Friday, July 13, 2018

ജ്ഞം, ദാനം, തപസ്സ്- ഈ സ്വരൂപത്തിലുള്ള കര്‍മങ്ങള്‍- വ്രതങ്ങള്‍, തീര്‍ത്ഥയാത്ര എന്നിവ ആസക്തിയും ഫലങ്ങളില്‍ ആഗ്രഹവും ഉപേക്ഷിച്ചു തന്നെ അനുഷ്ഠിക്കേണ്ടതാണ്. കര്‍മങ്ങള്‍ ഫലം ആഗ്രഹിച്ചു ചെയ്യരുത്. നിത്യമായ കര്‍മങ്ങളും സന്ധ്യാവന്ദനാദികള്‍- ഫലം ആഗ്രഹിച്ചുകൊണ്ടു ചെയ്യരുത്. സന്ധ്യാവന്ദനാദി നിത്യകര്‍മങ്ങള്‍ക്കും ഫലമുണ്ട്. അതിനാല്‍ ലൗകികവും വൈദികവും (തപസ്സ്, ദാനം, യജ്ഞം മുതലായ) ആത്മീയവും (അഷ്ടാംഗയോഗം മുതലായവ) ആയ എല്ലാ കര്‍മങ്ങളും ശ്രീകൃഷ്ണ ഭഗവാന് ആരാധനയായിത്തന്നെ ചെയ്യുക എന്നതാണ് ഭഗവാന്റെ അതിശ്രേഷ്ഠമായ മതം. ശ്രുതികളും യുക്തികളും കടഞ്ഞെടുത്ത അമൃത തുല്യമായ മതം. ചിന്തിച്ചുറപ്പിച്ച തീരുമാനം.
ത്യാഗത്തിന്റെ മൂന്നു വിധത്തിലുള്ള 
സ്വരൂപം പറയുന്നു
അധ്യായം (18- 7,8,9 ശ്ലോകങ്ങള്‍)
താമസഗുണപൂര്‍ണമായ ത്യാഗം
മാനസികമായ അശുദ്ധി വരുത്തുന്നതുകൊണ്ടും ഭൗതികവസ്തുക്കളുമായി ബന്ധിപ്പിക്കുന്നതുകൊണ്ടും കാമ്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പാടില്ല. സന്ധ്യാവന്ദനാദികളായ നിത്യകര്‍മ്മങ്ങള്‍ മനസ്സിന്റെ ശുദ്ധീകരണത്തിന് സഹായകങ്ങളാവുന്നതിനാല്‍ മുമുക്ഷുക്കള്‍-മോക്ഷാവസ്ഥ ആഗ്രഹിക്കുന്നവര്‍-അനുഷ്ഠിക്കുക തന്നെ വേണം. കര്‍മ്മങ്ങളുടെ ഈ അവസ്ഥയറിയാതെ, നിത്യകര്‍മ്മങ്ങള്‍, ത്യജിക്കരുത്. ഭൗതികസുഖങ്ങളില്‍ വിരക്തി വരാത്തവനും, മോക്ഷം വേണമെന്ന് ആഗ്രഹിക്കുന്നവനുമായ മനുഷ്യന്‍ അവ-അനുഷ്ഠിക്കുക തന്നെ വേണം.
മോഹാത് തസ്യപരിത്യാഗഃ താമസഃ
അനുഷ്ഠിക്കേണ്ടതും അനുഷ്ഠിക്കാന്‍ പാടില്ലാത്തതുമായ കര്‍മ്മങ്ങളെക്കുറിച്ചുള്ള അജ്ഞാനമാണ് മോഹം എന്ന് പറയപ്പെടുന്നത്. ആ മോഹത്തെ അവിവേകം എന്നുപറയുന്നു. ആ അജ്ഞാനംകൊണ്ട് നിത്യകര്‍മ്മങ്ങളെ പാടേ ഉപേക്ഷിക്കുന്നത്, തമോഗുണം നിറഞ്ഞതാണ്. പരികീര്‍ത്തിതഃ - സജ്ജനങ്ങള്‍ അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. അജ്ഞാനവും അവിവേകവും നിമിത്തം നിത്യകര്‍മ്മങ്ങളെ ത്യജിക്കുന്നത് തമോഗുണ പൂര്‍ണമാണ്.
പദ്മപുരാണത്തില്‍ പറയുന്നു-
''സ്വയജ്ഞാദീന്‍ പരിത്യജ്യ
നിരയംയാത്യ സംശയം''
(=യജ്ഞം, ദാനം, തപസ്സ്, ഈ രൂപത്തിലുള്ള നിത്യകര്‍മ്മങ്ങള്‍ ഉപേക്ഷിച്ചാല്‍-ചെയ്യാതിരുന്നാല്‍-നരകം പ്രാപിക്കും; സംശയമില്ല.)
''പരിത്യാഗഃ''- എന്നതുകൊണ്ട്, കര്‍മങ്ങളെ എല്ലാം അപ്പാടെ ഉപേക്ഷിക്കുന്നത് താമസമായ ത്യാഗമാണ് എന്നര്‍ത്ഥം.
രജോഗുണ പൂര്‍ണമായ ത്യാഗം
ദുഃഖമിത്യേവ യത്കര്‍മ 
അധ്യായം-18, 8-ാം ശ്ലോകം
ശാസ്ത്രങ്ങളില്‍ നിര്‍ദേശിക്കപ്പെട്ടപ്രകാരം നിത്യം അനുഷ്ഠിക്കപ്പെടേണ്ട കര്‍മങ്ങള്‍ അനുഷ്ഠിക്കണമെങ്കില്‍ ചിലപ്പോള്‍ ധനം വേണ്ടിവരും. സഹായികള്‍വേണ്ടിവരും, ഉപകരണങ്ങള്‍ വേണ്ടിവരും. ഇവയെല്ലാം സമ്പാദിക്കുക, തയ്യാറാക്കുക എന്നിവയ്ക്കു പ്രയത്‌നം വേണ്ടിവരും. അങ്ങനെ പ്രയ്തനിക്കുമ്പോള്‍ മനസ്സ് ക്ഷീണിക്കും, ഇന്ദ്രിയങ്ങള്‍ ക്ഷീണിക്കും, ദേഹവും ക്ഷീണിക്കും. ഇതൊക്കെ വളരെ ദുഃഖകരമാണ്, വിഷമമാണ്, കഴിയില്ല, എന്ന്  കരുതി കര്‍മങ്ങള്‍ ഉപേക്ഷിക്കുന്നവരുണ്ട്. അവര്‍ ശരീരത്തോടുള്ള സ്‌നേഹംകൊണ്ടാണ് കര്‍മങ്ങള്‍  ത്യജിക്കുന്നത്. അല്ലാതെ കര്‍മ്മങ്ങളുടെ മനശ്ശുദ്ധീകരണ ശക്തിയെയും കര്‍മ്മത്തിന്റെ പ്രാധാന്യത്തെയും അറിയാത്തതുകൊണ്ടല്ല. ഇത്തരം ത്യാഗം ചെയ്യുന്നവന് ത്യാഗത്തിന്റെ ഫലം ലഭിക്കുകയില്ല. മനസ്സ് കാമമാകുന്ന മാലിന്യത്തില്‍നിന്ന് മുക്തമാവുകയില്ല, ആത്മാവിന്റെയും പരമാത്മാവിന്റേയും യാഥാര്‍ഥ്യം ജ്ഞാനം നേടുകയില്ല, മോക്ഷവും ലഭിക്കുകയില്ല.
kanaprm namboodiri

No comments: