Thursday, November 22, 2018

ദിവ്യാത്ഭുതങ്ങള്‍കൊണ്ടും സിദ്ധികൊണ്ടും കോടിക്കണക്കിന് ഭക്തര്‍ക്ക് അഭയമരുളിയ ശ്രീ സത്യസായി ബാബയുടെ ഒരു തിരുനാള്‍ കൂടി ആഗതമായി. ഇന്ന് പുട്ടപര്‍ത്തി ജനലക്ഷങ്ങളുടെ സംഗമഭൂമിയാകും. ബാബയുടെ  മഹാസമാധിക്ക് ശേഷവും ഇവിടേക്കുള്ള ഭക്തരുടെ ഒഴുക്കിന് തെല്ലും കുറവില്ല. പഴയതില്‍ കൂടുതല്‍ കാര്യക്ഷമമായി ഒരുപാട് കാര്യങ്ങള്‍ സായീകൃപയാല്‍ നടക്കുന്നു. ലോകമെമ്പാടും നടക്കുന്നതിന്റെ പ്രഭവകേന്ദ്രവും അവിടം തന്നെ!
ചിതല്‍പുറ്റുകളുടെ മലനിരകള്‍ എന്നര്‍ഥം വരുന്ന ഗൊല്ലാപ്പള്ളിയെന്നായിരുന്നു പുട്ടപര്‍ത്തിയുടെ പഴയ പേര്. ഉഗ്രവിഷമുള്ള പാമ്പുകള്‍ വിഹരിച്ചിരുന്ന ഇടമായതിനാലാണ് പുട്ടപര്‍ത്തി എന്ന പേര് വന്നത് എന്നാണ് വിശ്വാസം. സായിബാബയുടെ ജനനത്തോടെയാണ് പുട്ടപര്‍ത്തി കൂടുതല്‍ പ്രസിദ്ധമായത്. 
അടുത്തിടെ ഞാന്‍ അവിടെ പോയിരുന്നു. ഭജന കഴിഞ്ഞപ്പോള്‍ ഉച്ചയൂണിന്റെ കൂപ്പണുകള്‍ നല്‍കുന്നു, സൗജന്യമായി. നേരത്തേയുള്ള സൗത്ത്/നോര്‍ത്ത് ഇന്ത്യന്‍ കാന്റീനുകള്‍ക്ക് പുറമെ പുതിയ അന്നക്ഷേത്രം. നല്ല വൃത്തി, വെടുപ്പ്, ചിട്ട. ഭക്ഷണം സ്വാദുള്ളത്. വീല്‍ചെയറിലിരുന്നുപോലും ഉണ്ണാം! 
ഇരുനൂറ്റി അമ്പത് രൂപക്ക് വലിയ മുറി കിട്ടി. ഡോര്‍മിറ്ററി സൗകര്യവും ഉണ്ട്. രാവിലെയും വൈകിട്ടും വേദോച്ചാരണം. വിദ്യാര്‍ഥികള്‍ നയിക്കുന്ന ഭജന. വെളുപ്പിന് സുപ്രഭാതം.
നല്ല തിരക്കുണ്ട്. കുല്‍വന്ത് ഹാള്‍ മിക്കവാറും നിറഞ്ഞുതന്നെ. സമാധിയുടെ ശക്തി വര്‍ണിക്കാനാവില്ല! പൂക്കള്‍ മാത്രമാണവിടെ. ഏറെ ലളിതം, സൗമ്യം, പൂര്‍ണം. 'പര്‍ത്തിയാത്ര' എന്ന പേരിലും എല്ലാ മാസവും ആയിരങ്ങള്‍ വരുന്നു. ചിട്ടയോടെ, അച്ചടക്കത്തോടെ, നിശബ്ദമായ ആരാധന. സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂള്‍, കോളേജ്, സര്‍വകലാശാല. സൗജന്യ ചികിത്സ നല്‍കുന്ന ജനറല്‍ ആശുപത്രിയും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും മേന്മയോടെ തന്നെ. ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ വരുന്നു. പ്ലാനറ്റോറിയവും ഹില്‍വ്യു സ്റ്റേഡിയവും എല്ലാമെല്ലാം ഏറെ നന്നായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമാകുന്നു.
എല്ലാ സ്ഥാപനങ്ങളും സൗരോര്‍ജത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. 2020ല്‍ പുട്ടപര്‍ത്തി ടൗണ്‍ഷിപ്പ് മുഴുവന്‍ സൗരോര്‍ജ മേഖലയിലാകും. സര്‍വകലാശാലയുടെ ഗവേഷണവിഭാഗം ഏറെ മികച്ചതാണ്. ബെംഗളൂരുവില്‍ വൈറ്റ് ഫീല്‍ഡില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ജനറല്‍ ആശുപത്രിയും സര്‍വകലാശാലയുടെ ക്യാമ്പസും ഉണ്ട്. എല്ലാ സേവനവും സൗജന്യം. ബാഹുബലവും ബന്ധുബലവും ധനബലവും വേണ്ട സഹായങ്ങള്‍ കൈപ്പറ്റാന്‍, അര്‍ഹതമാത്രം മതി. ആന്ധ്രയിലെ അനന്തപ്പൂര്‍ ജില്ലയില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കോളേജും ഉണ്ട്.
2018 ആദ്യം ആയിരത്തോളം വരുന്ന ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സമ്മേളനം നടന്നു. സുപ്രീംകോര്‍ട്ട് ചീഫ് ജസ്റ്റിസാണ് ഉദ്ഘാടനം  ചെയ്തത്. ഏതാണ്ട് നൂറ് രാജ്യങ്ങളില്‍ നിന്ന് വേദം പഠിച്ച പതിനായിരത്തോളം ആളുകള്‍ വന്നിട്ട്, ഒരുമിച്ച് വേദം ചൊല്ലിയത് ലോക ചരിത്രത്തിലാദ്യം. ലോകസമാധാനത്തിന് വേണ്ടി ആയിരുന്നു ഈ സദുദ്യമം. വ്യാഖ്യാനിക്കാന്‍ സാധിക്കാത്ത പ്രേമപ്രഹര്‍ഷവും ആയി വിവിധ മതങ്ങളില്‍ നിന്നും പണ്ഡിതന്മാര്‍ ഒരുമിച്ച് വന്ന്, നടത്തിയ സര്‍വമത കൂട്ടായ്മയും പ്രശാന്തി നിലയത്തിന്റെ പ്രത്യേകത. സര്‍വ ധര്‍മ സമന്വയം. ബാബയുടെ സമാധിക്കുശേഷം സത്യസായി ട്രസ്റ്റാണ് എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. അവര്‍ക്കതിന് പ്രചോദനം നല്‍കുന്നത് അരൂപിയായ ബാബ തന്നെയാണ്! അവിടുന്ന് എങ്ങും പോയിട്ടില്ല. ആ ഒരാളുടെ നിയന്ത്രണം എപ്പോഴും ഉണ്ട്! കേരളത്തിലും നിരവധി  സ്ഥലങ്ങളില്‍, വലുതും ചെറുതുമായ, ഒട്ടനവധി സൗജന്യ ഭക്ഷണ ചികിത്സ- വിദ്യാഭ്യാസ സഹായങ്ങള്‍, സാധാരണക്കാര്‍ ആത്മാര്‍ഥമായി ചെയ്യുന്നു. ''നാമം ജപി
ക്കുന്ന ചുണ്ടുകളെക്കാള്‍ വിശുദ്ധി സേവനം ചെയ്യുന്ന കരങ്ങള്‍ക്കാണെന്ന് ബാബ പറഞ്ഞു, ചെയ്തു കാണിച്ചു. ഇന്നും ചെയ്യുന്നു... ഇതാണ്, ആദ്ധ്യാത്മികത. ഈ അതിരുകളില്ലാത്ത സ്‌നേഹം. ഈ പരിധികളില്ലാത്ത സേവനം. തിരിച്ചൊന്നും എടുക്കാത്ത പരോപകാരം.
നമുക്ക് ഒന്ന് പുട്ടപര്‍ത്തിയില്‍ പോകാം. എസ്എസ്പി
എന്‍ എന്ന റെയില്‍വേ സ്റ്റേഷനിലേക്ക് ധാരാളം തീവണ്ടികള്‍ നീങ്ങുന്നു. ബെംഗളൂരുവില്‍ നിന്ന് ഒട്ടനവധി ബസുകളും, ചെലവു കുറഞ്ഞ താമസ, ഭക്ഷണ സൗകര്യങ്ങളും. ഈശ്വരനെ കാണാം. ഇതുപോലെ ഒരു ചൈതന്യ വിശേഷം ചരിത്രത്തിലെവിടെയാണ്? സന്ന്യാസി ശിഷ്യരില്ല. എല്ലാം ഗൃഹസ്ഥര്‍ ചെയ്യുന്നു. 43 വര്‍ഷമായി ഞാനിത് കാണുന്നു, അനുഭവിക്കുന്നു, സായീസേവനങ്ങളില്‍ കൂടെ കൂടുന്നു. അതും  ഒരു വീല്‍ ചെയറിലിരുന്ന്. ജീവിതം ധന്യമാണ്. ഭാസ്‌കരന്‍ മാഷിന്റെ ആ ഗാനമുണ്ടല്ലോ- ഒരു മുല്ല പൂമൊട്ടില്‍ ഒതുക്കുന്നതെങ്ങിനെ ഞാനീ ഒടുങ്ങാത്ത വസന്തത്തിന്‍ മധുര ഗന്ധം... അതുപോലെ ഈ വരികളില്‍ എനിക്കും ഒതുക്കാനാവില്ല സാധാരണക്കാരന്റെ സായിബാബാ മഹത്വം!..janmabhumi

No comments: