Tuesday, October 24, 2017

യഥാർത്ഥത്തിൽ എവിടെയാണ് സുഖം???
********************************************** 
സുഖം വിഷയങ്ങളിലാണെന്ന് സാധാരണക്കാർ വിശ്വസിക്കുന്നു. അതല്ല മനസ്സിലാണെന്ന് ഒരുകൂട്ടം അഭിജ്ഞാന്മാർ അഭിപ്രായപെടുന്നു. എന്നാൽ വിഷയത്തിലും മനസ്സിലും സുഖമില്ലെന്നും സുഖം ആത്മാവിന്റെ സ്വരൂപമാകയാൽ അത് ആത്മാവിനുള്ളതാണെന്നും ആത്മജ്ഞാനികൾ അവകാശപ്പെടുന്നു. അപ്പോൾ യഥാർത്ഥത്തിൽ എവിടെയാണ് സുഖം?
വിഷയങ്ങളിൽ സുഖമുണ്ടെങ്കിൽ ആ വിഷയം ഉപയോഗിക്കുന്ന അവസരങ്ങളിലെല്ലം സുഖമുണ്ടായിരിക്കണം. അഗ്നി തണുപ്പുക്കാലത്ത് സുഖം തരുന്നെങ്കിൽ ചൂടുക്കലത്ത് സുഖം തരുന്നില്ല പ്രത്യേകിച്ച് അസുഖങ്ങൾ ഉണ്ടാകുന്നു, ഭക്ഷണം വിശപ്പുള്ളവനു മാത്രം സുഖം തരുന്നു. വിശപ്പില്ലാത്തവന് സുഖം തരുന്നില്ല. വെള്ളം ദാഹമുള്ളവന് സുഖം നൽക്കുന്നു. എന്നൽ ദാഹമില്ലത്തവന് സുഖം നൽക്കുന്നില്ല. വസ്തുവിൽ സുഖം ഉണ്ടായിരുന്നുവെങ്കിൽ അത് എപ്പോൾ ഉപയോഗിച്ചലും സുഖം ഉണ്ടാവേണ്ടതാണ്. അപ്പോൾ വിഷയത്തിലല്ല സുഖം.
മനസ്സുണ്ടെങ്കിലും അജീർണം ബാധിച്ചവന്ന് ഭക്ഷണത്തിൽ സുഖം ഉണ്ടാകുന്നില്ല. മനസ്സിന് സ്വയം സുഖം വരുത്താനും കഴിയുന്നില്ല. വിഷയത്തിൽ പിന്നെ എവിടുന്നാണ് സുഖം. ഉറക്കത്തിൽ സുഖം ഉണ്ടാകുന്നല്ലോ. അവിടെ മനസ്സും വിഷയവും ഇല്ല. അവിടെ സുഖമുണ്ടുതാനും. ശരീരത്തിനും മനസ്സിനും എന്തെല്ലാം അനുഭവങ്ങൾ ഉണ്ടായിരുന്നാലും സുഷുപ്തിയിൽ സുഖം മാത്രമാണ് അനുഭവം.
സുഷുപ്തിയിൽ അനുഭവം സുഖമായിരുന്നോ ? എന്തായലും ദുഃഖമില്ലെന്ന് തീർച്ച. അപ്പോൾ ദുഃഖമില്ലത്ത അവസ്ഥ സുഖമാണുതാനും. ഇരുട്ടില്ലെങ്കിൽ പിന്നെയുള്ളത് വെളിച്ചമാണ്. ഉണർന്നുവരുമ്പോൾ ഉറക്കം സുഖമായിരുന്നു എന്നാണ് പറയുക. മെത്തയും കൊതുകുവലയും ശരിപ്പെടുത്തി ഈശ്വരസ്മരണയോടെ കയറിക്കിടക്കുന്നത് എന്തിനാണ് സുഖമനുഭവിക്കാൻ ആർക്കും ഉറക്കത്തിൽ നിന്നും ഉണർത്തുന്നത് ഇഷ്ട്പ്പെടുന്നുമില്ല. അപ്പോൾ അത് സുഖം തന്നെയാണ്. പക്ഷേ ആ സുഖമറിയാൻ മനസ്സില്ലാതിരുന്നു എന്നുള്ളത് പരമാർത്ഥമാണ്.
സുഖാനുഭവത്തെ അറിയുന്നത് മനസ്സാണ്. എന്നാൽ സുഖം മനസ്സിനപ്പുറമാണ്. മനസ്സിന് സുഖം അനുഭവിക്കാൻ സാദ്ധ്യമല്ല. മനസ്സ് സുഖത്തിന് തടസ്സം ചെയ്യുന്ന ഉപാധിയാണ്. അതാണ് യോഗികൾ മനസ്സിനെ നിയന്ത്രിക്കുവാൻ അല്ലെങ്കിൽ ശമിപ്പിക്കുവാൻ പാടുപ്പെടുന്നത്. മനസ്സിന്റെ ലയമാണ് ഭക്തനും കാംക്ഷിക്കുന്നത്. ഇരു കൂട്ടരും ആത്യന്തികസുഖത്തിനുവേണ്ടി പരിശ്രമിക്കുന്നവരണ്. പിന്നെ ആത്മാവിനാണ് സുഖമെങ്കിൽ, അതു നാശമില്ലാത്തതെങ്കിൽ എന്തുകൊണ്ട് എപ്പോഴും സുഖമുണ്ടാകുന്നില്ല. അതിനുകാരണം വിഷയങ്ങളും മനസ്സും അതിനു തടസ്സം ചെയ്യുന്നു .
സുഷുപ്തിയിൽ അവ രണ്ടുമില്ലാത്തതുകൊണ്ട് തടസ്സമില്ലതെ സുഖം അനുഭവപ്പെടുന്നു. എന്നാൽ വിഷയം അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന സുഖം പിന്നെ ഏതെന്ന് അല്ലേ.. അത് വിഷയങ്ങളുടെയോ മനസ്സിന്റെയോ അല്ല ആത്മാവിന്റെയാണ്.
ഒരാൾ വെള്ളം ദാഹത്തിന്നു ആഗ്രഹിക്കുന്നു വെള്ളം വെള്ളം എന്നു മനസ്സ് ചലിക്കുകയാണ് അപ്പോൾ. അതു ദുഃഖമാണ് വെള്ളം ലഭിക്കുമ്പോൾ മനസ്സ് ചലനമറ്റ് അവിടെ ലയിക്കുന്നു. അവിടെ സുഖം പ്രകാശിക്കുന്നു. വെറൊരു വിഷയം ആഗ്രഹിക്കാൻ അതായത് മനസ്സ് ചലിക്കാൻ തുടങ്ങുതുവരെ ഏതാനും നിമിഷം സുഖം പ്രകശിക്കുന്നു. വെള്ളം കുടിച്ച സുഖത്തിൽ ഒന്നു മുറുക്കക്കൻ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ.അപ്പോൾ മനസ്സ് ചലിക്കാൻ ആരംഭിക്കുന്നു. മനസ്സ് മുറുക്കാനുവേണ്ടി ചലിക്കുന്നു. അപ്പോൾ ദുഃഖം പ്രകാശിക്കുന്നു. മുറുക്കാനുപയോഗിച്ചു കഴിഞ്ഞാൽ ആ ചലനം നിശേഷം നശിക്കുന്നു. അവിടെയും സുഖം പ്രകാശിക്കുന്നു. ഇങ്ങനെ ഒന്നാഗ്രഹിക്കുമ്പോൾ ദുഃഖമായി കിട്ടികഴിഞ്ഞാൽ മനസ്സിന്റെ വ്യവഹാരം അവസാനിച്ചു സുഖം പ്രകാശിച്ചു.
വെള്ളത്തിലെ തിര അവസാനിക്കുമ്പോൾ വെള്ളം മാത്രം കാണുന്നതു പോലെ. അല്ലെങ്കിൽ വെള്ളത്തിന്റെ ഭാഗമായ് തിര വെള്ളത്തിൽ ലയിക്കുന്നതുപോലെ . ആത്മാവിന്റെ അഥവാ അറിവിന്റെ ഭാഗമായ മനസ്സ് ആത്മാവിൽ അഥവാ അറിവിൽ ലയിക്കുന്നു. വെള്ളത്തെ മറന്നു നാം തിരയെ കാണുന്നു വെള്ളത്തിന്റെ ഗുണങ്ങളെയും മറക്കുന്നു. ആത്മാവിന്റെ അംശമായ മനസ്സ് ചലിക്കുമ്പോൾ ആത്മാവിനെ മറക്കുന്നു ആത്മാവിന്റെ ഗുണങ്ങളെയും മറക്കുന്നു. അതിനാൽ സുഖരൂപനായ ആത്മാവിനെ മറക്കുന്നതും മറക്കുന്നതും മനസ്സാണ്. സുഖരൂപനായ ആത്മാവിനെ മറക്കപ്പെട്ടപ്പോൾ അല്ലെങ്കിൽ മറയ്ക്കപ്പെട്ടപ്പോൾ സുഖം അനുഭവപ്പെടില്ല.
അതിനാൽ മനസ്സ് സുഖത്തിനു കാരണക്കരനല്ലെന്നും പ്രസ്തുതസുഖത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പരമാനന്ദ സ്വരൂപനായ പരമാത്മാവിന്റെ സ്പുരണങ്ങളാണ് വിഷയത്തിൽ നിന്നും ലഭിക്കുന്നു എന്നു നാം വ്യാമോഹിക്കുന്ന ക്ഷണികസുഖങ്ങൾ അതു മനസ്സിനെ നശിപ്പിക്കുന്നു അല്ലെങ്കിൽ ലയിപ്പിക്കുന്ന വേളകളിൽ മാത്രമേ ക്ഷണികസുഖങ്ങൾ പ്രത്യക്ഷപ്പെടുന്നുള്ളൂ എന്നും വ്യക്തമാണ്.ഈ സുഖം തന്റെ ആത്മാവിൽ കുടികൊള്ളുന്നു. അതിനാൽ സുഖം തന്നിൽ തന്നെ അനുഭവപ്പെടുന്നു.
ഒരു പൂച്ചയുടെ ശിരസ്സിൽ വെണ്ണ വെച്ചിരിക്കുന്നു .അതിന്റെ ഗന്ധം കൊണ്ട് പൂച്ച വെണ്ണ എവിടെയെന്നറിയാതെ, പല സ്ഥലങ്ങളിലും ചെന്നു മണപ്പിക്കുന്നു.. നമ്മുടെയുള്ളിൽ തിങ്ങിവിങ്ങി പ്രകാശിക്കുന്ന ആത്മസ്വരൂപം ആ പരമാന്ദസ്വരൂപം നാം അറിയാതെ അതിന്റെ ഗന്ധം സ്വീകരിച്ചുകൊണ്ട് പല വിഷയങ്ങളിലും അന്വേഷിച്ചലയുന്നു, ഈ ക്ഷണികസുഖങ്ങൾ ആ പരമാത്മാസ്വരൂപത്തിന്റെ ഗന്ധം മാത്രമാണ് . പക്ഷേ നമ്മുടെ ലക്ഷ്യം സാക്ഷാത്തായ ആത്മസുഖം അല്ലെങ്കിൽ ആത്യന്തികസുഖമാണ്.
വിഷയങ്ങളിൽ നിന്നും മനസ്സ് പാടെ പിന്തിരിഞ്ഞ് ആത്മാവിനെ അഭിമുഖീകരിക്കുമ്പോൾ മനസ്സ് അവിടെ നിർവൃതിയടയുന്നു ആത്യന്തികസുഖം അനുഭവപ്പെടുന്നു. .......... ഹരി ഓം........RAJEEV KUNNEKKAT

No comments: