Tuesday, October 24, 2017

മന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാനം

പ്രിന്റ്‌ എഡിഷന്‍  ·  October 25, 2017
നാം കാണുന്ന സൗരയൂഥം മാത്രമല്ല, ആകാശത്തു കാണുന്ന അനേക കോടി നക്ഷത്രങ്ങളും അവയുടെ ചുറ്റുപാടും പലപ്പോഴും കണ്ടേക്കാവുന്ന മറ്റ് യൂഥങ്ങളുമെല്ലാം ഉള്‍പ്പെടുന്ന അനന്തമായ ഈ ബ്രഹ്മാണ്ഡം മനുഷ്യന്റെ അനുഭൂതിയില്‍ ഒരു സത്യംതന്നെയാണ്? അങ്ങനെയുള്ള ബ്രഹ്മാണ്ഡം ഇന്നു കാണുന്ന രീതിയില്‍ ഉരുത്തിരിഞ്ഞുവന്നത് വസ്തുവിന്റെയെല്ലാം മൂലരൂപമായിരുന്ന ആദിശക്തിയില്‍നിന്നായിരുന്നുവെന്ന മന്ത്രശാസ്ത്രാടിസ്ഥാനം ഇന്നത്തെ ആധുനിക ശാസ്ത്ര സിദ്ധാന്തത്തോട് അത്ഭുതാവഹമായ സാമ്യം വഹിക്കുന്ന ഒന്നാണ്.
ഈ മൂലവസ്തുവിനെ ജഡമെന്ന് ഹ്രസ്വദ്രഷ്ടാവായ ആധുനിക ശാസ്ത്രജ്ഞന്‍ കാണുമ്പോള്‍ ക്രാന്തദര്‍ശിയായ ഭാരതീയ ഋഷി ഈ മൂലവസ്തുവിനെ ചൈതന്യരൂപായിട്ടാണ് ദര്‍ശിച്ചത്. ഈ മൂലവസ്തുവിന്റെ പരിണാമപ്രക്രിയയെ സര്‍ഗ്ഗപ്രക്രിയ എന്നു പറയാവുന്നതാണ്. ആദിമമായ ഈ മൂലവസ്തുവില്‍ അജ്ഞാതമായ ഏതോ ഒരു കാരണത്താല്‍ സ്‌ഫോടനം ഉണ്ടാവുകയും അങ്ങനെ തരംഗരൂപിയായ ഊര്‍ജമായി പരിണമിച്ച ഈ മൂലവസ്തു ക്രമത്തില്‍ പല നിലകളിലായി ഘനീഭൂതമായപ്പോള്‍ അതു മനസ്സായും ആകാശാദി പഞ്ചഭൂതങ്ങളായും പരിണമിച്ചു എന്നത്രെ ആര്‍ഷ സിദ്ധാന്തം. സ്‌ഫോടനത്തിനു മുമ്പുളള നിശ്ചല ചൈതന്യത്തെയാണ് പരബ്രഹ്മമെന്ന് വേദാന്തികളും പരമശിവനെന്ന് താന്ത്രികന്മാരും വ്യവഹരിച്ചുവരുന്നത്. സൃഷ്ടി പ്രക്രിയയുടെ ആദ്യമായി ഉണ്ടാകുന്ന ചലനമാണ് ഇന്നു കാണുന്ന പരിണിതപ്രപഞ്ചത്തിന്റെ ഉത്ഭവസ്ഥാനമായ പ്രകൃതിശക്തി. ആ ശക്തിയെത്തന്നെയാണ് താന്ത്രികന്മാര്‍ ജഗന്മാതാവെന്ന രൂപേണ പ്രകീര്‍ത്തിക്കുന്നത്.
ആദിമമായി ഉണ്ടായ ഈ സ്‌ഫോടനം-അഥവാ  ചലനം- അഥവാ സ്പന്ദനമാണ് ഓങ്കാരം. അതുകൊണ്ടാണ് ഓങ്കാരമാകുന്ന സ്പന്ദന വിശേഷത്തില്‍നിന്നാണ് പ്രപഞ്ചോല്‍പത്തിയെന്ന് ആര്‍ഷഗ്രന്ഥങ്ങള്‍ സിദ്ധാന്തിക്കുന്നത്. അപ്പോള്‍ ഈ പരിണാമ പക്രിയയുടെ ഏതു നിലയില്‍ വര്‍ത്തിക്കുന്ന വസ്തുവിന്റെയും വാസ്തവരൂപം അതതിന്റേതായ ഒരു സ്പന്ദനവിശേഷമാണ് എന്ന് സിദ്ധിക്കുന്നു. ആ സ്പന്ദനവിശേഷങ്ങള്‍ എല്ലാം ഓങ്കാരത്തിന്റെ അംശങ്ങള്‍ മാത്രമാണ്. നാം കാണുന്ന വസ്തുക്കളുടെയെല്ലാം മൂലരൂപം ഇലക്‌ട്രോണ്‍ തുടങ്ങിയ ചൈതന്യവാഹിയായ കണങ്ങള്‍ ആണെന്നും അവസാന വിശകലനത്തില്‍ ഈ കണങ്ങള്‍ ഓരോന്നുംതന്നെ ഊര്‍ജതരംഗ സംഘാതങ്ങളാണെന്നുമുള്ള ഭൗതികശാസ്ത്രത്തിന്റെ ആധുനികശാഖയായ ‘വേവ് മെക്കാനിക്‌സി’ലെ സിദ്ധാന്തം മന്ത്രശാസ്ത്രത്തിന്റെയും അടിത്തറയായി നമ്മുടെ ഋഷിവര്യന്മാര്‍ യുഗങ്ങള്‍ക്കപ്പുറംതന്നെ അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.
അങ്ങനെ നോക്കുമ്പോള്‍ ഏതൊരു വസ്തുവിന്റെയും കൂടുതല്‍ സൂക്ഷ്മമായ രൂപമാണ് തരംഗരൂപിയായ ഊര്‍ജമെന്നു വന്നുകൂടുന്നു. അതുതന്നെയാണ് ആ വസ്തുവിന്റെ മന്ത്രം, അഥവാ സൂക്ഷ്മ സ്പന്ദനം. മന്ത്രവും അതിന്റെ അര്‍ത്ഥമായ വസ്തുവും ആണത്രെ നാമരൂപാദികള്‍. വസ്തുവുണ്ടെങ്കില്‍ സ്പന്ദനവുമുണ്ട്. അതുകൊണ്ട് സ്പന്ദനമുണ്ടെങ്കില്‍,  സ്പന്ദനത്തെ നമുക്ക് സൃഷ്ടിക്കുവാന്‍ കഴിയുമെങ്കില്‍, വസ്തുവും ആവിര്‍ഭവിക്കണം.
മന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ ഒരു പ്രമാണമാണിത്. നമുക്ക് കാണുവാനും സ്പര്‍ശിക്കുവാനും കഴിയുന്ന ഭൗതികവസ്തുക്കളെ സംബന്ധിച്ചു മാത്രമല്ല ഇന്ദ്രിയഗോചരാതീതങ്ങളായ അദൃശ്യവസ്തുക്കളെ സംബന്ധിച്ചും അങ്ങനെയുള്ള അദൃശ്യജീവികളെക്കുറിച്ചും ഇത് പരമാര്‍ത്ഥമാണ്. എന്തിനേറെ പറയുന്നു, പ്രപഞ്ചത്തിന്റെ വിവിധ തലങ്ങളില്‍ അതിനെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്ന മഹച്ഛക്തികളെ സംബന്ധിച്ചും (അവയെല്ലാംതന്നെ) സ്വയം ആത്മശക്തിയും ചൈതന്യവുമുള്ളതാണെന്നും ഓര്‍ക്കണം) ഇത് ശരിയാണെന്ന് പറഞ്ഞേ തീരൂ. ‘രം’ എന്ന അഗ്‌നിബീജമുച്ചരിച്ചുകൊണ്ട് പൂജാദികള്‍ക്കുള്ള വിളക്കുകള്‍ ജ്വലിപ്പിക്കുവാന്‍ കഴിഞ്ഞ ഒരാളെ കണ്ടതായി തന്ത്രശാസ്ത്രത്തെ സംബന്ധിച്ച് ആധികാരിക ഗ്രന്ഥം രചിച്ച സര്‍ ജോണ്‍ വുഡ്‌റോഫ് പറയുന്നുണ്ട്. കേരളത്തിലും ഇത്തരം സിദ്ധന്മാര്‍ ഉണ്ടായിരുന്നതായി ഐതിഹ്യമുണ്ട്.


ജന്മഭൂമി: http://www.janmabhumidaily.com/news726145#ixzz4wTBVhFTA

No comments: