Tuesday, November 27, 2018

ശബരിമല പണ്ട് ബുദ്ധ വിഹാരമായിരുന്നുവെന്ന് തീരുമാനിച്ചുറപ്പിച്ചപോലെയാണ് കേരളത്തിലെ ഇടതു-വലതുപക്ഷ ബുദ്ധിജീവികളും യുക്തിവാദികളുമൊക്കെ. സുപ്രീംകോടതിയില്‍ നടന്ന കേസില്‍ പരാതിക്കാരായ യങ് ലോയേഴ്‌സ് അസോസിയേഷനും ഇതു സ്ഥാപിക്കാന്‍ ശ്രമിച്ചു. ഇപ്പോഴിതാ ടി.ജി. മോഹന്‍ദാസ് നല്‍കിയ കേസില്‍ ഹൈക്കോടതിയില്‍ കേരള സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലത്തിലും ഇങ്ങനെയൊരു വാദമുള്ളതായി കാണുന്നു. അവിടെ സര്‍ക്കാര്‍ പറയുന്ന ന്യായീകരണം 'ശരണം എന്ന വാക്ക് ബുദ്ധമതത്തില്‍ നിന്നു വന്നതാണ് എന്നാണ്. സുനില്‍ പി. ഇളയിടത്തെപ്പോലുള്ള ചിലരുടെ ഇത്തരത്തിലുള്ള പ്രഭാഷണങ്ങള്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. കേരളത്തില്‍ ഇപ്പോള്‍ ഇന്‍സ്റ്റന്റ് ചരിത്രകാരന്മാരുടെ കാലമാണല്ലോ. തങ്ങളുടെ രാഷ്ട്രീയ വിശ്വാസത്തിനു യോജിച്ച ഊഹാപോഹങ്ങള്‍ ചരിത്രം എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നവരുടെ കാലം. പക്ഷേ, ഈ പറയുന്നതിനൊക്കെ ചരിത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ശബരിമലക്ക് ബുദ്ധമതവുമായി ബന്ധമുണ്ടോ? ഇവിടെ കുറിക്കുന്നത്, ചരിത്ര പണ്ഡിതനല്ലാത്ത, ഭാഷാ പണ്ഡിതനല്ലാത്ത ഒരു സാധാരണക്കാരന്റെ സംശയങ്ങളാണ്. ശബരിമലയുടെ ബൗദ്ധ പാരമ്പര്യത്തെപ്പറ്റി മേല്‍പ്പറഞ്ഞ തരത്തില്‍ പല നിരീക്ഷണങ്ങളും അടുത്തകാലത്ത് പുറത്തു വരുന്നുണ്ട്. അവ ഓരോന്നായി പരിശോധിക്കാം. 
1. ധര്‍മ ശാസ്താവില്‍ ബുദ്ധനുണ്ട്, ആ ബുദ്ധനെയാണ് ശരണം വിളിക്കുന്നത്. 
''ബുദ്ധം ശരണം ഗച്ഛാമി, ധര്‍മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി'' എന്ന് ബുദ്ധമതക്കാര്‍ ശരണം വിളിക്കുന്നതായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷേ, ധര്‍മ ശാസ്താവില്‍ ബുദ്ധനുണ്ടെന്നു പറയാന്‍ ഇത്തരം ദുര്‍ബലമായ തെളിവുകള്‍ പോര. ശരണം വിളി എന്നൊരു രീതി തന്നെ ബുദ്ധമതത്തില്‍ ഇല്ല. മുദ്രാവാക്യം വിളിക്കുന്ന പോലെ ബുദ്ധം ശരണം എന്നൊക്കെ വിളിക്കുന്നത് ചില പഴയ മലയാള സിനിമകളില്‍ മാത്രമേ കാണാന്‍ കഴിയൂ. ബുദ്ധ വിഹാരങ്ങളിലോ ക്ഷേത്രങ്ങളിലോ കാണാന്‍ കഴിയില്ല. ത്രിശരണം എന്നത്  ഇടയ്ക്കിടയ്ക്ക് ആരും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കാറില്ല. ബുദ്ധമത തീര്‍ഥാടകര്‍ ശരണം വിളിച്ചുകൊണ്ടു പോകാറുമില്ല. മറ്റു മന്ത്രങ്ങള്‍ ചൊല്ലാറുണ്ട്. ത്രിശരണം മന്ത്രമല്ല.
'ശരണം' എന്ന വാക്കിന്റെ പകര്‍പ്പവകാശം ബുദ്ധമതക്കാര്‍ ഒരിക്കലും അവകാശപ്പെട്ടതായി കേട്ടിട്ടില്ല. അയ്യപ്പനെ ബന്ധപ്പെടുത്തി മാത്രമല്ല ഹിന്ദുക്കള്‍ ശരണം എന്ന് പറയാറുള്ളത്. അമ്മേ ശരണം, ദേവി ശരണം, മുത്തപ്പന്‍ ശരണം എന്നൊക്കെ പറയാറുണ്ട്. ''മാമേകം ശരണം വ്രജാ'  എന്ന് ഭഗവത് ഗീതയില്‍ പറഞ്ഞത് ബുദ്ധനില്‍ മാത്രം ശരണം എന്നാണ് എന്നൊക്കെ ഇനി പറഞ്ഞുവരുമോ ആവോ? വിഷ്ണു സഹസ്രനാമം പോലുള്ള സ്‌തോത്ര കൃതികളിലും 'ശരണം' എന്ന വാക്ക് പലപ്പോഴും വരുന്നുണ്ട്. ഇവയൊക്കെ ബുദ്ധനു മുന്‍പുള്ളവയാണല്ലോ. 
ശരണാര്‍ത്ഥി, ശരണാഗതന്‍ എന്നീ വാക്കുകളൊക്കെ ഭക്തി സാഹിത്യത്തില്‍ സാധാരണ ഉപയോഗിക്കുന്നതാണ്. ശരണാഗതി തത്വം എന്നത് വൈഷ്ണവ സമ്പ്രദായത്തില്‍ സമ്പൂര്‍ണമായി ഈശ്വരന് സമര്‍പ്പിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇങ്ങനെ ഒരു സങ്കല്‍പം ബുദ്ധമതത്തില്‍ ഇല്ല. ബുദ്ധനില്‍ പൂര്‍ണമായും സമര്‍പ്പിക്കേണ്ട കാര്യമൊന്നുമില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ബുദ്ധന്‍ പറഞ്ഞത് ഇങ്ങനെയാണ്: 'അതുകൊണ്ട് ആനന്ദാ, നിങ്ങള്‍ സ്വാവലംബികളും സ്വാശ്രയന്മാരും ആയിത്തീരുവിന്‍! സ്വയം ദീപമാകുക, ധര്‍മത്തെ ദീപമാക്കുക, തന്നേത്തന്നെ ശരണം പ്രാപിക്കുക, ധര്‍മത്തെ ശരണം പ്രാപിക്കുക.'' ബുദ്ധനെ ശരണം പ്രാപിക്കാനോന്നും പറഞ്ഞിട്ടില്ല. അതേസമയം ശബരിമലയില്‍ പോകുന്ന ഭക്തന് സ്വാമി മാത്രമാണ് ശരണം. ഇത്തരമൊരു ഭക്തി മാര്‍ഗം ബുദ്ധമതത്തില്‍ ഇല്ല. 
2. ബുദ്ധ വിഹാരങ്ങള്‍ കാട്ടിനുള്ളിലാണ്, ജനവാസ മേഖലയിലല്ല. 
ഇത് തെറ്റാണ്. ബുദ്ധന്റെ കാലത്ത് അദ്ദേഹം സ്ഥാപിച്ച വിഹാരങ്ങളോക്കെയും നഗരങ്ങളിലായിരുന്നു. ആദ്യമായി ബിംബിസാര രാജാവ് ബുദ്ധനു താമസിക്കാന്‍ നല്‍കിയ രാജഗൃഹം എന്ന മഗധ രാജധാനിയിലെ 'വേളുവനം', വനമല്ല, ഉദ്യാനമായിരുന്നു. കോസലത്തിലെ അനാഥപണ്ഡികന്‍ എന്ന സമ്പന്നന്‍ നല്‍കിയ ശ്രാവസ്തിയിലെ 'ജേതവന'വും ആരാമമായിരുന്നു. കോസലത്തില്‍ തന്നെ വിശാഖ എന്ന ഉപാസിക 'പൂര്‍വാരാമം' എന്ന പേരില്‍ ഒരു വലിയ മാളിക പണിതു നല്‍കിയിരുന്നു. ഈ രണ്ടു സ്ഥലത്തും ബുദ്ധന്‍ ദീര്‍ഘകാലം താമസിച്ചിട്ടുണ്ട്. 
 ബുദ്ധഭിക്ഷുക്കള്‍ ഭിക്ഷയെടുത്താണ് ജീവിക്കേണ്ടത്. ഭക്ഷണം പാചകം ചെയ്തു കഴിക്കാന്‍ അനുവാദമില്ല. സ്വന്തമായി കൃഷി ചെയ്യാനും അനുവാദമില്ല. ഗൃഹസ്ഥര്‍ നല്‍കുന്ന ഭിക്ഷ കൊണ്ടാണ് അവര്‍ ജീവിക്കുന്നത്. അതുകൊണ്ട് ബുദ്ധ വിഹാരങ്ങളൊക്കെ ജനവാസമേഖലക്കടുത്താണ് പണിയാറുള്ളത്. തായ് ബുദ്ധമതത്തിലോക്കെ ഒരു ന്യൂനപക്ഷം അനുഷ്ഠിക്കുന്ന ആരണ്യ സമ്പ്രദായമുണ്ട്. ജനവാസ മേഖലയില്‍ നിന്നുമാറി കാട്ടില്‍ താമസിക്കുന്ന രീതി. അവിടെയും ജനവാസമേഖലയില്‍ നിന്ന് വളരെ അകലെ താമസിക്കാറില്ല.
3. ഹിന്ദുക്കള്‍ ജനപദങ്ങളിലാണ് ക്ഷേത്രം പണിയുന്നത്. കാട്ടില്‍ പണിയാറില്ല.
കേദാര്‍നാഥ്, ബദരിനാഥ് തുടങ്ങി ഇന്ത്യയിലെ നൂറുകണക്കിന് ഹിന്ദു ക്ഷേത്രങ്ങള്‍ ഇപ്പോഴും ജനവാസ കേന്ദ്രങ്ങളില്‍ അല്ല സ്ഥിതി ചെയ്യുന്നത്. മനുഷ്യര്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലാണ്. കേദാര്‍നാഥിലേക്ക് 16 കിലോമീറ്റര്‍ നടന്നാണ് ഇപ്പോഴും പോകുന്നത്. ശ്രീശൈലം, ഭീമശങ്കര്‍, വയനാട്ടിലെ തിരുനെല്ലി തുടങ്ങിയ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും ഇപ്പോഴും കാട്ടിനുള്ളിലാണ്. വേറേയും ആയിരക്കണക്കിന് ഹിന്ദുക്ഷേത്രങ്ങള്‍ കാട്ടിനുള്ളിലുണ്ട്. ക്ഷേത്രത്തിനു ചുറ്റും ഗ്രാമങ്ങളും നഗരങ്ങളും വികസിച്ചു വരുന്നതാണ് ഇന്ത്യയിലെ പഴയരീതി. തിരുപ്പതിയിലും ഗുരുവയൂരുമൊക്കെ ക്ഷേത്രത്തിനു ചുറ്റും നഗരം വളര്‍ന്നു വരുകയാണ് ചെയ്തത്. നഗരം ഉണ്ടായതിനുശേഷം അതിനു നടുക്ക് അമ്പലം പണിതതല്ല.
4. ബുദ്ധ വിഹാരങ്ങളില്‍ ആദ്യ കാലത്ത് സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല. അത് ശബരിമലയിലും കാണാം.
 ആദ്യകാലം എന്നാല്‍ ഏതു കാലമാണ്? ബുദ്ധന്റെ കാലമാണോ? ബുദ്ധനു സ്ത്രീകള്‍ക്ക് സന്യാസം നല്‍കുന്നതിനോട് ആദ്യം യോജിപ്പില്ലായിരുന്നു. പിന്നീട് അദ്ദേഹം തന്റെ വര്‍ളര്‍ത്തമ്മയും ഭാര്യയും ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് സന്യാസം നല്‍കി. അവര്‍ക്കു 'ഭിക്കുനി (ഭിക്ഷുണി) സംഘം' എന്ന മഠവും സ്ഥാപിച്ചു. ബുദ്ധന്‍ ഭിക്ഷുണികള്‍ക്കു നല്‍കിയ എട്ടു പ്രത്യേക നിയമങ്ങളില്‍ മൂന്നാമത്തേത് ' (പുരുഷ) ഭിക്ഷുക്കള്‍ ഇല്ലാത്ത ഗ്രാമത്തില്‍ താമസിക്കരുത് എന്നാണ്'. അതേസമയം ഹിന്ദുക്കളുടെ ഭൂരിഭാഗം ആശ്രമങ്ങളിലും പണ്ട് സ്ത്രീകള്‍ക്ക് പ്രവേശനമില്ലായിരുന്നു. പലയിടത്തും ഇപ്പോഴും.  
5. ശാസ്താവിഗ്രഹം ഗാന്ധര ശില്‍പകല വികസിപ്പിച്ചെടുത്ത ബുദ്ധ വിഗ്രഹങ്ങളുടെ ശൈലിയില്‍ ഉള്ളതാണ്.
കാഴ്ച ശക്തിയുള്ള ആര്‍ക്കും ഇങ്ങനെ പറയാന്‍ കഴിയില്ല. ഗാന്ധാര ശില്‍പകലാശൈലിക്ക് ഗ്രീക്ക്/ഹെലെനിക്ക്  ശൈലിയുമായി ബന്ധമുണ്ട്. ഇങ്ങനെപോയാല്‍ ശാസ്താവ് ഗ്രീക്ക് ദൈവമാണെന്ന് പറഞ്ഞുതുടങ്ങും. ഗാന്ധാരം ദീര്‍ഘകാലം കാശ്മീര്‍ രാജാക്കന്മാരുടെ കീഴിലായിരുന്നു. മഹായാന ബുദ്ധമതം ശക്തിപ്രാപിച്ചതും കാശ്മീരിലാണ്. എന്നിട്ടുപോലും കാശ്മീരിലെ ശില്‍പകലയ്ക്ക് ഗാന്ധാര ശൈലിയുടെ ചെറിയ സ്വാധീനം മാത്രമേയുള്ളൂ. പിന്നെയാണ് ഇങ്ങ് കേരളത്തില്‍!  
6. ഇന്ത്യയില്‍ ഒരിടത്തും കാണാത്ത സവിശേഷമായ വിഗ്രഹ രീതിയാണ് അയ്യപ്പവിഗ്രഹത്തിനുള്ളത്. 
ശാസ്താ വിഗ്രഹം ബുദ്ധവിഗ്രഹമാണെങ്കില്‍, ആ മതം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ എവിടെയെങ്കിലും ഒരു ശാസ്താ വിഗ്രഹം കാണേണ്ടേ? മരുന്നിനു പോലും അങ്ങനെയൊന്നു കണ്ടിട്ടില്ല. എന്നാല്‍ കര്‍ണാടകത്തിലെ ഹംപിയിലെ 6.7മീറ്റര്‍ ഉയരമുള്ള, ഭാഗികമായി തകര്‍ക്കപ്പെട്ട നരസിംഹ വിഗ്രഹം ഇരിക്കുന്നത് അയ്യപ്പന്‍ ഇരിക്കുന്ന അതേരൂപത്തില്‍ യോഗപട്ടബന്ധനമായാണ്. നമ്മുടെ പത്മനാഭസ്വാമി ക്ഷേത്രത്തിലും പട്ടബന്ധനത്തില്‍ ഇരിക്കുന്ന യോഗനരസിംഹമൂര്‍ത്തിയുണ്ട്. അതേസമയം അയ്യപ്പന്‍ ഇരിക്കുന്നതു പോലെ പട്ടബന്ധനത്തില്‍ ഇരിക്കുന്ന ബുദ്ധവിഗ്രഹം ലോകത്ത് ഒരിടത്തും കാണില്ല.
 ബുദ്ധ വിഗ്രഹങ്ങളുടെ മുഖമുദ്രയായി പി.കെ. ഗോപാലകൃഷ്ണന്‍ സൂചിപ്പിക്കുന്നത് പത്മാസനം, ധ്യാനമുദ്ര, ഉത്തരീയം, മടിയില്‍ ഒന്നിനുമേല്‍ ഒന്നായി നിവര്‍ത്തി വച്ച ഹസ്തതലം, ജ്ഞാനമുദ്ര, ആസനം എന്നിവയാണ്. ഇവയില്‍ പലതും കേരളത്തില്‍ നിന്ന് ലഭിച്ച ബുദ്ധ വിഗ്രഹങ്ങളിലുണ്ട്. പക്ഷേ, ഈ ലക്ഷണങ്ങള്‍ ഒന്നും തന്നെ അയ്യപ്പ വിഗ്രഹത്തിനില്ല. 
 എം.ജി. ശശിഭൂഷന്‍ പറയുന്നത് നോക്കുക- 'ബുദ്ധ വിഗ്രഹങ്ങളൊക്കെ ഭാഗവതിക്കാവുകളോടോ, ശിവക്ഷേത്രങ്ങളോടോ അനുബന്ധിച്ചുള്ള സ്ഥലങ്ങളില്‍ നിന്നാണ് ലഭിച്ചിട്ടുള്ളത്. ഹൈന്ദവ ദേവതകളെക്കൂടി ആരാധനാവേളയില്‍ ഉള്‍പ്പെടുത്തിയിരുന്ന വജ്രായന ബുദ്ധമതമാണ് കേരളത്തില്‍ പ്രചരിച്ചിരുന്നതെന്നും ബുദ്ധ പ്രതിമകള്‍ കണ്ടെത്തിയ സ്ഥാനങ്ങള്‍ വ്യക്തമാക്കുന്നു.' (കേരളചരിത്രം- അപ്രിയ നിരീക്ഷണങ്ങള്‍). 
 7. ജാവയിലും സുമാത്രയിലും മറ്റുമുള്ള ബുദ്ധ വിഗ്രഹങ്ങള്‍ ഇരിക്കുന്ന രൂപത്തിലുള്ളവയാണ്. ആ ബുദ്ധന്റെ ഇരിപ്പ് ധര്‍മ ശാസ്താവിനുമുണ്ട.്
ഇരിക്കുന്ന രൂപത്തില്‍ ലോകത്ത് എവിടെയെങ്കിലും വിഗ്രഹം നിര്‍മിച്ചാല്‍ അത് ബുദ്ധനാകുമോ? ശ്രീ നാരായണ ഗുരുദേവന്റെ പ്രതിമ, ഇരിക്കുന്ന രൂപത്തില്‍ സ്ഥാപിച്ചാല്‍ അത് ബുദ്ധ വിഗ്രഹം ആകുമോ? ബുദ്ധനു മുന്‍പുള്ള മോഹന്‍ജോദാരോയിലെ യോഗീ/ശിവ രൂപവും ധ്യാനാവസ്ഥയില്‍ ഇരിക്കുന്ന രൂപത്തിലാണല്ലോ. ബുദ്ധനു മുന്‍പുണ്ടായ ജൈന മതത്തിലും ഇരിക്കുന്ന രൂപത്തിലുള്ള വിഗ്രഹങ്ങള്‍ ഉണ്ടല്ലോ. ബുദ്ധ വിഗ്രഹങ്ങളുടെ ലക്ഷണങ്ങള്‍ അയ്യപ്പ വിഗ്രഹത്തിനില്ലെന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. മാത്രമല്ല, ഇരിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു രീതിയിലാണ് അയ്യപ്പന്‍ ഇരിക്കുന്നത്. ഈ രീതി സാധാരണ ധ്യാനത്തിന് വിഘാതമാവും. ബുദ്ധമതം നിലനില്‍ക്കുന്ന ഒരു സ്ഥലത്തും ഇങ്ങനെയൊരു ഇരിപ്പ് രീതി ശില്‍പങ്ങളിലോ ധ്യാനത്തിലോ കാണാന്‍ കഴിയില്ല. 
 അമരകോശത്തില്‍ ബുദ്ധന്റെ പര്യായമായി ശാസ്താവ് എന്നു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ശാസ്താവ് ബുദ്ധനാണ് എന്നൊരു വാദമുണ്ട്. അങ്ങനെയെങ്കില്‍, ബുദ്ധന്‍ എന്ന വാക്കിന് അമരകോശത്തില്‍ ജിനന്‍ എന്നും വിനായകന്‍ എന്നും പര്യായമുണ്ട്. ഈ യുക്തി അനുസരിച്ച് ബുദ്ധന്‍ എന്നാല്‍ ജൈന മത സ്ഥാപകന്‍ മഹാവീരനാണ്, അല്ലെങ്കില്‍ വിനായകന്‍ എന്ന ഗണപതി ആണ് എന്നൊക്കെ വേണമെങ്കില്‍ മറ്റുള്ളവര്‍ക്കും പറയാം. അമരകോശത്തിലെ ശാസ്താശബ്ദം കാണുന്നവര്‍ വിഷ്ണു സഹസ്രനാമത്തില്‍ വിഷ്ണുവിന്റെ പര്യായമായി ശാസ്താ ശബ്ദം കാണുന്നതു ശ്രദ്ധിക്കാറില്ല. മഹാഭാരതത്തിന്റെ ഭാഗമായി വരുന്ന വിഷ്ണു സഹസ്രനാമം ബുദ്ധനു മുന്‍പുണ്ടായതല്ലേ?...janmabhumi

No comments: