് ഭീഷ്മര്‍ ഉദ്ദേശിക്കുന്നത്, എന്നു മനസ്സിലാക്കി മൂത്തരാജപുത്രിയായ അംബ, താന്‍ സാല്വനോട് ചേരാനാണ് ആഗ്രഹിച്ചിരുന്നതെന്ന് ബോധിപ്പിച്ചപ്പോള്‍ ഭീഷ്മര്‍ അവളെ സാല്വന്റെ അടുത്തേക്ക് അയച്ചെങ്കിലും അയാള്‍ ഭീഷ്മരെ ഭയന്ന് അംബയെ സ്വീകരിക്കുകയില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുന്നു. ആ സമയം, ഭീഷ്മര്‍ സ്വയം തന്നെ വിവാഹം കഴിക്കണമെന്ന് അംബ ശഠിക്കുന്നു. അത് ന്യായവുമായിരുന്നു. അതായിരുന്നു ധര്‍മ്മവും. എന്നാല്‍ തന്റെ സത്യത്തില്‍ ഉറച്ചു നിന്ന് ആ അനാഥയായ രാജപുത്രിയെ അങ്ങനെ തന്നെ ഉപേക്ഷിക്കുകയാണ് ഭീഷ്മര്‍ ചെയ്തത്.
ഗുരുവിന്റെ വാക്കിനെ ധിക്കരിക്കുന്നു
ഇങ്ങനെ പരിത്യക്തയായ അംബ ഭീഷ്മരുടെ ഗുരുവായ പരശുരാമനെ സമീപിച്ച് തന്റെ സങ്കടം പറയുന്നു. മനസ്സലിഞ്ഞ ഭാര്‍ഗവരാമന്‍ തന്റെ ശിഷ്യനായ ഭീഷ്മരോട് അംബയെ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ സത്യത്തിന്റെ പേരില്‍ ഗുരുവായ തന്റെ വാക്കിനെ ധിക്കരിച്ച ഭീഷ്മരോട് രാമന്‍ ദ്വന്ദയുദ്ധത്തിന് മുതിരുന്നു. ഇരുപത്തിനാലു ദിവസം ഗുരുവുമായി പോരടിച്ച് കീഴ്‌പ്പെടുത്തി ഭീഷ്മര്‍ അദ്ദേഹത്തെ ലജ്ജിപ്പിച്ചു മടക്കുന്നു. എന്നാല്‍ അംബ അടങ്ങിയില്ല. പിന്നീട് അംബ ഭീഷ്മരെ വധിക്കണമെന്ന ഉദ്ദേശത്തോടെ തപസ്സു ചെയ്യുകയും അനന്തരം ജീവത്യാഗം ചെയ്ത് തന്റെ അടുത്ത ജന്മത്തില്‍ ശിഖണ്ഡിയായി പിറക്കുകയും ഭീഷ്മരുടെ മരണത്തിന് കാരണഭൂതയാകുകയും ചെയ്തു, എന്നാണല്ലോ കഥ.
ഇത്രയും പറഞ്ഞത് ഭീഷ്മര്‍ സത്യത്തിനു വേണ്ടി ധര്‍മ്മത്തെ തിരസ്‌കരിക്കുകയായിരുന്നു എന്നു ചൂണ്ടിക്കാട്ടാനാണ്.അംബയോടു മാത്രമല്ല അദ്ദേഹം സ്വന്തം ഗുരുവിന്റെ വാക്കിനേയും തിരസ്‌ക്കരിക്കുകയും അദ്ദേഹത്തോട് അനാദരവ് കാട്ടുകയുമാണല്ലോ ഉണ്ടായത്. ..prof.kkk.namboodiri
No comments:
Post a Comment