Thursday, July 19, 2018

നചികേതസ്സ് തന്റെ നിശ്ചയത്തില്‍ ഉറച്ചുനിന്നു. എത്രതന്നെ ശ്രമിച്ചാലും ആത്മവിദ്യ സമ്പാദിക്കാനുള്ള ലക്ഷ്യത്തില്‍ നിന്ന് നചികേതസ്സ് പിന്മാറുകയില്ലെന്നറിഞ്ഞ യമധര്‍മ്മരാജാവ് അവനില്‍ സന്തുഷ്ടനായിത്തീര്‍ന്നു. പ്രലോഭനങ്ങളേയും പരീക്ഷണങ്ങളേയും അതിജീവിച്ച അവന്‍ ആത്മവിദ്യയ്ക്ക് അധികാരിയാണെന്ന് തെളിയിച്ചു. യമധര്‍മ്മരാജാവ് നചികേതസ്സിന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ആത്മവിദ്യ പകര്‍ന്നു നല്‍കി അനുഗ്രഹിച്ചു. ശരീരാദികളില്‍ നിന്ന് വേര്‍തിരിക്കുന്നതും എന്നാല്‍ എല്ലാവരുടേയും അന്തര്യാമി ആയിരിക്കുന്നതും ഒരിക്കലും നാശമില്ലാത്തതുമായ ആത്മാവിന്റെ സ്വരൂപവും സത്യത്വവും നചികേതസ്സ് മനസ്സിലാക്കി. ശരീരം നശിക്കുമ്പോഴും ആത്മാവിന് നാശമില്ല. അവിനാശിയായ ആത്മാവ് അവശേഷിക്കുന്നു. എല്ലാവരുടേയും യഥാര്‍ത്ഥസ്വരൂപമായിരിക്കുന്നത് ആത്മാവാണ്. ജീവന്‍മാരുടെ ലക്ഷ്യം ആ ആത്മാവിനെ സാക്ഷാത്കരിക്കുകയുമാണ്. അതിന് ഗുരുക്കന്മാരുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണം. യമധര്‍മ്മരാജന്റെ ഉപദേശപ്രകാരം ഏകാഗ്രമനസ്സോടെ എല്ലാം ശ്രദ്ധയോടെ അഭ്യസിച്ചനവികേതസ്സിന് ആത്മസാക്ഷാത്ക്കാരം നേടാനായി.
ഓം തത് സത്
അവലംബം – കഠോപനിഷത്ത്

No comments: