Tuesday, October 31, 2017

ലക്ഷ്യവിചാരം - 03
നമ്മുടെ സ്വരൂപം ആത്മാവാണ്. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇതൊക്കെ ഞാനാണെന്ന ധാരണ തിരുത്തി ആത്മാവാണ് ഞാന്‍ എന്ന ബോധ്യം നേടണം. ശരീരാദി ഉപാധികളെ ( പ്രകടന മാധ്യമങ്ങളെ) സമര്‍ത്ഥമായി ഉപയോഗിക്കാനും അതുകൊണ്ട് നമുക്കു സാധിക്കും.
മനുഷ്യന്‍ വിചാരശൂന്യമായ ഭോഗതൃഷ്ണയ്ക്കു വിധേയരാവുമ്പോള്‍ സങ്കട സങ്കീര്‍ണ്ണതകള്‍ ബാധിക്കാതിക്കാന്‍ തരമില്ല. മരണഭയത്തിന്റെ ശല്യവും അസഹനീയമാവും.
വിചാരശീലന്മാരാകട്ടെ ആത്യന്തികമായി എന്താണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ആദ്യം തന്നെ അന്വേഷിച്ചറിഞ്ഞ് തീരുമാനിക്കും. അത് നേടുന്നതിനുള്ള മാര്‍ഗ്ഗം മുന്‍ഗാമികളായ മഹജ്ജനങ്ങളില്‍ നിന്നും മനസ്സിലാക്കും. തുടര്‍ന്ന് ആകത്തുകയില്‍ ജീവിതത്തെ സംവിധാനം ചെയ്യും. അപ്പപ്പോള്‍ നൈസര്‍ഗ്ഗികമായി ഉയര്‍ന്നു വരുന്ന താല്‍പര്യങ്ങളെ മുഖ്യലക്ഷ്യത്തോടിണക്കി ക്രമീകരിക്കും.
സഹജ വിചാരശേഷിയെ നമുക്കും ആ വഴിക്ക് ഉദ്ധരിക്കുന്നതിനെക്കുറിച്ചാലോചിക്കാം. സ്വന്തം സ്വരൂപത്തെ തിരിച്ചറിഞ്ഞ് ധ്യാനിക്കുവാന്‍ ഋഷിമാര്‍ ചെയ്ത ആഹ്വാനം ലോക വിരുദ്ധമെന്നു നിരാകരിക്കാതെ, വാര്‍ദ്ധക്യാവസ്ഥകള്‍ക്കു നല്‍കപ്പെട്ട നിര്‍ദ്ദേശം മാത്രമാണെന്ന് അവഗണിക്കാതെ ഏവര്‍ക്കും അനുസരിക്കാം.
ജ്ഞാനാര്‍ജ്ജനവൈഭവത്തെ ആരും ഉപയോഗിക്കാതിരിക്കുന്നില്ല. എന്നാല്‍ ബാഹ്യ പദാര്‍ത്ഥ വിജ്ഞാനത്തിനാണ് നാം ആവേശം കാണിച്ചു പോവുന്നതെന്ന വസ്തുത വകതിരിച്ചറിയണം. എല്ലാം അറിയാനുള്ള കൊതിയെ അവഗണിക്കേണ്ടതില്ല. പ്രായോഗിക ജീവിതവിജയത്തിന് അതാവശ്യമാണ്. പക്ഷേ ആത്യന്തിക തൃപ്തി വേണോ? കാലപരിണതിയില്‍ നഷ്ടപ്പെട്ടു പോകാത്ത നേട്ടം വേണോ? അന്വേഷണത്തിന്റെ ദിശ മാറ്റിയേ മതിയാവൂ. ( ഇന്നു സ്വന്തമാക്കുന്ന എല്ലാ കര്‍മ്മഫലങ്ങളും വരും നാളുകളില്‍ അസ്തമിക്കും. കാരണം കര്‍മ്മത്തിന് തുടക്കവും ഒടുക്കവും ഉണ്ടായിരിക്കുമെന്നത് ഫലത്തേയും ബാധിക്കാതെ തരമില്ല.) കാലത്താല്‍ ചോദ്യം ചെയ്യപ്പെടാത്ത, അഥവാ ‘ശാശ്വതമായ’ നേട്ടം സ്വരൂപത്തെ സംബന്ധിച്ചുള്ള അറിവുകൊണ്ടേ ഉണ്ടാകൂ എന്നാണാചാര്യന്മാര്‍ ഉദ്‌ബോധിപ്പിക്കുന്നത്. അതിന്റെ ന്യായത്തെക്കുറിച്ച് ഇനി വിശകലനം ചെയ്യാം. നമ്മുടെ സ്വരൂപം ആത്മാവാണ്.
ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇതൊക്കെ ഞാനാണെന്ന ധാരണ തിരുത്തി ആത്മാവാണ് ഞാന്‍ എന്ന ബോധ്യം നേടണം. ശരീരാദി ഉപാധികളെ ( പ്രകടന മാധ്യമങ്ങളെ) സമര്‍ത്ഥമായി ഉപയോഗിക്കാനും അതുകൊണ്ട് നമുക്കു സാധിക്കും. ആത്മാവിനെ സംബന്ധിച്ച് ഋഷിമാരുടെ നിഗമനങ്ങളെ ഗ്രഹിച്ച് നമുക്കും വിചാരം ചെയ്തു നോക്കാം. അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അപഗ്രഥിച്ചറിയാം.
1) ആത്മാവ് അനശ്വരമാണെന്ന് ഋഷിമാര്‍ അറിഞ്ഞ് ഉദ്‌ഘോഷിക്കുന്നു. ആത്മാവ് നിത്യമാണെന്നതു പോലെ ജ്ഞാനസ്വരൂപമാണെന്നും അറിയണമെന്നാണ് നിര്‍ദ്ദേശം. അതായത് അറിയുന്ന തത്വമാണ് ആത്മാവ്. അറിയപ്പെടുന്നത് ആത്മാവല്ല.
നമ്മില്‍ നിന്ന് അന്യമായ ഒന്നിനെ അറിയുന്നത് സ്വരൂപജ്ഞാനം ആവുന്നില്ല. അതായത് ബാഹ്യ വിഷയക വിജ്ഞാനപ്പട്ടികയില്‍ സ്വരൂപജ്ഞാനം പെടുന്നില്ല.
സ്വരൂപത്തെക്കുറിച്ച് ആചാര്യന്മാര്‍ വീണ്ടും അനുഭവ പശ്ചാത്തലത്തില്‍ , അത് ദേശത്തേയും കാലത്തേയും അറിയുന്നതാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനര്‍ത്ഥം ദേശത്തില്‍ നിന്നും കാലത്തില്‍ നിന്നും അന്യമാണ് ആത്മാവ് എന്നാകുന്നു. ദേശകാലാതീതമായ ആത്മസ്വരൂപം ഈ പ്രയോഗം നമുക്കു മനനം ചെയ്യാന്‍ സൗകര്യം തരുന്നു. ധ്യാനിക്കാന്‍ പ്രചോദനം നല്‍കുന്നു.
കാലത്തെ അറിയുന്നവനെ കാലം ബാധിക്കില്ല. ആ (ആത്മ) തത്വം കാലത്താല്‍ ബാധിതമല്ല. ഈ കാര്യം നമുക്കു ധ്യാനിച്ചു ശീലിക്കാം. ‘ഞാന്‍ ദേശ കാലാതീത ആത്മതത്വമാകുന്നു’. എല്ലാ ദേശത്തെയും അറിയുന്നതുകൊണ്ട് ദേശാതീതമാണ് ഞാന്‍. എല്ലാ കാലത്തേയും അറിയുന്നതു കൊണ്ട് കാലാതിവര്‍ത്തിയാണ്, കാലാതീതമാണ് ഞാന്‍ എന്ന ധ്യാനം അനുവര്‍ത്തിച്ച് സ്വരൂപനിഷ്ഠ നേടാന്‍ ഉത്സാഹിക്കാം. അങ്ങിനെ കാലദേശബാധയുടെ, അതായത് മരണം തുടങ്ങിയ ഭയാശങ്കകളുടെ നിഴലില്‍ നിന്നും മുക്തരാകാം.


ജന്മഭൂമി: http://www.janmabhumidaily.com/news729720#ixzz4x83G9D72

No comments: