Monday, November 26, 2018

ഭാരതത്തിൽ കണ്ടെത്താൻ കഴിഞ്ഞ ഏറ്റവും പഴക്കമുള്ള ജ്യോതിഷ ഗ്രന്ഥം ലഗധ മുനിയുടെ 'വേദാംഗ ജ്യോതിഷം' ആണെന്ന്  കണക്കാക്കാം . രണ്ടു രൂപത്തിൽ ഇവ ലഭ്യമാണ്. 36 ശ്ലോകങ്ങളുള്ള ഋഗ്വേദ ജ്യോതിഷവും 44 ശ്ലോകങ്ങളുള്ള യജുർവേദ ജ്യോതിഷവും. രണ്ടിലും പറയുന്ന കാര്യങ്ങൾ തമ്മിൽ വലിയ അന്തരമില്ല. എഴുതപ്പെടും മുമ്പ്, രണ്ടു സരണികളിലൂടെ, ഒരേ കാര്യങ്ങൾ വാമൊഴിയായി പിന്തുടർന്നു എന്നേ കരുതേണ്ടൂ. അതിന്റെ രചനാകാലത്ത് ദക്ഷിണായനാന്ത ബിന്ദു അവിട്ടത്തിന്റെ ആരംഭത്തിലും ഉത്തരായനാന്ത ബിന്ദു ആയില്യത്തിന്റെ മധ്യത്തിലും ആയിരുന്നെന്ന് കൃതിയിൽ പറയുന്നുണ്ട്. ക്രിസ്തുവർഷം 505 ൽ അവ യഥാക്രമം, ഉത്രട്ടാതിയുടെ ഒന്നാം പാദത്തിന്റെ ഒടുവിലും പുണർതത്തിന്റെ മൂന്നാം പാദത്തിന്റെ ഒടുവിലും ആണെന്ന് വരാഹമിഹിരനും രേഖപ്പെടുത്തിയിരിക്കുന്നു. അതായത് ലഗധനു ശേഷം വിഷുവസ്ഥാനങ്ങൾക്കു 1 ¾ നാളിന്റെ (23 ഡിഗ്രിയിലധികം) പുരസ്സരണം സംഭവിച്ചിരിക്കുന്നു!. അഥവാ 1600-1700 വർഷം കഴിഞ്ഞിരിക്കുന്നു. അതിനർഥം വേദാംഗ ജ്യോതിഷത്തിന്റെ രചനാകാലം ക്രിസ്തുവിനു മുമ്പ് 11-12 നൂറ്റാണ്ടുകളാണെന്നാണല്ലോ. ഒരു പക്ഷേ അതിനു ശേഷമാകാനും മതി. നേരിട്ടുള്ള നിരീക്ഷണത്തിനു പകരം നിലനിന്നിരുന്ന ചില അറിവുകൾ ലഗധൻ ക്രോഡീകരിച്ചതാകാം. ലഗധന്റെ കാലം ക്രിസ്തുവിനു മുമ്പ് 8-9 നൂറ്റാണ്ടുകളാണെന്നാണ് ചില ചരിത്രകാരന്മാർ കണക്കാക്കുന്നത്.  വേദാംഗ ജ്യോതിഷം അനുസരിച്ച് ഒരു വർഷത്തിന് 366 സായന ദിനങ്ങളാണുള്ളത്. ദിവസം കണക്കാക്കിയത് പ്രഭാതം മുതൽ അടുത്ത പ്രഭാതംവരെയാണ്. വർഷത്തെ 183 ദിവസങ്ങൾ ചേർന്ന രണ്ട് അയനങ്ങൾ ആയി തിരിച്ചിരിക്കുന്നു. ഉത്തരായനകാലത്ത് (അതായത് ദക്ഷിണായനാന്ത്യം മുതൽ ) പകലിന്റെ നീളം ഒരു പ്രസ്തം വീതം കൂടുമെന്നും രാത്രി അത്രയും തന്നെ കുറയുമെന്നും ലഗധൻ കണക്കാക്കുന്നു. ജലഘടികാരത്തിൽ ഒരു നിശ്ചിതവ്യാപ്തം ജലം ഒഴുകി വീഴാൻ വേണ്ട സമയമാണ് ഒരു പ്രസ്തം. അത് എത്രയാണെന്ന് ഇന്ന് കൃത്യം അറിയില്ല. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം 6 മുഹൂർത്തമാണ്. (1മുഹൂർത്തം - 48മി, 1ദിവസം - 30 മുഹൂർത്തം).അതായത് ഉത്തരായനാന്ത്യത്തിൽ പകലിനു 18 മുഹൂർത്തവും രാത്രിക്ക് 12 മുഹൂർത്തവുമാണ് നീളം. ദക്ഷിണായനാന്ത്യത്തിൽ തിരിച്ചും. ഇത്രയും വ്യത്യാസം വരണമെങ്കിൽ അതു സൂചിപ്പിക്കുന്ന അക്ഷാംശം 34 ഡിഗ്രിക്കടുത്താണം. ഇതു സിന്ധുതടത്തിന്റെ അക്ഷാംശമാണ്. ഗംഗാതടമാകട്ടെ 28 ഡിഗ്രിക്കടുത്താണ്. ഇത് കാണിക്കുന്നത് വേദാംഗജ്യോതിഷത്തിലേത് നേരിട്ടുള്ള നിരീക്ഷണ ഫലമായിരിക്കില്ല എന്നാണ്. സിന്ധു തടത്തിന്റെ അക്ഷാംശവും ലഗധൻ എന്ന വൈദികേതര നാമവും വെച്ചുകൊണ്ട് വേദാംഗ ജ്യോതിഷത്തിലുള്ള കാര്യങ്ങൾ സൈന്ധവ സംസ്കാരത്തിൽ നിന്ന് കടം കൊണ്ടതാണെന്ന് ചിലർ വാദിക്കുന്നുണ്ട്.
‘ജ്ഞാനരാശികൊണ്ട് ജ്ഞേയരാശികളെ അറിയുക‘ എന്ന ലഗധന്റെ രീതി ഗണിത ജ്യോതിശ്ശാസ്ത്രത്തിൽ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലായി. ഉദാഹരണത്തിന്, സൂര്യന്റെ സ്ഥാനം അളന്ന് ചന്ദ്രന്റെയും നക്ഷത്രങ്ങളുടേയും സ്ഥാനം ഗണിക്കാം. വേദങ്ങളിൽക്കാണുന്ന പഞ്ചവർഷയുഗം എന്ന കാലയളവ് വേദാംഗ ജ്യോതിഷത്തിലും കാണാം. സംവത്സരം, പരിവത്സരം, ഇഡാവത്സരം, അനുവത്സരം, ഇദ് വത്സരം എന്നിങ്ങനെ അവയ്ക്ക് പേരും നല്കിയിരിക്കുന്നു. ഒരു യുഗത്തെ 67 നക്ഷത്രമാസങ്ങളും (27 ⅛ ദിവസം വീതം) 62 ചാന്ദ്രമാസങ്ങളും 1830 സൗരദിനങ്ങളും 1635 നാക്ഷത്ര ദിനങ്ങളും (23മ. 56മി വീതം) 135 ഞാറ്റുവേലകളും ആയി തിരിച്ചിരിക്കുന്നു. ഇത്തരം പൂർണസംഖ്യാവിഭജനങ്ങൾ സാധ്യമാകുന്ന ഏറ്റവും ചെറിയ കാലയളവായിട്ടാകാം ഒരുയുഗത്തെ സങ്കല്പിച്ചത്. പർവം, യോഗം, വിഷുവം,പലതരം വർഷങ്ങൾ,അന്തർ നിഹിത മാസങ്ങൾ തുടങ്ങിയവ ഗണിക്കുന്ന രീതിയും വേദാംഗജ്യോതിഷം ചർച്ച ചെയ്യുന്നുണ്ട്. ഭാഗ, കല, നാഴിക മുതലായവ കണക്കാക്കുന്ന രീതിയും അതിൽ കാണാം.
വേദങ്ങളിലോ വേദാംഗജ്യോതിഷത്തിലോ [ 125 ]ഗ്രഹങ്ങളെക്കുറിച്ച് കാര്യമായപരാമർശങ്ങളൊന്നുമില്ല. ഗുരു (വ്യാഴം) വേനൻ (ശുക്രൻ) ഇവയെക്കുറിച്ച് വേദങ്ങളിൽ പറയുന്നുണ്ടെങ്കിലും അവയെ ശോഭയേറിയതും ശുഭകരവുമായ ചില നക്ഷത്രങ്ങൾ ആയേ പരിഗണിച്ചിട്ടുള്ളു എന്ന് തോന്നുന്നു. മൈത്രായന ഉപനിഷത്തിൽ ആണ് താരഗ്രഹങ്ങളെക്കുറിച്ച് (ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി) വ്യക്തമായ സൂചന കാണുന്നത്. യാജ്ഞവൽ‌ക്യ സ്മൃതികളിൽ ഗ്രഹാരാധനയും പ്രത്യക്ഷപ്പെടുന്നു.ഋഗ്വേദകാലത്ത് വൈദികജനത പ്രകടിപ്പിച്ച പ്രകൃതിയോടുള്ള ആരാധനാഭാവമോ പ്രപഞ്ചത്തിന്റെ ഉത്ഭവത്തേയും വലിപ്പത്തേയും കാലത്തിന്റെ അർഥത്തേയും പ്രകൃതിപ്രതിഭാസങ്ങളുടെ കാരണത്തേയും കുറിച്ചുള്ള അന്വേഷണമോ പിൽക്കാലത്ത് പ്രകടമാകുന്നില്ല. നല്ലൊരു കലണ്ടർ ഉണ്ടാക്കിയെടുക്കുക, അനുഷ്ഠാനങ്ങൾക്ക് വേണ്ട സമയവും കാലവും കണക്കാക്കുക എന്നതിനപ്പുറം ജ്യോതിഷികൾക്ക് മറ്റൊന്നിലും താല്പര്യമില്ലാതായി. സമൂഹത്തിൽ പൗരോഹിത്യം ആധിപത്യമുറപ്പിച്ചതും നിരീക്ഷണങ്ങളേയും പുതിയ ചിന്തകളേയും നിരുത്സാഹപ്പെടുത്തിയതുമാകാം ഇതിന് കാരണം. ദേവന്മാർ ‘പരോക്ഷപ്രിയന്മാർ‘ ആണെന്നും നേരിട്ടുള്ള നിരീക്ഷണം അവർ (ഇവിടെ ഗ്രഹങ്ങളും താരങ്ങളും) ഇഷ്ടപ്പെടുന്നില്ലെന്നും അവർ പ്രചരിപ്പിച്ചു. അതുകൊണ്ട് ഗണനം മാത്രംമതി, നിരീക്ഷണം വേണ്ടാ എന്ന് വന്നു. ബാബിലോണിയരും ഗ്രീക്കുകാരും ചീനക്കാരുമെല്ലാം നല്ല നക്ഷത്രമാപ്പുകൾ ഉണ്ടാക്കുകയും നക്ഷത്രങ്ങളെ കാന്തിമാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുകയും ഒക്കെ ചെയ്തപ്പോൾ ഭാരതീയർ ക്രാന്തിപഥത്തിലും ചാന്ദ്രപഥത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ചാന്ദ്രപഥ നക്ഷത്രങ്ങളെ ഗണം തിരിച്ച് നാളും ഞാറ്റുവേലയും ഗണിക്കുന്നതിൽ അവർ മറ്റുള്ളവരെ കവച്ചുവെക്കുകയും ചെയ്തു. പക്ഷെ ജ്യോതിശ്ശാസ്ത്രത്തിന് ഗണ്യമായ സംഭാവന ചെയ്യാൻ കഴിയുമായിരുന്നിട്ടും (അതിന് വേണ്ട മികച്ച നിരീക്ഷകരും ഗണിതജ്ഞരും ഇവിടെയുണ്ടായിരുന്നു) അക്കാര്യത്തിൽ നാം വിജയിച്ചില്ല. അതിനിടെ ഒരു പ്രകാശനാളമായി ആര്യഭടൻ പ്രത്യക്ഷപ്പെട്ടുവെങ്കിലും പൗരോഹിത്യവും യാഥാസ്ഥിതികത്വവും ചേർന്ന് അതിനെ അതിവേഗം കെടുത്തിക്കളഞ്ഞു...wiki

No comments: