Saturday, October 28, 2017

മനുഷ്യരില്‍ സര്‍വ്വസാധാരണമായി കാണുന്ന ഒരു ദുര്‍വാസനയാണ് പരദൂഷണം. കേള്‍ക്കുന്നവന്റെയും പറയുന്നവന്റെയും മനസ്സിനെ ഒരുപോലെ അതു മലിനമാക്കുന്നു. അയല്‍പക്കത്തുള്ളവര്‍ അവരുടെ വീട്ടിലെ മാലിന്യങ്ങള്‍ നമ്മുടെ വീട്ടുവളപ്പിലിട്ടാല്‍, നമ്മള്‍ അവരോട് ദേഷ്യപ്പെടുകയും വഴക്കിടുകയും ചെയ്യും. അതേസമയം, പരദൂഷണമാകുന്ന മാലിന്യം നമ്മുടെ മനസ്സിന്റെ അകത്തളത്തിലേയ്ക്ക് വലിച്ചെറിയുന്നവരെ നമ്മള്‍ സുഹൃത്തുക്കളായി കരുതുകയും അവരുമായി സ്‌നേഹബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. വീട്ടുമുറ്റം മലിനമാകുന്നതിനേക്കാള്‍ എത്രയോ വലിയ അപകടമാണ് നമ്മുടെ മനസ്സ് മലിനമാകുമ്പോള്‍ സംഭവിക്കുന്നതെന്ന വാസ്തവം നമ്മള്‍ തിരിച്ചറിയുന്നില്ല.
മറ്റൊരാളുടെ കുറ്റങ്ങള്‍ പറയുമ്പോള്‍ ഗൂഢമായി ഒരു സന്തോഷം നമ്മള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ കുറ്റാരോപിതനായ ആളെക്കാളധികം അതു ദോഷംചെയ്യുന്നത് നമുക്കുതന്നെയാണ്. പരദൂഷണം വ്യക്തിമനസ്സിലും സമൂഹത്തിലുമുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചെറുതല്ല. കുടുംബങ്ങള്‍ തകരുന്നതിനും സുഹൃദ്ബന്ധങ്ങള്‍ നഷ്ടപ്പെടുന്നതിനുമെല്ലാം ഒരു കാരണം പരദൂഷണം പറയുന്നതും അതിന് ചെവികൊടുക്കുന്നതുമാണ്.
ഒരാള്‍ക്ക് ചെങ്കണ്ണ് ഉണ്ടെങ്കില്‍ നമ്മള്‍ ആ വ്യക്തിയുടെ അടുത്ത് സൂക്ഷിച്ചേ നില്‍ക്കൂ. കാരണം അടുത്തിടപെട്ടാല്‍ നമുക്കും അത് പകരുമെന്നറിയാം. ക്ഷയരോഗം ബാധിച്ച രോഗിയില്‍ നിന്ന് നമ്മള്‍ ദൂരെമാറി നില്‍ക്കും. അതുപോലെ പരദൂഷണം പറയുന്നവരില്‍നിന്ന് നമ്മള്‍ എപ്പോഴും മാറി നില്‍ക്കണം. ഇല്ലെങ്കില്‍ അറിയാതെതന്നെ നമ്മുടെ മനസ്സും ദുഷിക്കും.
ഒരാളുടെ കുറ്റം പറയുമ്പോള്‍ അതു സത്യമാണെന്ന് ഉറപ്പു വരുത്താന്‍പോലും നമ്മള്‍ പലപ്പോഴും മെനക്കെടാറില്ല. ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിനോട് മറ്റൊരു ശിഷ്യന്റെ കുറ്റങ്ങള്‍ പറയുവാന്‍ തുടങ്ങി. അപ്പോള്‍ ഗുരു പറഞ്ഞു, ”നില്‍ക്കൂ. നീ പറയാന്‍ പോകുന്നത് സത്യമാണെന്ന് നിനക്ക് ഉറപ്പുണ്ടോ?” ശിഷ്യന്‍ പറഞ്ഞു, ”ഇല്ല.” ഗുരു വീണ്ടും ചോദിച്ചു, ”നീ പറയാന്‍ പോകുന്നതിനെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് നിനക്ക് ഉറപ്പുണ്ടോ?” ശിഷ്യന്‍പറഞ്ഞു, ”ഇല്ല.” ഗുരു തുടര്‍ന്നു, ”നീ പറയാന്‍ പോകുന്നത് നിന്റെ കര്‍ത്തവ്യനിര്‍വഹണത്തിന്റെ ഭാഗമാണോ?” ശിഷ്യന്‍ പറഞ്ഞു, ”അല്ല.” അപ്പോള്‍ ഗുരു പറഞ്ഞു, ”എന്നാല്‍ നീ അതുപറയണ്ട.”
ഒരാളുടെ കുറ്റം പറയുമ്പോള്‍ അത്രയും സമയം നമ്മുടെ മനസ്സ് മലിനമാകുകയാണ്. മറ്റൊരാളുടെ കുറ്റം സത്യമാണെങ്കില്‍ക്കൂടി അത് പറയേണ്ടത് നമ്മുടെ ധര്‍മ്മമാണെങ്കില്‍ മാത്രമേ നമ്മള്‍ പറയാവൂ.
ഒരു ക്ഷേത്രത്തില്‍ ഭാഗവതസപ്താഹം നടക്കുകയായിരുന്നു. സദസ്സില്‍ ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നുണ്ടായിരുന്നു. സമീപത്തുള്ള ചിലര്‍ ഉറക്കം തൂങ്ങുന്നതുകണ്ട് ഈ ചെറുപ്പക്കാരന്‍ മനസ്സില്‍ പറഞ്ഞു, ‘ഈശ്വരാ, ഇവര്‍ ഇങ്ങനെ ഉറങ്ങുന്നതുകണ്ടില്ലേ? ഇവര്‍ക്ക് ഭക്തിയുടെയോ ശ്രദ്ധയുടെയോ ഒരു കണികപോലും ഇല്ലല്ലോ’ അപ്പോള്‍ ഒരു അശരീരി കേട്ടു. ‘മറ്റുള്ളവരുടെ കുറ്റം പറയുന്നതിനുപകരം നീയും ഉറങ്ങുകയായിരുന്നു ഭേദം. അവര്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല. എന്നാല്‍ നീയാകട്ടെ നിന്റെ മനസ്സും അന്തരീക്ഷവും ഒരുപോലെ മലിനമാക്കുന്നു.’
കൈകേയി സ്വന്തം മകനെക്കാളേറെ ശ്രീരാമനെ സ്‌നേഹിച്ചിരുന്നു. ശ്രീരാമന്‍ യുവരാജാവായി വാഴിക്കപ്പെടാന്‍ പോകുന്നുവെന്ന് ദാസിയായ മന്ഥര അറിയിച്ചപ്പോള്‍ കൈകേയി സന്തോഷംകൊണ്ട് മതിമറന്നു. താനണിഞ്ഞിരുന്ന അമൂല്യമായ രത്‌നഹാരം മന്ഥരയ്ക്കു സമ്മാനമായി നല്‍കി. എന്നാല്‍ മന്ഥര സന്തോഷിക്കുന്നതിനു പകരം കുപിതയാകുകയാണ് ഉണ്ടായത്. അവര്‍ കൈകേയിയുടെ പരിശുദ്ധമായ മനസ്സില്‍ വിഷം കുത്തിവെയ്ക്കാന്‍ തുടങ്ങി, ‘ശ്രീരാമന്‍ രാജാവായാല്‍ നിനക്കും മക്കള്‍ക്കും കൊട്ടാരത്തില്‍ ഒരു വിലയുമുണ്ടാവില്ല. രാജമാതാവായ കൗസല്യ സകലസൗഭാഗ്യങ്ങളോടുംകൂടെ കഴിയുന്നത് നിനക്ക് നിസ്സഹായയായി നോക്കിനില്‍ക്കേണ്ടിവരും.
അതുകൊണ്ട് ഇപ്പോള്‍ സന്തോഷിക്കുകയല്ല, ദുഃഖിക്കുകയാണു വേണ്ടത്.’ ഇങ്ങനെ മന്ഥര പറഞ്ഞുകൊണ്ടേയിരുന്നു. ആദ്യമൊക്കെ കൈകേയി മന്ഥരയുടെ വാക്കുകള്‍ നിസ്സാരമായി കരുതി തള്ളിക്കളഞ്ഞു. എന്നാല്‍ ശ്രീരാമന്‍ യുവരാജാവായാല്‍ ഉണ്ടാകാവുന്ന ആപത്തിനെക്കുറിച്ച് മന്ഥര ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ അതു ശരിയാണെന്ന് കൈകേയിയ്ക്കു തോന്നി. കൈകേയി ദശരഥനോട് ശ്രീരാമനെ വനവാസത്തിനയയ്ക്കണമെന്നും ഭരതനെ യുവരാജാവായി വാഴിക്കണമെന്നും ആവശ്യപ്പെട്ടു. പരദൂഷണം കേള്‍ക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ആപത്ത് വ്യക്തമാക്കുന്ന ഉത്തമ ഉദാഹരണമാണ് ഈ സംഭവം.
പരദൂഷണം പറയുന്നതുപോലെതന്നെ ദോഷകരമാണ് അതിന് ചെവികൊടുക്കുന്നതും. അതിന് ചെവികൊടുക്കുന്നതുതന്നെ പരദൂഷണത്തിനുള്ള പ്രോത്സാഹനമാണ്. തല്‍ക്കാലം നമ്മള്‍ അതൊന്നും വിശ്വസിച്ചില്ലെങ്കില്‍പ്പോലും പരദൂഷണം നമ്മുടെ മനസ്സിനെ സൂക്ഷ്മമായി സ്വാധീനിക്കുകയും മലിനമാക്കുകയും ചെയ്യുന്നു.
നമ്മളിലെ ഭേദബുദ്ധിയും ദ്വേഷവുമാണ് പരദൂഷണത്തിന് കാരണമാകുന്നത്. പരദൂഷണം നമ്മെ ഈശ്വരനില്‍ നിന്ന് അകറ്റുന്നു. അതിനാല്‍ ആത്മീയപുരോഗതി ആഗ്രഹിക്കുന്ന ഏതൊരാളും പരദൂഷണം എന്ന ദുശ്ശീലത്തിന് അടിപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.


ജന്മഭൂമി: http://www.janmabhumidaily.com/news728337#ixzz4wqdx1qrE

No comments: