Monday, November 26, 2018

കൈവല്യ ഉപനിഷത്ത് - 2

ബ്രഹ്മവിദ്യാ പഠനത്തിലൂടെ മാത്രമേ നമ്മുടെ പാപങ്ങളേയും അവയ്ക്ക് ആധാരമായ വാസനകളേയും ഇല്ലാതാക്കാനാവൂ. നമ്മള്‍ വിവിധ കര്‍മങ്ങളിലൂടെ കൂട്ടി വെച്ച വാസനകള്‍ തന്നെയാണ് പാപമായിത്തീരുന്നത്.
പാപവാസനകളെല്ലാം നീങ്ങിയാല്‍ എല്ലാറ്റിനും മേലെയുള്ള ആ പരമപുരുഷനില്‍ എത്തിച്ചേരും.
തസ്‌മൈ സ ഹോവാച പിതാമഹശ്ച
ശ്രദ്ധാ ഭക്തി ധ്യാനയോഗാദവൈഹി
തന്റെ അടുത്ത് വന്ന് ബ്രഹ്മവിദ്യയെ ആവശ്വപ്പെട്ട അശ്വലായനനോട് ശ്രദ്ധ, ഭക്തി, ധ്യാനം എന്നിവയിലൂടെ അറിയാന്‍ മുത്തച്ഛനായ ബ്രഹ്മാവ് പറഞ്ഞു.
ബ്രഹ്മവിദ്യയെ നേടണമെങ്കില്‍ ഭൗതികമായ അറിവുകള്‍ നേടുന്നത് പോലെയുള്ള രീതി സ്വീകരിച്ചാല്‍ പോരാ. ശ്രദ്ധയും ഭക്തിയും ധ്യാനവുമാണ് ഇവിടെ ബ്രഹ്മാവ് നിഷ്‌കര്‍ഷിക്കുന്നത്.
ഗുരുവിലും വേദാന്തവാക്യത്തിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ. ശ്രുതി വാക്യങ്ങളെ വേണ്ടപോലെ കേട്ട് മനനം ചെയ്ത് ഉറപ്പിക്കാനുള്ള ബുദ്ധിയുടെ കഴിവാണ് ഇത്. സ്വയം ആധ്യാത്മികമായി മാറാനും ബുദ്ധിപരമായി ഉയരാനും ഇതിലൂടെ കഴിയും.
ഭക്തി എന്നാല്‍ ഒരു ഉയര്‍ന്ന ആദര്‍ശത്തോട് തോന്നുന്ന ഉത്കൃഷ്ടഭാവമാണ്.ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തിയാണ്. സാധാരണ ലൗകികമായ പലതിനോടും നമുക്ക് സ്‌നേഹമുണ്ടാകും. ഉന്നതമായ ഒന്നിനോട് തോന്നുന്ന പ്രേമഭാവമാണ് ഭക്തി.
ഈശ്വരന്‍, ഗുരു, ശാസ്ത്രം മാതാപിതാക്കള്‍, രാഷ്ട്രം തുടങ്ങിയവയോടൊക്കെയാണ് ഭക്തി വച്ചു പുലര്‍ത്തുക. സ്വസ്വരൂപ അനുസന്ധാനമാണ് ഭക്തിയുടെ ഉന്നത തലമായി ആചാര്യസ്വാമികള്‍ പറയുന്നത്. പരമമായ അറിവിനെ നേടാന്‍ ഭക്തി അത്യന്താപേക്ഷിതം തന്നെ.
ബുദ്ധിയും ഹൃദയവും ഒന്നു ചേര്‍ന്നാല്‍ അവിടെ ധ്യാനമായി.വിചാര തലത്തില്‍ ബുദ്ധി ഉയരുമ്പോള്‍ പ്രേമാര്‍ദ്രമായ ഹൃദയം അതോടൊപ്പം ചേരണം ഈ സമന്വയമാണ് ധ്യാനത്തിലുണ്ടാവുക. പരമമായതിനെ മാത്രം നിരന്തരമായി നമ്മുടെ ഉള്ളില്‍ സ്മരിക്കലും ഉറപ്പിക്കലുമാണ് ധ്യാനത്തിലൂടെ ചെയ്യുന്നത്.
ഇപ്പോള്‍ നാം എല്ലാവരും കുടുങ്ങിക്കിടക്കുന്ന വിഷയധ്യാനത്തില്‍ നിന്ന് ഉണര്‍ന്നേ മതിയാവൂ.എങ്കില്‍ മാത്രമാണ് ശ്രേഷ്ഠതയിലേക്ക് കടക്കാന്‍ കഴിയുക.
 ബുദ്ധിയുടെ അതിരുകള്‍ക്ക് അപ്പുറത്താണ് ഉപനിഷത്ത് പറയുന്ന ആത്മാനുഭവം.ആചാര്യന്‍ ബുദ്ധിയുടെ തലത്തില്‍ നിന്ന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെങ്കിലും അതിനെ തന്റെ അനുഭവമാക്കി മാറ്റാന്‍ ശിഷ്യനേ സാധിക്കൂ....
ബുദ്ധി കൊണ്ട് നേടാനാവാത്തത് ഹൃദയം കൊണ്ടും ഹൃദയത്താല്‍ അനുഭവിക്കാത്തത് ബുദ്ധി കൊണ്ടും ഗ്രഹിക്കാന്‍ നമുക്ക് കഴിയും. ഇവയെ വേണ്ടപോലെ ഉപയോഗപ്പെടുത്തി വേണം അറിവ് നേടാന്‍. ആദ്ധ്യാത്മികജ്ഞാനത്തെ നേടാനാണെങ്കില്‍ ഇക്കാര്യത്തില്‍ എത്ര കണ്ട് സൂക്ഷ്മം വേണം എന്നത് പറയേണ്ടതില്ലല്ലോ.
ന കര്‍മണാ ന പ്രജയാ ധനേന
ത്യാഗേനൈകേ അമൃതത്വമാനശു:
പരേണ നാകം നിഹിതം ഗുഹായാം 
വിഭ്രാജതേ യദ് യതയോ വിശന്തി
കര്‍മം കൊണ്ടോ സന്തതിപരമ്പരകളെ കൊണ്ടോ ധനം കൊണ്ടോ അമൃതത്വത്തെ നേടാനാകില്ല. ത്യാഗം കൊണ്ടു മാത്രമേ അമൃതത്വം നേടാനാകൂ...
സ്വര്‍ഗത്തിന് അപ്പുറവും ബുദ്ധി ഗുഹയില്‍ ഇരുന്ന് പ്രകാശിക്കുന്നതുമായ അതിലേക്ക് യതികള്‍ പ്രവേശിക്കുന്നു.
 ഭൗതികമായ പലതിനേയും നേടിയെടുക്കാന്‍ നമ്മെ സഹായിക്കുന്നതാണ് കര്‍മവും സന്തതികളും (അനുയായികളും) ധനവുമൊക്കെ.എന്നാല്‍ പരമപദമെന്ന മരണമില്ലാത്തതായ അമൃതത്വത്തെ നേടണമെങ്കില്‍ ഇതൊന്നും പോരാ. ത്യാഗമാണ് വേണ്ടത്.
 ശരീരം, മനസ്സ്, ബുദ്ധി തുടങ്ങി പലതുമായും താദാത്മ്യം പ്രാപിച്ച് അതൊക്കെ ഞാനാണ് എന്ന് കരുതിയിരിക്കുന്നവരാണ് നാം. ഈ താദാത്മ്യം മൂലം ഉണ്ടാകുന്ന തെറ്റായ ധാരണകളില്‍ നിന്നും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സുഖദു:ഖങ്ങളില്‍ നിന്നും സ്വയം വിടുക തന്നെ വേണം. അപ്പോഴാണ് ശരിയായ ത്യാഗം.ഞാന്‍ എന്നും എന്റെ എന്നുമുള്ള ഭാവങ്ങളെ വെടിയാനായി കഴിയണം.
ഞാന്‍ വെടിഞ്ഞു, ഞാന്‍ ഉപേക്ഷിച്ചു തുടങ്ങിയ വിചാരങ്ങളെ പോലും വിടുമ്പോഴാണ് ത്യാഗം എന്നത്.ത്യജിച്ചു കൊണ്ട് കഴിയുക എന്നത് വലിയ കാര്യമാണ്. നമ്മുടെ ആധ്യാത്മിക വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്നതിനെല്ലാം നിഷ്‌കരുണം ഉപേക്ഷിക്കുക തന്നെ വേണം. ലൗകികമായ ചില വസ്തുക്കളേയോ സുഖ സൗകര്യങ്ങളേയോ വെടിയാന്‍ നമുക്ക് ഉള്ള പ്രയാസം ഏവര്‍ക്കും അറിയാവുന്നതാണ്.
അകം എന്നാല്‍ ദുഃഖം നാകം എന്നാല്‍ ദുഃഖമില്ലാത്ത ഇടം. സാധാരണ സ്വര്‍ലോകത്തെ വിശേഷിപ്പിക്കുന്നതാണ് ഇത്. എല്ലാ ദുഃഖങ്ങള്‍ക്കും മേലെയായി ആനന്ദം മാത്രമുള്ള പരമപദത്തിലാണ് എത്തേണ്ടത്. അത് നമ്മുടെ ഉള്ളില്‍, ബുദ്ധി ഗുഹയില്‍ ചൈതന്യ സ്വരൂപമായി പ്രകാശിക്കുന്നുണ്ട്. ആത്മാഭ്യാസം എന്ന യത്‌നം ചെയ്യുന്നവരായ യതികള്‍ ഈ അമൃതത്വമായ പരമപദത്തെ അറിയുകയും നേടുകയും ചെയ്യുന്നു.
 സ്വാമി അഭയാനന്ദ (ചിന്മയ മിഷന്‍, തിരുവനന്തപുരം)
Tuesday 27 November 2018 2:51 am IST

No comments: