Saturday, November 24, 2018

മൂകം കരോതി വാചാലം പഗും ലംഘയതേ ഗിരിം.


മൂകം കരോതി വാചാലം പഗും ലംഘയതേ ഗിരിം.
യത്‍ക്ര്‌പാ തമഹം വന്ദേ പരമാനന്ദ മാധവം

മൂകനെ വാചാലനാക്കുകയും മുടന്തനെ പര്‍വ്വതം ലങ്‍ഘിക്കാന്‍ പ്രാപ്തനാക്കുകയും ചെയ്യുന്ന നിന്റെ പരമാനന്ദ ക്ര്‌പയെ ഞാന്‍ വന്ദിയ്ക്കുന്നു.

മൂകനെ വാചാലനാക്കുകയും മുടന്തനെ പര്‍വ്വതം ലംഘിയ്ക്കാന്‍ പ്രാപ്തനാക്കുകയും ചെയ്യുക. ഇതാണോ സര്‍വ്വശക്തനായ ജഗദീശ്വര കഴിവ്‌. ഇത്ര തുച്ഛമാണോ ഈശ്വരശക്തി.  ഇത്രമാത്രമേ ഭാരതീയ ഋഷീശ്വരന്മാരുടെ കഴിവ്‌ ഉള്ളു, അവരുടെ സങ്കല്പനങ്ങള്‍ ഇത്രയ്ക്കേ ഉള്ളു എന്നാണോ അര്‍ഥം. മിണ്ടാന്‍ വയ്യാത്തവനെ മരുന്നുകൊണ്ട്‍ ഭേദമാക്കിയ എത്രയോ ഉദാരഹരണങ്ങളുണ്ട്‍.  എത്രയോ മുടന്തന്മാരെ അതില്‍നിന്ന്‍ മോചിപ്പിച്ച ചരിത്രവും ശാസ്ത്രത്തിലുണ്ട്‍.  ജീവിതത്തിന്റെ യാത്രാവേളയില്‍ എന്നെങ്കിലും ഒരിയ്ക്കല്‍ സംഭവിച്ചേയ്ക്കാവുന്ന, ആര്‍ക്കെങ്കിലും ചിലര്‍ക്ക്‍ സംഭവിച്ചേയ്ക്കാവുന്ന ഒന്നാണ്‌ മൂകതയും നൊണ്ടലും. അതിനെ സുഖപ്പെടുത്തുന്ന കഴിവാണോ ജഗദീശ്വരനുള്ളത്‍. അദ്ദേഹത്തിന്‌ ഇതും നോക്കി നടക്കലാണോ പണി.  ഇത്രയും നിസ്സാരമായ ഒരു പണിയാണോ ഈശ്വരനുള്ളത്‍. എങ്കില്‍ പിന്നെ ഒരു ഭിഷഗ്വരനല്ലേ ഭേദം. ജഗദീശ്വരനെ വിട്ട്‍ ഭിഷഗ്വരനെയല്ലേ പൂജിയ്ക്കേണ്ടത്‍.

പിന്നെ എന്തുകൊണ്ടാണ്‌ ഇത്തരത്തിലൊരു വന്ദന എന്നാണ്‌ ചിന്തനീയം.  ആരാണ്‌ മൂകന്‍. എന്താണ്‌ വാചാലത. ആരാണ്‌ മുടന്തന്‍, എന്താണ്‌ പര്‍വ്വതം ഇത്യാദികളെല്ലാം മനനവിധേയമാക്കണം.  

മനുഷ്യന്‍ മിണ്ടാന്‍ തുടങ്ങുന്നത്‍ ഉണരുമ്പോളാണ്‌. ഉറക്കത്തില്‍ ആരും മിണ്ടില്ല. ഉറക്കത്തിനെ വിട്ട്‍ ഉണര്‍ച്ചയിലേയ്ക്ക്‍ എത്തുമ്പോള്‍ മൗനത്യാഗം സംഭവിയ്ക്കുന്നു.  വാസ്തവത്തിലുള്ള ജാഗ്രത  എന്താണ്‌.  പരമേശ്വരസ്മരണയില്‍ ജീവിയ്ക്കുന്നതാണ്‌ ജാഗ്രതയുടെ അടയാളം. യാതൊരുവന്‍ നിത്യനിരന്തരമായി ഈശ്വരമാഹാത്മ്യങ്ങള്‍ ധ്യാനിയ്ക്കുന്നുവോ, യാതൊരുവന്‍ അവനില്‍ത്തന്നെയുള്ള ജഗദീശ്വര തത്ത്വവുമായി സംവാദം നടത്തുന്നുവോ, അവനാണ്‌ ശരിയായ വാക്കുകള്‍ ഉച്ചരിയ്ക്കുന്നവന്‍, അവനാണ്‌ വാഗ്മി, വാചാലത എന്താണെന്ന്‍ അവനാണ്‌ അറിയുന്നത്‍.  ഏതൊരു നാവ്‌ ജഗദീശ്വരനാമങ്ങള്‍ ഉരുവിടുന്നുവോ, അവന്‍ ഉണര്‍ന്നവനാണ്‌, അവന്റെ മൂകത നശിച്ചിരിയ്ക്കുന്നു.  നാവുകൊണ്ട്‍ സദാ ഈശ്വരനാമങ്ങള്‍ ജപിച്ചുകൊണ്ടേയിരിയ്ക്കുക എന്നതാണ്‌ ജീവാത്മാവിന്‌ പറഞ്ഞിട്ടുള്ളത്‍. അതിനനുസരിച്ച്‍ വ്യക്തി അവന്റെതന്നെ നാക്കിനോട്‍ പറയണം, ഹേ നാവേ, നീ മധുരമുള്ളത്‍ തിന്നണമെന്ന്‍ പറഞ്ഞു, അതിന്‌ നിന്നെ ഞാന്‍ സമ്മതിച്ചു, എരിവ്‍ വേണമെന്ന്‍ പറഞ്ഞു, അതും ഞാന്‍ സാധിച്ചുതന്നു, പുളിവേണമെന്ന്‍ പറഞ്ഞു, അതും നിറവേറ്റിത്തന്നു. മറ്റവനെ ചീത്ത വിളിയ്ക്കണമെന്ന്‍ പറഞ്ഞു, അതും സമ്മതിച്ചു തന്നു, ഹേ നാവേ, നിന്റെ ആഗ്രഹങ്ങളൊക്കെ ഞാന്‍ നിനക്ക്‍ നിറവേറ്റിത്തന്നു, എനി എന്റെ ഒരാഗ്രഹമുണ്ട്‍, അത്‍ നീ നിറവേറ്റിത്തരണം, എന്താണ്‌ എന്റെ ആഗ്രഹം = ജിഹ്ന്വേ സദൈവം ഭജ സുന്ദരാണിം നാമാനി ക്ര്‌ഷ്ണസ്യ മനോഹരാണിം - ഇനി നീ ആ ക്ര്‌ഷ്ണന്റെ മനോഹരവും സുന്ദരവുമായ നാമങ്ങള്‍ ചൊല്ല്‌. അപ്പോള്‍ മാത്രമേ ജീവന്‍ ഉറക്കത്തില്‍ നിന്ന്‍ ഉണര്‍ന്നു എന്ന്‍ പറയാന്‍ പറ്റു, അതുവരെ എല്ലാം ഉറക്കത്തിലാണ്‍, മൂകരാണ്‌. ഇതാണ്‌ മൂകനെ വാചാലനാക്കുന്നു എന്ന്‍ പറയുന്നത്‍.

ഇപ്പൊ ദു:ഖത്തിലാണ്‌ എല്ലാവരും. ഖം എന്നാല്‍ ആകാശം. മനസ്സാകുന്ന ആകാശം. ദു എന്നാല്‍ ദുഷിയ്ക്കുക. എല്ലാവരുടെയും മനസ്സാകുന്ന ആകാശം ദുഷിച്ചിരിക്കുന്നു. അതില്‍നിന്ന്‍ ദു:ഖങ്ങള്‍ ഉണ്ടകുന്നു. ചെറിയചെറിയ ദു:ഖങ്ങളില്‍പോലും തളര്‍ന്നുപോകുന്നു, തകര്‍ന്നുപോകുന്നു മനുഷ്യര്‍. അവിടെയെല്ലാം മുടന്തി മുടന്തി കഴിയുന്നു.  ഓരോ പര്‍വ്വതംപോലെ ദു:ഖങ്ങളുടെ വര്‍ഷംതന്നെ ഉണ്ടായാല്‍ എന്ത്‍ ചെയ്യും. മുടന്തിക്കൊണ്ട്‍ നടക്കാനും വയ്യാത്ത സ്ഥിതി സംജാതമാകുന്നു. ചെറിയ ചെറിയ ദുഖങ്ങളില്‍പോലും പതറുന്ന ഈ അവസ്ഥയില്‍നിന്ന്‍ എത്രതന്നെ വലിയ പര്‍വ്വതംപോലത്തെ ദു:ഖങ്ങള്‍ വന്ന്‍ ഞാന്‍ മുടന്തിയാലും, ആ ദു:ഖപര്‍വ്വതത്തിന്റെ അപ്പുറത്തേയ്ക്ക്‍ എത്തിയ്ക്കാന്‍ നിന്റെ സ്മരണ എന്നില്‍ ഉണ്ടാകണേ.. നിന്റെ ക്ര്‌പാതിരേകം എന്നില്‍ വര്‍ഷിയ്ക്കണേ, ജഗദീശ്വരാ.. !! ഇതാണ്‌ പംഗും ലംഘയതേ ഗിരിം...vijayan kiliyil

No comments: