Sunday, July 01, 2018

മനുഷ്യരും അമര്‍ത്യന്മാരും മനുഷ്യേരരും താമസിക്കുന്ന സ്ഥലമാണ് വാസ്തു. വാസ്തു എന്നാല്‍ വാസസ്ഥലമെന്നാണ് അര്‍ത്ഥം. 'വസ് നിവാസേ' എന്ന സംസ്‌കൃത ധാതുവില്‍ നിന്നാണ് വാസ്തു ശബ്ദത്തിന്റെ ഉല്‍പ്പത്തി. താമസിക്കാന്‍ ഉതകുന്നതാണ് എന്നതാണ് ഇതിന്റെ അര്‍ത്ഥം. മനുഷ്യവാസ സ്ഥാനങ്ങളായ വീടുകളെപ്പറ്റിയുള്ള അഥവാ ഗൃഹനിര്‍മ്മാണത്തെപ്പറ്റിയുടെ ശാസ്ത്രമാണ് വാസ്തുശാസ്ത്രം. അത് പൈതൃകമായി നമുക്ക് ലഭിച്ച വരപ്രസാദമാണ്. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് വാസ്തുശാസ്ത്രം. മഹാദിക്കുകളായ വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നിവിടങ്ങളില്‍ നിന്ന് പ്രസരിക്കുന്ന പ്രപഞ്ചശക്തിയെ മനുഷ്യശക്തിയുമായി സമന്വയിപ്പിച്ച് ജനോപകാരപ്രദമായ വിധത്തില്‍ വീടുകള്‍ നിര്‍മ്മിക്കുകയാണ് വേണ്ടത്. ഇപ്രകാരം വാസ്തുശാസ്ത്രത്തിനനുസൃതമായി നിര്‍മ്മിക്കുന്ന ഗൃഹത്തില്‍ വസിക്കുന്നവര്‍ക്ക് ആരോഗ്യം, അഭിവൃദ്ധി, സന്തോഷം, ശാന്തി എന്നിവ അനുഭവേദ്യമാകും എന്നാണ് വാസ്തുശാത്രം അനുശാസിക്കുന്നത്. വാസ്തുവിദ്യാ പ്രതിപാദകങ്ങളായ പ്രാചീനഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന സകല നിര്‍ദ്ദേശങ്ങളും വള്ളിപുള്ളി വ്യത്യാസം കൂടാതെ അക്ഷരംപ്രതി അനുവര്‍ത്തിച്ചുമാത്രമേ ഭവനനിര്‍മ്മാണം പാടുള്ളൂവെന്ന് ശാഠ്യംപിടിക്കുന്ന ഒരു വാസ്തുവിദഗ്ധനല്ല ഡോ. കെ.മുരളീധരന്‍ നായര്‍. രണ്ടോ മൂന്നോ സെന്റ് മാത്രം കൈവശം ഉണ്ടായിരിക്കുകയും അതില്‍ ഒരു 'സ്വപ്‌നഭവനം' നിര്‍മ്മിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന സാധാരണക്കാരനായ ഭവനനിര്‍മ്മാതാവിനെ സംബന്ധിച്ചിടത്തോളം സകല വാസ്തുശാസ്ത്ര തത്വങ്ങളും സമ്പൂര്‍ണമായി നടപ്പില്‍വരുത്തുക അപ്രായോഗികമാണെന്ന് മനസ്സിലാക്കിയിട്ടുള്ള വാസ്തു ശാസ്ത്രവിശാരദനാണ് ഡോ. മുരളീധരന്‍ നായര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ഇതിന് തെളിവാണ്. ''പണ്ടത്തെ ആരൂഢക്കണക്കനുസരിച്ചുള്ള വാസ്തു നിയമങ്ങള്‍ ഇന്നത്തെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് അത്രകണ്ട് യോജിച്ചതല്ലെന്നാണ് കഴിഞ്ഞ നാലുപതിറ്റാണ്ടുകാലത്തെ എന്റെ അനുഭവം. ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ വാസ്തുനിയമങ്ങളുടെ 50, 60 ശതമാനം മാത്രമേ ഉള്‍ക്കൊള്ളിക്കാനാവൂ. ഭൂമിക്ക് സ്വര്‍ണവിലയുള്ള, തിരക്കുപിടിച്ച ഇക്കാലത്ത് അതുതന്നെ വലിയകാര്യമാണ്.'' കൊട്ടാരം വൈദ്യനും പ്രഗത്ഭ വാസ്തുജ്യോതിഷ പണ്ഡിതനുമായ നീലകണ്ഠപിള്ളയുടെ ചെറുമകനാണ് ഡോ. കെ.മുരളീധരന്‍ നായര്‍. മുത്തച്ഛന്‍ തന്നെയാണ് ഈ രംഗത്ത് അദ്ദേഹത്തിന്റെ ഗുരു. കുട്ടിക്കാലം മുതല്‍ ഗൃഹനിര്‍മ്മാണകലയില്‍ വാസന പ്രകടിപ്പിച്ചിരുന്ന അദ്ദേഹം 1974 ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥനായി എത്തിയതോടെയാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അവിടെവച്ച് വാസ്തുശാസ്ത്രരംഗത്തെ കുലപതിയായ പയ്യന്നൂര്‍ ദാമോദരന്‍ നമ്പൂതിരിയെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. സര്‍വ്വീസിലിരിക്കുമ്പോള്‍ തന്നെ മന്ത്രിമന്ദിരങ്ങളുള്‍പ്പെടെ ചെറുതും വലുതുമായി ആയിരക്കണക്കിന് പാര്‍പ്പിട നിര്‍മ്മാണത്തിന് വാസ്തു മേല്‍നോട്ടം വഹിച്ചു. ഇപ്പോള്‍ ക്ഷേത്രങ്ങളുടെ സ്ഥാനനിര്‍ണയവും നിര്‍വഹിക്കുന്നുണ്ട്. കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി വാസ്തുശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ.കെ. മുരളീധരന്‍ നായരാണ് വാസ്തുശാസ്ത്രത്തെ കേരളത്തില്‍ ജനകീയവത്കരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. അതേസമയം വാസ്തുശാസ്ത്രത്തിന്റെ പേരിലുള്ള അന്ധവിശ്വാസങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്യുന്നു. പാരമ്പര്യത്തിലൂടെയും ഗുരുക്കന്മാരിലൂടെയും ലഭിച്ച അറിവുമാത്രമല്ല, അനുഭവത്തിലൂടെ സ്വരുക്കൂട്ടിയ വിജ്ഞാനവും ഈ രംഗത്ത് അദ്ദേഹത്തിന് വഴികാട്ടിയായി. ഒന്നുരണ്ട് അനുഭവങ്ങള്‍ അദ്ദേഹം തന്നെ വിവരിക്കുന്നു. ''അതിപുരാതനമായ തറവാട്. അവിടേക്ക് എന്നെ ക്ഷണിച്ചു. വാസ്തുശാസ്ത്രപരമായി വീടിന് എന്തെങ്കിലും ദോഷമുണ്ടോയെന്ന് പരിശോധിക്കണം. വന്‍മരങ്ങള്‍ തണല്‍വിരിക്കുന്ന വിശാലമായ പുരയിടത്തിന്റെ മധ്യത്തില്‍ ഗതകാലപ്രൗഢി വിളംബരം ചെയ്തുകൊണ്ടുനില്‍ക്കുന്ന പഴയൊരുവീട്. ആ കുടുംബത്തിലെ ഇളയമകന് കുടുംബ ഓഹരിയില്‍ കിട്ടിയ വീടാണിത്. വീട് പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അവിടത്തെ കാരണവര്‍ വാചാലനായി. പരിചയമില്ലാത്ത ആള്‍ക്കാര്‍ ആ വീട്ടില്‍ കിടന്നാല്‍ ഉറക്കത്തില്‍ വീടിനുപുറത്തുപോയി കിടക്കും. അടുത്തകാലത്ത് കണ്ട സിനിമയിലെ രംഗം ഓര്‍മയില്‍വന്നു. ഞാനൊന്നും മറുപടി പറഞ്ഞില്ല. ഓരോ മുറിയും അതിസൂക്ഷ്മമായി പരിശോധിച്ചു. വടക്കുപടിഞ്ഞാറുഭാഗത്തുള്ള ഒരുമുറി അടച്ചിട്ടിരിക്കുകയായിരുന്നു. ആ മുറി ഞാന്‍ തുറപ്പിച്ചു. അപ്പോള്‍ കണ്ടത് മുറിയുടെ പടിഞ്ഞാറുഭാഗത്ത് ഒരു കല്‍പ്പെട്ടി ഇരിക്കുന്നതാണ്. അത് തുറക്കുവാന്‍ ആവശ്യപ്പെട്ടു. സാരി മുതല്‍ പാവാട പ്രായത്തിലുള്ള ഡ്രസുകള്‍ വരെ അടുക്കിവച്ചിരിക്കുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വിശദീകരണം ഇങ്ങനെയായിരുന്നു: അവിടുത്തെ അമ്മയ്ക്ക് മൂത്തകുട്ടി പെണ്ണായിരുന്നു. 12-ാമത്തെ വയസ്സില്‍ പെട്ടെന്നുണ്ടായ അസുഖം നിമിത്തം മരണമടയുകയും വടക്കുപടിഞ്ഞാറ് വീടിനോട് ചേര്‍ന്ന ചായ്പില്‍ അടക്കം ചെയ്യുകയും ചെയ്തു. ഈ വീട്ടില്‍ പ്രത്യേകിച്ച് എന്തെങ്കിലും ആഹാരസാധനങ്ങള്‍ ഉണ്ടാക്കിയാല്‍ ആ മുറിയില്‍ കൊണ്ടുപോയി വെള്ളവും കൂടി വച്ച് മുറി അടയ്ക്കുമായിരുന്നു. ഒരുമണിക്കൂറിന് ശേഷം അതു തിരിച്ചെടുത്ത് മറ്റുസഹോദരങ്ങള്‍ക്ക് അമ്മ വീതിച്ചുനല്‍കും. മറ്റുമക്കള്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ഈ കുട്ടിയുടെ ഓര്‍മ്മയ്ക്കായി ഒരുജോടി വസ്ത്രങ്ങള്‍ വാങ്ങിച്ച് ആ കല്‍പ്പെട്ടിയില്‍ സൂക്ഷിക്കുമായിരുന്നു. കാലം കഴിഞ്ഞപ്പോള്‍ അമ്മ മരണമടഞ്ഞു. പിന്നീട് ആ ആചാരങ്ങള്‍ ഒന്നുംതന്നെ നടത്താന്‍ സാധിക്കാത്ത സാഹചര്യമായി. അതിനുശേഷമാണ് ഈ വീട്ടില്‍ പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയത്. വീട് പൂര്‍ണമായി പരിശോധിച്ചപ്പോള്‍ അദൃശ്യമായൊരു ശക്തിയുടെ സാന്നിധ്യം ആ വീട്ടില്‍ ഉള്ളതായി ബോധ്യമായി. അതിന്‍പ്രകാരം ഒരു ദേവപ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ വീടിന്റെ തെക്കുഭാഗത്ത് ചെറിയൊരു ക്ഷേത്രം പണിത് ചൈതന്യത്തെ ആവാഹിച്ച് അവിടെ പ്രതിഷ്ഠിച്ചതോടെ പ്രശ്‌നങ്ങള്‍ക്ക് പരിസമാപ്തിയായി. ഇന്ന് സര്‍വൈശ്വര്യത്തോടുംകൂടി അവര്‍ അവിടെ ജീവിക്കുന്നു. മറ്റൊരനുഭവംകൂടി അദ്ദേഹം വിശദീകരിക്കുന്നു: ആറ്റിങ്ങലില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് അത്യാധുനിക രീതിയില്‍ വീടിന്റെ എലിവേഷന് മാത്രം മുന്‍തൂക്കം കൊടുത്ത് പണിതൊരുമാളിക. ഈ വീട്ടില്‍ കുടുംബമായി താമസിക്കാന്‍ പറ്റാത്ത അവസ്ഥ. വീടിന്റെ നാലുകോണുകളും എലിവേഷനുവേണ്ടി കട്ടുചെയ്തിട്ടുണ്ടായിരുന്നു. കൂടാതെ വടക്കുകിഴക്കുഭാഗമായ ഈശാനകോണില്‍ പ്രധാന ബെഡ്‌റൂം. കോണില്‍ തന്നെ ബാത്ത്‌റൂം പണിഞ്ഞിരുന്നു. വീടിന്റെ പൂമുഖവാതില്‍ തെക്കുദര്‍ശനമായി നീചസ്ഥാനത്തായിരുന്നു. ബ്രഹ്മസ്ഥാനവും കര്‍ണ്ണസൂത്രവും യമസൂത്രവും അടഞ്ഞനിലയിലും. പ്രധാന ബെഡ്‌റൂമുകളെല്ലാം തന്നെ അസ്ഥാനത്ത്. അടുക്കള കിഴക്കിന്റെ മധ്യഭാഗത്തായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വാസ്തുശാസ്ത്രത്തിന് വിരുദ്ധമായി എന്തെല്ലാം ചെയ്യാമോ അതെല്ലാം ആ വീട്ടിലുണ്ടായിരുന്നു. വലിയൊരു പൂജാമുറി പണിഞ്ഞിരുന്നു. ഇത് രണ്ടാംനിലയില്‍ അഗ്നികോണിലായിരുന്നു. ഇതെല്ലാം ശരിയായ ദിക്കിലും ദിശയിലും വരുന്നതിനുവേണ്ടി നിര്‍ദ്ദേശിക്കുകയും മൂന്നുമാസം കൊണ്ട് അതെല്ലാം അവര്‍ ശരിയാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാവുകയും അവര്‍ ഇപ്പോള്‍ സുഖമായി താമസിക്കുകയും ചെയ്യുന്നു. ധാരാളം പണമുണ്ടെന്നുകരുതി പ്രകൃതിവിരുദ്ധമായി വീടുകള്‍ പണിതാല്‍ പുറത്തുനിന്ന് കാണാന്‍ ഭംഗിയുണ്ടായിരിക്കും. അതില്‍ വസിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും. വാസ്തുവിന്റെ പേരില്‍ പ്രചരിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കണക്കിലെടുക്കേണ്ടെന്നാണ് മുരളീധരന്‍ നായര്‍ പറയുന്നത്. ശരാശരി അറുപത് എഴുപത് ശതമാനം വരെ വാസ്തുപരമായി ശ്രദ്ധിച്ച് വീടുപണിയുവാനാവും; അത് ഒരു മുറിയാണെങ്കില്‍ക്കൂടി. അതിന് വലിയ കണക്കും കോലും ആലോചിച്ച് തലപുണ്ണാക്കേണ്ട ആവശ്യമില്ല. പ്രകൃതിശക്തി (കോസ്മിക് എനര്‍ജി) യുടെ അദൃശ്യകരങ്ങള്‍ക്കിടയില്‍ കിടന്നുകറങ്ങുന്ന ഒരു ചെറുകണികയാണ് നാം. ആ ഊര്‍ജ്ജ താണ്ഡവവലയത്തിനുള്ളില്‍ വീടുകെട്ടി സുഖമായി, സുരക്ഷിതമായി വസിക്കുവാന്‍ ഒരുങ്ങുമ്പോള്‍ നൂറുശതമാനം വേണ്ട, ഒരറുപത് ശതമാനമെങ്കിലും പ്രകൃതിയുടെ ഊര്‍ജ്ജവിനിമയശ്രേണിയ ഭംഗപ്പെടുത്താതെയായിരിക്കണം നിര്‍മ്മിതി. അല്ലാതെ ഒരു വാസ്തുപുരുഷന്‍ പോയി സര്‍വ പുരയിടത്തിലും കിടക്കുന്നു എന്നോര്‍ത്ത് ഭയപ്പെടുകയല്ല വേണ്ടത്. അസ്ഥികഷണം ഉള്ളതും മരണപ്പെട്ടവരെ അടക്കം ചെയ്തതുമായ ഭൂമിയില്‍ വീടുവയ്ക്കാന്‍ പാടില്ല, ചുടലത്തെങ്ങ് നില്‍ക്കുന്നു, ക്ഷേത്രത്തില്‍ നിന്ന് വരുത്തുപോക്കുണ്ട്, ശ്മശാനത്തിനടുത്ത് വീടുവയ്ക്കരുത് ഇങ്ങനെ പോകുന്നു വാസ്തുവിന്റെ പേരിലുള്ള അന്ധവിശ്വാസങ്ങള്‍. ഇത്തരം അന്ധവിശ്വാസങ്ങള്‍ തള്ളിക്കളയണം. വാസ്തുവിന്റെ പേരില്‍ അനാചാരങ്ങള്‍ പാടില്ല. ഏതെങ്കിലുമൊരു ജീവിയുടെ അസ്ഥികഷണം വീഴാത്ത ഒരു പുരയിടവും നമുക്ക് കണ്ടെത്താനാവില്ല. മരണപ്പെട്ടസാധുക്കളെ അവരുടെ വഴിക്ക് വിടുക. കഷ്ടപ്പെട്ടുണ്ടാക്കിയ ഒരുതുണ്ട് ഭൂമിയില്‍ അസ്ഥിക്കഷണമോ ചുടലത്തെങ്ങോ ശവക്കല്ലറയോ കണ്ടാല്‍ അവ നീക്കം ചെയ്ത് ഭൂമി ശുദ്ധീകരണ ക്രിയകള്‍ നടത്തി അവനവന്റെ കഴിവിനും സങ്കല്പത്തിനും ഒത്തവിധം വാസ്തുതത്വങ്ങള്‍ ഉള്‍ക്കൊണ്ട് വീടുപണിയണം. ഒരു പുരുഷന്റെ പ്രധാനപ്പെട്ട അഞ്ച് സ്വപ്‌നങ്ങളാണ് ഭവനം, ഭാര്യ, ആരോഗ്യം, ധനം, സന്താനം എന്നിവ. ഇവയില്‍ മറ്റ് നാലും ഒത്തുവന്നാലും തലചായ്ക്കാനൊരിടം വന്നാലേ ഭാഗ്യം പൂര്‍ണമാകൂ. ജനസംഖ്യ വര്‍ധിച്ച ഇക്കാലത്ത് ഒരു കോണ്‍ക്രീറ്റ് വനമായി കേരളം പരിണമിക്കുമ്പോള്‍ ഒരു വീടുവന്നാല്‍ മാത്രം പോരാ. അത് മനുഷ്യാലയവിധിക്ക് അനുസരിച്ച് വാസ്തുശാസ്ത്ര നിയമങ്ങള്‍ ഉള്‍ക്കൊണ്ടതാകണം, അവനവന്റെ കൊക്കിലൊതുങ്ങുന്നതുമാകണം. പഴമൊഴി അനുസരിച്ച് ''ഉയര്‍ന്നതും വീടാലേ നശിച്ചതും വീടാലേ'' എന്നു പറയാം. ഒരാള്‍ ശാസ്ത്രവിധിക്കനുസരണമായി വീടുവച്ചാല്‍ അതോടെ ജീവിത നിലവാരവും ഉയരും. ശാസ്ത്രവിധി പിഴച്ചതാണെങ്കില്‍ അയാളുടെയും കുടുംബത്തിന്റെയും പതനത്തിനും അത് വഴിവയ്ക്കും. ഇങ്ങനെ ഗ്രഹദോഷങ്ങളേക്കാള്‍ ഗൃഹദോഷങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജ്യോതിഷത്തോടൊപ്പമോ അതിലേറെയോ വാസ്തുശാസ്ത്രത്തിന് പ്രചാരവും സ്വീകാര്യതയും ജനങ്ങള്‍ കല്പിക്കുന്നെങ്കില്‍ അത് അനുഭവത്തിന്റെ വെളിച്ചത്തിലാണെന്നേ പറയേണ്ടു-ഡോ. മുരളീധരന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു. വാസ്തുശാസ്ത്രം സാധാരണക്കാര്‍ക്കിടയില്‍ ജനകീയവല്‍ക്കരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച മുരളീധരന്‍ നായരുടെ സേവനങ്ങളെ മാനിച്ച് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ 'വാസ്തുകുലപതി' സ്ഥാനം നല്‍കി അദ്ദേഹത്തെ ആദരിച്ചു. ശബരിമലയില്‍ വാസ്തുപരമായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് പന്തളം രാജാവ് വിശാഖം തിരുനാള്‍ രാജവര്‍മ്മ, 'രാജ ആചാര്യ'പദവി നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇപ്പോള്‍ ശബരിമല വാസ്തുകണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിക്കുന്നു. ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കുന്നതിനായി ഏഴരയടിപൊക്കത്തില്‍ പഞ്ചലോഹ ഗണപതിയെ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുകയും അത് സ്ഥാപിക്കുകയും ചെയ്തു. വാസ്തുശാസ്ത്രപീഠം പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം വന്‍ ശിഷ്യസമ്പത്തിന് ഉടമയുമാണ്. ഈ രംഗത്തെ ഇദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ച് ഇംഗ്ലണ്ടിലെ കൊളൊറാഡോ സര്‍വകലാശാല 'ദി അംബാസിഡര്‍ ഓഫ് വാസ്തുശാസ്ത്ര' പദവി നല്‍കി ആദരം പ്രകടിപ്പിച്ചു. പത്രമാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയുമാണ് വാസ്തുശാസ്ത്രത്തെ ഇദ്ദേഹം ജനങ്ങളിലെത്തിച്ചത്. വാസ്തുശാസ്ത്രം 21-ാം നൂറ്റാണ്ടില്‍ എന്ന ഡിവിഡിയിലൂടെ ഈ രംഗത്തെ പ്രായോഗിക പരിജ്ഞാനവും ജനങ്ങളുമായി പങ്കുവച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മുരളീധരന്‍നായരുടെ 'വാസ്തുശാസ്ത്രം അന്നും ഇന്നും' എന്ന പുസ്തകം ഈ രംഗത്ത് ഏറ്റവും ചെലവുള്ള ഗ്രന്ഥമായിമാറി. ചുരുങ്ങിയ സമയം കൊണ്ട് നാല് പതിപ്പുകള്‍ പുറത്തിറക്കേണ്ടിവന്നു. ഇപ്പോള്‍ കേരളത്തില്‍ മാത്രമല്ല, മറ്റുസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍, വീട്, ഫ്‌ളാറ്റുകള്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അദ്ദേഹം വാസ്തു വിദഗ്ധനായി പ്രവര്‍ത്തിച്ചുവരുന്നു...
janmabumi

No comments: