Thursday, November 22, 2018

കാളകെട്ടിയില്‍നിന്ന് കഷ്ടിച്ച് ഒന്നര മൈല്‍ കിഴക്കാണ് അഴുതാനദി ഒഴുകുന്നത്. ഇത് പമ്പാനദിയില്‍   ചെന്നുചേരുന്നു. അഴുതയെ സംസ്‌കൃതത്തില്‍ 'അലസാ' എന്നു പറയുന്നു. ''ശ്രീമദ്ദക്ഷിണപമ്പായാഃ പ്രതീച്യാം വര്‍ത്തതേളലസാ'' എന്നാണ്  ഭൂതനാഥോപാഖ്യാനത്തില്‍ പ്ര  സ്താവിക്കുന്നത്. അയ്യപ്പന്മാര്‍ അഴുതാതീരത്തും  മണല്‍പ്പുറത്തും താവളമടിക്കുന്നു. ഈ നദിതന്നെയാണ് പീരുമേട് ക്ഷേത്രത്തിനു സമീപത്തുകൂടി ഒഴുകുന്നത്. അഴുതയുടെ വടക്കെ കരയിലുള്ള കിഴുക്കാംതൂക്കായ കുന്നിന്റെ അടിവാരത്തിലാണ് അയ്യപ്പന്മാര്‍ അധികം പേരും താമസിക്കാറുള്ളത്.
അഴുതാനദിയുടെ തീരത്ത് അങ്ങിങ്ങായി മലവാസികള്‍ താമസിക്കുന്നുണ്ടെങ്കിലും ഇവിടംമുതല്‍ ജനവാസമില്ലാത്ത ശരിയായ കാനനഭൂമിയാണ്. അഴുത, പമ്പ, മലനട ഈ മൂന്ന് സ്ഥാനങ്ങളിലും ആഴി വര്‍ധിപ്പിച്ചിരുന്നു. പ്രഭാതത്തില്‍ മഞ്ഞിന്റെയും തണുപ്പിന്റെയും കാഠിന്യമോര്‍ത്തു മടിക്കാതെ കന്നി അയ്യപ്പന്മാരെല്ലാം അഴുതയില്‍ സ്‌നാനം ചെയ്യുന്നു. ആദ്യം മുങ്ങുന്നതോടുകൂടി ഒരു ചെറിയ കല്ലുകൂടി കരസ്ഥമാക്കണം. ഇതു സൂക്ഷിച്ചുവെക്കണം. കല്ലിടുംകുന്നു കയറുമ്പോള്‍ അവിടെ നിക്ഷേപിക്കാനാണത്. 
അഴുതയില്‍നിന്നും പുറപ്പെടുന്ന അയ്യപ്പന്മാര്‍ക്ക് രണ്ടു മൈലോളം കടുംതൂക്കായ കയറ്റം കയറേണ്ടതുണ്ട്. ഈ കയറ്റത്തെയാണ് അഴുതമേടുകയറ്റമെന്നു പറയുന്നത്. ഏതൊരുവനും അല്‍പ്പ നിമിഷത്തേക്കു തന്റെ പാപഭാരത്തെക്കുറിച്ച് ഇവിടെവച്ചു ചിന്തിക്കാതെയിരിക്കുകയില്ല.
 ശബരിമലയാത്രയില്‍ ആരോഹണം ചെയ്യേണ്ട അനേകം കയറ്റങ്ങളില്‍ ഏറ്റവും കഠിനമാണ് അഴുതമേടുകയറ്റം എന്ന് പറയാം. ഇത്രമാത്രം വിഷമിപ്പിക്കുന്ന ഈ മലയില്‍ ചെറുപൈതങ്ങളും വൃദ്ധജനങ്ങളും കയറിപ്പോകുന്നത്   കാണുമ്പോള്‍ സ്വാമിയുടെ ദിവ്യകാരുണ്യം എങ്ങെന അവരില്‍ പ്രതിഫലിക്കുന്നു എന്ന് നാസ്തികനുപോലും ബോധ്യപ്പെടുന്നതാണ്.
അയ്യപ്പന്മാര്‍ മുണ്ടില്‍പ്പൊതിഞ്ഞ് കൊണ്ടുപോന്ന കല്ല് അഴുതമേടുകയറ്റം അവസാനിക്കാറാകുമ്പോള്‍ വഴിക്കടുത്തുള്ള ഒരുഭാഗത്തുകൂടി ഭക്തിപുരസ്സരമിട്ട് വന്ദിക്കുന്നു. മഹിഷിയെ ദേവലോകത്തുനിന്നും എടുത്തെറിഞ്ഞപ്പോള്‍ അവളുടെ ശരീരം അഴുതാ തീരത്തു പതിച്ചു എന്നും, അതു വര്‍ധിച്ച് ലോകോപദ്രവമുണ്ടാകാതിരിക്കുവാന്‍ ബ്രഹ്മാവിന്റെ നിര്‍ദേശാനുസരണം പാഷാണജാലങ്ങളിട്ട് മറച്ചു എന്നുമാണ് പൗരാണിക സിദ്ധാന്തം.
അയ്യപ്പന്മാരുടെ ദുഷ്‌കര്‍മഫലത്തെ ഇവിടെ നിക്ഷേപിക്കുന്നതിന്റെ ലക്ഷ്യമാണ് ഇതെന്നു ചിലര്‍ വ്യാഖ്യാനിക്കുന്നു. ശബരിമലയാത്രക്കാരുടെ മാര്‍ഗപ്രതിബന്ധകമായ ഒരു വലിയ ദ്വാരമായിരുന്ന ഇവിടെ പ്രസ്താരങ്ങള്‍കൊണ്ടു നികത്തുവാന്‍ ഭൂതവൃന്ദങ്ങളോടു ഭൂതനാഥന്‍ കല്‍പ്പിച്ചു. ഭൂതവൃന്ദങ്ങള്‍ അഗാധമായിരുന്ന ഇവിടം കല്ലിട്ടുനിരത്തി എന്നും അതിനെ അനുസ്മരിച്ചാണ് ഇപ്രകാരം കല്ലിടുന്നതെന്നും മറ്റൊരു ഐതിഹ്യവും പറയുന്നു. മഹിഷീദേഹസംസ്‌കാരസ്ഥാനത്ത് കാത്തുനില്‍ക്കുന്ന ഭൂതപരമ്പരകളെ പ്രീതിപ്പെടുത്താന്‍ അഴുതയില്‍നിന്ന് സാളഗ്രാമങ്ങളെന്ന് സങ്കല്‍പ്പിച്ച് കല്ലുകള്‍ കൊണ്ടുപോയിട്ട് വന്ദിക്കുന്നതാണെന്ന് മറ്റൊരഭിപ്രായവുമുണ്ട്.
കന്നിക്കാരുള്ളിടത്തോളംകാലം കല്ലിടുംകുന്നില്‍ ഇപ്രകാരം കല്ലിടാതെ കഴിയുകയില്ലെന്നും പഴമക്കാര്‍ പറയുന്നു. ഹരിഹരപുത്രനായ ധര്‍മശാസ്താവിന്റെ ദര്‍ശനാര്‍ഥമുള്ള യാത്രയില്‍ ശിവപ്രീത്യര്‍ഥം അഴുതയില്‍നിന്ന് ശിവലിംഗങ്ങള്‍ കൊണ്ടുചെന്നു പ്രതിഷ്ഠിച്ചു പൂജിക്കുയാണ് ഈ കര്‍മമെന്നു ചിലര്‍ വിശ്വസിച്ചുപോരുന്നു. താന്‍ ചുമക്കുന്ന പാപഭാരത്തിന്റെ അംശം ഇവിടെ ഇറക്കുന്നതിന്റെ പ്രതീകമായാണ് കല്ലിടുംകുന്നില്‍ നാംകല്ലിടുന്നതെന്നും അനുമാനിക്കാവുന്നതാണ്. JANMABHUMI

No comments: