Friday, November 23, 2018

ജനിക്കും മുന്‍പ് വേണ്ടï സംസ്‌കാരങ്ങള്‍

സ്വാമി ചിദാനന്ദപുരി
Friday 23 November 2018 2:40 am IST
വിശേഷപ്പെട്ട നിമിത്തം വരുമ്പോള്‍ ചെയ്യേണ്ടുന്ന കര്‍മങ്ങളാണ് നൈമിത്തിക കര്‍മങ്ങള്‍. നൈമിത്തികങ്ങള്‍ പല പ്രകാരമാണ്. ഒരു കുടുംബത്തിലെ അംഗം എന്ന നിലയില്‍ വന്നു ചേരുന്ന നൈമിത്തികങ്ങള്‍, ഒരു ഗ്രാമത്തിലെ അംഗം എന്ന നിലയില്‍ ആ ഗ്രാമവുമായി ബന്ധപ്പെട്ട്് വന്ന് ചേരുന്ന നൈമിത്തികങ്ങള്‍. മുഴുവന്‍ സമൂഹവും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആചരിക്കുന്ന വിശേഷങ്ങള്‍ ഇവയെല്ലാം നൈമിത്തികത്തില്‍ വരാം. എന്നാല്‍ നൈമിത്തിക കര്‍മങ്ങളെ കുറിച്ച് പറയുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് ഷോഡശ സംസ്‌കാരങ്ങളെ കുറിച്ചാണ്.  
ഒരു മനുഷ്യനെ സംസ്‌കാരസമ്പന്നനാക്കുന്നത് ഒരു ദിവസത്തെയോ നിശ്ചിത സമയത്തെയോ പ്രവര്‍ത്തി കൊണ്ടല്ല. മറിച്ച് ഒരു നിരന്തര പ്രക്രിയയുടെ ഫലമാണത്. തുടക്കവും ഒടുക്കവും ചിട്ടപ്പെടുത്താന്‍ കഴിയാത്ത ചില ക്രിയകളിലൂടെ ഒരു വ്യക്തി കടന്നുപോകുമ്പോള്‍ സാധാരണയായി സംസ്‌കാര സമ്പന്നതയുണ്ടാകുന്നു. ഈ വ്യക്തി സംസ്‌കരണത്തിലേക്കും തദ്വാരാ സമാജത്തിന്റെ സംസ്‌കാര സമ്പന്നതിയിലേക്കുമൊക്കെ നയിക്കുന്നതിനാണ് ക്രമികമായ സംസ്‌കാര ക്രിയകളെ പറഞ്ഞു തന്നിട്ടുള്ളത്. അതില്‍ ഉള്‍പ്പെടുത്തിയാണ് നമ്മള്‍ ഷോഡശ സംസ്‌കാരങ്ങളെ മനസ്സിലാക്കേണ്ടത്.
ഒരാള്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ സംസ്‌കാരങ്ങള്‍ ആരംഭിക്കുന്നു. സംസ്‌കാരങ്ങളില്‍ ആദ്യത്തേത് ഗര്‍ഭാധാനമാണ്. ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ഠി വരെയാണ് സംസ്‌കാങ്ങള്‍. വീര്യാധാനം, ഗര്‍ഭസ്ഥാപനം, വീര്യസ്ഥാപനം, നിഷേകം എന്നിങ്ങനെയെല്ലാം ഗര്‍ഭാധാനത്തിന് പേരുകളുണ്ട്. ഒരു വ്യക്തി ശരീരവാനായി ജനിക്കുന്നതിനു മുന്‍പേ ആരംഭിക്കുന്നതാണ് സംസ്‌കാര ക്രീയകള്‍. അതിനെയാണ് നിരന്തര പ്രക്രിയ എന്നു പറയുന്നത്. കുടുംബജീവിതത്തിലേക്ക് മനുഷ്യന്‍ പ്രവേശിക്കുന്നത് വിവാഹം എന്ന യജ്ഞത്തോടുകൂടിയാണ്. അത് കുടുംബത്തിന്റെ നിലനി
ല്‍പ്പിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. ഭാരത സംസ്‌കൃതിയെ നിലനിര്‍ത്തിയത് തന്നെ ഇത്തരം സംസ്‌കൃതികളാണ്. വിവാഹാനന്തരം അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങി, വിഹിതമായിരിക്കുന്ന അഗ്നിഹോത്ര ക്രിയകളെ പുരോഹിതന്റെ മേല്‍നോട്ടത്തില്‍ ചെയ്ത്, ഉചിതമായ ദിവസം നല്ല സന്താനം ജനിക്കണേ എന്ന് പ്രാര്‍ഥിച്ച് പതിയും പത്‌നിയും സമാഗമിക്കുന്നു. അങ്ങനെയാണ് ജീവിതത്തിലേക്ക് ഒരു അതിഥി കൂടെ കടന്നു വരുന്നത്. അതിനുള്ള എല്ലാ സൗകര്യങ്ങളും നാം ചെയ്ത് കൊടുക്കുകയാണ് വേണ്ടത്. അങ്ങനെ ഗര്‍ഭാധാനം പൂര്‍ത്തിയായി. 
പുംസവനം ആണ് അടുത്ത സംസ്‌കാരം. ഗര്‍ഭിണിയുടെ രണ്ടാം മാസത്തില്‍ പതിയോടൊപ്പം സമാസനത്തില്‍ ഇരുന്നുകൊണ്ട് പുംസവന കര്‍മങ്ങള്‍ അനുഷ്ടിക്കണം. 
നാലാം മാസത്തിലാണ് മൂന്നാമത്തെ സംസ്‌കാരം. അതാണ് സീമന്തോനയന സംസ്‌കാരം. ചില ആചാര്യന്മാരുടെ അഭിപ്രായത്തില്‍ ഇത് ആറാം മാസത്തിലും ആവര്‍ത്തിക്കാം. അവിടെ ഗര്‍ഭസ്ഥ ശിശുവിന്റെ ഭൗതിക വികാസം പ്രാര്‍ഥിച്ചുകൊണ്ട് ചില ക്രിയകളും ഔഷധ സേവകളുമുണ്ട്. അവിടെ നിന്ന് തുടങ്ങുന്ന ഔഷധ സേവനം ഗര്‍ഭകാലം മുഴുവനും തുടരണം. ഇങ്ങനെ ഒരു വ്യക്തി ജനിക്കുന്നതിനു മുന്‍പു തന്നെ മൂന്ന് സംസ്‌കാരങ്ങളാണ് ഉള്ളത്.
(എറണാകുളം ടിഡിഎം ഹാളില്‍ നടത്തുന്ന 'തപസ്'  പ്രഭാഷണ പരമ്പരയില്‍ നിന്ന്)

No comments: