Saturday, October 28, 2017

ഹിന്ദുധര്‍മ്മത്തിന്റെ ക്രിയാത്മകരൂപമായ ഭാരതസംസ്‌കാരത്തില്‍ ആകൃഷ്ടയായി, അധര്‍മ്മത്തെയകറ്റുന്ന സാധനയാണ് സംസ്‌കാരമെന്ന് തിരിച്ചറിഞ്ഞ ഭഗിനി നിവേദിത. സ്വധര്‍മ്മം സമാജസേവയാണെന്ന് കണ്ടെത്തി, ആദിമ സംസ്‌കാരത്തിന്റെ പ്രഭവകേന്ദ്രം തന്നെ തന്റെ കര്‍മ്മ മണ്ഡലമായി തിരിഞ്ഞെടുക്കുകയായിരുന്നു മാര്‍ഗരറ്റ് നോബിള്‍ എന്ന, വിവേകാനന്ദസ്വാമികളുടെ ശിഷ്യയായ ഭഗിനി നിവേദിത. അവര്‍ ഭാരത ഭൂമിയെ മാതൃഭൂമിയായി സ്വീകരിച്ച് തന്റെ ജീവിതം മുഴുവന്‍ ഭാരതാംബയ്ക്ക് സമര്‍പ്പിച്ചു. വിവേകാനന്ദ സ്വാമികളുടെ വാക്കുകള്‍ കടമെടുത്താല്‍ ഇംഗ്ലണ്ട് ഇന്ത്യക്ക് നല്‍കിയ സമ്മാനമാണ് ഈ മഹതി. ഭഗിനി നിവേദിതയുടെ 151-ാം മത് ജന്മദിനമായിരുന്നു കടന്നുപോയത്.
ദിവ്യത്വത്തിന്റെ പ്രകാശം സ്ഫുരിക്കുന്ന വിവേകാനന്ദസ്വാമിയുടെ ചിന്തോദ്ദീപകമായ വാക്കുകള്‍ വിദേശീയരുടെ മനസ്സിലേക്ക് ചൂഴ്ന്നിറങ്ങുന്നതായിരുന്നു. ധര്‍മ്മാധിഷ്ഠിത ജീവിതത്തിന്റെ അടിത്തറ ആത്മീയജ്ഞാനമാണെന്നും ത്യാഗത്തിന്റേയും സമര്‍പ്പണ ജീവിതത്തിന്റേയും സന്ദേശവും അദ്ദേഹം തന്റെ വാക്കുകളിലൂടെ സമര്‍ത്ഥിക്കുകയും ചെയ്തു. ജീവിതത്തിലെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്കുള്ള മറുപടി സ്വാമികളുടെ വാക്കുകളിലൂടെ പാശ്ചാത്യലോകം കേട്ടു. ആനന്ദം അനുഭവവേദ്യമാക്കുന്നതിനുള്ള ഉപാധികള്‍ സ്വാമികളുടെ പ്രഭാഷണത്തിലൂടെ അവര്‍ അറിഞ്ഞു. ഞാന്‍, എന്റെ എന്ന ചിന്തവിട്ട്, ആത്മസാക്ഷാത്കാരത്തിനുള്ള വഴികള്‍-ഈശ്വരാന്വേഷകനുവേണ്ടത്- ജ്ഞാനം, ഭക്തി, കര്‍മ്മം എന്നിവയാണെന്ന് സ്വാമിജി സമര്‍ത്ഥിച്ചു. വിശ്വാസപ്രമാണങ്ങളും ആരാധനാ സമ്പ്രദായങ്ങളുമെല്ലാം ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന, ആത്മീയത പ്രായോഗിക ജീവിതവുമായി ഒത്തുചേരുന്ന ഒരു മതം അന്വേഷക കുതുകികള്‍ക്ക് സ്വാമിജിയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞു.
ചിന്തിക്കാനും സംശയങ്ങള്‍ക്കുള്ള ഉത്തരം സ്വയം അന്വേഷിച്ചു കണ്ടെത്താനും സ്വാമിജി അവരെ പ്രേരിപ്പിച്ചു. മാര്‍ഗരിറ്റിന്റെ അനേകം പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സ്വാമികളുടെ പ്രഭാഷണങ്ങള്‍ കാരണമായി. സത്യത്തിന്റെ വഴിയേ സഞ്ചരിക്കുന്ന നിത്യോപാസകനാണ് സ്വാമിയെന്ന് മാര്‍ഗരറ്റ് മനസ്സിലാക്കി. ആ പാദങ്ങള്‍ നമസ്‌കരിച്ച് ആ കാലടികളെ പിന്തുടരുകയാണ് തന്റെ ദൗത്യമെന്ന് മാര്‍ഗരറ്റ് ഉറപ്പിച്ചു. സുചിന്തിതമായ തീരുമാനത്തെ സ്വാമിജി സ്വീകരിച്ചു. 1898 ജനുവരി 28 ന് അവര്‍ ഇന്ത്യയിലെത്തി.
1867 ഒക്ടോബര്‍ 28 ന് മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ എന്ന പെണ്‍കുട്ടി അയര്‍ലണ്ടില്‍ ജനിച്ചു. ഭാരതത്തില്‍ സന്ദര്‍ശനം നടത്തിയിരുന്ന ഒരു മിഷനറി, മാര്‍ഗരറ്റ് ഒരു കുട്ടിയായിരിക്കെത്തന്നെ അവളുടെ പിതാവിനോട് ഒരു പ്രവചനം നടത്തുകയുണ്ടായി. ഈ കുട്ടിയുടെ കര്‍മ്മ മണ്ഡലം ഭാരതമായിരിക്കുമെന്നും അവസരം വന്നുചേരുമ്പോള്‍ അവളെ തടയരുതെന്നുമായിരുന്നു ആ മിഷനറിയുടെ പ്രവചനം. അന്ന് ഇന്ത്യ എവിടെയാണെന്ന് മാര്‍ഗരറ്റിനോ മാതാപിതാക്കള്‍ക്കോ അറിയുമായിരുന്നില്ല.
ബാല്യത്തില്‍ തന്നെ അസാമാന്യ ബുദ്ധിശക്തിയുള്ള കുട്ടിയായിരുന്നു മാര്‍ഗരറ്റ്. അച്ഛന്റെ അകാല വേര്‍പാടോടെ കുടുംബം പുലര്‍ത്തേണ്ട ചുമതല അവളിലായി. 18-ാം വയസ്സില്‍ ജോലി കണ്ടെത്തി വീട്ടുകാര്യങ്ങള്‍ നിര്‍വ്വഹിച്ചു. സേവന തല്‍പരതയോടെയുള്ള ജീവിതം, മാര്‍ഗരറ്റിനെ 28-ാം വയസ്സില്‍ ഒരു സ്‌കൂള്‍ ആരംഭിച്ചു പ്രവര്‍ത്തിക്കാനുള്ള അവസരത്തിലെത്തിച്ചു.
ശ്രീരാമകൃഷ്ണ ദേവന്റെ മഹത്വം തിരിച്ചറിയുന്നതിനും ശ്രീശാരദാദേവിയുടെ വാത്സല്യം അനുഭവിക്കുന്നതിനും നിവേദിതയ്ക്ക് കഴിഞ്ഞു. 1898 ല്‍ 31-ാം വയസ്സില്‍ മാര്‍ഗരറ്റ് സമര്‍പ്പിതയായവള്‍ എന്ന അര്‍ത്ഥം വരുന്ന നിവേദിത എന്ന നാമകരണത്തോടെ സന്യാസദീക്ഷ സ്വീകരിച്ചു. പിന്നീടുള്ള ജീവിതം ഭാരതത്തിന് സമര്‍പ്പിക്കപ്പെട്ടവള്‍ എന്ന് തെളിയിക്കുന്നതായിരുന്നു. തന്റെ കര്‍മ്മഭൂമിയായി ഭാരതത്തെ തിരഞ്ഞെടുത്ത ഭഗിനി നിവേദിത, ഭാരത സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനം കാഴ്ച വയ്ക്കുമ്പോഴും ഭാരതത്തിന്റെ സര്‍വ്വതോന്മുഖമായ ഉയര്‍ച്ച ലക്ഷ്യമായിക്കണ്ടിരുന്നു.
‘തന്റെ ഉള്ളിലുള്ള അനന്തശക്തിയെ പ്രകാശിപ്പിക്കുക. അതിനുകഴിയും വരെ ശക്തി സംഭരിക്കുക;ദൃഢമായ തപസ്സ് അതിന് നിങ്ങളെ പ്രാപ്തരാക്കും. പക്ഷേ ബദ്ധപ്പെടണം. മനുഷ്യര്‍ക്ക് മനുഷ്യത്വം നല്‍കുക’. സ്വാമിജിയുടെ വാക്കുകള്‍ നിവേദിതയ്ക്ക് ലക്ഷ്യബോധം നല്‍കി.
അവര്‍ക്ക് ഭാരതത്തില്‍ ആദ്യമായി വേണ്ടിയിരുന്നത് സ്വയം ഒരു ഹിന്ദുവനിതയാവുകയായിരുന്നു. എങ്കിലേ ഭാരത സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാവൂ. ശാന്തമായ ധ്യാനത്തിലൂടെയും ആത്മീയാനുഭവത്തിലൂടെയും സ്വയം ആവിഷ്‌കരിക്കലിന്റെ പരിശീലനം!. ഒരു ഭാരത സ്ത്രീ എങ്ങനെയൊക്കെയാണെന്നും നിവേദിത മനസ്സിലാക്കി. സാരി ധരിച്ചും തറയില്‍ കിടന്നുറങ്ങിയും കൈകൊണ്ടു വാരി ഭക്ഷണം കഴിച്ചും തന്റെ ജീവിതചര്യയില്‍ മാറ്റം വരുത്തി.
ഗുരുവചനങ്ങളെ പ്രായോഗികമാക്കുകയായിരുന്നു നിവേദിത ചെയ്തത്. സമസ്ത വികാരങ്ങളേയും സര്‍വ്വ ഭോഗങ്ങളേയും കോപം, അസൂയ, ദ്വേഷം തുടങ്ങിയവയേയും അടക്കുന്നവര്‍ സ്വന്തം ഉള്ളിലുള്ള ദിവ്യത്വം അറിയുന്നുവെന്ന് അവര്‍ മനസ്സിലാക്കി. പരിശുദ്ധിക്കുവേണ്ടി, അഹിസംയ്ക്കും സത്യത്തിനും വേണ്ടി ജീവിക്കുക, ധ്യാനിക്കുകയും ഈശ്വരനില്‍ മനസ്സിനെ ഏകാഗ്രമാക്കി വയ്ക്കുകയും ചെയ്ത് സ്വയം സമര്‍പ്പിതരാകുക.
1898 നവംബര്‍ 12 ന് ബാഗ്ബസാറില്‍ നിവേദിത പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ ആരംഭിച്ചു.
കുട്ടികളിലെ സ്വഭാവഗുണത്തെ വളര്‍ത്തുകയും ഭാവിജീവിതം ഭദ്രമാക്കണമെന്നുമായിരുന്നു നിവേദിത ലക്ഷ്യമാക്കിയത്. കുട്ടികളില്‍ സ്‌നേഹം, സേവനം ഇത്യാദി ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. ആദ്ധ്യാത്മികം, വിദ്യാഭ്യാസം, ഭഗവദ് ഗീത, ശ്രീരാമകൃഷ്ണ ദേവന്‍ തുടങ്ങിയ വിഷയങ്ങളില്‍ ധാരാളം പ്രഭാഷണങ്ങള്‍ നടത്തുകയും ലേഖനങ്ങളെഴുതുകയും തന്റെ ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ആര്‍ക്കും അനുകരിക്കാവുന്ന മാതൃകാവ്യക്തിത്വമായി ജീവിക്കുകയും ചെയ്തു.
ഭഗിനി നിവേദിതയുടെ ത്യാഗമനോഭാവവും സേവന പ്രവര്‍ത്തനങ്ങളും കഠിനാദ്ധ്വാനവും ഗാന്ധിജി, രബീന്ദ്രനാഥ ടഗോര്‍, മഹര്‍ഷി അരവിന്ദന്‍, ബാലഗംഗാധര തിലകന്‍ തുടങ്ങിയ മഹത് വ്യക്തികളുടെ വരെ പ്രശംസയ്ക്കിടയാക്കി.
ഭഗവദ് ഗീതയെപ്പറ്റി നിവേദിത പറഞ്ഞു’ നിങ്ങളുടെ കൈയ്യില്‍ ഏറ്റവും ശക്തമായ, സമര്‍ത്ഥമായ ഉപകരണമുണ്ട്. അത് നിങ്ങളുടെ നിത്യജീവിതത്തില്‍ പ്രായോഗികമാക്കുക.
വിധവാ ബാലികമാരുടെ ദുരിതപൂര്‍ണ്ണമായ ജീവിതം മനസ്സിലാക്കിയ നിവേദിത അവര്‍ക്കായി ഒരു മാതൃമന്ദിരവും തുറന്നു. സാമ്പത്തിക പരാധീനതകളാല്‍ സ്‌കൂള്‍ മുന്നോട്ടുപോകുവാന്‍ ബുദ്ധിമുട്ടായപ്പോള്‍ വിദേശത്തുനിന്നും ധനം സമാഹരിച്ചു. അപ്പോഴും ഭാരതത്തില്‍ ഒരു വിദ്യാലയം നടത്തുവാന്‍ കഴിയുന്നത് മഹാഭാഗ്യമായി അവര്‍ കരുതി. വിവേകാനന്ദസ്വാമികളുടെ പ്രഭാഷണക്കുറിപ്പുകള്‍, കയ്യെഴുത്തുകള്‍ തുടങ്ങിയവ സമാഹരിച്ച് വരുംതലമുറയ്ക്ക് ഗ്രന്ഥരൂപത്തില്‍ നല്‍കുന്നതില്‍ നിവേദിതയുടെ പങ്ക് വലുതാണ്. ഗുരുവിനെക്കുറിച്ച് ഗ്രന്ഥങ്ങള്‍ തയ്യാറാക്കി. സ്വാമിജിക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ കര്‍ത്തവ്യമായിട്ടാണിവര്‍ തന്റെ പ്രവര്‍ത്തനങ്ങളെ കരുതിയിരുന്നത്.
ആ ധന്യജീവിതം 1911 ഒക്ടോബര്‍ 13 ന് നാല്‍പ്പത്തിനാലാമത്തെ വയസ്സില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. കേവലം 14 വര്‍ഷത്തെ ഭാരതത്തിലെ സമര്‍പ്പിത ജീവിതം കൊണ്ട് എക്കാലവും സ്മരിക്കപ്പെടേണ്ട മഹതിയായി സ്വാമി വിവേകാനന്ദന്റെ ഈ ആത്മീയപുത്രി.


ജന്മഭൂമി: http://www.janmabhumidaily.com/news728339#ixzz4wqeYnlMm

No comments: