Thursday, November 22, 2018

*രാസലീല 77*
പ്രഹസിതാനനം പ്രേമവീക്ഷണം

പുറമേയ്ക്  ഉള്ളതോ പ്രേമത്തോടുകൂടിയ മന്ദഹാസം. പ്രേമത്തോടുകൂടിയ വീക്ഷണം. പക്ഷേ അകമേക്ക് ചിത്ശക്തി . ജ്ഞാനിയുടെ അനുഭൂതി മണ്ഡലമാണ് ആ ചിച്ഛക്തി. ആ അനുഭവം പ്രേമത്തിനെ ഒരു വാഹനമാക്കി വെച്ച് കൊണ്ട് ശിഷ്യന്റെ. ഹൃദയത്തിലേക്ക് പ്രവേശിച്ചു. ഗോപികകളുടെ ഹൃദയത്തിലേക്ക് പ്രവേശിച്ചു.

ബൃഹദുര: ശ്രിയോ വീക്ഷ്യ ധാമ തേ
മുഹുരതിസ്പൃഹാ മുഹ്യതേ മന:

ഭഗവാന്റെ ആ ദിവ്യധാമത്തിനെ അവർ കാണുകയും അത് കണ്ട് വീണ്ടും ആ സ്ഥിതിയിൽ പ്രതിഷ്ഠതരാവാൻ വേണ്ടി കിടന്നു പിടയുകയും ചെയ്യുന്നതാണ് ഗോപികാ ഗീതം മുഴുവനും. അലൗകികമായ വൈകുണ്ഠത്തിനെ കുണ്ഠം എന്നാൽ തടസ്സം. തടസ്സം ഇല്ലാത്തതാണ് വൈകുണ്ഠം. അവിച്ഛിന്നമായ ആനന്ദധാമമാണ് ഭഗവാന്റെ വൈകുണ്ഠം. അതിനെ അവര് ഹൃദയത്തിൽ ആത്മസ്വരൂപമായി കണ്ടു. അത് ഇനി വിടാൻ ഞങ്ങള് തയ്യാറല്ല. ഞങ്ങളുടെ ചിത്തം അത് മോഹിച്ചു കൊണ്ടിരിക്കുന്നു ഭഗവാനേ. ഞങ്ങളെ അതുകൊണ്ട് വിട്ടുകളയരുത്.

വ്രജവനൗകസാം വ്യക്തിരംഗതേ
വൃജിനഹന്ത്യലം  വിശ്വമംഗളം
ത്യജ മനാക് ച ന ത്വത് സ്പൃഹാത്മനാം
സ്വജനഹൃദ്രുജാം യന്നിഷൂദനം

ഇങ്ങനെ ഭഗവാനെ സ്തുതിച്ച് ഞങ്ങളെ അനുഗ്രഹിക്കാനായി ആവിർഭവിച്ച അവിടുന്ന് സകല പാപത്തിനേയും അജ്ഞാനത്തിനേയും കളങ്കത്തിനേയും നീക്കുന്നതും വിശ്വത്തിന് മംഗളം ചെയ്യുന്നതുമായ ആ ദിവ്യസ്വരൂപം ഞങ്ങളുടെ മുമ്പിൽ കാണിച്ചു തന്നു. ഇനി ഞങ്ങളെ ഉപേക്ഷിക്കരുത്. അവിടുത്തെ അനുഭവത്തിനായി ആസക്തി വെച്ച് കൊണ്ടിരിക്കുന്ന ഞങ്ങളെ വിട്ടു കളയരുത്. ഞങ്ങളുടെ ഹൃദയവ്യഥ നീക്കി ആനന്ദം തരുന്നതായ ദിവ്യദർശനം ഞങ്ങൾക്ക് തരണം എന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞു. 😢😢

യത്തേ സുജാതചരണാംബുരുഹം സ്തനേഷു
ഭീതാ: ശനൈ: പ്രിയ ദധീമഹി കർക്കശേഷു
തേനാടവീമടസി തദ്വൃഥതേ ന കിംസിത്
കൂർപ്പാദിഭിർ ഭ്രമതി ധീർഭവദായുഷാം ന:

അവിടുത്തെ ആ ദിവ്യചരണാംബുജം ഞങ്ങളുടെ സ്തനത്തില് വെയ്ക്കുക. ഞങ്ങൾ ശരണാഗതി ചെയ്ത് ഹൃദയത്തില് ആ ചരണാംബുജത്തിനെ ധ്യാനിക്കുന്നു. ഇങ്ങനെ പലവിധത്തിലും പ്രലപനം ചെയ്തു കൊണ്ട്

ഇതി ഗോപ്യ: പ്രഗായന്ത്യ: പ്രലപന്ത്യശ്ച ചിത്രധാ
രുരുദു: സുസ്വരം രാജൻ കൃഷ്ണദർശനലാലസാ:

ലാലസതാ എന്നാൽ അത്യാർത്തി  എന്നൊക്കെ അർത്ഥം. നമുക്ക് ലോകത്തിൽ പണം സമ്പാദിക്കാനും ഒക്കെ ആർത്തിയുണ്ട്. സ്ഥാനമാനങ്ങൾ നേടിയെടുക്കാൻ ആർത്തി ഉണ്ട്. ഇതൊക്കെ കൂടി ചേർന്നാൽ എത്ര ആർത്തി വരുമോ അത്രയും ആർത്തി ഭഗവദ് പ്രാപ്തിക്ക് വന്നാൽ ക്ഷണനേരം കൊണ്ട് ഭഗവാനെ കിട്ടും. ഏകാദശത്തിൽ നാരദമഹർഷി കൃഷ്ണനെ കാണാൻ വരുമ്പോ

 കൃഷ്ണോപാസന ലാലസ:

കൃഷ്ണനെ കാണാനും അടുത്തിരിക്കാനും ഉള്ള അത്യാർത്ഥിയോടുകൂടി നാരദമഹർഷി വന്നു. ഇവിടെ ഗോപികകൾ പ്രകർഷേണ ഗാനം ചെയ്തു. ഉറക്കെ പാടി.

ഇതി ഗോപ്യ: പ്രഗായന്ത്യ: പ്രലപന്ത്യശ്ച ചിത്രധാ

വിചിത്രമായി പ്രലപനം ചെയ്തു. പലവിധത്തിൽ പ്രലപനം ചെയ്തു.

രുരുദു:
കരഞ്ഞു

സുസ്വരം

കരയുമ്പോ ആർക്കെങ്കിലും സുസ്വരം ഉണ്ടാവോ. രാഗം താളം ഒക്കെ നോക്കീട്ട് ആരെങ്കിലും കരയോ. എത്ര വലിയ പാട്ടുകാരിയാണെങ്കിലും കരയുമ്പോ എവിടെ നിന്ന് രാഗം സ്വരം ഒക്കെ വരും. കരയുമ്പോ നിലവിളിക്കും.  ഗോപികകൾ  അങ്ങനെ നിലവിളിച്ചപ്പോഴും

സുസ്വരം രുരുദു:

ആ സുസ്വരം എവിടെ നിന്ന് വന്നു. ശബ്ദത്തിന് ഭഗവാനോട് നിത്യസംബന്ധം ഉള്ളതുകൊണ്ട് ഭഗവദ്സംബന്ധത്തോടുകൂടെ ഉറക്കെ നിലവിളിച്ചാലും ആ നിലവിളിയിൽ നിന്നാണ് രാഗവും രാഗിണികളും ഒക്കെ ഉണ്ടാവണത്. നമ്മളുടെ സംഗീതശാസ്ത്രം ഉണ്ടായിരിക്കണത് ഒരു പുരുഷനും സ്ത്രീയും കൂടെ പാട്ട് പാടാൻ വേണ്ടിയിട്ടല്ല. സംഗീതശാസ്ത്രം മുഴുവൻ ഭക്തന്മാര് ഭഗവാനെ പ്രാപിക്കാനായി കരഞ്ഞു നിലവിളിച്ചപ്പോ ഉണ്ടായതാണ്. ത്യാഗരാജസ്വാമികൾ രാമനെ കാണാനായി കരഞ്ഞു വിളിച്ചപ്പോ രാമനെ പലവിധത്തിലും ആസ്വദിച്ചു പാടിയപ്പോ ഉണ്ടായതാണ് കീർത്തനങ്ങൾ. അവരൊക്കെ സദാ ഭഗവദ് ധ്യാനത്തിൽ ഇരുന്നപ്പോ എന്തു വന്നുവോ അത് കീർത്തനമായി മാറി.
ശ്രീനൊച്ചൂർജി
 *തുടരും. ....*

No comments: