Monday, October 23, 2017

ബ്രഹ്മമന്ത്രം

പ്രിന്റ്‌ എഡിഷന്‍  ·  October 24, 2017
ആര്‍ഷപരിമളം - 8
‘ഓം തത് സത്’-ഇതാണ് ബ്രഹ്മമന്ത്രം. ബ്രഹ്മാവ് തന്റെ യജ്ഞാനുഷ്ഠാനത്തില്‍ പരമപുരുഷനെ സൂചിപ്പിച്ചത് ‘ഓം തത് സത്’ എന്നീ മൂന്നുപദങ്ങള്‍കൊണ്ടാണെന്ന് പ്രസിദ്ധിയുണ്ട്. പരബ്രഹ്മത്തിന്റെ അന്തര്‍നിഹിതമായ പ്രഭാവത്തിന്റെ സങ്കേതമാണിത്.
യജ്ഞദാന തപസ്സുകളാണ് ജീവിതത്തെ ഉദാത്തീകരിക്കുന്നതെന്ന് ഭഗവദ്ഗീത നിരന്തരം ഓര്‍മപ്പെടുത്തുന്നു. യജ്ഞദാന തപസ്സുകള്‍ വിസ്തരിക്കുന്ന പതിനേഴാം അധ്യായമായ ശ്രദ്ധാത്രവിഭാഗ യോഗത്തിലാണ് നാം ഓം തത് സത് എന്ന പദസമുച്ചയം അടുത്തുകാണുന്നത്. ആധ്യാത്മിക ജീവിതത്തിന്റെ പൂമുഖപ്പടിയില്‍ കൊളുത്തിവച്ചിരിക്കുന്ന സ്വര്‍ണനിലവിളക്കത്രെ ഇത്.
ഔപനിഷദികമായ നിരുക്തിയാണ് ഈ പദസംഘാതത്തിനുള്ളത്. തൈത്തരീയോപനിഷത്തില്‍നിന്നും ‘ഓം’, ഛാന്ദോഗ്യോപനിഷത്തില്‍നിന്നും ‘തത്’ ‘സത്’ എന്നിവയും സ്വീകരിച്ചിരിക്കുന്നു. തൈത്തരീയം എട്ടാം അനുവാകത്തിലാണ് ‘ഓം.’ ഓം എന്നത് പരബ്രഹ്മ പരമാത്മാവിന്റെ നാമം ആയതുകൊണ്ട് സാക്ഷാല്‍ ബ്രഹ്മം തന്നെയാകുന്നു. ഈ കാണപ്പെടുന്ന എല്ലാ ലോകങ്ങളും ‘ഓം’ എന്ന ആ ബ്രഹ്മത്തിന്റെ സ്ഥൂലരൂപമാണ്. ഇങ്ങനെ പോകുന്നു തൈത്തരീയം ഉപദര്‍ശിക്കുന്ന ഓങ്കാരമെന്ന പ്രണവത്തിന്റെ മഹിമാതിരേകം.
‘ഓം തത് സത്’ എന്ന ബ്രഹ്മമന്ത്രത്തിലെ മൂന്നുപദങ്ങളും അടുത്തുകാണുക, വൈദിക സാഹിത്യ പരിസരത്തില്‍.
1. ഓം
ഭാസുര ഭൂമിയായ ഭാരതം ലോകത്തിനു നല്‍കിയ ഭാവദീപ്തിയുള്ള പരിപാവന മന്ത്രമാണ് ‘ഓം.’ ഇതിനെ ഉദ്ഗീഥം എന്നും വിളിക്കുന്നു. അകാരം, ഉകാരം, മകാരം എന്നിവകളുടെ സമവായ സ്വരൂപമാണ് ഓം. അകാരഉകാരമകാരങ്ങള്‍ക്ക് ആദ്ധ്യാത്മിക ഭാഷയില്‍ ഏറെ ധ്വനിപാഠങ്ങളാണുള്ളത്.
(1) അകാരം
ശുദ്ധമായുച്ചരിക്കുവാനേറെ ബുദ്ധിമുട്ടുള്ള സ്വരാക്ഷരമാണിത്. ‘അക്ഷരാണാം അകാരോസ്മി’ എന്ന് ഭഗവാന്‍ ഭഗവദ്ഗീതയില്‍. ഓങ്കാരത്തിലെ ആദ്യക്ഷരമായ അകാരത്തില്‍ ഋഗ്വേദം, ഗാര്‍ഹപത്യാഗ്നി, പൃഥിവി എന്നിവ ഉള്‍ക്കൊള്ളുന്നുവെന്ന് ബ്രഹ്മവാദികള്‍. പഞ്ചഭൂതങ്ങള്‍, സമൂലശരീരം, പഞ്ചതന്മാത്രകള്‍, പഞ്ചേന്ദ്രിയങ്ങള്‍, വിശ്വന്‍ എന്ന ജീവസത്ത-ഇത്രയും അകാരത്തിലടങ്ങിയിരിക്കുന്നു. അകാരത്തിന്റെ ധര്‍മ്മം സൃഷ്ടിയും അധിദേവത ബ്രഹ്മാവും. ജാഗ്രദവസ്ഥയെ അകാരം പ്രതിനിധീകരിക്കുന്നു. സ്ഥൂലപ്രപഞ്ചവും വിരാട് സ്വരൂപവും അകാരത്തിന്റെ പ്രതിഛന്ദമാണ്.
(2) ഉകാരം
യജുര്‍വേദം, ആകാശം, ദക്ഷിണാഗ്നി, ദേവശ്രേഷ്ഠനായ ഭഗവാന്‍ വിഷ്ണുവിന്റെ സ്വരൂപം ഇവ ‘ഉ’കാരത്തില്‍ അടങ്ങുന്നു. ഉകാരത്തില്‍ മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം ഒപ്പം തൈജസന്‍ എന്ന ജീവസത്തയും അന്തര്‍ഭവിച്ചിട്ടുണ്ട്. ഉകാരത്തിന്റെ അധിദേവത വിഷ്ണുവും ധര്‍മ്മം സ്ഥിതിയുമത്രെ. സ്വപ്‌നാവസ്ഥയെ ഉകാരം പ്രകാശിപ്പിക്കുന്നു. സൂക്ഷ്മ പ്രപഞ്ചവും അണുസ്വരൂപവും ഉകാരത്തിന്റെ പ്രതിബിംബമാണ്.
(3) മകാരം
സാമവേദം, സ്വര്‍ഗ്ഗം, ആഹവനീയാഗ്നി, പരമേശ്വരന്‍ ഇവയുരെ സ്വരൂപം മകാരത്തിലടങ്ങുന്നു. സുഷുപ്താവസ്ഥയെയാണ് മകാരം പ്രതിനിധാനം ചെയ്യുന്നു. പ്രാജ്ഞന്‍ എന്ന ജീവസ്വരൂപവും ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്.
2. തത്
വേദവാക്യങ്ങളെ പരോക്ഷവാക്യം അപരോക്ഷവാക്യം എന്ന് വ്യവഹരിക്കാറുണ്ട്. വാക്യശ്രവണംകൊണ്ട് പരോക്ഷജ്ഞാനവും വാക്യാര്‍ത്ഥ വിചാരത്താല്‍ അപരോക്ഷജ്ഞാനവുമുണ്ടാകുന്നു. മഹാവാക്യങ്ങള്‍ അപരോക്ഷ വാക്യങ്ങളാണ്. നാലു മഹാവാക്യങ്ങളില്‍ ഉപദേശ വാക്യമായിടുള്ളത് ‘തത്വമസി’യാണ്. തത്, ത്വം, അസി എന്നീ ശബ്ദങ്ങളുടെ സംഘടനയാണ് തത്വമസി. അതു നീ തന്നെയാകുന്നു എന്നര്‍ത്ഥം. യാതൊന്നില്‍ നാമരൂപാത്മകമായ പ്രപഞ്ചം ഉണ്ടാവുകയും നിലനില്‍ക്കുകയും ലയിക്കുകയും ചെയ്യുന്നുവോ ആ പരംപൊരുള്‍ തന്നെ ‘തത്.’
3. സത്
സദ്ഭാവത്തിലും സാധുഭാവത്തിലും ‘സത്’ പ്രയോഗിക്കുന്നു. ഉള്ളത് (സത്ത), നല്ലത് (സാധുത്വം), ശോഭനം (പ്രശസ്തം)- ഈ അര്‍ത്ഥങ്ങളില്‍ ബ്രഹ്മവാചകമായ സഛബ്ദം ഉപയോഗപ്പെടുന്നു. ഓങ്കാര ശബ്ദത്തോടുകൂടി ആരംഭിക്കുകയും തത്ക്കാര ശബ്ദത്തോടുകൂടി തുടരുകയും ചെയ്യുന്ന കര്‍മ്മം ‘സത്’ എന്ന ശ്രേഷ്ഠ ശബ്ദംകൊണ്ട് സല്‍കര്‍മ്മമായി മാറുന്നു. യജ്ഞം, ദാനം, തപസ്സ് ഇവകളില്‍ സാധകനുള്ള ശ്രദ്ധാഭക്തികളെയാണ് ‘സത്’ ശബ്ദം സൂചിപ്പിക്കുന്നത്.
പരബ്രഹ്മത്തിന്റെ അന്തര്‍നിഹിതമായ പ്രഭാവത്തിന്റെ സങ്കേതമാണ് ‘ഓം തത്‌സത്’ എന്ന നാമചിഹ്നം. ഈ ബ്രഹ്മമന്ത്രം ഭക്തനെ ഭഗവാനോടടുപ്പിക്കുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news725577#ixzz4wNSTzKc0

No comments: