Sunday, October 29, 2017

തീര്‍ത്ഥപുണ്യം
തീവ്രതയുണ്ടെങ്കില്‍ തത്ത്വജിജ്ഞാസുവും ജ്ഞാനകുതുകിയുമായവന്‍ തന്റെ ലക്ഷ്യം പരമാവധി കൈവരിയ്ക്കാന്‍ ശ്രമിയ്ക്കുമല്ലോ. ഈ തീവ്രശ്രമം ആരെ എവിടെ കൊണ്ടെത്തിയ്ക്കുമെന്നു പറയാനുമാവില്ല.
പ്രാരബ്ധത്തിന്റെ ഏറ്റക്കുറച്ചില്‍, തത്ത്വശാസ്ത്രത്തോടുള്ള ആഭിമുഖ്യം, ജ്ഞാനസാധന എത്ര കാലേ തുടങ്ങുന്നു, ഉപദേശിയ്ക്കാനും പരിപോഷിപ്പിയ്ക്കാനും ആരുണ്ട്, തന്റെ സാധന തുടങ്ങുംമുമ്പുവരെയുള്ള ജീവിതവും നേട്ടവും എന്താണ്, സഹവാസം ആരുമായി, ജ്ഞാനപവിത്രതയും ഉദാത്തതയും എത്രത്തോളമുണ്ട്; ഇങ്ങനെ പലതിനേയും ആശ്രയിച്ചാണ് തപസ്വിയായ ജിജ്ഞാസു തന്റെ പാതയില്‍ മുന്നേറുക.
ആത്മാവൊഴികെ ഒന്നുമില്ല. പലതെന്നു തോന്നുന്ന ദൃശ്യം വെറും നിഴല്‍പ്പകിട്ടുതന്നെ. ഇതില്‍ പലതിനല്ല വാസ്തവികത, അതിനെ വിരിയിയ്ക്കുന്ന അധിഷ്ഠാനത്തിനു മാത്രമാണ്. അധിഷ്ഠാനം സദാ പ്രകാശിയ്ക്കണം, അന്യപ്രതീതികള്‍ ദുര്‍ബലമായി കൊഴിഞ്ഞുവിഴണം. ഇതു നടക്കുന്നതു പുറത്തൊരിടത്തുമല്ല, സ്വന്തം ഹൃദയത്തില്‍, ചിത്തത്തില്‍, ചിദാകാശത്തില്‍, അതേ, ആത്മാവിന്റെ തലത്തില്‍ത്തന്നെ.
ഈ വഴിയ്ക്കു മനനംചെയ്തുപോരുന്ന സാധകനു കത്തിജ്വലിയ്ക്കുന്ന അഗ്നിപോലെ ജ്ഞാനം പ്രകാശിച്ചുതുടങ്ങും. തത്ഫലമായി ഉദിയ്ക്കുന്ന ഉജ്വലതയും പ്രേരണയും ആവേശവും എത്രയും ആകാം.
ആത്മാവേശത്തിന് എന്നുമുള്ളതാണ് ബഹുമുഖത്വം. ഓരോ തത്ത്വജ്ഞനിലും ഇതിലോരോന്നു പ്രത്യേകമായി പ്രകാശിച്ചേക്കാം.
സര്‍വത്ര വെളിപ്പെടുത്തുന്നതും, എന്നാല്‍ ആര്‍ക്കും പെട്ടെന്നു പിടികിട്ടാത്തതുമായ ചിദ്വസ്തുവെ ജനങ്ങള്‍ക്കു പലതരത്തില്‍ വെളിപ്പെടുത്തുന്നതാകാം ചിലരുടെ വിശേഷത.
ബ്രഹ്മവിദ്വരനും ബ്രഹ്മവിദ്വരീയാനുമാകുന്നവരാകും ചിലര്‍. ബ്രഹ്മവിദ്വരിഷ്ഠതയിലെത്തിയവരും ഉണ്ടായെന്നുവരാം. വിജ്ഞമനസ്സില്‍ ഏതു ഭാവം നിര്‍ഗളിയ്ക്കുന്നുവോ അതാകും പുറത്തും പ്രകടമാകുക.
ഈ വിജ്ഞാനവൈവിധ്യത്തില്‍ അജഗരവൃത്തിയ്ക്കും സ്ഥാനമുണ്ട്. മുമ്പ് ഋഷഭചക്രവര്‍ത്തിയുടെ മലമ്പാമ്പുവൃത്തിയെപ്പറ്റി പറയുകയുണ്ടായി. അവസാനം അദ്ദേഹം കൊടകുമലയില്‍ അവധൂതവൃത്തിയുടെ പരമകാഷ്ഠയിലെത്തിയാണ് വനാഗ്നിയില്‍ എരിഞ്ഞുപോയത്്.
ഇവിടെ നാരദമഹര്‍ഷി യുധിഷ്ഠിരന്റെ മുമ്പില്‍ അവതരിപ്പിയ്ക്കുന്നത് അജഗരവൃത്തനായ മുനിയെയാണ്. അദ്ദേഹത്തെ കണ്ടുമുട്ടുന്നതാകട്ടെ, ചെറുപ്പത്തിലേ ഹരിഭക്തി അനുഗ്രഹിച്ചിരുന്ന പ്രഹ്ലാദനും!
പ്രഹ്ലാദമനസ്സിലെ ഉത്തുംഗാന്വേഷണം
രാജാക്കന്മാര്‍ രാജബുദ്ധിയോടെയാണ് എന്തിനേയും സമീപിക്കുക. മന്ത്രിമാരോടെ പ്രജകളുടെ കുശലം നേരിട്ടറിയണമെന്നു കരുതി സഞ്ചരിച്ചിരുന്ന വേളയിലാണ് തടിച്ചുകൊഴുത്ത പ്രസന്നഗംഭീരനായ മുനിയെ കണ്ടത്. ഉടന്‍ അദ്ദേഹം അസാമാന്യനായ ആത്മതേജസ്വിയാണെന്നു പ്രഹ്ലാദനു തോന്നി.
ഏതു ചക്രവര്‍ത്തിയ്ക്കും ആത്മജ്ഞാനത്തോടും ജ്ഞാനികളോടും അതിരുകവിഞ്ഞ പ്രതിബദ്ധത ഉണ്ടാകും. ക്ഷത്രിയതേജസ്സ് വിളങ്ങുന്നതു ബ്രഹ്മതേജസ്സിന്റെ ഛായയിലാണ്. ഇതിനു വന്നുകൂടിയ മങ്ങലായിരുന്നു പരീക്ഷിത്തിനേക്കൊണ്ട് കുടീരത്തില്‍ച്ചെന്നു കടുംകൈ ചെയ്യിച്ചത.്
പ്രജകളുടെ യോഗക്ഷേമം അറിയാനുള്ള പുറപ്പാടില്‍ കണ്ടെത്തിയ മുനിപുംഗവനു രാജാവില്‍നിന്നല്ല, ആരില്‍നിന്നും ഒന്നുംതന്നെ വേണ്ട, ആവശ്യവുമില്ല. മറിച്ച്, പലര്‍ക്കും പലതും കൊടുക്കാനുണ്ടുതാനും; എന്നാല്‍ അതിലുമില്ല തനിയ്ക്കു താത്പര്യം.
വേണംവേണ്ടായ്കകള്‍ വിട്ട്, ഇഷ്ടാനിഷ്ടങ്ങള്‍ താണ്ടിക്കടന്ന്, ഉള്‍മഹിമയിലാണ്ട്, ഒന്നും ആശിയ്ക്കാതെ, പ്രതീക്ഷിക്കാതെ, കാറ്റും അഗ്നിയുംപോലെ സ്വയം കഴിഞ്ഞുകൂടുന്നവനായിരുന്നു താന്‍ കണ്ടവനെന്നു പ്രഹ്ലാദനു തോന്നി. പക്വമതിയായ അദ്ദേഹം ഉടന്‍ മുനിയെ നോക്കി പറഞ്ഞു.
ഒരു ഉദ്യമവും ചെയ്യാതെ, പണമില്ലാത്തതിനാല്‍ വേണ്ടത്ര ആഹാരവും കഴിക്കാന്‍കിട്ടാതെ, ഭോഗസുഖമില്ലാതെ കഴിയുന്ന ദേഹം എങ്ങനെ തടിച്ചുകൊഴുത്തിരിയ്ക്കുന്നു?
സുഖത്തിനുവേണ്ടി എന്തൊക്കെ ചെയ്യണമെന്നു ജനം പൊതുവേ അന്വേഷിച്ചുനടക്കവേ, അറിവും കര്‍മകുശലതയുമൊക്കെ ഉണ്ടായിട്ടും, ചുറ്റും ജനങ്ങള്‍ രാപകല്‍ അധ്വാനിക്കുന്നതു കണ്ടിട്ടും, അതിലൊന്നും പങ്കാളിയാകാതെ വെറുതെ ഇരുന്നുകളയാമെന്നു തോന്നുന്നതെങ്ങനെ?
ജനിച്ചതുമുതല്‍ ബഹുമുഖമായ ദൃശ്യപ്രപഞ്ചത്തിന്റെ പതിപ്പുകളും പ്രേരണകളുമാണ് സാധാരണക്കാര്‍ ഉള്ളില്‍നിറയ്ക്കുന്നത്. അതോടെ അവരുടെ മനസ്സും ബുദ്ധിയും ദൃശ്യത്തെച്ചൊല്ലിയുള്ള ഭാവവികാരവിക്ഷോഭങ്ങള്‍കൊണ്ട് നിറഞ്ഞിരിയ്ക്കയാണ്.
ദൃശ്യക്കറകളേല്ക്കാതെ, തന്മൂലം കര്‍മരതിയും മമതാബന്ധങ്ങളും തീരെ വിട്ടുമാറി ഇങ്ങനെ ഒതുങ്ങി കഴിയുമ്പോഴും, തൃപ്തനും ആരോഗ്യവാനുമായി കാണുന്നതെങ്ങനെയെന്ന രഹസ്യം അന്വേഷിക്കുന്നു പ്രഹ്ലാദന്‍.
പ്രഹ്ലാദന്റെ വാക്കുകളില്‍ ഭാരതചക്രവര്‍ത്തിമാരുടെ വിനയവും വിവേകവും തിളങ്ങുന്നതു ശ്രദ്ധേയമാണ്.
ചോദിയ്ക്കുന്നതു ചക്രവര്‍ത്തിയാണെന്നറിയണം. അപ്പുറത്തോ? നിസ്സാരന്‍, അറിയപ്പെടാതെ കിടക്കുന്നവന്‍! ഈ അന്തരം ആധുനികരെ വളരെയധികം ചിന്തിപ്പിക്കേണ്ടതാണ്.
ഭൗതികസുഖാധികാരങ്ങള്‍ എത്രതന്നെയുണ്ടെങ്കിലും മനുഷ്യന്റെ ആന്തരമായ സമ്പന്നതയ്ക്കുതകുന്നതല്ല. ആന്തരസൗഭാഗ്യത്തിനുവേണ്ടിയുള്ള തുടിപ്പ് ആരിലും ഉണ്ടായേ തീരൂ. അതില്ലാതെ വരുന്നതു മനുഷ്യത്വത്തിനുതന്നെ കളങ്കമാണ്.
പ്രഹ്ലാദന്റെ അന്വേഷണം അതു കേട്ടുകിടക്കുന്നവനും ഒരവസരമായി. പൃച്ഛകനെ അര്‍ഥഗര്‍ഭമായി അഭിനന്ദിച്ച മുനി വാചാലനായി.
സുഖത്തിനും ദു:ഖമില്ലാതാക്കാനുംവേണ്ടി സ്ത്രീപുരുഷന്മാര്‍ പാടുപെടുന്നതു സഫലമാകുന്നില്ലെന്ന വിവേകംമാത്രം മതി, ആരേയും പ്രവൃത്തികളില്‍നിന്നു പിന്‍തിരിപ്പിയ്ക്കാന്‍; മലമ്പാമ്പുവൃത്തന്റെ ആദ്യത്തെ പ്രതികരണം. മനുഷ്യന്‍ പരമലാഭം നല്കുന്നതിന് അപര്യാപ്തമാണ് സര്‍വപ്രവൃത്തികളും. അതിനാല്‍, ബുദ്ധിയുള്ളവന്‍ എന്തുവേണമെന്നു ചോദിയ്ക്കുന്നു അവധൂതതൃപ്തന്‍!
വീണ്ടുംവീണ്ടും കൂടുതല്‍ വ്യഗ്രതയോടെ പ്രവര്‍ത്തിക്കുന്നതാണ് സാധാരണ ലൗകികരുടെ വീക്ഷണം. ഇതല്ലാത്ത ഒരു കാഴ്ചപ്പാടിനുംകൂടി മനുഷ്യബുദ്ധി സ്ഥാനം നല്കുന്നുവെന്നു കാണിക്കുന്നു മഹാമുനി. അതു യുക്തിസഹമായി ചക്രവര്‍ത്തിയെ ബോധ്യപ്പെടുത്തുന്നുമുണ്ട്.



ജന്മഭൂമി: http://www.janmabhumidaily.com/news728695#ixzz4wwJ6ocAL

No comments: