Wednesday, November 28, 2018

ഭാരതം: പരിവ്രാജകന്മാരുടെ,തീർത്ഥങ്ങളിൽ നിന്ന് തീർത്ഥങ്ങളിലേക്ക് അനാദി കാലം മുതൽ അലഞ്ഞു നടക്കുന്നവരുടെ പുണ്യ ഭൂമി ; ഭിക്ഷക്കാരായ സാധുക്കളെ 'മഹാരാജ്' എന്നു വിളിക്കുന്ന സംസ്‌കൃതി........ കുട്ടിക്കാലം മുതൽ എന്റെ രാഷ്ട്രത്തെക്കുറിച്ച് കേട്ട് ഉള്ളിൽ കയറിയ അറിവ്.
ശ്രീ പരമേശ്വരന്റെ തിരുസന്നിധി കാണുവാൻ കൈലാസം നോക്കി നടന്നു അപ്പോളാണ് അതിർത്തിയിൽ തടഞ്ഞു അവർ പറയുന്നത് മഹാദേവൻ ഇന്ന് ചൈന സ്വദേശി ആണ്, അതിർത്തികടക്കണമെങ്കിൽ അര ലക്ഷത്തിലേറെ ടാക്സ് കൊടുക്കണമത്രേ.
ശ്രീ ശങ്കരാചാര്യ സ്വാമികൾ സർവജ്ഞപീഠം കയറിയ ഓരോ വാതിൽക്കലും പണ്ഡിത ശ്രേഷ്ഠർ അണിനിരന്നിരുന്ന ശാരദപീഠം കാണുവാൻ അങ്ങോട്ട് നടന്നു വഴിയിൽ തടഞ്ഞു കൊണ്ട് ബി എസ് എഫ് പറഞ്ഞു അവിടം പാക് ഒക്കുപ്പൈഡ് കാശ്മീരിൽ ആണ് അങ്ങോട്ട് കടത്തിവിടാൻ ഇപ്പോൾ പറ്റില്ലത്രേ.
സീതാമാതാവിന്റെ ജന്മസ്ഥലം കാണുവാൻ ജനക്പുരയിലേക്ക് വണ്ടി കയറി പക്ഷെ വഴിയിൽ വെച്ച് അവർ തിരിച്ചറിയൽ രേഖകൾ ചോദിച്ചു , അത് നേപ്പാളിൽ ആണത്രേ.
സിദ്ധപാരമ്പര്യത്തിൽ നാല് പ്രധാനതീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവിക്ഷേത്രം കാണുവാൻ മലകയറുവാൻ ചെന്നപ്പോൾ ഫോറെസ്റ്റ് ഗാർഡ് തടഞ്ഞു വർഷത്തിൽ ഒരു ദിവസം മാത്രമേ അവിടേക്കു പ്രവേശനം ഉള്ളൂ അത്രേ.
അഗസ്ത്യാർകൂടത്തിലൂടെ ഉള്ള ഒരു തീർത്ഥയാത്രക്ക് ഇറങ്ങിയപ്പോൾ ആണ് അങ്ങോട്ടുള്ള പ്രവേശനത്തിന് ഓൺലൈനിൽ നറുക്കെടുപ്പ് വിജയിക്കണം എന്നു അറിയുന്നത്.
മഹാരാഷ്ട്രയിലെ എതെങ്കിലും അഘോരിമാരുടെകൂടെ ശവപ്പറമ്പുകളിൽ കുറച്ചു കാലം കഴിക്കാൻ ചെന്നപ്പോൾ ആണ് അന്ധവിശ്വാസ നിരോധന നിയമ പ്രകാരം അവിടെ അഘോരിമാരെ വിലക്കിയത്രേ.
പുണ്യമായ നർമ്മദാപരിക്രമണം നടന്നു തീർക്കാൻ ഇറങ്ങിയപ്പോൾ ആണ് അതിലെ പ്രധാന സ്ഥാനങ്ങൾ നർമ്മദാ അണക്കെട്ടിന് ഉള്ളിൽ ആയിപ്പോയെന്നും ആ വഴിക്കു ഇനി പോകാൻ ആവില്ലന്നും അറിയുന്നത്.
തിരുവണ്ണാമലയിൽ വനത്തിൽ പോയി മൗനമായി ആയി ഇരിക്കാം എന്നു കരുതിയപ്പോളാണ് മാവോയിസ്റ്റ് സാധ്യത പറഞ്ഞു പോലീസ് ഇറക്കി വിട്ടത്.
എത്രയോ പുരാതന മഹാക്ഷേത്രങ്ങളുടെ അരികിൽ ചുട്ടെടുത്ത കല്ല് പാകിയ വരാന്തയിൽ സ്വസ്ഥമായി ചാരികിടന്നാൽ വൈകുന്നേരമാകുമ്പോൾ എഴുനേൽപ്പിച്ചു വിടാൻ കാരണം അവ ആർക്കിയോളജിക്കൽ സർവ്വേയുടെ കീഴിൽ ആണത്രേ.
കന്യാകുമാരി ദേവിയുടെ രഥം സഞ്ചരിച്ചിരുന്ന ആ ബൃഹത് കരിങ്കല്ല് രാജാമണ്ഡപത്തിലൂടെ ഒന്ന് നടക്കാൻ കൊതിച്ചെത്തിയപ്പോൾ അവ ഇന്ന് വാണിഭ സംഘങ്ങൾക്ക് വാടകയ്ക്ക് എടുത്തിരുക്കുകയാണ് അത്രേ.
ഇനി മുറിയിൽ അടച്ചു ഇരിക്കാ൦ ..ആർക്കും ഒരു ശല്യവും ഇല്ലാതെ... പക്ഷെ കുറെ കാലം അടച്ചു ഇരുന്നാൽ 'ഇന്റെലിജെൻസിൽ' നിന്നും വന്നു , പുറത്തൊന്നും പോകാതെ ഇവിടെ രഹസ്യമായി എന്താണ് ചെയ്യുന്നത് എന്നു ചോദിച്ചക്കാം ...
കണ്ണടച്ചാൽ ഉള്ളിലേക്ക് അറിവ് താനേ ഒഴുകിയെത്തുന്ന ഭാരതഭൂവിന്റെ ഉള്ളിൽ ഭയം ഗ്രസിക്കാൻ തുടങ്ങുന്നുവോ?
ഈ അരക്ഷിതാവസ്ഥ എല്ലാം സുരക്ഷയാണ് എന്നും അല്ലെങ്കിൽ പണ്ട് ആക്രമിക്കപ്പെട്ട ചരിത്രം ആവർത്തിക്കും എന്നുമെല്ലാം ആശ്വസിക്കാം
പക്ഷെ
പരിവ്രജനം കുറ്റം കൃത്യമാകുന്നുവെങ്കിൽ, അസാധ്യമാകുന്നുവെങ്കിൽ വികസനത്തിന് വഴിമുടക്കിയാണ് അതെന്നു കരുതുന്നുവങ്കിൽ ഹിമ-സാഗരങ്ങൾക്കിടയിൽ ഉള്ള ഈ പ്രദേശത്തിന് മറ്റൊരു പേരിടുന്നതാണ് നല്ലതു...'ഭാരതം' ചേരില്ല..
PS : ഇതിലെ പ്രശ്നങ്ങൾക്ക് രാജ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും മുതൽ അനേക ന്യായങ്ങൾ ഉണ്ടെന്നു അറിയാം, ...പക്ഷെ ദുഃഖം പങ്കുവെച്ചു എന്നു മാത്രം.
മേൽപ്പറഞ്ഞ ചില പുണ്യ സങ്കേതങ്ങളിലേക്കു രഹസ്യ മാർഗ്ഗങ്ങൾ ഉള്ളതും ഇതര മത ആരാധനാലയങ്ങൾ ആയി മാറിയ പല കേന്ദ്രങ്ങളും,മനപ്പൂർവ്വം വിസ്മരിക്കുന്നു....vishnu

No comments: