Friday, October 27, 2017

ജീവിത കലകളില്‍ എല്ലാവരെയും സന്തുഷ്ടരാക്കുന്ന, ചന്ദനത്തിന്റെ കുളിര്‍മ്മയും പനിനീര്‍ പൂവിന്റെ സുഗന്ധവും തേനിന്റെ മധുരവുമുള്ളസ നല്ല ശീലങ്ങളുടെ കലയെക്കുറിച്ച് വിചിന്തനം ചെയ്യാം. ഇത് എല്ലാവര്‍ക്കും ജീവിത വിജയം തരും. ഇതെങ്ങനെ സ്വായത്തമാക്കാം എന്നു നോക്കാം.
ഏറ്റവും പ്രധാനപ്പെട്ടത് അകത്തും പുറത്തും നമ്മള്‍ രണ്ടു വ്യത്യസ്ത വ്യക്തികള്‍ ആകരുത് എന്നതാണ്. താങ്കള്‍ എന്താണോ അതുതന്നെ ആവുക എന്നുചുരുക്കം. പഴമക്കാര്‍ പറയാറുണ്ട്, ”നിഷേധചിന്തകള്‍ അകത്തുവച്ച് പുറമെ മറിച്ചു പ്രകടിപ്പിക്കരുത് എന്ന്. ഉദാഹരണമായി നമുക്ക് ഇഷ്ടമില്ലാത്ത സമയത്ത് വീട്ടില്‍ ഒരു അതിഥി വന്നു എന്നിരിക്കട്ടെ.
നാം മര്യാദയോടെ അവരെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ നമ്മുടെ വിചാരത്തിന്റെ അന്തര്‍ധാര എന്താണ്? നമ്മുടെ ഉള്‍ മനസ്സില്‍ നേരിയ ഒരു പ്രക്ഷുബ്ധതയെങ്കിലും നാം അനുഭവിക്കുന്നുണ്ടായിരിക്കും. ”ഇവരിപ്പോള്‍ എന്തിനുവന്നു?” ”ഒരു മുന്നറിയിപ്പുമില്ലാതെ വന്നത് എന്തിനാണ്?”എന്നെല്ലാം. എന്നിരുന്നാലും നമ്മള്‍ അവരോട് പ്രസന്നമായ മുഖത്തോടെ സംസാരിക്കും. അനിഷ്ടം ഒളിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ഇത് കൃത്രിമമായ പെരുമാറ്റം അല്ലേ? ഉള്ളില്‍ എന്ത് എന്നതാണിവിടെ പ്രധാനം.
വീടുകള്‍ തോറും വില്‍പ്പനയ്ക്കു നടക്കുന്നവര്‍ ഇടപാടുകരോട് ക്ഷമയോടെ ചിരിച്ചു സംവദിക്കുവാന്‍ ശിക്ഷണം കിട്ടിയവരാണ്. ഇടപാട് നടന്നാലും ഇല്ലെങ്കിലും അവരില്‍ ഒരു ഭാവവ്യത്യാസവും ഉണ്ടാവുന്നില്ല. നമുക്കും അതുപോലെയാവും. അനിഷ്ട സമയത്തു വരുന്ന അതിഥികളോടും ക്ഷമയോടെയും മര്യാദയോടെയും പെരുമാറാം. ചായയോ കാപ്പിയോ ഒന്നും കൊടുക്കുന്നില്ല എങ്കില്‍പ്പോലും അവരോട് നന്നായി പെരുമാറാന്‍ കഴിയും. പക്ഷേ ഉള്ളില്‍ മറിച്ചു ചിന്തിച്ചുള്ള അഭിനയം ഒഴിവാക്കുക തന്നെ വേണം.
രണ്ടാമത്, നമ്മുടെ സ്വന്തം ജീവിതമൂല്യം അറിഞ്ഞാല്‍ മാത്രമേ മറ്റുള്ളവരോടും നന്നായി പെരുമാറുന്നതിന്റെ ആവശ്യകതയും മൂല്യവും മനസ്സിലാക്കൂ. പരസ്പര മൂല്യം മനസ്സിലാക്കുന്ന ഒരു പറ്റം വ്യക്തികളായി നാം മാറണം. നല്ല ശീലങ്ങളുടെ ഈ കല അഭ്യസിച്ച് സഹജീവികളുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറാന്‍ കഴിയും. ഉദാഹരണത്തിന് നാം ഒരു ഓഫീസിലെ ഓഫീസറാണെന്നിരിക്കട്ടെ. അഞ്ച് മിനിട്ടുകള്‍കൊണ്ട് തീര്‍ത്തുകൊടുക്കാവുന്ന ഒരു വ്യക്തിയുടെ ഇടപാട് അഞ്ച് നാളിലേക്ക് നീട്ടിക്കൊണ്ടുപോകരുത്.
കാര്യപ്രാപ്തിക്കായി വരുന്നയാള്‍ ഒരുപക്ഷേ ഒരു കൂലിപ്പണിക്കാരനായിരിക്കും. ഇക്കാര്യത്തിനായി ഒരുപക്ഷേ അയാള്‍ ഒരുദിവസത്തെ അവധി എടുത്തതാകാം. അല്ലെങ്കില്‍ അയാളുടെ കുഞ്ഞിനെ ഇതുകഴിഞ്ഞ് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചശേഷം തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നുമാവാം. ഒരുപക്ഷേ ഇന്നത്തെ കൂലി നഷ്ടപ്പെടുത്തിയാല്‍ അയാള്‍ക്കു വളരെ കഷ്ടമായെന്നും വരാം. ഇതുപോലെ നമ്മുടെ ജീവിതത്തിന്റെ വിലയറിഞ്ഞാല്‍ മറ്റുള്ളവരുടെ വിലയും നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
കുടുംബങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. രക്ഷിതാക്കള്‍ കുട്ടികളുടെ സമയത്തിന്റെ മൂല്യം മനസ്സിലാക്കണം. ഒരു കുടിയനായ വ്യക്തി വീട്ടില്‍ ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ സമയവും പാഴാവും. ആ വ്യക്തിക്ക് ആ വീട്ടില്‍ എന്തു വിലയാണ് കിട്ടുന്നത്. ഇത് എല്ലാ പ്രായക്കാര്‍ക്കും ബാധകമാണ്. നാം മറ്റുള്ളവര്‍ക്കു വില കല്‍പ്പിക്കുമ്പോള്‍ നമുക്കുതന്നെ അത് തിരിച്ചുകിട്ടും. സെക്യൂരിറ്റിക്കാരോടും ഡ്രൈവര്‍മാരോടുപോലും നാം നന്നായി പെരുമാറണം. കാരണം ഡ്രൈവര്‍ വണ്ടിയോടിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെങ്കില്‍ നമ്മുടെയും ജീവന്‍ അപകടത്തിലാവും. എന്നാല്‍ നാം മധുരതരമായി പെരുമാറിയാല്‍ റോഡിലെ കടമ്പകള്‍ കടക്കുന്നതുപോലും നാം അറിഞ്ഞെന്നു വരില്ല.
നല്ലശീലത്തിന്റെ ഇനിയൊരു വശം നാം ചുറ്റുമുള്ളവര്‍ക്ക് ഒരു പ്രശ്‌നമായി മാറരുത് എന്നതാണ്. നമ്മുടെ പെരുമാറ്റം മറ്റുള്ളവരെ വേദനിപ്പിക്കരുത്. വിശിഷ്യാ കുടുംബത്തിലെ വളരെ മുതിര്‍ന്നവരെ. ഇന്ന് വീടുകളില്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടത്ര ശ്രദ്ധകിട്ടുന്നില്ല. വഴിയോരങ്ങളിലും വൃദ്ധസദനങ്ങളിലും അവരെ ഉപേക്ഷിക്കുന്നതാണ് കാണുന്നത്. എന്നാല്‍ പക്വതയാര്‍ജ്ജിച്ച അനുഭവസമ്പത്തുള്ള മുതിര്‍ന്നവരും ഒരു കാര്യം മനസ്സില്‍ വയ്ക്കണം.
ഒരിക്കലും പുതു തലമുറക്കാരെ ഭരിക്കുന്ന മനോഭാവത്തോടെ സമീപിക്കരുത്. അവര്‍ കുടുംബത്തിന്റെ വെളിച്ചമാവുകയാണ് വേണ്ടത്. നമ്മുടെ കുട്ടികളോടോ, പേരക്കിടാങ്ങളോടോ, മരുമകന്‍ മുതലായവരോടോ കഠിനമായി പെരുമാറരുത്. മറ്റുള്ളവരോട് നമ്മുടെ മനോഭാവം എന്താണെന്നതനുസരിച്ച് അവര്‍ക്ക് നമ്മളോടുള്ള മനോഭാവവും രൂപപ്പെടും. ഇവിടെ 85 വയസ്സുള്ള ഒരു ബ്രദര്‍ ഉണ്ടായിരുന്നു. അദ്ദേഹം മരിച്ചു രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വിദേശത്തുണ്ടായിരുന്ന മകളോട് സംസാരിക്കാന്‍ ഇടയായി.
ബിസിനസ്സുകാരിയായ മകള്‍ പറയുന്നത് ഇന്നും അച്ഛന്റെ നഷ്ടം നികത്താനാവാത്തതാണെന്നാണ്. ആരാഞ്ഞപ്പോള്‍ അവര്‍ പറയുന്നു. ”എന്റെ കുടുംബം ഇപ്പോഴും എന്നോട് വളരെ സൗഹൃദപരമായിത്തന്നെയാണ് പെരുമാറുന്നത്. എന്നാല്‍ അച്ഛനുണ്ടായിരുന്നപ്പോള്‍ എന്റെ എല്ലാ വിഷമങ്ങളും പ്രശ്‌നങ്ങളും അച്ഛനോട് പങ്കുവയ്ക്കുമായിരുന്നു. നല്ല ഉപദേശങ്ങളും സാന്ത്വനങ്ങളും നിര്‍ദ്ദേശങ്ങളും ധാരാളം അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും തിരികെ അച്ഛനില്‍നിന്ന് ലഭിക്കുമായിരുന്നു.”
അച്ഛനില്‍നിന്നും കിട്ടുന്ന ഒന്നോ രണ്ടോ അനുഗ്രഹ വാക്കുകള്‍ അവരുടെ ജീവിതപ്രശ്‌നങ്ങള്‍ മാറാന്‍ ധാരാളമായിരുന്നത്രെ! അച്ഛന്റെ വിയോഗം നികത്താന്‍ രണ്ടുവര്‍ഷത്തിനുശേഷവും അവര്‍ക്ക് കഴിയുന്നില്ലത്രെ! ഇതുപോലെ നമ്മളും നമ്മളുടെ കുടുംബത്തിന് അനിവാര്യമായ ഒരു അവയവ തുല്യമായി ഭവിക്കണം.
നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന വ്യക്തികളുടെ സ്വഭാവ വിശേഷങ്ങളും നാം മനസ്സിലാക്കേണ്ടതുണ്ട്. ചില വ്യക്തികള്‍ അഗ്നിപോലെയാണ്. തിരിച്ചു നമ്മളും അതുപോലെയായാല്‍ നല്ല പെരുമാറ്റം ഉള്ളവരെന്ന് പറയാനാവില്ല. അഗ്നിയെ അണയ്ക്കാന്‍ ജലം ആവശ്യമാണ്. ക്രോധമുള്ള ഒരു മനുഷ്യനെ ശാന്തമായും ക്ഷമയോടെയും സമീപിക്കണം.
ജീവിതത്തില്‍ മുന്നേറാന്‍ ശാന്തമായ മനോഭാവം വേണം. വ്യക്തികളുടെ സാഹചര്യങ്ങള്‍ നാം അറിയണം. നാം ഒരാള്‍ക്കു ഫോണ്‍ ചെയ്യുമ്പോല്‍ മറുതലയ്ക്കല്‍ അയാളുടെ അവസ്ഥ എന്താണെന്നു നാം അറിയുന്നില്ല. ഒരുപക്ഷേ ഒരു പരാതി പറയാനാകാം നാം വിളിച്ചത്. എന്നാല്‍ അയാള്‍ മറ്റു തിടുക്കങ്ങളിലായിരിക്കാം. അത് അറിയാമായിരുന്നെങ്കില്‍ നാം പിന്നീട് വിളിക്കാമെന്നു പറഞ്ഞേനേ. അതിനാല്‍ ഫോണ്‍ വിളിക്കുന്ന സമയത്ത് മറുതലയ്ക്കല്‍ ഉള്ള ആളുടെ അവസ്ഥ നാം ആരായണം. അപ്പോള്‍ നല്ല ശീലം പ്രകടമാക്കാന്‍ കഴിഞ്ഞേക്കും. ഇതിലൂടെ കുടുംബപ്രശ്‌നങ്ങള്‍, വ്യക്തിഗത പ്രശ്‌നങ്ങള്‍, തെറ്റിദ്ധാരണകള്‍ എന്നിവ പരിഹരിക്കാനും സാധിക്കും. ആത്മഹത്യയിലേക്ക് വരെ നയിക്കാനിടയുള്ള ചില നിസ്സാരമായ തെറ്റിദ്ധാരണകളും മറ്റും ഉണ്ടാവാറുണ്ട്. ശരിയായ രീതിയില്‍ സമീപിച്ചാല്‍ അവയെല്ലാം ഒഴിവാക്കി മുന്നേറുവാന്‍ നമുക്കാവും.
ഒരു ഓഫീസിലേക്ക് ഒരു ജീവനക്കാരന്‍ താമസിച്ചു വന്നുവെന്നിരിക്കട്ടെ. അയാളോട് കയര്‍ക്കുന്നതിനു പകരം സാവകാശം കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാവുന്നതാണ്. ഒരുപക്ഷേ വലിയ പ്രശ്‌നങ്ങളോ, കുടുംബ വഴക്കുകളോ അസുഖങ്ങളോ അനാവരണം ചെയ്‌തേക്കാം. സമയോചിതമായ പെരുമാറ്റമാണ് ബന്ധങ്ങളുടെ ആധാരം. ഒരു തീവണ്ടി യാത്രയ്ക്കിടെ ഒരു കുട്ടിയെ കാണുവാനിടയായി. അവന്‍ മറ്റു യാത്രക്കാര്‍ക്ക് ശല്യമായി കഴിയുകയായിരുന്നു.
ജനലില്‍ പിടിച്ചുകയറുക, സീറ്റുകളിലൂടെ ഓടുക, കയറുക, ഇറങ്ങുക എന്നിങ്ങനെ ബഹളം സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അവന്റെ കൂടെ യാത്ര ചെയ്തിരുന്ന അവന്റെ അച്ഛന്‍ അവനെ നിയന്ത്രിക്കുന്നതേ ഇല്ല. സഹികെട്ടപ്പോള്‍ എന്തുകൊണ്ടാണ് കുട്ടിയെ നിയന്ത്രിക്കാതിരുന്നത് എന്ന് മറ്റു യാത്രക്കാര്‍ ആ അച്ഛനോട് ചോദിച്ചു. ഉടനെ അയാള്‍ എഴുന്നേറ്റ് ക്ഷമാപണത്തോടെ പറഞ്ഞു. എന്തെന്നാല്‍ അയാള്‍ ഈ ലോകത്തിലേയില്ലായിരുന്നു.
യഥാര്‍ത്ഥത്തില്‍, ഭാര്യയുടെ മരണശേഷം മകനേയും കൊണ്ട് അയാള്‍ തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. മകനേയും ജോലിയേയും ഒരുമിച്ച് എങ്ങനെ കൊണ്ടുപോകണമെന്ന അഗാധചിന്തയിലായിരുന്നു അയാള്‍. ഇത്രയും കേട്ടപ്പോള്‍ മറ്റു യാത്രക്കാര്‍ അയാളോട് അനുതപിച്ച് കുട്ടിയെ അവരും ശ്രദ്ധിക്കാന്‍ തുടങ്ങി.
മറ്റൊരു കാര്യം നാം മറ്റുള്ളവരെ വേദനിപ്പിക്കരുത്. മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാം. നാം കേട്ടതാണ്. ‘വിതച്ചത് കൊയ്യും.’ നമ്മള്‍ കൊടുക്കുന്നതെന്തോ അത് തിരികെ കിട്ടും. അപ്പോള്‍ മുതിര്‍ന്നവരോട് നാം കാണിക്കുന്നതെന്തോ നാം മുതിരുമ്പോള്‍ നമ്മുടെ ഇളംതലമുറക്കാരില്‍ നിന്നും പലിശസഹിതം കിട്ടും. ഇതു മനസ്സിലാക്കി നമ്മുടെ പെരുമാറ്റത്തില്‍ അങ്ങേയറ്റത്തെ ശ്രദ്ധവയ്ക്കാം.


ജന്മഭൂമി: http://www.janmabhumidaily.com/news727188#ixzz4wiWI7mlQ

No comments: